ഇവിടെ പലജാതി ആളുകൾ ഇല്ലെങ്കിൽ രാഷ്ട്രീയപാർട്ടികൾ ഇല്ല. ലോകത്ത് ജനായത്ത സംവിധാനം പുലരുന്ന വേറെ ഒരു നാട്ടിലും ഈ സ്ഥിതി ഇല്ല. പരിഷ്‌കൃത നാടുകളിൽ ഒരിടത്തും മനുഷ്യനും മനുഷ്യനും തമ്മിൽ വിവേചനം നിയമപരമായി ഇല്ല...എന്നിട്ടും ഇവിടെ ഇങ്ങനെയൊക്കെയാണ്.
കേരളത്തിൽ ആകെ എത്ര ജാതിയുണ്ട്? കൃത്യമായ കണക്ക് പറയുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ. ഒന്നാം സമ്മാനം കേരളത്തിലെ മുഖ്യമന്ത്രിപദം! ഓരോരുത്തർക്കും അവനവന്റെ സമൂഹത്തിൽ നിന്നുതന്നെ തുടങ്ങാം. തന്റെ ജാതി എന്താണ് എന്നറിയാൻ എളുപ്പവഴിയുണ്ട്. സ്‌കൂൾ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അതിൽ നോക്കുക. കൃത്യമായി എഴുതിയിരിക്കും! അതില്ലെങ്കിൽ വില്ലേജ് ഓഫീസിൽ നിന്ന് ഒരു ജനന സർട്ടിഫിക്കറ്റ് വാങ്ങുക. അതിൽ ഉണ്ടാവും.
പക്ഷേ, അതുകൊണ്ട് മാത്രം ആയില്ല. ഉദാഹരണത്തിന് നായർ എന്നാണ് എഴുതിയിരിക്കുന്നത് എങ്കിൽ എല്ലാവരും ഒരേ തരത്തിലുള്ള നായന്മാർ ആവില്ല. 117 തരം ഉണ്ട് എന്നാണ് ഈയിടെ ഒരു വിദഗ്ധൻ പറഞ്ഞത്. ഇതിൽ ഒരു നായരും വേറൊരു തരത്തിൽപ്പെട്ട നായരുമായി വിവാഹബന്ധത്തിൽ ഏർപ്പെടാറില്ല. അടുത്ത കാലം വരെ ദാഹിച്ച വെള്ളം പോലും വാങ്ങി കുടിക്കാറുമില്ല.
കല്യാണം കഴിക്കേണ്ടി വരുമ്പോഴാണ് എല്ലാവരുടെയും കള്ളി പുറത്താകുന്നത്. മുന്തിയ തരം നായർക്ക് മുന്തിയ തരം നായർ തന്നെ വേണം. തരം മാറുമ്പോൾ പെരുമാറ്റവും ഭക്ഷണരീതിയും ഒക്കെ മാറും. എന്തിന് ഭാഷയിൽ പോലും അത്യാവശ്യ മാറ്റങ്ങൾ വരും. ചുരുക്കത്തിൽ അപരിചിതനാണ് എന്ന് തോന്നും. അതു മതി വർണ്ണ സങ്കരം സംഭവിക്കാൻ!
വർണ്ണ സങ്കരം സംഭവിച്ചാൽ ജാതി ധർമ്മം ക്ഷയിക്കും. അത് ക്ഷയിച്ചാൽ കുല ധർമ്മവും ക്ഷയിക്കും. അങ്ങനെ വന്നാൽ പിതൃക്കൾക്ക് ബലിയിടാൻ ആളില്ലാതെ വരും. അപ്പോൾ പിതൃക്കളും കുലധർമ്മം ക്ഷയിക്കാൻ കാരണക്കാരായവരും ഒരുപോലെ നരകത്തിലേക്ക് പോകും. പിന്നെ അവിടെ സ്ഥിരവാസമാണ് എന്നത്രേ അർജുനൻ ശ്രീകൃഷ്ണനോട് പറഞ്ഞു കരയുന്നത്.
പേരിന് എല്ലാവരും നായന്മാരാണ്. അത് തൊലി പുറമേ മാത്രം. അതുകൊണ്ടാണ് സമുദായ സംഘടനയ്ക്ക് കെട്ടുറപ്പ് വളരെ കുറഞ്ഞു പോകുന്നത്. എന്തിനാ ഏറെ, നമ്പൂതിരിമാർക്കിടയിൽ പോലും ഈ പ്രശ്‌നം ഉണ്ട്. ഓത്ത് ഇല്ലാത്തവരും ഓത്തുള്ളവരും ആഢ്യന്മാരും അഷ്ടഗ്രഹത്തിൽ ആഢ്യന്മാരും ഒക്കെ വേറെ വേറെ ഉണ്ട്. മകൾക്ക് വരനായി വരുന്നത് അഷ്ടഗ്രഹത്തിലെ ആഢ്യൻ തന്നെ ആവണമെന്ന് ഏറ്റവും വലിയ ഇടതുപക്ഷ നേതാക്കന്മാർ പോലും ശഠിക്കും! ഇനി ഏറ്റവും താഴെ എന്ന് പറയപ്പെടുന്ന ജാതിയിലെ ആളുകൾ ആണെങ്കിലോ? വളരെ കർശനമാണ് അവാന്തര വിഭാഗങ്ങളുടെ ഇടയിലെ ലക്ഷ്മണരേഖ! വിഭാഗങ്ങളുടെ എണ്ണം ആകട്ടെ ഏതാണ്ട് നൂറുകണക്കിന് വരും.
ഇതുകൊണ്ടാണ് ഇവിടത്തെ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമായി ഇരിക്കുന്നത്. ഇന്ത്യ എന്ന രാജ്യത്ത് മറ്റെവിടെയെങ്കിലും പ്രയോഗിക്കാവുന്ന ഇലക്ഷൻ എൻജിനീയറിങ് ഇവിടെ ഫലപ്രദമല്ലാതെ പോകുന്നതും. തീർച്ചയായും ഇതര മതങ്ങളിലും ഉണ്ട് ഒരുപാട് ജാതി വിഭാഗങ്ങൾ. ആരാധനാലയങ്ങളിലും മറ്റും ഇത് കർശനമായി പാലിക്കപ്പെടാറില്ല എന്നേയുള്ളൂ. വിവാഹമൊക്കെ ആലോചിക്കുമ്പോൾ മട്ട് മാറും. എന്തുകൊണ്ടാണ് മലയാളി ഈ നാട്ടിൽ ദേഹം വിയർക്കുന്ന ഒരു പണിയും ചെയ്യാത്തത്? ശരീരത്തിൽ ചെളി പുരളുന്ന ഒരു തൊഴിലിനും ചെല്ലാത്തത്? അത്തരം ജോലികൾ താഴ്ന്ന ജാതിക്കാരിൽ വളരെ താഴ്ന്നവർ ചെയ്യുന്നവ ആയതിനാലാണ്. വേറൊരു നാട്ടിൽ ആണെങ്കിൽ പ്രയാസമില്ല. അത്തരം ജോലികൾ അവിടെ ചെയ്തു കിട്ടുന്ന പണം നാട്ടിലോ വീട്ടിലോ അത് ചെയ്യാൻ അന്യസംസ്ഥാന തൊഴിലാളികളെ വിളിച്ച് അവർക്ക് കൊടുക്കും!
മറ്റൊരു വിഷമത്തിനു കൂടി നാം പരിഹാരം ഉണ്ടാക്കിയിരിക്കുന്നു. വീട്ടിലെ ഭാഷ പുറത്തു പറഞ്ഞാൽ ജാതി പുറത്തു ചാടും. അതിനാൽ അതിനു പകരം ഇംഗ്ലീഷ് അല്ലെങ്കിൽ വേറെ ഏതെങ്കിലും ഇന്ത്യൻ ഭാഷ ഉപയോഗിക്കും. ഇംഗ്ലീഷ് അറിയില്ലെങ്കിലും യ, യ എന്ന് പറഞ്ഞ് കാര്യം അവസാനിപ്പിക്കുന്നു! അങ്ങിനെ തങ്ങളുടെ കുട്ടികളെ മലയാളം പറഞ്ഞാൽ ശിക്ഷ വിധിക്കുന്ന സ്‌കൂളുകളിൽ മാത്രം പറഞ്ഞയക്കാൻ ശ്രദ്ധിക്കുന്നു. എന്നിട്ടോ, അവരൊക്കെ എത്ര വലിയ സ്ഥാനങ്ങളിൽ എത്തിയാലും അവർക്ക് വിവാഹം ആലോചിക്കുമ്പോൾ സ്വജാതിയിലുള്ള ആളുകളെ തിരയുന്നു. 'സ്ഥിതി' ഉണ്ടാവണം എന്ന് മാത്രം.
ജാതി ഇല്ലെങ്കിൽ പാർട്ടികൾ ഇല്ല. ലോകത്ത് ജനായത്ത സംവിധാനം പുലരുന്ന വേറെ ഒരു നാട്ടിലും ഈ സ്ഥിതി ഇല്ല. പരിഷ്‌കൃത നാടുകളിൽ ഒരിടത്തും മനുഷ്യനും മനുഷ്യനും തമ്മിൽ വിവേചനം നിയമപരമായി ഇല്ല. ഇതിനാലാണ് ഇലക്ഷൻ പ്രവചനം നടത്തുന്നവർ കൂട്ടിയും കിഴിച്ചും പരസ്പരവിരുദ്ധങ്ങളായ നിഗമനങ്ങളിൽ എത്തിച്ചേരുന്നത്. പക്ഷേ, ആരുടെ പ്രവചനം ശരിയായാലും നമുക്ക് കിട്ടുന്നത് പിരിമുറുകാത്ത ഒരു സർക്കാർ മാത്രമായിരിക്കും. അതിന് സ്ഥിരതയും കാണില്ല. വിടവുകളുടെ പഴുതുകളിലൂടെ ഇടംകോലിട്ട് ഏത് ബാഹ്യ ശക്തിക്കും ഏത് ഗവൺമെന്റിനെയും സ്വാധീനിക്കാൻ പ്രയാസമുണ്ടാവില്ല.
പിൻകുറി: തോണി മുങ്ങി നടു പുഴയിൽ മരിക്കുന്ന നമ്പൂതിരി ഒപ്പം മുങ്ങി മരിക്കുന്ന കാര്യസ്ഥനോട് പറഞ്ഞു പോലും: നീ കുടിക്കുന്ന വെള്ളം കലക്കി കുടിക്ക്, കഴുതേ!
പരീക്ഷണം: വടക്കേ ഇന്ത്യയിൽ ഇത്ര വലിയ പ്രശ്‌നം ഇല്ല. ഭാഷയിൽ മൂന്ന് വാക്കേയുള്ളൂ: തും ആപ്പ്. ബ്രാഹ്മണൻ ക്ഷത്രിയൻ ശൂദ്രൻ. ഇവിടെ മരിക്കണമെങ്കിൽ പോലും ഓരോ ജാതിക്കാരനും ഓരോ ഭാഷ വേണം. ചാവാം, മരിക്കാം, ചരമം അടയാം, തീപ്പെടാം, സ്വർഗ്ഗം പൂകാം, അന്തരിക്കാം, കോലം ചെയ്യാം... വേറെ എന്തൊക്കെ ചെയ്യാം എന്ന് കണ്ടെത്തുന്നവർക്ക് കൈനിറയെ സമ്മാനം!
സി. രാധാകൃഷ്ണൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
