കഴിഞ്ഞ ആഴ്ചക്കുറിപ്പിന് പഞ്ചാരിമേളവും തായകമ്പകയുമായി ട്രംപിന്റെ ഇലക്ഷനും പാലക്കാട്ടെ ട്രോളി വിവാദവുമുണ്ടായിരുന്നു. ഈ രണ്ട് വിവാദങ്ങൾക്കു തമ്മിൽ ഒരു 'അമേരിക്കൻ' ബന്ധം വന്നത് യാദൃശ്ചികം. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ തെരഞ്ഞെടുപ്പാണ് വിഷയം നമ്പർ വൺ. രണ്ടാമത്തേതാകട്ടെ 'അമേരിക്കൻ ടൂറിസ്റ്ററുടെ' വകയായുള്ള ഒരു ട്രോളിബാഗും. മനോരമയിലെ പി. കിഷോർ അതോടെ പഴയ തകരപ്പെട്ടിയെയും തുകൽപ്പെട്ടിയെയും പിന്നീട് ചക്രം പിടിപ്പിച്ച ട്രോളി ബാഗ് കണ്ടുപിടിച്ച സായിപ്പിനെപ്പറ്റിയുമെല്ലാം ഒരു കൊച്ചു ലേഖനം കൂടി വച്ചുകാച്ചിയത് കൗതുകമായി.
ഇന്ന് (ബുധൻ) വീണ്ടും ഈ 'വീക്ക് അവലോകനം' വീക്കാകാതെ എഴുതണമല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഇ.പി.യുടെ ആത്മകഥാഗ്രന്ഥവിവാദം പൊട്ടിപ്പുറപ്പെടുന്നത്. ചാനലുകളെല്ലാം ഇ.പി. ബുക്കിനെപ്പറ്റി പീപ്പിയൂതി രസിക്കുകയാണ്. 'മേലേപ്പറമ്പിൽ ആൺവീട്' എന്ന സിനിമയിൽ കുളത്തിൽ നിന്ന് കയറാൻ കൂട്ടാക്കാതെ 'എന്റെ ഗർഭം ഇങ്ങനെയല്ല' എന്ന് കരഞ്ഞു പറയുന്ന ജഗതിയുടെ വേഷം ഓർമ്മയില്ലേ? അതുപോലെ 'എന്റെ ആത്മകഥ ഇങ്ങനെയല്ല' എന്ന് പറയുന്ന ഇ.പി. ജയരാജൻ എല്ലാ പ്രശ്‌നങ്ങൾക്കും ഉത്തരവാദി പ്രസാധകരായ ഡി.സി. ബുക്‌സാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു.
ഡി.സി. ബുക്‌സുമായി കരാറായിട്ടില്ലെന്നും രണ്ടു പ്രസാധകരുമായി ഇക്കാര്യം സംബന്ധിച്ച് ചർച്ച നടത്തിവരികയാണെന്നും ഇ.പി. ആണയിടുന്നു. ഡി.സി. ബുക്‌സിന്റെ സാരഥിയായ രവി. ഡി.സി. ദുബായിലാണിപ്പോൾ. ഇന്ന് പുസ്തകശാലകളിൽ എത്തേണ്ട പുസ്തകമാണിത്. പ്രകാശന കർമ്മവും ഇന്ന് നടക്കേണ്ടിയിരുന്നു. പുസ്തക നിർമ്മിതിയിലെ സാങ്കേതിക പ്രശ്‌നംമൂലം പ്രകാശനം നീട്ടിവച്ചതായിട്ടാണ് ഡി.സി.ബുക്‌സിന്റെ ഔദ്യോഗിക അറിയിപ്പുള്ളത്.
അന്ന് ജാവഡേക്കർ, ഇന്ന് ആത്മകഥ...
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ദിനത്തിലാണ് ഇ.പി. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. നേതാവ് ജാവഡേക്കറിന് വീട്ടിലിരുത്തി ചായ നൽകി സൽക്കരിച്ചുവെന്ന് വെളിപ്പെടുത്തിയത്. വയനാട്, ചേലക്കര തെരഞ്ഞെടുപ്പിലെ പോളിംഗ് ദിനത്തിലും ഇ.പി. ഒരു രാഷ്ട്രീയ അമിട്ട് തന്നെ പൊട്ടിച്ചിരിക്കുന്നു. എന്റെ പുസ്തകമല്ല 'കട്ടൻ ചായയും പരിപ്പുവട'യുമെന്നാണ് ഇ.പി. പറയുന്നത്. ഇ.എം.എസിനോടൊപ്പമുള്ള ഇ.പി.യുടെ ചിത്രമാണ് പുസ്തകത്തിന്റെ കവർ.
ഇ.എം.എസിന്റെ പൈതൃകമായ കട്ടൻചായയും പരിപ്പുവടയും ഇന്ന് പാർട്ടി അവകാശപ്പെടുന്നില്ല. കാലത്തിനനുസരിച്ച് 'ബിരിയാണിയും കുഴിമന്തി' യുമാണ് ഇന്നത്തെ പാർട്ടിയുടെ ഔദ്യോഗിക ഭക്ഷണമെന്നു പരാതിപ്പെടുന്നവരുണ്ട്. എന്നാൽ ഈ ലക്ഷ്യറി ഭക്ഷണമെല്ലാം മുൻനിര നേതാക്കളിൽ ഒതുങ്ങിപ്പോയെന്ന കുറ്റപ്പെടുത്തലിന്റെ കൊടിയടയാളങ്ങൾ പാർട്ടി അണികളിൽ ചിലർ അമർഷത്തോടെ കൈയിലേന്തുന്നുണ്ട് ഇപ്പോൾ. എന്നാൽ പ്രാദേശിക നേതാക്കളിൽ പലരും മുൻനിര നേതാക്കളെ പിൻപറ്റി കോടികൾ വാരാനുള്ള തത്രപ്പാടിലാണ്.
അല്ലാതെ താഴെ തട്ടിൽ നിൽക്കുന്ന പാവം സഖാക്കളെ ക്ഷേമത്തിന്റെ 'മാമുണ്ണി'ക്കാനുള്ള പരിപാടിയൊന്നും അവർക്കില്ല. ഇ.പിക്ക് പിന്നാലെ ഇടതുമുന്നണി കൺവീനർ സ്ഥാനത്തെത്തിയ ടി.പി. രാമകൃഷ്ണൻ ഏതായാലും എല്ലാം മാധ്യമങ്ങളുടെ ചുമലിൽ വച്ചുകെട്ടുന്നതായി വാർത്തകളുണ്ട്. മാധ്യമങ്ങൾ, ഇടതുകക്ഷികൾക്ക് ചാഞ്ഞുനിൽക്കുന്ന തെങ്ങായി മാറിയിട്ട് കാലം കുറെയായല്ലോ. അതുകൊണ്ട് ടി.പിയുടെ ന്യായീകരണത്തിൽ അദ്ഭുതപ്പെടാനൊന്നുമില്ല.
തലയില്ലാത്ത തെങ്ങും വായ പോയ കോടാലിയും
തെങ്ങിന്റെ ചിത്രം കഴിഞ്ഞയാഴ്ച നേരത്തെ നാം കണ്ടിരുന്നു. പി.വി.അൻവർ ''വായ പോയ കോടാലി'' യാണെന്ന പിണറായിയുടെ ചേലക്കരയിലെ 'കൊട്ടിന്' 'മറുകൊട്ടാ' യിട്ടാണ് അൻവർ തലയില്ലാത്ത, ഉണങ്ങി ദ്രവിച്ച തെങ്ങായി പിണറായിയെ ഉപമിച്ചത്. ഇലക്ഷൻ കമ്മീഷനെ ധിക്കരിച്ച് വാർത്താസമ്മേളനം നടത്തിയ അൻവറിനെതിരെ ഇപ്പോൾ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. സി.പി.എം. പാലക്കാട്ടും വയനാട്ടിലെ തെരഞ്ഞെടുപ്പിനായി വിതരണം ചെയ്ത കള്ളപ്പണത്തിന്റെ കണക്കാണ് അൻവർ മാധ്യമങ്ങളെ അറിയിച്ചത്. അതുകൊണ്ടുതന്നെ ഈ കേസ് അന്വേഷണം എത്രത്തോളം മുന്നോട്ടു പോകുമെന്ന് സംശയിക്കണം.
'വയ്യാവേലിയായി' മാറിയ സ്വതന്ത്രന്മാരുടെ പട്ടികയിൽ അൻവറിനെ പെടുത്തിയത് വ്യാജമാണെന്ന് ജയരാജൻ നേരിട്ട് അൻവറിനോട് തന്നെ പറഞ്ഞതായി ചാനലിൽ അദ്ദേഹം അവകാശപ്പെടുന്നുണ്ട്. 12 വർഷം ഇടതുപക്ഷത്തോടൊപ്പം പ്രവർത്തിച്ച അൻവറും ഇ.പി.യും ഒരേ കിടക്കയിൽ കിടന്നുറങ്ങിയ സൗഹൃദം പോലും 'വർഗീയവാദി' യെന്ന് കുറ്റപ്പെടുത്തുന്ന ആ മലബാർ നേതാവിന്റെ വകയായുണ്ട്.
ഡി.സി.യുടെ പുസ്തകവും അച്ചടി ബിസിനസും
1999ലാണ് ഡി.സി. കിഴക്കേമുറിയുടെ പതിനാറാമത്തെ ഗ്രന്ഥമായ 'ചെറിയ ആശുപത്രി വലിയ രോഗം' പ്രസിദ്ധപ്പെടുത്തുന്നത്. കുങ്കുമം വാരികയിൽ എഴുതിയ 'ചെറിയ കാര്യങ്ങൾ' എന്ന കുറിപ്പുകളാണ് പ്രധാനമായും ഈ ഗ്രന്ഥത്തിലുള്ളത്. 'കുങ്കുമം' വാരികയിൽ 'പുസ്തക പ്രസാധന രംഗത്തെ ഒളിച്ചു കളികൾ' എന്ന പേരിൽ ഒരു ലേഖനം അന്ന് അച്ചടിച്ചു വന്നു. ഒരു കോടിയോളം രൂപ അക്കാലത്ത് ഡി.സി. പുസ്തക പ്രസാധന രംഗത്ത് മുതൽ മുടക്കി നിൽക്കുന്ന സമയമായിരുന്നു അത്. വാശിയോടെ, ആ ലേഖനത്തിലെ അവകാശവാദങ്ങളെ എതിർത്തുകൊണ്ട് ഡി.സി. ഒരു വിശദീകരണക്കുറിപ്പെഴുതിയത് ഇതേ ഗ്രന്ഥത്തിന്റെ 125-ാം പേജിലുണ്ട്.
പുസ്തകങ്ങൾ എങ്ങനെ വിവാദ വിഷയമാക്കി 'വൻഹിറ്റാ'ക്കാമെന്ന് അതേ ഡി.സി.യുടെ പുത്രനായ രവിയെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. പോളിംഗ് ദിനത്തിൽ അല്ലെങ്കിൽ 'ഒരു പട്ടിയും പൂച്ച'യും ഈ പുസ്തകത്തെപ്പറ്റി ഇത്രയേറെ ചൂടോടെ ചർച്ച ചെയ്യുമായിരുന്നുവോ? ഇ.പി. ജയരാജൻ നിയമത്തിന്റെ വഴി തേടുന്നതിൽ പണ്ടേ പിന്നാക്കമാണ്. അതല്ലെങ്കിൽ ശോഭ സുരേന്ദ്രനെതിരെ ഇ.പി. ഇതിനകം എത്ര കേസ് കൊടുക്കേണ്ടിയിരുന്നു? തന്റെ പുസ്തകത്തിന് ഇത്രയേറെ 'പബ്ലിസിറ്റി' സംഘടിപ്പിക്കാൻ ഇ.പി.യാണോ ഡിസി രവിയാണോ ഈ 'അതിക്രമം' കാണിച്ചതെന്നേ ഇനി അറിയാനുള്ളൂ.
പാലക്കാട്ടെ ഡോ.പി. സരിന്റെ സ്ഥാനാർത്ഥിത്വത്തിൽ ആ ജില്ലയിലെ ഭൂരിപക്ഷം ഒറിജിനൽ സഖാക്കളും അമർഷത്തിലാണ്. പിണറായിയെ പേടിച്ച് അവർ പുറത്തു പറയാതിരുന്ന കാര്യം ഇ.പി. പരസ്യമാക്കിയതിൽ പിണറായി വിരുദ്ധരേക്കാൾ റിയാസിനെ എതിർക്കുന്നവരാണ് ഉള്ളാലെ സന്തോഷിക്കുന്നത്. തമ്മിലടിച്ച് ജനങ്ങൾക്കു മുമ്പിൽ ചിലപ്പോഴെങ്കിലും 'കോമാളി'കളായി മാറുന്ന കോൺഗ്രസുകാരുടെ ഉള്ളിൽ അറിഞ്ഞോ അറിയാതെയോ ഒരു ലഡു പൊട്ടിയിട്ടുണ്ട്. രണ്ടാം പിണറായി സർക്കാർ ദുർബലമെന്ന ഒറ്റ ടാഗ് ലൈൻ മതി മാങ്കൂട്ടത്തിലിന് പാലക്കാട്ടെ മധുരമാമ്പഴത്തിന്റെ രുചിയറിയാൻ!
'യോദ്ധാ'സിനിമയിലെ കാവിലെ പാട്ട് പോലെ..
തലസ്ഥാനത്ത് ഐ.എ.എസ്.കാർ തമ്മിൽ നടന്നു വരുന്ന 'വാടാ പോടാ' വിളികൾ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് അധികാരം നഷ്ടമാകുമെന്നതിന്റെ സൂചനയായി വേണം കരുതാൻ. കോഴിക്കോട്ടെ 'കളക്ടർ ബ്രോ'തിരുവനന്തപുരത്തെത്തിയപ്പോൾ എങ്ങനെ ഇടതുവിരുദ്ധനായെന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് പഴയ ഫിഷറീസ് മന്ത്രിയായ ജെ. മേഴ്‌സിക്കുട്ടിയമ്മയാണ്.
'കള പറിക്കാനിറങ്ങുന്ന കർഷകനും' 'ഫയൽ മുക്കുന്ന' ഉദ്യോഗസ്ഥ പ്രമുഖനുമെല്ലാം മാധ്യമങ്ങളിൽ നിറയുമ്പോൾ, അതിലൊരു 'കാവിച്ചുവ' അരച്ചു ചേർത്ത ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ മോഹം വേറെ ലെവലാണെന്നു പറയേണ്ടിവരും. ജനത്തിന്റെ നികുതിപ്പണത്തിൽ നിന്ന് പുട്ടടിക്കാനുള്ള കാശും കൊടിവച്ച വണ്ടിയും പത്രാസുമെല്ലാം തരമാക്കിയ ഉദ്യോഗസ്ഥ മേധാവികൾ ഇത്ര തറ ലെവലായി പോയോ എന്ന സങ്കടത്തിലാണ് ജനം.
'യോദ്ധാ'യിൽ മോഹൻലാലും ജഗതിയും അനശ്വരമാക്കിയ വേഷങ്ങൾ പാടിത്തിമിർത്ത ''പടകാളി...'' എന്നു തുടങ്ങുന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ ചേരിതിരിഞ്ഞു നിൽക്കുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥർ സർക്കാരിനെ കൂടുതൽ കുഴപ്പത്തിലാക്കാവുന്ന ചുവടുകളിലേക്ക് രൂപം മാറാം.
ഈ ഉദ്യോഗസ്ഥ മേധാവികളെ നിലയ്ക്ക് നിർത്താവുന്ന നിശ്ചയദാർഢ്യം ഇടതു സർക്കാരിന് കൈമോശം വന്നു കഴിഞ്ഞു. അത് വീണ്ടെടുക്കാൻ ആദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റിയുള്ള അവതാരങ്ങളെ നിലയ്ക്ക് നിർത്തലാണ്. അതൊന്നും ഇനിയുള്ള ചുരുങ്ങിയ നാളുകളിലെ ഭരണ കാലയളവിൽ നടപ്പാക്കാൻക്കാൻ ഒരു സീപ്ലെയിൻ യാത്രയൊന്നും മതിയാവില്ല. സാമ്പത്തികമായി അതിഗുരുതരമായ സ്ഥിതിയിലാണ് സംസ്ഥാന സർക്കാർ. ഉദ്യോഗസ്ഥർ സർക്കാരിനെക്കാൾ കൂടുതലായി ജനപക്ഷത്തു നിന്ന് ക്ഷേമ നടപടികൾ തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കേണ്ടത്.
പട്ടികജാതി, വർഗ വികസന വകുപ്പിന്റെ യോഗത്തിൽ പങ്കെടുക്കാൻ പോലും സ്വന്തം 'കുലീനത' അനുവദിക്കാത്ത ഉദ്യോഗസ്ഥൻ തലസ്ഥാനത്ത് വാണരുളുന്നുവെങ്കിൽ, അയാളെ നിലയ്ക്കു നിർത്തുകയല്ല, നിലം തുരന്ന് കുഴിയുണ്ടാക്കി 'വിനീതനായി വായും കൈയും പൊത്തി' ജനസമക്ഷം നിർത്താൻ രാഷ്ട്രീയ നേതൃത്വത്തിനു കഴിയണം. അതു പറ്റില്ലെങ്കിൽ ജഗതി പറയുന്നതുപോലെ 'ഇട്ടിട്ട് പോടേ' എന്ന് ജനം 'കൊത്തും കോളും' വച്ച് ഭരണ നേതൃത്വത്തെ പഴിക്കുന്ന കാലം വരും. ഇടതേ, ഇടതു ഭരണമേ ഇത് വെറും വാക്കല്ല കേട്ടോ.
ആന്റണി ചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1