ഷട്ട്ഡൗണിലേയ്ക്ക് നീങ്ങിയിരിക്കുകയാണ് അമേരിക്കയില്‍ സര്‍ക്കാര്‍. യുഎസ് ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിക്കുന്നതിനായുള്ള ധനബില്ല് പാസാക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തമ്മില്‍ ധാരണയിലെത്താത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഷട്ട്ഡൗണിലേയ്ക്ക് നീങ്ങിയത്. എന്നാല്‍ ഷട്ട്ഡൗണുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങളും പുറത്തുവരുന്നുണ്ട്.
എന്താണ് ഈ ഷട്ട്ഡൗണ്‍, എങ്ങനെയാണ് ഇത് സംഭവിക്കുന്നത്, ഇത് അമേരിക്കയിലെ സാധാരണക്കാരെ എങ്ങനെയാണ് ബാധിക്കുന്നത് എന്നെല്ലാം ഒന്ന് പരിശോധിക്കാം.
ഇപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏതാണ്ട് ഭാഗികമായി അടച്ചുപൂട്ടിയ നിലയിലാണ്. യുഎസിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഇതോടെ സ്തംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഷട്ട്ഡൗണ്‍ അഞ്ച് ലക്ഷത്തോളം പേരെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കും. മാത്രമല്ല അവധിയില്‍ പോകേണ്ടി വരുന്ന ജീവനക്കാരെ പിരിച്ചുവിടാനും ട്രംപ് പദ്ധതി തയ്യാറാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സത്യത്തില്‍ ഇതൊക്കെ ഉള്ളത് തന്നെയാണോ എന്നാണ് പലരുടേയും സംശയം. കാരണം അമേരിക്കയല്ലെ, പല നാടകീയ സംഭവങ്ങളും പ്രതീക്ഷിക്കാം.
ഷട്ട്ഡൗണ്‍ രാഷ്ട്രീയ നാടകമോ...?
യുഎസില്‍ ഷട്ട്ഡൗണോ? ഇത് കേള്‍ക്കുമ്പോള്‍ പല രാജ്യങ്ങളിലെയും ആളുകള്‍ പരിഭ്രാന്തിയിലാകുന്നത് സ്വാഭാവികമാണ്. എല്ലാം തകര്‍ന്നു, രാജ്യത്തിന്റെ ഭരണ സംവിധാനം നിലച്ചു, സര്‍ക്കാരിന് ഇനി ചെലവഴിക്കാന്‍ പണമില്ല എന്നൊക്കെയാണ് പലരുടെയും ധാരണ. എന്നാല്‍, യാഥര്‍ഥ്യം അത്രയ്ക്ക് ഭീകരമല്ല. ഇത് ഒരു സാങ്കേതികപരമായ പ്രതിസന്ധി മാത്രമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഫെഡറല്‍ സര്‍ക്കാരിന് ഓരോ സാമ്പത്തിക വര്‍ഷവും പ്രവര്‍ത്തിക്കുന്നതിന് കോണ്‍ഗ്രസ് (സെനറ്റും ജനപ്രതിനിധി സഭയും) ഫണ്ടിങ് ബില്ലുകള്‍ പാസാക്കേണ്ടതുണ്ട്. മൊത്തം 12 ബില്ലുകളാണ് സാധാരണയായി പാസാക്കേണ്ടത്. സെപ്റ്റംബര്‍ 30 അര്‍ധരാത്രിക്ക് മുമ്പായി ഈ ബില്ലുകള്‍ പാസാക്കി പ്രസിഡന്റ് ഒപ്പിടണം. എന്നാല്‍ ചില രാഷ്ട്രീയ വിഷയങ്ങളിലോ ബജറ്റിലെ മറ്റ് ചെലവഴിക്കല്‍ നിര്‍ദ്ദേശങ്ങളിലോ കോണ്‍ഗ്രസിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നതോടെ ബില്ലികള്‍ പാസാകാന്‍ കാലതാമസം ഉണ്ടാകും. അങ്ങനെ വരുമ്പോള്‍ നിലവിലുള്ള ഫണ്ടിങ് ഇല്ലാതാകുന്നു.
ഫണ്ടിങ് ഇല്ലാതാകുമ്പോള്‍, ആന്റിഡെഫിഷ്യന്‍സി ആക്ട് അനുസരിച്ച്, ഫെഡറല്‍ ഏജന്‍സികള്‍ക്ക് പണം ചെലവഴിക്കാനോ കടം വാങ്ങുന്നതിനോ കഴിയില്ല. ഇതാണ് ഷട്ട്ഡൗണ്‍ എന്ന അവസ്ഥയിലേക്ക് ഭരണകൂടത്തെ എത്തിക്കുന്നത്. ഷട്ട്ഡൗണ്‍ എന്നാല്‍ സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി നിലയ്ക്കുന്നു എന്ന് അര്‍ത്ഥമില്ല. മറിച്ച് ഫണ്ടിങ് ലഭിക്കാത്തതിനെത്തുടര്‍ന്ന്, ചില ഏജന്‍സികളുടെ അത്യാവശ്യമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കുന്നു എന്ന് മാത്രം.
അതേസമയം മറ്റ് രാജ്യങ്ങളില്‍, പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍, സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ എന്ന് കേള്‍ക്കുമ്പോള്‍ പലരും കരുതുന്നത് രാജ്യം ഭരിക്കാന്‍ സര്‍ക്കാരിന് പണമില്ലാതായി അല്ലെങ്കില്‍ ഭരണ സംവിധാനം പൂര്‍ണ്ണമായും നിലച്ചുപോയി എന്നാണ്. എന്നാല്‍ ഇത് ഒരു തെറ്റിധാരണ മാത്രമാണ്. ഇതൊരു സാമ്പത്തിക തകര്‍ച്ചയല്ല, മറിച്ച് പണം ചെലവഴിക്കുന്നതിനുള്ള നിയമപരമായ അനുമതി ഇല്ലാത്തതിന്റെ പ്രശ്‌നം മാത്രമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
അതായത് രാജ്യത്തിന്റെ ട്രഷറിയില്‍ പണമുണ്ടാകും. എന്നാല്‍ അത് ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിച്ചിട്ടില്ല എന്ന് മാത്രം. അതുകൊണ്ട് കോണ്‍ഗ്രസ് ഫണ്ടിങ് ബില്‍ പാസാക്കി അനുമതി നല്‍കിയാല്‍ ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്യും. മാത്രമല്ല സൈന്യം, സുരക്ഷാ സേന, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍, പൊലീസ്, തപാല്‍ സര്‍വീസുകള്‍ തുടങ്ങിയ രാജ്യത്തിന്റെ സുരക്ഷയ്ക്കും ജീവനും സ്വത്തിനും അത്യാവശ്യമായ എല്ലാ സര്‍വീസുകളും ഷട്ട്ഡൗണ്‍ സമയത്തും തുടരും.
അപ്പോള്‍ പറഞ്ഞുവന്നത് യുഎസ് ഷട്ട്ഡൗണ്‍ എന്നത് സര്‍ക്കാരിന്റെ രാഷ്ട്രീയ തര്‍ക്കങ്ങളുടെ ഫലമായുണ്ടാകുന്ന ഒരു താല്‍ക്കാലിക ബജറ്റ് മരവിപ്പിക്കല്‍ മാത്രമാണ് എന്നതാണ്. അത് ഒരു രാജ്യത്തിന്റെ ഭരണ സംവിധാനം തന്നെ തകരുന്ന വന്‍ ദുരന്തമല്ല എന്ന് സാരം. ഷട്ട്ഡൗണ്‍ ഭീകരമായ ഒരവസ്ഥയല്ല. എങ്കിലും യുഎസിലെ സാധാരണക്കാര്‍ക്ക് ഇത് ചെറിയ രീതിയില്‍ ബുദ്ധിമുട്ടുണ്ടാക്കും. അതായത് അത്യാവശ്യമല്ലാത്ത ഫെഡറല്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത അവധി നല്‍കുന്നത് അവരുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ താല്‍കാലികമായി ബാധിക്കും.
എങ്കിലും ഷട്ട്ഡൗണ്‍ അവസാനിച്ച ശേഷം ഇവര്‍ക്ക് കുടിശികയെല്ലാം മുഴുവനായി ലഭിക്കുകയും ചെയ്യും. അതുപോലെ, വീസ/പാസ്‌പോര്‍ട്ട് അപേക്ഷകളുടെ പ്രോസസിങ് മന്ദഗതിയിലാകുകയോ താല്‍ക്കാലികമായി നിലയ്ക്കുകയോ ചെയ്യാനും സാധ്യതയുണ്ട്. മിക്ക ദേശീയ പാര്‍ക്കുകളും അടച്ചിടും. ഇത് വിനോദസഞ്ചാരികളെയും പ്രാദേശിക കച്ചവടക്കാരെയും ബാധിക്കും. കൂടാതെ ഫെഡറല്‍ ഏജന്‍സികള്‍ കൈകാര്യം ചെയ്യുന്ന ഭവന വായ്പകള്‍, ബിസിനസ് വായ്പകള്‍ തുടങ്ങിയവയുടെ പ്രോസസിങും വൈകാന്‍ സാധ്യതയുണ്ട്. എന്നാല്‍, സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള മെഡികെയര്‍ തുടങ്ങിയ പല പ്രധാനപ്പെട്ട ആനുകൂല്യങ്ങളും പേയ്‌മെന്റുകളും ഷട്ട്ഡൗണ്‍ സമയത്തും മുടങ്ങാതെ ലഭിക്കും.
പറഞ്ഞ് വന്നത്, ഈ രാഷ്ട്രീയ നാടകം അവസാനിക്കുമ്പോള്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ ഒരു ധാരണയിലെത്തി ബില്ലില്‍ ഒപ്പിടുകയും കാര്യങ്ങളെല്ലാം വേഗത്തില്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്യും. അതോടെ ഇപ്പോഴത്തെ ആശങ്കയും ചര്‍ച്ചകളും പടിക്ക് പുറത്താകുകയും ചെയ്യും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1