പാരിസ് ഒളിംപിക്‌സിൽ വനിത ഗുസ്തിയിൽ 50 കിലോ ഫ്രീസ്‌റ്റൈലിൽ ഫൈനലിലിന് തൊട്ടുമുമ്പ് നടന്ന ഭാരപരിശോധനയിലാണ് വിനേഷ് ഫോഗട്ട് അയോഗ്യതയായെന്നറിയുന്നത്. ആ വാർത്ത നമ്മുടെ രാജ്യത്തെ ഞെട്ടിക്കുക തന്നെ ചെയ്തു. ഭാരപരിശോധനയിൽ അനുവദനീയമായതിലും 100 ഗ്രാം കൂടുതലെന്ന് കണ്ടെത്തിയതാണ് തിരിച്ചടിയായതത്രെ. ഇതേതുടർന്നാണ് താരം അയോഗ്യയാക്കപ്പെട്ടത്.
ഇതോടെ വെള്ളിക്ക് പോലും വിനേഷിന് അർഹതയുണ്ടാകില്ല. 50 കിലോഗ്രാം വിഭാഗത്തിൽ സ്വർണവും വെങ്കലവും മാത്രമായിരിക്കും ഉണ്ടാവുക. മത്സരിക്കുന്നതിന് അനുവദനീയമായ ഭാരം ചൊവ്വാഴ്ച നിലനിർത്താൻ വിനേഷിനായിരുന്നു. എന്നാൽ നിയമപ്രകാരം മത്സരം നടക്കുന്ന ദിവസങ്ങളിലും ഈ ഭാരം നിലനിർത്തേണ്ടതുണ്ട്.
ചൊവ്വാഴ്ച രാത്രി നടന്ന പരിശോധനയിൽ രണ്ട് കിലോഗ്രാം ഭാരം കൂടുതലായിരുന്നു വിനേഷിന്. എന്നാൽ രാത്രി മുഴുവൻ നടത്തിയ പരിശ്രമങ്ങൾക്ക് ശേഷവും അനുവദനീയമായ ഭാരത്തിന് കീഴിൽ എത്താനായില്ല. ഇന്ത്യൻ സംഘം വിനേഷിന് അൽപ്പം സമയം കൂടി അനുവദിക്കണമെന്ന് അപേക്ഷ നൽകിയെങ്കിലും ഫലം ഉണ്ടായില്ല.
ഇത് ആദ്യമായല്ല വിനേഷിന് ഭാരം നിലനിർത്താനാകാതെ പോകുന്നത്. ഒളിമ്പിക്‌സ് യോഗ്യത ഘട്ടത്തിലും സമാനമായ വെല്ലുവിളി നേരിട്ടിരുന്നെങ്കിലും അതിജീവിക്കുകയായിരുന്നു. സാധാരണയായി വിനേഷ് മത്സരിക്കുന്നത് 53 കിലോഗ്രാം വിഭാഗത്തിലായിരുന്നു. എന്നാൽ ഇത്തവണ 50 കിലോഗ്രാം വിഭാഗത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു.
സെമി ഫൈനലിൽ ക്യൂബയുടെ യുസ്‌നേലിസ് ഗുസ്മാനെ കീഴടക്കിയാണ് വിനേഷ് ഫൈനലിൽ കടന്നത്. സ്‌കോർ 5-0. ഒളിമ്പിക്‌സ് ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതകൂടിയായിരുന്നു വിനേഷ്. അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡായിരുന്നു കലാശപ്പോരിലെ എതിരാളി.
ആദ്യ റൗണ്ടിൽ നിലവിലെ ഒളിമ്പിക് ജേതാവും ലോക ചാമ്പ്യയുമായ യുയി സുസാക്കിയെയാണ് വിനേഷ് പരാജയപ്പെടുത്തിയത്. 3-2 എന്ന സ്‌കോറിനായിരുന്നു ജയം. അവസാന നിമഷം വരെ രണ്ട് പോയിന്റിന് പിന്നിൽ നിന്ന ശേഷമായിരുന്നു അവിശ്വിസനീയമായ തിരിച്ചുവരവ്. അന്താരാഷ്ട്ര കരിയറിലെ സുസാക്കിയുടെ ആദ്യ തോൽവിയായിരുന്നു അത്.
പാരീസ് ഒളിമ്പിക്‌സിലെ ഗോദയിൽ ക്യൂബയുടെ യുസ്‌നേലിസ് ഗുസ്മാനെ വിനേഷ് ഫോഗട്ട് മലർത്തി അടിച്ച നിമിഷം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന സംഗതി ആരേയും അതിശയിപ്പിക്കുന്നതായിരുന്നു. ഡൽഹിയിലെ തെരുവിൽ അർധസൈനികരുടേയും പോലീസിന്റേയും കൈകൾക്കിടയിൽ അമരുന്ന വിനേഷിന്റേതായിരുന്നു അത്. ലൈംഗികാരോപണം നേരിട്ട ബി.ജെ.പി എംപിയും ഗുസ്തി ഫെഡറേഷന്റെ അന്നത്തെ തലവനുമായിരുന്ന ബ്രിജ്ഭൂഷൺ ശരൺസിങ്ങിനെതിരായ പോരാട്ടത്തിനിറങ്ങുമ്പോൾ തങ്ങൾ അർഹിച്ച ബഹുമാനം ലഭിക്കുമെന്ന താരങ്ങളുടെ ധാരണ അപ്പാടെ തെറ്റിച്ച നിമിഷമായിരുന്നു അത്. കാരണം മോദി ഭരണകൂടത്തിന് അന്ന് പ്രിയം വിനേഷിനോടും സംഘത്തോടുമായിരുന്നില്ല, ബ്രിജ് ഭൂഷണെന്ന രാഷ്ട്രീയ കില്ലാടിയോടും അയാളുടെ വോട്ടുബാങ്കിനോടുമായിരുന്നു.
ഒളിമ്പിക്‌സിന്റെ ഗുസ്തി ചരിത്രമെടുത്തു നോക്കിയാൽ വനിത ഗുസ്തിയിൽ ഫൈനലിൽ ഇടംനേടിയ ഒരേ ഒരു ഇന്ത്യൻ താരമെ ഉണ്ടായിരുന്നുള്ളൂ, അത് വിനേഷാണ്. ചരിത്ര മുഹൂർത്തത്തിന് തൊട്ടരികിൽ വിനേഷ് നിന്നപ്പോൾ കയ്‌പ്പേറിയ ഒരു വർഷം വിനേഷിന് പിന്നിലുണ്ട്. 2023 ജനുവരിയിൽ തുടങ്ങി ഒരു വർഷത്തോളം നീണ്ട പോരാട്ടത്തിന്റെ നാളുകൾ.
കൈസർഗഞ്ച് ബി.ജെ.പി എംപിയായിരുന്ന ബ്രിജ് ഭൂഷണിലേക്ക് ലോകത്തിന്റെ ശ്രദ്ധ പതിച്ചത് പൊടുന്നനെയായിരുന്നു. പ്രൊഫഷണൽ നേട്ടം വാഗ്ദാനം ചെയ്ത് തങ്ങളെ ലൈംഗികമായി ബ്രിജ് ഭൂഷൺ ചൂഷണം ചെയ്‌തെന്ന ആരോപണം വനിത ഗുസ്തി താരങ്ങൾ ഉയർത്തി. അന്താരാഷ്ട്ര മത്സരങ്ങൾക്കിടയിലും ദേശീയ വേദികളിലും വെച്ച് തങ്ങൾക്ക് ദുരനുഭവം ഉണ്ടായതായായിരുന്നു തുറന്നുപറച്ചിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടെ ഏഴ് പരാതിക്കാരാണ് രംഗത്തുവന്നത്.
വിനേഷിന് പുറമെ സാക്ഷി മാലിക്കും ബജ്രംഗ് പൂനിയയും ഉൾപ്പെടെ മുപ്പതിലധികം ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണിന്റെ രാജിക്കും ഗുസ്തി ഫെഡറേഷന്റെ പിരിച്ചുവിടലിനുമായി സമരമുഖത്തേക്ക് ഇറങ്ങി. ജന്തർ മന്തറിലെ ആദ്യ ഘട്ട സമരം മൂന്ന് ദിവസം നീണ്ടു നിന്നു. കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ പ്രതിഷേധം അവസാനിപ്പിച്ചു. പരാതികൾ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുന്നത് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിനായിരുന്നു നടപടി.
ഒളിമ്പ്യൻ മേരി കോമിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സമിതിക്ക് ഗുസ്തി താരങ്ങളെ സംതൃപ്തിപ്പെടുത്താനായില്ല. സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് ഇന്നും മൂടിവെക്കപ്പെട്ട രഹസ്യമായി തുടരുന്നെങ്കിലും സമിതി ബ്രിജ് ഭൂഷണ് ക്ലീൻ ചീറ്റാണ് നൽകിയതെന്നാണ് റിപ്പോർട്ടുകൾ.
ഇതോടെയാണ് ഏപ്രിൽ 23ന് രണ്ടാം ഘട്ട സമരങ്ങൾക്ക് തുടക്കമാകുന്നത്. ബ്രിജ് ഭൂഷണെതിരെ ഡൽഹി പോലീസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഗുസ്തി താരങ്ങൾ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് നടപടികൾക്ക് വേഗം കൈവന്നത്. കേസെടുക്കാൻ തയ്യാറാണെന്ന് ഡൽഹി പോലീസ് സുപ്രീംകോടതിയെ അറിയിച്ചു. പോക്‌സോ വകുപ്പുൾപ്പെടെ ചുമത്തിയിട്ടും, ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് തയ്യാറായില്ല. ഇതോടെ ഗുസ്തി താരങ്ങളും നിലപാട് കടുപ്പിച്ചു. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് നിലപാട് എടുത്ത് അവർ ജന്തർമന്തറിൽ തുടർന്നു.
പിന്നീട് സമരത്തെ അടിച്ചമർത്താനുള്ള സർക്കാർ നീക്കങ്ങൾക്കായിരുന്നു രാജ്യം സാക്ഷ്യം വഹിച്ചത്. ആദ്യം ജന്തർ മന്തറിൽ നിന്ന് താരങ്ങളെ നീക്കാനുള്ള ഡൽഹി പോലീസിന്റെ ശ്രമം കയ്യാങ്കളിയിലാണ് അവസാനിച്ചത്. വനിതാ പോലീസുകാരുടെ അഭാവത്തിലായിരുന്നു നടപടി. വിനേഷിനേയും സാക്ഷിയേയും സംഗീത ഫോഗട്ടിനേയും അതിക്രമിച്ചതായി ആരോപണം ഉയർന്നു. വിനേഷിന് ഗുരുതരമായ പരുക്കുമേറ്റിരുന്നു. എന്നാൽ ഗുസ്തി താരങ്ങളുടെ സമരത്തിന് കർഷകരുടെ പിന്തുണകൂടി ലഭിച്ച നാളുകളായിരുന്നു അത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസമായിരുന്നു ഡൽഹി പോലീസിന്റെ സമരരംഗത്തെ അഴിഞ്ഞാട്ടം. പാർലമെന്റിലേക്ക് മാർച്ചുമായി എത്തിയ ഗുസ്തിതാരങ്ങളെ തെരുവിൽ നേരിട്ടു, വലിച്ചിഴച്ചു. പോലീസ് നടപടികളിലൂടെ തങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഗുസ്തി താരങ്ങൾ ആരോപിച്ചു.
രാജ്യത്തിനായി മെഡൽ നേടിയ തങ്ങളിതാണോ അർഹിച്ചതെന്നായിരുന്നു അന്ന് വിനേഷ് ചോദിച്ചത്. ഓരോ നേട്ടത്തിലും കായിക താരങ്ങളെ അഭിനന്ദിക്കാൻ സമൂഹമാധ്യമങ്ങളിൽ ഓടിയെത്തുന്ന പ്രധാനമന്ത്രി അന്ന് നിശബ്ദനായിരുന്നു. ലോക ഗുസ്തി ഫെഡറേഷൻ സംഭവത്തെ അപലപിച്ചു. പിന്നീട് വൈകാരികമായിരുന്നു സംഭവങ്ങൾ. തങ്ങൾ നേടിയ മെഡലുകൾ പ്രതിഷേധാർഹം ഗംഗയിലൊഴുക്കാമെന്ന കടുത്ത തീരുമാനത്തിലേക്ക് വിനേഷും ബജ്രംഗും സാക്ഷിയുമെത്തി. കർഷക നേതാവായ നരേഷ് ടികായത്തിന്റെ ഇടപെടലായിരുന്നു അന്ന് താരങ്ങളെ പിന്തിരിപ്പിച്ചത്.
ജൂണിൽ ഗുസ്തി താരങ്ങൾ കായിക മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഗുസ്തി ഫെഡറേഷൻ സസ്‌പെൻഡ് ചെയ്തു. ബ്രിജ് ഭൂഷണെതിരെ കുറ്റപത്രവും ഡൽഹി പോലീസ് തയ്യാറാക്കി. എന്നാൽ ഡൽഹി പോലീസിന്റെ കുറ്റപത്രത്തെ വിമർശിച്ചും ഗുസ്തി താരങ്ങൾ രംഗത്തെത്തി. ബ്രിജ് ഭൂഷണെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് പോലീസ് നടത്തുന്നതെന്നും ഇത് അനുവദിക്കാൻ സാധിക്കില്ലെന്നുമായിരുന്നു സമരക്കാരുടെ പ്രതികരണം.
പ്രതിഷേധങ്ങൾക്ക് ശേഷമുള്ള ഗുസ്തി ഫെഡറേഷനിലെ തിരഞ്ഞെടുപ്പ് സമരക്കാരും ബ്രിജ് ഭൂഷണും തമ്മിലായിരുന്നു. 2023 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷണിന്റെ പാനൽ വിജയിച്ചു. ഗുസ്തി താരങ്ങൾ പിന്തുണച്ച അനിത ഷിറോൺ പരാജയപ്പെട്ടു.
ഇതിന് പിന്നാലെയായിരുന്നു സാക്ഷി മാലിക്ക് വിരമിക്കൽ പ്രഖ്യാപിച്ചത്. ബജ്രംഗ് തനിക്ക് രാജ്യം നൽകിയ പുരസ്‌കാരങ്ങൾ മടക്കി നൽകി. വിനേഷും ആ പാത പിന്തുടർന്നു. നിരാശ കത്തിലൂടെ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു. എന്നാൽ വൈകാതെ തന്നെ കേന്ദ്ര കായിക മന്ത്രാലയം തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ സസ്‌പെൻഡ് ചെയ്തു. ലോകോത്തര താരങ്ങളും ഫെഡറേഷനുകളും ഉറ്റുനോക്കിയ സമരം, സ്വന്തം കൺമുന്നിൽ നടന്ന പോരാട്ടം. പക്ഷേ, ഗുസ്തി താരങ്ങളെ കേൾക്കാനോ ബ്രിജ് ഭൂഷണിനെ തള്ളിപ്പറയാനോ നരേന്ദ്ര മോദിയും ബി.ജെ.പി.യും തയ്യാറായിട്ടില്ല. അതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു 2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ കൈസർഗഞ്ച് സീറ്റ് ബ്രിജ് ഭൂഷണിന്റെ മകൻ കരൺ ഭൂഷൺ സിങ്ങിന് നൽകിയ നടപടി.
രാജ്യത്തെ പെൺമക്കളുടെ മനോവീര്യം തകർത്തുവെന്നായിരുന്നു സാക്ഷി മാലിക്ക് ബി.ജെ.പി.യുടെ നടപടിയെ വിശേഷിപ്പിച്ചത്. ബ്രിജ് ഭൂഷണിന് മുന്നിൽ രാജ്യത്തെ സർക്കാർ സംവിധാനങ്ങൾ ഭീരുക്കളായി മാറുകയാണോയെന്നും സാക്ഷി ചോദിച്ചു. തിരഞ്ഞെടുപ്പിലും ബ്രിജ് ഭൂഷണെ പരാജയപ്പെടുത്താനായില്ല. ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മകൻ കരണിന്റെ ജയം.
ഡൽഹിയെ മാറിമറിയുന്ന കാലാവസ്ഥയിൽ തെരുവിൽ കിടന്ന് വിനേഷ് പോരാടിയത് നീതിക്കുവേണ്ടി മാത്രമായിരുന്നു. പക്ഷേ, അത് ലഭിച്ചില്ലെന്ന് മാത്രമല്ല, ആ ശബ്ദം കേൾക്കാൻ പോലും നരേന്ദ്ര മോദി തയ്യാറായില്ല. കഴിഞ്ഞ ദിവസം ഓരോ എതിരാളിയേയും വിനേഷ് മലർത്തിയടിക്കുമ്പോൾ അത് ബ്രിജ് ഭൂഷണിന്റെ മുഖത്തേറ്റ അടിയാണെന്നാണ് പലരും വിശേഷിപ്പിച്ചത്. ബ്രിജ് ഭൂഷണ് മാത്രമല്ല, അത് ബി.ജെ.പി.ക്കും നരേന്ദ്ര മോദിക്കും കൂടിയുള്ളതാണെന്ന് അറിയേണ്ടതുണ്ട്. ഇങ്ങനെ പോകുന്നു ആ പ്രതികരണങ്ങൾ...!
അത് എന്തുതന്നെ ആയാലും ഒളിമ്പിക്‌സിൽ മെഡൽ നേടുന്നവരെ വിളിച്ച് അഭിനന്ദിക്കുന്ന പതിവുള്ള നരേന്ദ്ര മോദി വിനേഷ് ഫോഗട്ടിനെ ഒടുവിൽ വിളിച്ചിരിക്കുന്നു. ഒളിമ്പിക്‌സിൽ അയോഗ്യയാക്കിയ, ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ചിരിക്കുന്നു നരേന്ദ്ര മോദി. വിനേഷ് ഫോഗട്ട് ചാമ്പ്യന്മാരിൽ ചാംപ്യനാണ്. ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ് വിനേഷ് ഫോഗട്ട് എന്ന് മോദി എക്‌സിൽ കുറിച്ചു.
ഇന്നത്തെ തിരിച്ചടി വേദനപ്പിക്കുന്നു. ഞാൻ അനുഭവിക്കുന്ന നിരാശ വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതേ സമയം, നിങ്ങൾ പ്രതിരോധത്തിന്റെ പ്രതീകമാണെന്ന് എനിക്കറിയാം. വെല്ലുവിളികളെ തലയുയർത്തി നേരിടുക എന്നത് നിങ്ങളുടെ സ്വഭാവമാണ്. ശക്തമായി തിരിച്ചുവരൂ! ഞങ്ങൾ എല്ലാവരും നിങ്ങൾക്ക് പിന്തുണ നൽകുന്നു' മോദിയുടെ ഈ വാക്കുകൾ സത്യസന്ധതയോടെയാണെങ്കിൽ അത് അഭിനന്ദനം അർഹിക്കുന്നത് തന്നെ..!
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1