അഹന്താ പ്രകടനത്തിന് പഴുതില്ലാതെമൂന്നാം മോദി മന്ത്രിസഭ ഇന്ദ്രപ്രസ്ഥത്തിൽ അധികാരമേറ്റപ്പോൾ മലയാളി സമൂഹവും പൊതുവേ ആഹ്ലാദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള ബി.ജെ.പി വിജയം ഒന്നു മാത്രമായിരുന്നെങ്കിലും രണ്ടു മലയാളികൾക്ക് മന്ത്രിസഭയിൽ സ്ഥാനം ലഭിച്ചു. സർവേകളിൽ മുമ്പുതന്നെ മിന്നി നിന്നതിനാൽ, അപ്രതീക്ഷിതമെന്നു പറയാനാവില്ലെങ്കിലും അത്ഭുതകരമായ ഭൂരിപക്ഷത്തോടെ തൃശൂരിൽനിന്നു വിജയിച്ച സുരേഷ് ഗോപി കേന്ദ്രമന്ത്രി ആകുമെന്ന് ഉറപ്പായിരുന്നു.
പക്ഷേ, കോട്ടയം കാണക്കാരി സ്വദേശി ജോർജ് കുര്യന്റെ മന്ത്രിസ്ഥാനം അപ്രതീക്ഷിതമായിരുന്നു. ഹൈന്ദവ പാർട്ടിയെന്ന് അറിയപ്പെടുന്ന ബി.ജെ.പിയിൽ അടിയുറച്ച പാർട്ടി പാരമ്പര്യം ഉള്ളയാളാണ് ജോർജ് കുര്യൻ. ബി.ജെ.പിക്ക് കേരളത്തിൽ ഇനിയും ചില പദ്ധതികളുണ്ടെന്നു സൂചിപ്പിക്കുന്നതാണ് ഇരുവരുടെയും മന്ത്രിസ്ഥാനം.
മന്ത്രിയെന്ന നിലയിൽ സുരേഷ് ഗോപിയിൽ കേരളം വളരെ വലിയ പ്രതീക്ഷകളാണ് വച്ചുപുലർത്തുന്നതെന്ന് പ്രമുഖ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സുരേഷ് ഗോപിയുടെ വ്യക്തിപരമായ അടുപ്പം സംസ്ഥാനത്തിന് ഗുണം ചെയ്‌തേക്കാമെന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നു. പാർട്ടിരാഷ്ട്രീയത്തിന് അതീതമായൊരു ഇമേജ് സുരേഷ് ഗോപിക്കുള്ളതിനാൽ അതിസൂക്ഷ്മതയോടെ ചുവടുകൾ വയ്ക്കാൻ നിർബന്ധിതനാണ് അദ്ദേഹമെന്നത് മറ്റൊരു കാര്യം. വിനീതരായി ജനസേവനം നടത്തൂ എന്നതായിരുന്നു സത്യപ്രതിജ്ഞയ്ക്കു മുമ്പുള്ള ചായസൽക്കാരത്തിൽ പുതിയ മന്ത്രിസഭാംഗങ്ങളോടുള്ള പ്രധാനമന്ത്രിയുടെ ഉപദേശം.
സാധാരണക്കാരായ ജനങ്ങൾക്കിഷ്ടം വിനയമുള്ള നേതാക്കളെയാണെന്നും സത്യസന്ധതയുള്ളവരും സുതാര്യത പാലിക്കുന്നവരുമാണ് ജനമനസിൽ ഇടം നേടുന്നതെന്നും അദ്ദേഹം തന്റെ പുതിയ ടീമിനോടു പറഞ്ഞു.സുരേഷ് ഗോപിയും ജോർജ് കുര്യനും പ്രധാനമന്ത്രിയുടെ ഈ ഉപദേശം വൃഥാവിലാക്കില്ലെന്നു തന്നെ കരുതുന്നു പൊതുവേ മലയാളി സമൂഹം.
പരിഭവമേറെ
ഇതിനിടെയും, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് പേരിനു പോലും മുസ് ലിം പ്രതിനിധിയില്ലാതെ കേന്ദ്രത്തിൽ ഒരു മന്ത്രിസഭ നിലവിൽ വന്നിരിക്കുന്നതെന്ന പരിഭവം കടുത്തു നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 30 കാബിനറ്റ് മന്ത്രിമാരടക്കം 72 പേരാണ് മൂന്നാം മോദി മന്ത്രിസഭയിലുള്ളത്. ന്യൂനപക്ഷവിഭാഗങ്ങളിൽ നിന്നായി അഞ്ചു പേരുണ്ട്. 10 ദലിത് വിഭാഗക്കാരുണ്ട്. ഒ.ബി.സി വിഭാഗത്തിൽനിന്ന് 27 പേർ. ആദിവാസി വിഭാഗത്തിൽനിന്ന് അഞ്ചുപേരുണ്ട്. എന്നാൽ രാജ്യത്തെ 15 ശതമാനത്തോളം വരുന്ന ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളെ പ്രതിനിധീകരിക്കാൻ ഒരാൾ പോലുമില്ലെന്നതാണ് പരിഭവത്തിനാധാരം.
എൻ.ഡി.എയിൽനിന്ന് മുസ്‌ലിം എം.പിമാരാരും ഇത്തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ല. മറ്റു രീതിയിൽ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നടപടി ഉണ്ടായതുമില്ല.
ഹർദീപ് സിങ് പുരി, രവ്‌നീത് സിങ് ബിട്ടു, ജോർജ് കുര്യൻ, കിരൺ റിജിജു, രാംദാസ് അത്താവ്‌ലെ എന്നിവരാണ് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള അഞ്ചു മന്ത്രിമാർ. ഇതിൽ ബിട്ടു പഞ്ചാബിൽനിന്ന് തോറ്റിട്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ജോർജ് കുര്യൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചു പോലുമില്ല. എന്നിട്ടും മന്ത്രിസഭയിൽ ക്രിസ്ത്യൻ പ്രാതിനിധ്യം ഉറപ്പാക്കി. ഈ പരിഗണന മുസ്‌ലിംകളുടെ കാര്യത്തിലുണ്ടായില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കിരൺ റിജിജുവിനാണ് ന്യൂനപക്ഷകാര്യ വകുപ്പ്. ജോർജ് കുര്യൻ സഹമന്ത്രിയും.
കഴിഞ്ഞ മോദി സർക്കാർ അധികാരമേൽക്കുമ്പോൾ മുസ്‌ലിം മന്ത്രിയായി മുഖ്താർ അബ്ബാസ് നഖ്‌വിയുണ്ടായിരുന്നു. രാജ്യസഭയിലെ കാലാവധി അവസാനിച്ചതിനാലാണ് 2022ൽ നഖ്‌വി രാജിവച്ചത്. പക്ഷേ, രാജ്യസഭയിലേക്ക് പിന്നീട് അദ്ദേഹത്തെ പരിഗണിച്ചില്ല. നഖ്‌വി വഹിച്ചിരുന്ന ന്യൂനപക്ഷകാര്യ വകുപ്പ് പാഴ്‌സി വംശജയായ സ്മൃതി ഇറാനിക്ക് നൽകി. മുസ്‌ലിംകൾക്ക് ന്യൂനപക്ഷ വകുപ്പ് നൽകുന്ന കീഴ് വഴക്കം അതോടെ ലംഘിക്കപ്പെട്ടു.2014ൽ മോദി സർക്കാർ ആദ്യമായി അധികാരത്തിൽ വരുമ്പോൾ അന്ന് രാജ്യസഭാംഗമായിരുന്ന നജ്മ ഹെപ്തുല്ലയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നു.
വേറിട്ട ജനഹിതം
അതേസമയം, സുരേഷ്‌ഗോപിയിലൂടെ കേരളത്തിൽ ബി.ജെ.പി നേടിയ വിജയം സാമാന്യവൽക്കരിക്കുന്നത് ശരിയല്ലെന്ന നിരീക്ഷണമാണ് പല കോണുകളിൽ നിന്നും ഉയർന്നത്. നടനും അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടി ഒരു യൂട്യൂബ് ചാനലിലൂടെ നടത്തിയ ഈ അഭിപ്രായ പ്രകടനത്തിന് വ്യാപക പിന്തുണയും ലഭിച്ചു.
'തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചത് അദ്ദേഹം നല്ല മനുഷ്യനും നേതാവും ആയതുകൊണ്ടാ ' ണെന്നും ' ഒരു പാർട്ടിയിൽ നിൽക്കുന്ന എല്ലാവരും ആ പാർട്ടിയുടെ ആശയധാരയുമായി പൂർണമായും ചേർന്നു പോകുന്നവരാണെന്നു വിചാരിക്കേണ്ടതില്ലെ'ന്നും പറഞ്ഞു പിഷാരടി.
'പാർട്ടി പറയുന്ന ആശയധാരകൾ അതിലുള്ള എല്ലാ വ്യക്തികളും കൊണ്ടു നടക്കുന്നില്ല.സുരേഷേട്ടൻ ജയിച്ച സമയത്ത് ഒരുപാട് സ്ഥലങ്ങളിൽ ജനങ്ങൾ പറയുന്നത് കേട്ടു: രാഷ്ട്രീയമല്ല അയാളിലെ വ്യക്തിയെ കണ്ടാണ് വിജയിപ്പിച്ചത്.' 'നമ്മൾ പലപ്പോഴും പാർട്ടി നോക്കിയാണ് വോട്ട് ചെയ്യുന്നത്. അത് പാർട്ടിയുടെ ആശയങ്ങൾ കൂടി കണക്കാക്കിയിട്ടാണ്. പക്ഷേ, എല്ലാ പാർട്ടിയിലും നല്ല ആൾക്കാരും ചീത്ത ആൾക്കാരുമുണ്ട്. ഒരു നല്ല വ്യക്തി എവിടെ നിന്നാലും അയാൾ കുറേയെങ്കിലും നല്ല കാര്യങ്ങൾ ചെയ്യും' സുരേഷ് ഗോപിയിലുള്ള പ്രതീക്ഷ പ്രകടമാക്കി പിഷാരടി പറഞ്ഞു.
ഇതിനിടെ, ജോർജ് കുര്യന് മന്ത്രിപദവി നൽകിയത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ പോലും അത്ഭുതപ്പെടുത്തിയ രാഷ്ട്രീയ നീക്കമായിരുന്നെന്ന കാര്യം പുറത്തു വന്നു.
ഇതിനു പിന്നിലെ താത്പര്യം വ്യക്തം: ക്രിസ്ത്യൻ സമുദായത്തെ ബി.ജെ.പിയുമായി കൂടുതൽ അടുപ്പിക്കുകയും രണ്ട് വർഷത്തിനിടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ പാർട്ടിയെ നിർണായക ശക്തിയാക്കുകയും ചെയ്യുക. മോദിയും അമിത് ഷായും വർഷങ്ങളായി കിണഞ്ഞു ശ്രമിച്ചിട്ടും സാധിക്കാത്ത കാര്യമാണ് സുരേഷ് ഗോപിയിലൂടെ തൃശൂരിൽ ഇപ്പോൾ സാധ്യമായത്. ക്രിസ്ത്യൻ സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയാണ് സുരേഷ്‌ഗോപിയുടെ മികച്ച വിജയത്തിനു പിന്നിലെന്നത് വ്യക്തം. തൃശൂർ വിജയത്തിനു പുറമെ പതിനാറ് ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ട് വിഹിതം ഗണ്യമായി വർധിപ്പിക്കാനും ബി.ജെ.പിക്കായി.
ക്രിസ്ത്യൻ വിഭാഗത്തെ ബി.ജെ.പിയിലേക്ക് കൂടുതൽ ആകർഷിക്കാൻ ജോർജ് കുര്യന് സാധിക്കുമെന്ന് പാർട്ടി കേന്ദ്ര നേതൃത്വവും മോദിയും കണക്കുകൂട്ടുന്നു. നേരത്തേ ബി.ജെ.പി നടത്തിയ ഒരു രഹസ്യ സർവേയിൽ മോദിയുടെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടരാണ് കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിലെ 30 ശതമാനത്തോളം പേരെന്ന് കണ്ടെത്തിയിരുന്നു. ഈ അനുഭാവം പാർട്ടിയിലേക്ക് കൂടി പടർത്താൻ ജോർജ് കുര്യന് സാധിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. മുമ്പ് അൽഫോൻസ് കണ്ണന്താനത്തെ വെച്ച് ഈയൊരു പരീക്ഷണം നടത്തിയതാണ്. പക്ഷേ, അത് വലിയ ഗുണമുണ്ടാക്കിയില്ല.
മാസങ്ങൾക്കു മുമ്പേ തുടങ്ങിയിരുന്നു സംസ്ഥാനത്ത് ക്രിസ്ത്യൻ വോട്ടർമാരെ കൈയിലെടുക്കാനുള്ള ബി.ജെ.പി നീക്കങ്ങൾ. ഈസ്റ്റർ ദിനത്തിൽ ആശംസകളർപ്പിക്കാനായി പാർട്ടി നേതാക്കളും പ്രവർത്തകരും സംസ്ഥാനത്തുടനീളം അരമനകളിലും ക്രിസ്ത്യൻ വീടുകളിലും സന്ദർശനം നടത്തിയത് ഇതിന്റെ ഭാഗമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പാർട്ടി സംസ്ഥാന നേതൃയോഗത്തിലാണ് ഈ 'സ്‌നേഹയാത്ര' ആസൂത്രണം ചെയ്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ തന്ത്രം ഫലം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇതിന്റെ തുടർച്ചയെന്ന നിലയിലാണ് ജോർജ് കുര്യനെ മന്ത്രിസഭയിലെടുക്കാനുള്ള തീരുമാനമുണ്ടായത്.
പാർട്ടിയുടെ താഴെത്തട്ട് മുതൽ പ്രവർത്തന രംഗത്തിറങ്ങുകയും ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും സംസ്ഥാനദേശീയ നേതാക്കളുമായി നല്ല ബന്ധം പുലർത്തുകയും ചെയ്യുന്ന ജോർജ് കുര്യൻ ബി.ജെ.പിയുടെ ന്യൂനപക്ഷ മുഖവും ക്രിസ്ത്യൻ നേതൃത്വവുമായി നല്ല ബന്ധം പുലർത്തുന്ന വ്യക്തിയുമാണ്. മറ്റു പല പ്രമുഖരെയും പോലെ കൂറുമാറി ബി.ജെ.പിയിലെത്തിയ ആളല്ലെന്നതും ശ്രദ്ധേയം.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1