എ.കെ. ആന്റണി ആദ്യടേമിൽ 18 മാസമേ മുഖ്യമന്ത്രിയായിരുന്നുള്ളൂവെങ്കിലും ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിരുന്നു, സർക്കാരിന്റെ രണ്ട് നേട്ടങ്ങളിൽ ഉമ്മൻചാണ്ടിയുടെ നിർണായക പങ്കുണ്ടായിരുന്നു. അതിലൊന്ന് തൊഴിലില്ലായ്മ വേതനമാണ്. ഉമ്മൻചാണ്ടി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയിരുന്നപ്പോൾ ഉന്നയിച്ച പ്രധാന ആവശ്യമായിരുന്നു തൊഴിലില്ലായ്മ വേതനം.
പി.കെ. വാസദേവൻ നായർ അങ്ങിനെ മുഖ്യമന്ത്രിയായി. തൊട്ടു മുൻപുള്ള ആന്റണി മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം അഞ്ചു മന്ത്രിമാരായിരുന്നു ആന്റണി വിഭാഗം കോൺഗ്രസിന് ഉണ്ടായിരുന്നത്.
ഇക്കുറി കോൺഗ്രസിന് എത്ര മന്ത്രിമാരെ കിട്ടും എന്ന ചോദ്യം വന്നു. 'സ്റ്റാറ്റസ്‌കോ' എന്നായിരുന്നു സി.പി.ഐ നേതാക്കളുടെ മറുപടി. പി.കെ.വി. മുഖ്യമന്ത്രിയാകുമ്പോൾ കോൺഗ്രസിന് അഞ്ചു മന്ത്രിമാരെ കിട്ടുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. ഒന്നാം വട്ട ചർച്ചയ്ക്ക് ഇരുന്നപ്പോഴാണ് 'സ്റ്റാറ്റസ്‌കോ' എന്ന തന്ത്രത്തിന് പിന്നിലെ രഹസ്യം പുറത്തുവന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ കോൺഗ്രസിന് നാല് മന്ത്രിമാരാണ് ഉണ്ടായിരുന്നത്. അത് ഇപ്പോഴും തുടരാം. അതായത് മുഖ്യമന്ത്രി വേറെ മന്ത്രിമാർ വേറെ എന്ന മട്ടിലായി കാര്യം.
ഇതൊരു തരത്തിൽ വഞ്ചനയാണെന്ന്
ഉമ്മൻചാണ്ടി ആദ്യമേ തന്നെ അഭിപ്രായം പറഞ്ഞു. പലരും അതിനെ ശരിവെച്ചെങ്കിലും
തുടക്കത്തിലെ തന്നെ ഇടംകോൽ ഇടണ്ട എന്ന് കരുതി എല്ലാവരും ക്ഷമിച്ചു. ഇത്തവണ
താൻ എന്തായാലും മന്ത്രി ആവാൻ ഇല്ലെന്ന നിലപാടിൽ ആയിരുന്നു ഉമ്മൻചാണ്ടി.
അങ്ങനെയെങ്കിൽ നാല് പുതിയ മന്ത്രിമാർ ആകട്ടെ എന്ന് തീരുമാനം വന്നു.
മന്ത്രിമാരെ നിശ്ചയിക്കാൻ ആന്റണിയെ യോഗം ചുമതലപ്പെടുത്തി.
എല്ലാ
എം.എൽ.എമാരും ഉടൻതന്നെ ആന്റണിയുടെ ഭവനമായ അജന്തയിൽ ഒത്തുകൂടി. എൽ. ജേക്കബ്,
എസ്. വരതരാജൻ നായർ, എം.കെ. രാഘവൻ, ദാമോദകൻ കാളാശ്ശേരി എന്നിവരെ
മന്ത്രിമാരായി ആന്റണി നിശ്ചയിച്ചു. ഒക്ടോബർ 29ന് പുതിയ മന്ത്രിസഭ
അധികാരത്തിലേറി.
കെ. ശങ്കരനാരായണനും കെ.കെ. ബാലകൃഷ്ണനും മന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നവരാണ്. ഒരർത്ഥത്തിൽ അവരുടെ ആഗ്രഹത്തിൽ തെറ്റുമില്ല. ചിക്കമംഗ്ലൂരിന്റെ കാര്യത്തിൽ കേന്ദ്ര നേതൃത്വ നിലപാടിൽ പ്രതിഷേധിക്കാനായിരുന്നു എ.കെ. ആന്റണിയുടെ രാജിയെങ്കിൽ കെ.പി.സി.സി പ്രസിഡന്റ് വരതരാജൻ നായർ എങ്ങനെ മന്ത്രിയാകും എന്ന് ശങ്കരനാരായണന്റെ ചോദ്യത്തിന് ആർക്കും ഒന്നും പറയാനുണ്ടായില്ല. ചിക്കമംഗ്ലൂരിലെ തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടി സർവ്വശക്തിയുമെടുത്ത് ഇന്ദിരാഗാന്ധിയെ എതിർത്തു. ഒരർത്ഥത്തിൽ ഇന്ദിരാഗാന്ധിയെ തേജം ചെയ്യുക എന്ന ഒരൊറ്റ അജണ്ട ഉണ്ടായിരുന്നുള്ളൂ. വീരേന്ദ്ര പാട്ടിലായിരുന്നു ഇന്ദിരാഗാന്ധിയുടെ എതിർ സ്ഥാനാർത്ഥി.
നിജലിംഗപ്പയുടെ പിൻഗാമിയായി കർണാടക മുഖ്യമന്ത്രിയായ ആൾ..! ജനതാ പാർട്ടി ഉണ്ടായപ്പോൾ സംസ്ഥാന അധ്യക്ഷനായി. വീരേന്ദ്ര പാട്ടിലും രാമകൃഷ്ണ ഹെഗ്‌ഡേയും അന്ന് ഇണപിരിയാത്ത ചങ്ങാതിമാരായാണ് അറിയപ്പെട്ടിരുന്നതു തന്നെ. എല്ലാ രീതിയിലും ഉള്ള പ്രതിരോധവും ഇന്ദിരാഗാന്ധിക്കെതിരെ തീർത്തെങ്കിലും 77,000 വോട്ടിന്റെ ഭൂരിപക്ഷം ഇന്ദിരാഗാന്ധിക്ക് ലഭിച്ചു.
പിൽക്കാലത്ത് ഇന്ദിരാഗാന്ധിയെ എതിർത്ത
അതേ വീരേന്ദ്രപ്പാട്ടിൽ പിന്നീട് കോൺഗ്രസിൽ ചേരുകയും കേന്ദ്രത്തിൽ മന്ത്രി
ആവുകയും ചെയ്തത് വേറെ കാര്യം.
ആന്റണി 18 മാസമേ
മുഖ്യമന്ത്രിയായിരുന്നുള്ളൂവെങ്കിലും ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ
കഴിഞ്ഞ മന്ത്രിസഭ ആയിരുന്നു അത്. സർക്കാരിന്റെ രണ്ട് നേട്ടങ്ങളിൽ
ഉമ്മൻചാണ്ടിയുടെ നിർണായക പങ്കുണ്ടായിരുന്നു. അതിലൊന്ന് തൊഴിലില്ലായ്മ
വേതനമാണ്. ഉമ്മൻചാണ്ടി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയിരുന്നപ്പോൾ
ഉന്നയിച്ച പ്രധാന ആവശ്യമായിരുന്നു അത്. ആദ്യവർഷം അതിനായി പത്തു കോടി രൂപ
മാറ്റിവെച്ചു.
മറ്റൊന്ന് തിരുവനന്തപുരത്ത് ചെങ്കൽചൂള നവീകരിച്ചതാണ്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ആന്റണി സർക്കാർ 18 വയസ്സുള്ളവർക്ക് സമിതിദാനാവകാശം അനുവദിച്ചത്, സത്യത്തിൽ 18 വയസ്സുള്ളവർക്ക് ഓട്ടവകാശം നൽകാൻ രാജീവ് ഗാന്ധിക്ക് പ്രേരണയായ സംഭവമായിരുന്നു അത്. വരദരാജൻ നായർ മന്ത്രിയായ ഒഴുവിൽ 1979 ജനുവരി ഏഴിന് എ.കെ. ആന്റണി കെ.പി.സി.സിയുടെ ചുമതല ഏറ്റു.
മാർച്ച് 12ന് രാജൻ കേസിൽ കെ. കരുണാകരൻ നിരപരാധിയാണെന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ വിധി വന്നു. അക്കാലത്ത് ദേശീയ തലത്തിലും ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായി. ജനത സർക്കാർ വീണു പകരം കോൺഗ്രസ് ഐയുടെയും ഇടതുമുന്നണിയുടെയും പിന്തുണയോടെ ചരൺസിംഗ് പ്രധാനമന്ത്രിയായി. ദേവരാജ് അരശ് ഇന്ദിരാഗാന്ധിയുമായി അകലാൻതുടങ്ങി. ഒടുവിൽ അദ്ദേഹം കോൺഗ്രസ് ഐയിൽ നിന്നും പുറത്തുകടന്നു. അതോടൊപ്പം വക്കം പുരുഷോത്തമൻ, പി. ബാലൻ, കോട്ടറ ഗോപാലകൃഷ്ണൻ എന്നിവർ ആന്റണി പക്ഷത്തേക്ക് ചേക്കേറി.
ഇന്ദിരാ വിരുദ്ധ പക്ഷത്തുള്ള കോൺഗ്രസുകാർ ദേവരാജ് അരശിനോടൊപ്പം കൂടി ദേവരാജ് അരശ് ബാംഗ്ലൂരിൽ കൺവെൻഷൻ സംഘടിപ്പിച്ചു. അതിൽ പങ്കെടുക്കാൻ എന്തുകൊണ്ടോ ആന്റണിയും ഉമ്മൻചാണ്ടിയും തയ്യാറായില്ല. എന്നാൽ ഇവരുടെ പാർട്ടിയുടെ പ്രസിഡന്റായി. അതോടെ ആന്റണി പക്ഷക്കാരായ കോൺഗ്രസുകാർ പിന്നീട് കോൺഗ്രസ് (യു) എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ആ വർഷം സെപ്തംബറിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്നു ഭരണകക്ഷി അംഗങ്ങളെ ചേർത്തുനിർത്തിയിരുന്നു എ.കെ. ആന്റണിക്ക് മൗനം. കോൺഗ്രസ് പലയിടങ്ങളിലും സി.പി.എമ്മുമായി സഖ്യം ചേർന്നു.
മുസ്ലിംലീഗ് ആകട്ടേ, കോൺഗ്രസ് ഐയുമായി സഖ്യം കൂടി. ഇതിനിടയിൽ തികച്ചും വഴിയാധാരമായത് സി.പി.ഐ ആണ്. സ്വാഭാവികമായും ആ പാർട്ടിയിൽ അമർഷം ഉരുണ്ടുകൂടി. പാർട്ടി കാര്യമായ കൂടിയാലോചനകൾ നടത്തി. ഒടുവിൽ ചുവടു മാറാൻ തന്നെ അവർ തീരുമാനിച്ചു. ഇടത് ജനാധിപത്യ ഐക്യം അനിവാര്യമാണെന്ന് അവർക്ക് തോന്നി. 1978 മാർച്ച് 31ന് പഞ്ചാബിൽ ചേർന്ന സി.പി.ഐയുടെ പതിനൊന്നാം പാർട്ടി കോൺഗ്രസിൽ ചുവടുമാറ്റത്തിന് പച്ചക്കൊടി ലഭിച്ചു.
ഇന്ദിരാഗാന്ധിയെ കണ്ണടച്ച് പിന്താങ്ങിയിരുന്ന എസ്.എ. ഡാങ്കേ പാർട്ടി ചെയർമാൻ സ്ഥാനം രാജിവച്ചു. ജനറൽ സെക്രട്ടറി രാജേശ്വരറാവു അവതരിപ്പിച്ച രാഷ്ട്രീയ അവലോകനത്തിൽ അടിയന്തരാവസ്ഥയെ അനുകൂലിച്ചത് തെറ്റായിപ്പോയെന്ന് കുറ്റസമ്മതവും നടത്തി. കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കാനും ഇടതുപക്ഷ ഐക്യത്തിനായി പ്രവർത്തിക്കാനും പാർട്ടി തീരുമാനിച്ചു. ഇതേ കാലയളവിൽ പഞ്ചാബിൽ തന്നെ സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസും നടക്കുന്നുണ്ടായിരുന്നു സി.പി.ഐയുടെ ഐക്യ താല്പര്യം ഉടൻതന്നെ സ്വാഗതം ചെയ്യപ്പെട്ടു.
രണ്ടു പാർട്ടികളുടെയും സമ്മേളനം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ ഡൽഹിയിൽ വീണ്ടും ഇരു പാർട്ടികളും ഒത്തുകൂടി. 1964ൽ പാർട്ടി പിളർന്നതിനശേഷം ഇത് ആദ്യമായാണ് ഇരു പാർട്ടിയുടെ നേതാക്കളും ഒരുമിച്ചിരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ ഐക്യത്തിന് നേതൃത്വം കൊടുക്കാൻ 1979 ജൂലൈ 14ന് സി.പി.ഐ ജനറൽ സെക്രട്ടറി രാജേശ്വരറാവു സി.പി.എമ്മിനോട് പരസ്യമായി ആവശ്യപ്പെട്ടു.
അതോടെ,
സി.പി.ഐ മന്ത്രിസഭ പിരിച്ചുവിടാൻ തീരുമാനിച്ചു. അതിന് സി.പി.ഐയുടെ ദേശീയ
കൗൺസിൽ അംഗീകാരവും കൊടുത്തു. കോൺഗ്രസ് കൂടി പങ്കാളികളായ ഭരണ മുന്നണി
അങ്ങിനെ തകരെയാണെന്ന് മനസ്സിലായി. 1979 ഒക്ടോബർ ഏഴ്. ഗവർണർ ജ്യോതി
വെങ്കിടാചലത്തിന്റെ മുന്നിലെത്തി പി.കെ.വി യുടെ രാജി കത്ത്.
പി.കെ.വി
രാജിവെക്കുമ്പോൾ നിയമസഭ പിരിച്ചുവിടാൻ ശുപാർശ ചെയ്തിരുന്നില്ല. പക്ഷേ ഒരു
തുടർ മന്ത്രിസഭ ഉണ്ടാകുമെന്ന് ആരും കണക്കുകൂട്ടിയിരുന്നില്ല. എന്നാൽ ആ
കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചുകൊണ്ട് സി.എച്ച്. മുഹമ്മദ് കോയയെ
മുഖ്യമന്ത്രിയാക്കാൻ കെ. കരുണാകരനും ആന്റണിയും ഒന്നചേർന്നു.
ഇതിനിടെ കെ.കെ. വിശ്വനാഥനെ മുഖ്യമന്ത്രി ആക്കാൻ ഒരു ശ്രമം നടന്നു. അതിന് ചുക്കാൻ പിടിച്ചത് ഉമ്മൻചാണ്ടിയായിരുന്നു. പക്ഷേ അത് വിഫലമായി. 1979 ഒക്ടോബർ 12ന് മുഹമ്മദ് കോയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എങ്കിലും എവിടെയോ ഒരു പന്തികേട് തുടക്കം മുതൽ ഉമ്മൻചാണ്ടിക്കനുഭവപ്പെട്ടു. സത്യത്തിൽ ആന്റണിയും ഉമ്മൻചാണ്ടിയും അടങ്ങുന്ന കേരളത്തിലെ കോൺഗ്രസ് യു കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. ഒരുഭാഗത്ത് കോൺഗ്രസ് ഐയുടെ സഹായത്തോടെ നിലനിൽക്കുന്ന ഒരു മന്ത്രിസഭയെ പിന്താങ്ങുന്ന ഗതികേട്.
മറുഭാഗത്ത് ആകട്ടെ സിപിഎമ്മുമായി സഹകരിച്ച് മുന്നോട്ടു പോകണം എന്ന വികാരം പാർട്ടിക്ക് ഉള്ളിൽ ശക്തി പ്രാപിച്ചു വരുകയും ചെയ്യുന്നു. ഡൽഹിയിൽ ദേവരാജ് അരശും ഇ.എം.എസും തമ്മിൽ രഹസ്യമായി കൂടിക്കാഴ്ച നടന്നു എന്ന് ആന്റണിയും ഉമ്മൻചാണ്ടിയും അറിയുന്നു. ഇടതുപക്ഷ സഖ്യത്തിൽ മുന്നോട്ടപോകണമെന്ന് ശക്തമായി ആവശ്യപ്പെട്ടത് കെ.പി. ഉണ്ണികൃഷ്ണൻ ആണ്. അതിനെ പിന്താങ്ങാൻ ആര്യാടൻ മുഹമ്മദും എ.സി. ഷണ്മുഖദാസും വി.എം. സുധീരനും എൻ.പി. മൊയ്തീനും പി.സി. ചാക്കോയും കടന്നപ്പള്ളി രാമചന്ദ്രനും എ.കെ. ശശീന്ദ്രനും ഒക്കെ മുന്നോട്ടു വന്നു.
എ.കെ. ആന്റണിയും ഏറെക്കുറെ അതിനോട് യോജിക്കുന്ന അവസ്ഥയിൽ എത്തിയെന്ന് ഉമ്മൻചാണ്ടിക്ക് മനസ്സിലായി. എന്നാൽ സി.പി.എമ്മുമായി കൂടിച്ചേരുന്ന കാര്യം ഉമ്മൻചാണ്ടിക്ക് ആലോചിക്കാനേ കഴിയുന്നില്ല. മാനസികമായി ഉമ്മൻചാണ്ടി വല്ലാത്തൊരു സംഘർഷത്തിൽ അകപ്പെടുകയായിരുന്നു.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1