എച്ച്-1ബി വിസകള്‍ക്ക് അധിക ഫീസ് ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുക അമേരിക്കന്‍ കമ്പനികളെ. പുതിയ ഉത്തരവ് പ്രകാരം വിദേശ തൊഴിലാളികള്‍ക്ക് വീണ്ടും പ്രവേശനം ലഭിക്കില്ലെന്ന ഭയം കാരണം കുടിയേറ്റ തൊഴിലാളികള്‍ യുഎസിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് തടഞ്ഞിരിക്കുകയാണ് സിലിക്കണ്‍ വാലയിലെ ചില സ്ഥാപനങ്ങള്‍.
വര്‍ധിച്ച ഫീസ് പുതിയ അപേക്ഷകള്‍ക്ക് മാത്രമേ ബാധകമാകൂ എന്നും അത് ഒറ്റത്തവണ നടപടിയാണെന്നും വൈറ്റ് ഹൗസ് അറിയച്ചിട്ടുണ്ട്. എന്നിരുന്നാലും, ട്രംപിന്റെ നീക്കം കുടിയേറ്റക്കാരെ ബാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ യുഎസ് സാമ്പത്തിക വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. വിദേശത്ത് നിന്ന് പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്ന് എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരെ നിയമിക്കുന്നതിന് അമേരിക്കന്‍ ടെക് സ്ഥാപനങ്ങള്‍ എച്ച്-1ബിയും സമാനമായ വിസകളെയും ആണ് ആശ്രയിക്കുന്നത്.
വിസ ചെലവേറിയതാക്കുന്നതിലൂടെ, ട്രംപ് ഭരണകൂടം കമ്പനികള്‍ക്ക് വിദേശ പ്രതിഭകളെ ആകര്‍ഷിക്കുന്നത് ബുദ്ധിമുട്ടാക്കുകയാണെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ബെരെന്‍ബര്‍ഗിലെ സാമ്പത്തിക വിദഗ്ധനായ അറ്റകാന്‍ ബാക്കിസ്‌കാന്‍ പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ വളര്‍ച്ചാ വിരുദ്ധ നയരൂപീകരണത്തിന്റെ ഒരു ഉദാഹരണമാണിത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശകലന സ്ഥാപനമായ ബെറന്‍ബര്‍ഗ് അടുത്തിടെ യുഎസ് സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള അവരുടെ എസ്റ്റിമേറ്റ് വര്‍ഷത്തിന്റെ തുടക്കത്തില്‍ 2 ശതമാനത്തില്‍ നിന്ന് 1.5 ശതമാനമായി കുറച്ചിരുന്നു. ട്രംപ് തന്റെ കുടിയേറ്റ വിരുദ്ധ പാത മാറ്റിയില്ലെങ്കില്‍, 1.5 ശതമാനം പ്രവചനം ഉടന്‍ തന്നെ സംഭവിക്കും എന്ന് എന്ന് ബാക്കിസ്‌കാന്‍ മുന്നറിയിപ്പ് നല്‍കി. നിയന്ത്രിത കുടിയേറ്റ നയങ്ങള്‍ പ്രകാരം മനുഷ്യ മൂലധനത്തിന്റെ അഭാവം മൂലമുണ്ടാകുന്നനഷ്ടങ്ങള്‍ കൃത്രിമബുദ്ധിയിലെ നിക്ഷേപങ്ങള്‍ കൊണ്ട് നികത്താന്‍ സാധ്യതയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതായത് എച്ച്-1ബി വിസകളില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങളില്‍ ചിലത് ആമസോണ്‍, മൈക്രോസോഫ്റ്റ്, മെറ്റ, ആപ്പിള്‍, ഗൂഗിള്‍ എന്നിവയാണെന്ന് ബ്രോക്കര്‍ എക്സ്ടിബിയിലെ ഗവേഷണ ഡയറക്ടര്‍ കാത്‌ലീന്‍ ബ്രൂക്സ് ചൂണ്ടിക്കാട്ടി. 'വിസകള്‍ താങ്ങാന്‍ ഈ കമ്പനികള്‍ക്ക് പണമുണ്ടെങ്കിലും, എച്ച്-1ബി വിസകളെ ആശ്രയിക്കുന്ന മറ്റ് മേഖലകള്‍ ഭാവിയിലെ റിക്രൂട്ട്‌മെന്റുകളില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം,' അവര്‍ പറഞ്ഞു.
സമീപ വര്‍ഷങ്ങളില്‍ വിസ പ്രോഗ്രാമില്‍ ഇന്ത്യന്‍ കുടിയേറ്റക്കാരാണ് ആധിപത്യം സ്ഥാപിച്ചത്. ഈ വിസ സ്വീകര്‍ത്താക്കളില്‍ 70 ശതമാനത്തിലധികവും ഇന്ത്യക്കാരാണ്. ഇന്ന്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഐബിഎം എന്നിവയുള്‍പ്പെടെ യുഎസിലെ ചില മുന്‍നിര സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വംശജരായ എക്സിക്യൂട്ടീവുകള്‍ നടത്തുന്നുണ്ട്. അതേസമയം യുഎസിലെ ഫിസിഷ്യന്‍ ജീവനക്കാരുടെ ഏകദേശം 6 ശതമാനം ഇന്ത്യന്‍ ഡോക്ടര്‍മാരാണ്.
വിസ ഫീസ് വര്‍ധനവ് യുഎസിലെ ചില ഓണ്‍ഷോര്‍ പ്രോജക്റ്റുകളുടെ ബിസിനസ് തുടര്‍ച്ചയെ തടസ്സപ്പെടുത്തും എന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. നിയമപരമായ അനിശ്ചിതത്വങ്ങള്‍ പരിഹരിക്കുന്നതുവരെ ക്ലൈന്റുകള്‍ റീപ്രൈസ് ചെയ്യാനോ പ്രോജക്റ്റുകള്‍ വൈകിപ്പിക്കാനോ ശ്രമിച്ചേക്കാം. അതേസമയം കമ്പനികള്‍ സ്റ്റാഫിംഗ് മോഡലുകള്‍ പുനര്‍വിചിന്തനം ചെയ്തേക്കാം.
ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയ ഇന്ത്യന്‍ ഔട്ട്‌സോഴ്‌സിംഗ് സ്ഥാപനങ്ങള്‍ പ്രാദേശികമായി തൊഴിലാളികളെ വളര്‍ത്തിയെടുക്കുന്നതിലൂടെയും ഡെലിവറി ഓഫ്‌ഷോര്‍ മാറ്റുന്നതിലൂടെയും അത്തരമൊരു സാഹചര്യത്തിന് തയ്യാറാണെന്നാണ് വിലയിരുത്തല്‍.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1