ഈ സമ്മേളന സീസണിൽ സി.പി.എം. വക രണ്ട് റിലീസ് സിനിമകൾ: ഒന്ന് 'അയാൾ'കഥയെഴുതുകയാണ് മറ്റൊന്ന് 'ചതിക്കപ്പെട്ട ചന്തു!'

SEPTEMBER 4, 2024, 8:19 PM

ഇ.പി. ജയരാജൻ (ആത്മ) കഥയെഴുതുകയാണ്. ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചിട്ടുള്ള സി.പി.എമ്മിൽ ഇപ്പോൾ റിലീസായിട്ടുള്ള ചിത്രം 'ചതിക്കപ്പെട്ട ചന്തു' ആണ്. സി.പി.എം. ഇത്രത്തോളം വെല്ലുവിളികൾ നേരിട്ട ചരിത്രമുണ്ടായിട്ടില്ല. പിണറായി വിജയനെ ഒരു പോറലുമേൽപ്പിക്കാത്ത വിധം, വിശ്വസ്തരാൽ ചതിക്കപ്പെട്ടവനായി ഘടകകക്ഷിക്കു മുമ്പിലും ജനങ്ങൾക്കു മുമ്പിലും അവതരിപ്പിക്കാൻ പാർട്ടി ഇപ്പോൾ ഏൽപ്പിച്ചിട്ടുള്ളത് പുതിയ ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണനെയാണ്.

ഒന്നാം പിണറായി മന്ത്രിസഭയിൽ ആര് മന്ത്രിയായാലും കളങ്കിതമാകുന്ന എക്‌സൈസ് വകുപ്പ് വലിയ തട്ടുകേടില്ലാതെ ഭരിച്ച മന്ത്രിയാണ് ടി.പി. ഭരണകക്ഷി എം.എൽ.എയായ പി.വി. അൻവർ ഇപ്പോൾ കേരളാ പൊലീസിലെ ചില ഓഫീസർമാർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളാണ് രാഷ്ട്രീയ കേരളത്തിലെ ചൂടുള്ള ചർച്ചകൾ. ഈ ചർച്ചകൾക്കുള്ളിൽ നിന്ന് ഉയർന്നു വരുന്നതാകട്ടെ സി.പി.എമ്മിലെ നവ ഗ്രൂപ്പു വഴക്കുകളുടെ ഗോഗ്വാ വിളികളാണ്.

എന്തുകൊണ്ട് അൻവർ ഇടയുന്നു?

vachakam
vachakam
vachakam

പി.വി. അൻവർ മുഖ്യമന്ത്രിയുടെ ഡാർലിങ്ങായിരുന്നു എപ്പോഴും. രാഹുൽ ഗാന്ധിക്ക് ഡി.എൻ.എ ടെസ്റ്റ് നടത്തി പിതൃപദവി ആർക്കാണെന്ന് നിശ്ചയിക്കണമെന്നുള്ള അൻവറിന്റെ ആരോപണം ചെറുചിരിയോടെ നിയമസഭയിൽ പിണറായി ന്യായീകരിച്ചത് നിയമസഭാസമ്മേളന മധ്യേ നാം കേട്ടതാണ്. വി.ഡി. സതീശൻ 150 കോടിയുടെ കള്ളപ്പണം കർണാടകത്തിൽ നിന്ന് കേരളത്തിൽ എത്തിച്ചുവെന്നതും തിരികെ കൊണ്ടപോയെന്നും അൻവറിനു മാത്രമല്ലേ ഉളുപ്പില്ലാതെ പറയാൻ കഴിയൂ?

എ.ഡി.ജി.പി. അജിത്കുമാറിന് എതിരെയുള്ള അൻവറിന്റെ ആരോപണം വളരെയേറെ ഗുരുതരമുള്ളവയായിട്ടും മുഖ്യമന്ത്രി ഈ കുറ്റാരോപിതനെ മാറ്റിനിർത്തി അന്വേഷണം പ്രഖ്യാപിക്കാൻ എന്തുകൊണ്ട് സന്നദ്ധനായില്ല? മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും പത്തനംതിട്ട എസ്.പി. സുജിത് ദാസിന്റെ വാക്കുകളിലൂടെ ഈ ആരോപണപ്പെരുമഴയിലേക്ക് അൻവർ വലിച്ചിഴയ്ക്കുകയാണുണ്ടായത്. പാർട്ടി പ്രേമവും പിണറായി പ്രേമവും എല്ലാ സന്ദർഭങ്ങളിലും ഉറക്കെ വിളിച്ചു പറയുന്ന അൻവറിന്റെ ഈ കടുത്ത നീക്കത്തിനു പിന്നിൽ അദ്ദേഹം പറയുന്നതുപോലെ 'സർവശക്തനായ ദൈവം' മാത്രമാണോ ഉള്ളത്?

ആർ.എസ്.എസിനെ സുഖിപ്പിക്കുന്നതാര്?

vachakam
vachakam
vachakam

ഇടതുമുന്നണി കൺവീനർ സ്ഥാനത്തു നിന്ന് വിവാദങ്ങളുടെ പേരിൽ ഒഴിവായ ഇ.പി. ജയരാജനായിരുന്നു, ഇടതുപക്ഷത്തെ ആർ.എസ്.എസിന്റെ കണ്ണും ചെവിയുമെന്ന് ചിലർ പറയുന്നു. ജാവഡേക്കറിന് വീട്ടിലിരുത്തി ചായ കൊടുത്തതു തന്നെ കേന്ദ്രത്തിലെ അധികാര കേന്ദ്രങ്ങളെ സോപ്പിടാനായിരുന്നുവെന്നാണ് ആരോപണമുള്ളത്. ബുധനാഴ്ച പ്രതിപക്ഷ നേതാവിന്റെ 'പുതിയ' ആരോപണം ചാനലുകളിൽ കണ്ടു. ആർ.എസ്.എസിലെ രണ്ടാം സ്ഥാനക്കാരനായ ദത്താത്രേയയുമായി ഏ.ഡി.ജി.പി അജിത് കുമാർ ഒരു മണിക്കൂർ നീളുന്ന ചർച്ച നടത്തിയെന്നാണ് സതീശൻ വെളിപ്പെടുത്തിയത്.

കേന്ദ്ര അന്വേഷണ ഏജൻസികളെ വരുതിയിലാക്കാൻ അജിത് കുമാറിനെ ദൂതനാക്കിയത് മുഖ്യമന്ത്രിയാണോയെന്ന ചോദ്യവുമുയരുന്നുണ്ട്. എന്നാൽ, വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ ദുരന്ത സ്ഥലത്തെ പൊലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി നിയോഗിച്ചത് അജിത്കുമാറിനെയായിരുന്നു. ആർ.എസ്.എസിന്റെ പോഷക സംഘടനയായ സേവാഭാരതിക്കാണ് മുണ്ടക്കൈയിലെ പൊതുശ്മശാനത്തിന്റെ ചുമതല പൊലീസ് ഏൽപ്പിച്ചതെന്ന് ഓർമ്മിക്കണം. മാത്രമല്ല, 'കലങ്ങിപ്പോയ' തൃശൂർ പൂരത്തിന്റെ കമ്മിറ്റി ഓഫീസിലേക്ക് പൊലീസ് ആരെയും കടത്തിവിടാതിരുന്നിട്ടും, 'സേവാഭാരതി'യുടെ ആംബുലൻസിൽ കയറി പോലീസിന്റെ സഹായത്തോടെയാണ് സുരേഷ് ഗോപി വന്നതെന്ന ആരോപണവും ഉയർന്നു കേട്ടു. രാത്രിയോ പുലർച്ചയോ നടത്തേണ്ട പൂരം വെടിക്കെട്ട് പകൽ നടത്താനേ പൊലീസ് അനുവദിച്ചുള്ളൂ. ഇതാകട്ടെ തൃശൂരിലുണ്ടായിരുന്ന റവന്യൂ മന്ത്രിയെ പോലും കബളിപ്പിച്ചു കൊണ്ടായിരുന്നു.

വയനാട്ടിലേക്ക് ഒരു പ്രത്യേക മതത്തിൽ പെട്ടവരുടെ കൂട്ടായ്മകൾ അയച്ച ഭക്ഷ്യ വിഭവങ്ങളും മറ്റും പൊലീസ് കർശനമായി തടയുകയാണുണ്ടായത്. മുഖ്യമന്ത്രിയെ സഹായിക്കാനെന്ന പേരിൽ ആർ.എസ്.എസിനോട് ഒട്ടിനിൽക്കുന്ന അജിത് കുമാറിനെ ചെറുക്കാൻ മലബാറിലെ ഒരു പ്രത്യേക മതത്തിൽപ്പെട്ടവർ ഒന്നിച്ചണിനിരന്നു കഴിഞ്ഞു. സമസ്തയുമായി മുസ്ലീംലീഗ് ഒത്തുതീർപ്പ് ഫോർമുലയുണ്ടാക്കിക്കഴിഞ്ഞിട്ടുണ്ട്. സാദിഖ് അലി തങ്ങൾ ഈയിടെ നടന്ന സമസ്തയുടെ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. ഒരു പൊതു ശത്രുവെന്ന നിലയിൽ പിണറായിയുടെ കൂടെയുള്ള ആർ.എസ്.എസ്. പക്ഷക്കാരെ കാണുകയും അവരെ അധികാര സ്ഥാനങ്ങളിൽ നിന്ന് നിഷ്‌ക്കാസനം ചെയ്യാനുമാണ് അൻവറിനെ ട്രോജൻ കുതിരയായി ചിലർ  രംഗത്തിറക്കിയിട്ടുള്ളത്.

vachakam
vachakam
vachakam

മന്ത്രി റിയാസ് പോലും, ഉദ്യോഗസ്ഥ തലത്തിലും പൊലീസിലുമെല്ലാം ശക്തിയാർജ്ജിക്കുന്ന ആർ.എസ്.എസ് അനുകൂലികളെ നിയന്ത്രിക്കണമെന്ന അഭിപ്രായം മാധ്യമങ്ങളിലൂടെ പറയാറുണ്ട്. എന്നാൽ മന്ത്രി പത്‌നിയെ തൽക്കാലത്തേയ്ക്ക് കേന്ദ്ര ഏജൻസികളിൽ നിന്ന് രക്ഷിക്കാനുള്ള വഴി അജിത് കുമാറിനെയും മറ്റും കൂടെ നിർത്തുകയാണെന്ന പ്രായോഗിക ബുദ്ധിക്ക് പിന്നാലെയാണ്. ന്യൂനപക്ഷ പ്രീണനത്തിന്റെ പേരിൽ ഒരു പ്രത്യേക സമുദായത്തിനു മാത്രം 'പുട്ടടിക്കാനുള്ള' വാതിലുകൾ പിണറായി തൽക്കാലത്തേയ്ക്ക് അടച്ചു കഴിഞ്ഞു.

ആർ.എസ്.എസ്. ബാന്ധവത്തിനു മുതിർന്നാൽ, പാർട്ടിയിലെ ഏത് ഉന്നതനുമെതിരെ നടപടിയുണ്ടാകുമെന്നതിന്റെ സൂചനയാണ് ഇ.പിയുടെ 'പീപ്പി' പാർട്ടി ഊരിയെടുത്തതിനു പിന്നിലുള്ളത്. എന്നാൽ 'കളങ്കിതനായ' മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായിയെ ക്രൂശിക്കാൻ പാർട്ടിക്ക് കഴിയില്ല. പകരം ആർ.എസ്.എസുമായി രഹസ്യ ബാന്ധവത്തിന് ഒരുങ്ങുന്ന ഓരോരുത്തരെയായി വെട്ടിനിരത്താനാണ് ഈ സമ്മേളന കാലത്ത് സി.പി.എമ്മിലെ ഔദ്യോഗിക പക്ഷം ഒരുങ്ങുന്നത്. ഈ സൂചന കണ്ട് 'കാരണ ഭൂതൻ' നേർവഴിക്ക് വരുമെന്ന് അതേ പക്ഷം കരുതുന്നുണ്ട്.

'അൻവർ, സിനിമാക്കാരുടെ പുണ്യാളൻ'

എന്തെല്ലാം പറഞ്ഞാലും ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ എറണാകുളത്തെ വക്കീലന്മാർ ഓണ ബോണസ് കിട്ടിയ സന്തോഷത്തിലാണ്. തിരശ്ശീലയിൽ നമ്മെ ചിരിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത നടന്മാരെല്ലാം, വക്കീൽ ഓഫീസുകളുടെ മുമ്പിൽ ക്യൂ നിൽക്കുകയാണിപ്പോൾ. ചാനലുകളെല്ലാം, അൻവറിന്റെ പിന്നാലെ പോയപ്പോൾ തടിതപ്പിയത് ഈ താരങ്ങളാണ്. ആരോപണ വിധേയരായ നടീനടന്മാരുടെ സിനിമകൾക്കും പരസ്യങ്ങൾക്കും ഇപ്പോൾ പ്രേക്ഷകർ കുറവാണ്. കുറ്റാരോപിതരെ വച്ച് കോടികൾ മുടക്കി അഡ്വർടൈസ്‌മെന്റ് ഫിലിം പിടിച്ച പരസ്യ ഏജൻസികളും പരസ്യദാതാക്കളും കൈ പൊള്ളിയ മട്ടിലുമാണ്.

അൻവർ അജിത് കുമാർ പോരാട്ടമാണ് ചാനലുകാർ ഇപ്പോൾ തിമിർത്ത് ആഘോഷിക്കുന്നത്. ഈ ആഴ്ചക്കുറിപ്പെഴുതുമ്പോൾ ചാനലുകളിൽ തെളിയുന്നത് അൻവറിന്റെ ബൈറ്റുകളാണ്. താൻ പരിശുദ്ധനാണെന്ന് തെളിയിക്കാൻ വാർത്താ സമ്മേളനം വിളിച്ച നിവിൻ പോളിക്കു പോലും കഷ്ടിച്ച് മുക്കാൽ മിനിറ്റ് നീളുന്ന വാർത്താ സ്‌പേസായിരുന്നു ചാനലുകളിൽ കിട്ടിയത്. ഇനി വ്യാഴാഴ്ചത്തെ മുകേഷ്-സിദ്ദീഖു മാരുടേതടക്കമുള്ളവരുടെ ജാമ്യം സംബന്ധിച്ച വാർത്തയാണ് മാധ്യമങ്ങൾ കാത്തിരിക്കുന്നത്. എന്തയാലും കുറ്റാരോപിതർക്ക് മനഃസമാധാനത്തോടെ ഓണമുണ്ണാനാകുമോയെന്ന് കണ്ടറിയണം.

മുല്ലപ്പെരിയാറും പാലക്കാടൻ പ്രയോഗങ്ങളും

മുല്ലപ്പെരിയാർ സംബന്ധിച്ചുള്ള കേരളത്തിന്റെ ആശങ്കകൾ ദുരീകരിക്കാനുള്ള ഒരു വർഷം നീളുന്ന നടപടികൾ തുടങ്ങിക്കഴിഞ്ഞു. സമീപകാലത്തുണ്ടായ 'ഡാം തകർച്ച' കളുടെ പശ്ചാത്തലത്തിൽ കേരളം മന്നോട്ടു വച്ച സുരക്ഷാ പരിശോധന അനിവാര്യമാണെന്ന കേന്ദ്രസർക്കാരിന്റെ നിലപാട് മുല്ലപ്പെരിയാർ ഭീഷണിയിൽ കഴിയുന്ന കേരളത്തിന് ആശ്വാസമായിട്ടുണ്ട്. എന്നാൽ, പാലക്കാട്ടെ 'നിർദ്ദിഷ്ട വ്യവസായ മുന്നേറ്റം' പോലെ മുല്ലപ്പെരിയാർ പ്രശ്‌നത്തിന്മേലുള്ള വെടിനിർത്തൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള വെറും പ്രഹസനമാകരുതേയെന്ന് ജനം ആഗ്രഹിക്കുന്നുണ്ട്.

പാലക്കാട് വ്യാവസായികമായി വൻ മുന്നേറ്റത്തിനൊരുങ്ങുകയാണെന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് അവിടെ നടക്കാൻ പോകുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്ന പരാതികളുമുയർന്നിട്ടുണ്ട്. എന്നാൽ, പാലക്കാട്ടെ ഭരണമുന്നണിയിൽപ്പെട്ട സി.പി.എമ്മും സി.പി.ഐയും ഉൾപ്പാർട്ടിപ്പോരിൽപ്പെട്ട് ഞെരുങ്ങുകയാണ്. സി.പി.എമ്മിൽ പി.കെ. ശശിക്ക് എതിരെ ജില്ലാ, ഏരിയാ കമ്മിറ്റികൾ കർശന നിലപാടെടുത്തിരുന്നു. ഇതനുസരിച്ച് സംസ്ഥാന കമ്മിറ്റിയും ശശിയ്‌ക്കെതിരെ നടപടിയെടുത്തു. ഇതെല്ലാമായിട്ടും പി.കെ. ശശി കെ.ടി.ഡി.സി ചെയർമാൻ പദം ഒഴിഞ്ഞിട്ടില്ല.

വെള്ളിയാഴ്ചയാണ് ഇനി സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നത്. അതിനു മുമ്പ് ശശി രാജിവയ്ക്കുമായിരിക്കാം. സി.പി.ഐയിൽ പഴയ മന്ത്രി കെ.ഇ. ഇസ്മയിലാണ് പ്രശ്‌നക്കാരൻ. കാനവുമായി നേരത്തെ തന്നെ ഉടക്കിലായിരുന്ന ഇസ്മയിൽ ഇപ്പോഴത്തെ സ്റ്റേറ്റ് സെക്രട്ടറി ബിനോയ് വിശ്വവുമായും കൊമ്പു കോർത്തു നിൽക്കുകയാണ്. ഈ ഗ്രൂപ്പുകളിക്ക് മധ്യേ കോൺഗ്രസും ബി.ജെ.പിയുമായിരിക്കും പാലക്കാട്ടെ മുഖ്യ എതിരാളികളായി മാറുക. മന്ത്രി ബിന്ദുവിന്റെ ഭർത്താവ് എ. വിജയരാഘവൻ മുക്കാൽ ലക്ഷം വോട്ടുകൾക്കാണ് ലോക്‌സഭാ മൽസരത്തിൽ ശ്രീകണ്ഠനോട് തോറ്റത്. ഈ തോൽവിയുടെ ഭൂതം ഏതായാലും സി.പി.എമ്മിനെ വിട്ടുപോയിട്ടില്ല.

പാവങ്ങളുടെ കണ്ണുനീരുകൊണ്ട് പായസമോ?

സി.പി.എം. പാവങ്ങളുടെ പാർട്ടിയായിരുന്നു പണ്ട്. ഇപ്പോൾ അങ്ങനെയല്ല. ദരിദ്രർക്കും ഇടത്തരക്കാർക്കും പ്രയോജനപ്പെടുന്ന ഒരു പദ്ധതിയിലേക്കും സർക്കാർ ഇപ്പോൾ ആളെ ചേർക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയാണത്രെ കാരണം. ലൈഫ് വീടിന് സർക്കാർ വക ധനസഹായം 4 ലക്ഷം രൂപയാണ്. എന്നാൽ മുഖ്യന്റെ വസതിയിലെ ചാണകക്കുഴിയുടെ അറ്റകുറ്റപ്പണിക്ക് സർക്കാർ ചെലവിട്ടത് 4.60 ലക്ഷം രൂപയാണ്. പാവങ്ങളെ ഒട്ടും പരിഗണിക്കാത്ത ധനമന്ത്രിയെന്ന ദുഷ് പേര് കെ.എൻ. രാജഗോപാലിനുണ്ട്.

പാവങ്ങൾക്ക് പെൻഷൻ കൊടുക്കാതിരിക്കാൻ പല കുരുക്കുകളും ധനവകുപ്പിന്റേതായി പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഒന്നിലധികം പെൻഷൻ വാങ്ങുന്നവരെ പെൻഷൻ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതായിരുന്നു ധനവകുപ്പിന്റെ വക ആദ്യ കോടാലി. ഇതുമൂലം ഭിന്നശേഷിക്കാരനായ ഒരാളുടെ 'നക്കാപ്പിച്ച പെൻഷൻ' മൂലം പല വാർധക്യ പെൻഷൻകാരുടെ പട്ടികയ്ക്ക് പുറത്തായി. സർക്കാർ ജീവനക്കാരുടെ ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കു നൽകുന്ന കുടുംബ പെൻഷന്റെ വരുമാന പരിധി പ്രതിമാസം 5000 രൂപയെന്ന് നിശ്ചയിച്ചതിലൂടെ പല കുടുംബങ്ങളും ഈ പട്ടികയ്ക്ക് പുറത്താകും.

ദിവസം 166.60 രൂപയെന്ന വരുമാന പരിധി ഒരർത്ഥത്തിലും ആ കുടുംബങ്ങൾക്ക് പ്രയോജനപ്പെടില്ല. കൊതുകുതിരി വാങ്ങുന്ന പണം കണക്കാക്കിയാൽ പോലും ഈ വരുമാന പരിധിയിലെ അപാകത മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത്തരം പെൻഷൻ പദ്ധതികൾ അവസാനിപ്പിക്കുവാൻ വേണ്ടിയാണോ പുതിയ വരുമാന പരിധിയുടെ പുനർ നിർണ്ണയമെന്നേ ഇനി അറിയാനുള്ളൂ.

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam