മയമില്ലാതെ ഹൈക്കോടതി; ദണ്ഡന വീര്യം ഏറി ഹേമ കമ്മിറ്റി റിപ്പോർട്ട്

SEPTEMBER 12, 2024, 11:48 AM

ഹേമ കമ്മിറ്റി റിപ്പോർട്ടിനുമേൽ കൈകൾ ചേർത്തുവച്ച്, 'അറിയാത്ത കുറ്റങ്ങൾ നിരയായ് ചുമത്തി പരിശുദ്ധനായൊരെന്നിൽ' എന്ന സ്വയം പ്രഖ്യാപനത്തിന് നിർബന്ധിതരാകുന്നു മലയാള ചലച്ചിത്ര മേഖലയിലെ പല പ്രമുഖരും;അവർ ആരൊക്കെ? താരപ്പൊലിമയും സാമ്പത്തിക, രാഷ്ട്രീയ സ്വാധീനവും മറയാക്കിയ ലൈംഗിക കുറ്റവാളികൾ 'നിങ്ങളിൽ പാപമില്ലാത്തവർ കല്ലെറിയട്ടെ' എന്ന ഡയലോഗിന്റെ ബലത്തിൽ പൊടി തട്ടി രക്ഷപ്പെടരുതെന്ന പൊതുസമൂഹത്തിന്റെ ഇംഗിതം സർക്കാരിന്റെ ആമയിഴഞ്ചാൻ തന്ത്രങ്ങൾ മൂലം പാളിപ്പോകരുതെന്ന് ഹൈക്കാടതി മുന്നറിയിപ്പ് നൽകിയതോടെ അതീവ സങ്കീർണമായിരിക്കുന്നു ഈ വിഷയം.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണസംഘത്തിന് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചതോടെയാണ് കൂടുതൽ സിനിമക്കാർ കുടുങ്ങാൻ സാധ്യത തെളിഞ്ഞത്. റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടവർക്കെതിരെ കേസ് അനിവാര്യമായിരിക്കുകയാണ്. ഇതൊഴിവാക്കണമെങ്കിൽ കൂടുതൽ നിയമ നടപടികളിലേക്ക് പോകേണ്ടി വരും.

പ്രായപൂർത്തിയാവാത്തവരും ചൂഷണത്തിനിരയാകേണ്ടിവന്നുവെന്ന് കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളതിനാൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുന്നതിന്റെ സാധ്യതകൾ ഉൾപ്പെടെ അന്വേഷണ സംഘത്തിന് പരിശോധിക്കേണ്ടിവരുമെന്നതാണവസ്ഥ. റിപ്പോർട്ട് സമ്പൂർണ രൂപത്തിൽ ലഭിച്ചു കഴിഞ്ഞാൽ ഏതൊക്കെ കാര്യങ്ങളിൽ കേസെടുക്കാനാകും കേസെടുക്കാനാവില്ല എന്നത് കൃത്യമായി ചൂണ്ടിക്കാണിച്ചുള്ള റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

vachakam
vachakam
vachakam

റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന മൊഴികളുടെ അടിസ്ഥാനത്തിൽ അവർ പരാതിയുമായി മുന്നോട്ടുപോകാൻ തയ്യാറാണോയെന്നത് വിലയിരുത്തിയാകും തുടർ നടപടികൾ. പുറത്തുവന്ന കമ്മിറ്റി റിപ്പോർട്ടിൽ ഒട്ടേറെപ്പേരുടെ മൊഴികളുണ്ടെങ്കിലും അത് ആരൊക്കെ നൽകിയതാണെന്ന് വ്യക്തമായിരുന്നില്ല.

ഓരോ ദിവസവും ചീഞ്ഞുനാറുന്ന കഥകളാണ് മലയാള ചലച്ചിത്ര ലോകത്തുനിന്ന് കേട്ടുകൊണ്ടിരിക്കുന്നത്. സിനിമാമേഖലയിൽ മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തിലും ഇതുണ്ടാക്കുന്ന കോളിളക്കങ്ങൾ ചെറുതല്ല. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ മലീമസമാക്കുന്ന ദുരനുഭവങ്ങളുടെ തുറന്നുപറച്ചിലിൽ ഞെട്ടി മലയാളികൾ. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ ഇനിയും പുറത്തുവരാത്ത ഞെട്ടിക്കുന്ന വിവരങ്ങളിൽ ചിലതുതന്നെയാണ് ക്രൂര ലൈംഗിക പീഡനത്തിനിരയായ ചലച്ചിത്ര പ്രവർത്തകരായവർ മാധ്യമങ്ങൾക്ക് മുമ്പിൽ തുറന്നുപറയുന്നത്.

താരങ്ങളായും താരരാജാക്കൻമാരായും മാധ്യമങ്ങൾ പ്രതിഷ്ഠിച്ച ചിലർ ലൈംഗിക വൈകൃതങ്ങളാൽ കാട്ടിക്കൂട്ടിയ കഥകൾ കേട്ട് ലജ്ജിക്കുകയാണ് സാക്ഷര കേരളം. എന്നിട്ടും എന്തു ചെയ്യണമെന്നറിയാതെ ഇരുട്ടിൽ തപ്പിയ സംസ്ഥാന സർക്കാരിന്റെ നടപടികൾ അതിലേറെ ആശ്ചര്യകരവും ഖേദകരവുമായി.

vachakam
vachakam
vachakam

നാലര വർഷം മുമ്പ് അഴിഞ്ഞുവീഴേണ്ട വെള്ളിത്തിരയിലെ പൊയ്മുഖങ്ങളാണ് ഇപ്പോൾ വീണുടഞ്ഞുകൊണ്ടിരിക്കുന്നത്. 2017ൽ കൊച്ചിയിൽ യുവനടി അക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഒരു കോടിയിലേറെ രൂപ ചെലവഴിച്ചാണ് കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. 2019 ഡിസംബറിലായിരുന്നു ഈ റിപ്പോർട്ട് സമർപ്പണം. സിനിമാമേഖലകളിലെ സ്ത്രീകൾ അവസരങ്ങൾക്കുവേണ്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാകുന്നുവെന്നും തൊഴിലിൽനിന്ന് പുറത്താകുമെന്ന് ഭയന്നാണ് ഇത് പുറത്തുപറയാത്തതെന്നുമാണ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അന്തഃസത്ത.

ലൈംഗിക ചൂഷണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ മാത്രമല്ല, ആരൊക്കെയാണ് പീഡകർ എന്നും പരിഹാര നിർദേശങ്ങളും അക്കമിട്ട് നിരത്തിയ റിപ്പോർട്ടിൻമേലാണ് സർക്കാർ നാലര വർഷം അടയിരുന്നത്. വേട്ടക്കാർക്ക് വർധിത ആത്മവിശ്വാസവും ഇരകൾക്ക് കൂടുതൽ പീഡനവുമാണ് ഇതുകൊണ്ട് സാധ്യമായത്. ഹേമ കമ്മിറ്റി സ്ത്രീപീഡകരെന്ന് അക്കമിട്ട് നിരത്തിയവർ ആരൊക്കെ എന്ന് ഇപ്പോഴും ജനങ്ങൾക്കറിയില്ല. ഇക്കാര്യം മറച്ചുവെച്ച് റിപ്പോർട്ട് പുറത്തുവിട്ടതിലൂടെ സർക്കാർ ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് കുടപിടിച്ചുവെന്ന വിമർശനം ഗൗനിക്കപ്പെട്ടില്ല.

വിവാദങ്ങളുടെ തുടക്കം മുതൽ തന്നെ സാംസ്‌കാരിക മന്ത്രിയിൽനിന്ന് കേട്ടുകൊണ്ടിരുന്ന പ്രതികരണങ്ങളും നിലപാടുകളും സാംസ്‌കാരിക കേരളം ഒട്ടും ആഗ്രഹിച്ചിരുന്നതല്ലെന്നും തീർച്ച. അത് ഇപ്പോഴും തുടരുന്നു. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുമെന്ന് ആവർത്തിച്ച മുഖ്യമന്ത്രിയുടെയും സാംസ്‌കാരിക മന്ത്രിയുടെയും ആത്മവിശ്വാസം ഇരകളുടെ നിസ്സഹായത തന്നെയായിരുന്നു. ഇത് ഒരു ഇടതുപക്ഷ സർക്കാരിന് ഭൂഷണമാണോ എന്ന ചോദ്യം വ്യാപകം.

vachakam
vachakam
vachakam

റിപ്പോർട്ടിൽ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. റിപ്പോർട്ടിന് പിന്നാലെ പുറത്തുവന്ന വെളിപ്പെടുത്തലുകളിൽ അന്വേഷണം തുടങ്ങിയെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നുമാണ് സർക്കാർ മറുപടി നൽകിയത്. കമ്മിറ്റിക്കു മുന്നിലല്ലാതെ മാധ്യമങ്ങളിലൂടെ ജൂണിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെയുള്ളവരുടെ വെളിപ്പെടുത്തലുകൾ വന്നതിനെത്തുടർന്നാണ് പ്രത്യേക അന്വേഷണസംഘത്തെ സർക്കാർ നിയോഗിച്ചത്. റിപ്പോർട്ട് പരിഗണിക്കാതെ തന്നെ, വെളിപ്പെടുത്തലുകൾ നടത്തിയവരിൽ നിന്ന് മൊഴി ശേഖരിച്ച ശേഷം നിലവിൽ 23 കേസുകൾ രജിസ്റ്റർ ചെയ്തു. പൂർണ റിപ്പോർട്ടിൽ പേരുണ്ടാവുകയും അവർക്കെതിരേ തെളിവുകളോ മൊഴികളോ ഉണ്ടാവുകയും ചെയ്താൽ കേസെടുക്കാനാണ് ഇനിയുള്ള നീക്കം.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ രഹസ്യസ്വഭാവം നിലനിർത്തണമെന്നും പരാതി നൽകിയവർക്കും ഇരകൾക്കും സമ്മർദമുണ്ടാക്കുന്ന സാഹചര്യമുണ്ടാകരുതെന്നും വ്യക്തമാക്കിയ കോടതി ഇരകളുടെ പക്ഷത്താണ് നിലകൊണ്ടത്. അവരുടെ സ്വകാര്യത പൂർണമായി നിലനിർത്തണമെന്നും മൊഴികൾ നൽകിയവർ ഉൾപ്പെടെ തങ്ങൾ അന്വേഷിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു പോകരുതെന്നും കോടതി അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ട് കൈപ്പറ്റിയ ശേഷം സർക്കാർ പുലർത്തിയ നിലപാട് അനാസ്ഥയുടേതായിരുന്നുവെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.

സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് 'ഭയപ്പെടുത്തുന്ന നിഷ്‌ക്രിയത്വ'മാണെന്ന കോടതിയുടെ വാക്കുകൾ കേരള സമൂഹത്തിൽ ഓരോ മനുഷ്യനും അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ നേർപ്പതിപ്പാണെന്ന വിമർശനമാണ് പൊതുവേയുള്ളത്. നടന്നിരിക്കുന്നത് അനീതിയാണെന്ന തിരിച്ചറിവിൽനിന്നുണ്ടായതാണ്, 'ഒരു പരാതിയുമായി പോലീസിനെ സമീപിച്ചാൽ നാലു വർഷം കഴിഞ്ഞാണോ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതെ'ന്ന ഹൈക്കോടതിയുടെ ചോദ്യം. ദിവസങ്ങളായി ഏതൊരു സാധാരണക്കാരനും ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങൾ മാത്രമാണ് കേരള ഹൈക്കോടതിയും ചോദിച്ചത്.

റിപ്പോർട്ടുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങളാണ് പ്രത്യേകാന്വേഷണ സംഘം പരിശോധിക്കേണ്ടതെന്ന് കോടതി ഊന്നിപ്പറഞ്ഞിട്ടുണ്ട്. കാരണം കുറ്റകൃത്യങ്ങൾ ശിക്ഷിക്കപ്പെടേണ്ടതാണ്. ചില മന്ത്രിമാർ കരുതുന്നതുപോലെ സിനിമാരംഗത്തെയാണെങ്കിലും രാഷ്ട്രീയ രംഗത്തെയാണെങ്കിലും വന്മരങ്ങൾ ശിക്ഷാവിധികൾക്ക് മീതെയല്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് കാലങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ പുറത്തുവന്നപ്പോൾ അധികാരികളിൽനിന്നുണ്ടായ സമീപനം ഇരകൾക്ക് കരുത്തു പകരുന്നതായിരുന്നില്ല. കുറ്റാരോപിതർക്ക് സർക്കാർ മറപിടിക്കുമ്പോൾ ഇരകൾ ആരോട് പരാതി പറയുമെന്ന് മുഖ്യമന്ത്രി മുതലുള്ളവർ കേരളത്തോട് വ്യക്തമാക്കണം.

സ്ത്രീകൾ പ്രശ്‌നങ്ങൾ നേരിട്ടിട്ടും അത് പരിഹരിക്കാൻ നടപടികളില്ലാത്തത് ഖേദകരമാണെന്ന വാക്കുകൾ നമ്മുടെ വ്യവസ്ഥിതിയെ ലജ്ജിപ്പിക്കേണ്ടതാണെന്നും സിനിമയിലെ കാര്യങ്ങൾ മാത്രമല്ല, കേരള സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടികൾ ഉണ്ടാവണമെന്നും കോടതി ആവർത്തിച്ച് വ്യക്തമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി വാക്കുകൾ കൊണ്ടു പോലും ഉണ്ടാകുന്ന അതിക്രമങ്ങൾ അക്ഷന്തവ്യമാണ്. അത് അങ്ങേയറ്റം ശിക്ഷിക്കപ്പെടേണ്ടതാണെന്ന സന്ദേശമാണ് ബധിര കർണങ്ങളിലേക്ക് കോടതി നൽകിയത്.

'മികവി'നു സാക്ഷി

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരേ ബംഗാൾ നടിയുടെ വെളിപ്പെടുത്തലാണ് പുറത്തുവന്നിട്ടുള്ള ആദ്യ പരാതി. രഞ്ജിത്തിനെതിരേയുള്ള ആരോപണം ഉയർന്നപ്പോൾ അദ്ദേഹം 'ഇന്ത്യ കണ്ട മികച്ച കലാകാരനാണെ'ന്നായിരുന്നു സാംസ്‌കാരിക മന്ത്രിയുടെ പ്രതികരണം. പരാതി കിട്ടിയാൽ മാത്രം അന്വേഷിക്കാമെന്ന പതിവ് പല്ലവിയും കേട്ടു. ഒന്നല്ല ഒട്ടനവധി പരാതികൾ ഇപ്പോൾ അന്വേഷണ സംഘത്തിന് മുമ്പിലെത്തിയിട്ടുണ്ട്. അതിൽ പ്രമുഖരുണ്ട്, അല്ലാത്തവരുണ്ട്. രാഷ്ട്രീയക്കാരുണ്ട്, രാഷ്ട്രീയമില്ലാത്തവരുമുണ്ട്. കർശന വകുപ്പ് ചേർത്ത് കേസും രജിസ്റ്റർ ചെയ്തു. എന്നാൽ പ്രതികൾ അറസ്റ്റിലാകുമെന്ന പ്രതീതിയുളവാക്കാൻപോലും അന്വേഷണ സംഘത്തിന് ആകുന്നില്ല എന്നാണ് പ്രതിപക്ഷ ആരോപണം.

നിശബ്ദരായ ആയിരക്കണക്കിന് ഇരകൾക്കിടയിൽനിന്ന് ഏതാനും പേരെങ്കിലും മൊഴിയും തെളിവുകളുമൊക്കെ ഹേമ കമ്മിറ്റിക്കു മുന്നിൽ സമർപ്പിക്കാനുള്ള ധൈര്യം കാണിച്ചു. മലയാള സിനിമയിൽ നിലനിൽക്കുന്ന പവർഗ്രൂപ്പിന്റെ പ്രവർത്തനങ്ങളും അഭിനേത്രികളായെത്തുന്ന സ്ത്രീകൾക്ക് നേർക്ക് നടക്കുന്ന സംഘടിതമായ ചൂഷണവും അതിക്രമങ്ങളുമാണ് അനാവരണം ചെയ്യപ്പെട്ടത്. എന്നാൽ ആ ക്രൂരത സംബന്ധിച്ച നൂറു കണക്കിന് പേജുകൾ വരുന്ന നൊമ്പരങ്ങൾക്ക് മേൽ തലയും വച്ച് അനിശ്ചിതമായുറങ്ങുകയായിരുന്നു കേരള സർക്കാർ. പ്രതീക്ഷയുടെ ചെറിയൊരു വെളിച്ചത്തിൽ മൊഴിയും തെളിവും കൊടുത്തവർ അതോടെ വിഡ്ഢികളായി.
സിനിമകളുടെ ചിത്രീകരണ സമയത്ത് വനിതകൾക്ക് ശൗചാലയവും വസ്ത്രം മാറാനുള്ള മുറിയും നിഷേധിക്കുന്നുണ്ടെന്നും ഹേമ കമ്മിറ്റി കണ്ടെത്തി.

ഈ ആധുനിക കാലത്തും കേരളത്തിലെ ഒരു തൊഴിൽമേഖലയിൽ ഇത്രയും അപരിഷ്‌കൃത രീതികൾ നിലനിൽക്കുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടും സർക്കാർ കണ്ണടിച്ചിരുന്നുവെന്നത് സങ്കടകരം തന്നെയാണ്. ഇതിനൊക്കെ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉത്തരം നൽകേണ്ടത് തന്നെയാണ്. വൈകിക്കിട്ടുന്ന നീതിയും അനീതിയും തമ്മിൽ ഭേദമില്ലെന്ന് തിരിച്ചറിയാൻ സർക്കാരിന് കഴിഞ്ഞില്ല. വന്മരങ്ങൾ ശിക്ഷകൾക്ക് അന്യരാണെന്ന് ഉളുപ്പില്ലാതെ വാദിക്കുന്ന ജനപ്രതിനിധികളെയാണ് കേരളം കണ്ടത്. പ്രതികൾക്കെതിരേ നടപടിയെടുക്കാതെ ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോൺക്ലേവ് നടത്താമെന്ന ആശയം ആരെയൊക്കെ രക്ഷിക്കാനായിരുന്നുവെന്ന് അതിവേഗം തെളിഞ്ഞു.

മറ്റേതൊരു മേഖലയിലും വനിതകൾക്ക് ജോലി ലഭിക്കാൻ എഴുത്തുപരീക്ഷയും അഭിമുഖവുമൊക്കെയാണ് മാനദണ്ഡമെങ്കിൽ സിനിമയിൽ ലൈംഗിക വിട്ടുവീഴ്ചയാണെന്ന ഹേമ കമ്മിറ്റിയുടെ കണ്ടെത്തൽ ഏറ്റവും ഗൗരവമുള്ളതാണ്. വനിതകളെ ചൂഷണം ചെയ്യുന്നതിൽ സംവിധായകരും നിർമ്മാതാക്കളും പ്രമുഖ നടൻമാരും പ്രൊഡക്ഷൻ കൺട്രോളർമാരുമുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 15 പേർ അടങ്ങുന്ന പുരുഷൻമാരുടെ ഒരു പവർഗ്രൂപ്പാണ് മലയാള സിനിമ ഭരിക്കുന്നതെന്നും അവരുടെ അപ്രീതിക്ക് പാത്രമായാൽ വിലക്ക് നേരിടുമെന്നും മേഖലയിൽനിന്ന് പുറത്താകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

സർക്കാർ ആരുടെ ഭാഗത്താണെന്ന് സിനിമാമേഖലയിലെ പീഡനത്തിനിരയായ വനിതകളിൽനിന്നു മാത്രമല്ല, ഓരോ മലയാളിയിൽനിന്നും ഉയരുന്ന ചോദ്യമാണ്. അതിന് തൃപ്തികരമായ ഉത്തരവും മാതൃകാപരമായ തിരുത്തലും മാത്രമേ ഉചിത പര്യവസാനത്തിന് ഇടം നൽകൂ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇനിയെങ്കിലും സർക്കാരിൽനിന്ന് ഫലപ്രദ ഇടപെടലുകളാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. സർക്കാർ ഉറക്കം നടിക്കുമ്പോൾ ഇരകൾ തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത് ജനങ്ങൾ സമ്മിശ്രവികാരങ്ങളോടെ കാണുന്നു.

ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി പരിഷ്‌കൃത സമൂഹം തലകുനിക്കുന്ന വകുപ്പുകളിൽ സി.പി.എം എം.എൽ.എയെ പോലീസ് പ്രതിചേർത്തിട്ടും മൗനം തുടരുന്ന സാംസ്‌കാരിക മന്ത്രിയും സർക്കാരും നൽകുന്ന വിപൽസന്ദേശം ആശങ്ക തന്നെയുളവാക്കുന്നു. ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും ചലച്ചിത്ര നയരൂപീകരണ സമിതിയിൽനിന്നുപോലും എം. മുകേഷ് എം.എൽ.എയെ മാറ്റാൻ സർക്കാർ തയ്യാറായില്ല. യോഗ്യത ചോദ്യം ചെയ്യപ്പെട്ടിട്ടും എം.എൽ.എ സ്ഥാനത്ത്‌നിന്ന് മുകേഷിന്റെ രാജി ആവശ്യപ്പെടാതിരിക്കാൻ കാലത്തിന്റെ ചുവരെഴുത്ത് കാണാതെ രാഷ്ട്രീയ അവസരവാദത്തെ കൂട്ടുപിടിക്കുന്നു പാർട്ടി.

ഒരു സംവിധാനത്തിന്റെയാകെ ഉദ്ദേശ്യശുദ്ധിയെ സംശയമുനയിൽ നിർത്താനല്ലാതെ മറ്റെന്തുഗുണമാണ് മുകേഷിനെ നയരൂപീകരണ സമിതിയിൽ നിലനിർത്തിയാൽ കിട്ടുക? ഇക്കാര്യത്തിൽ സി.പി.ഐ നേതാക്കളുടെ വാക്കുകൾക്കും സി.പി.എം ചെവികൊടുക്കാൻ സന്നദ്ധമല്ലെന്നത് വിചിത്രമായിരിക്കുന്നു.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam