പൊന്നിന്റെ മുന്നേറ്റം, 2026 ല്‍ കാത്തിരിക്കുന്നതെന്ത്?

DECEMBER 17, 2025, 5:54 AM

2025 ല്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ അസറ്റുകളാണ് സ്വര്‍ണവും വെള്ളിയും. ഓഹരി നിക്ഷേപത്തെയും ക്രിപ്റ്റോ കറന്‍സികളെയും പോലും പിന്നിലാക്കിയാണ് പൊന്നിന്റെയും വെള്ളിയുടെയും കുതിപ്പ്. റെക്കോര്‍ഡ് മുന്നേറ്റത്തിനൊപ്പം സ്വര്‍ണ ഇടിഎഫുകളില്‍ (Gold ETF) നിക്ഷേപിച്ചവര്‍ക്ക് മികച്ച നേട്ടവും ലഭിച്ചു. ഈ വര്‍ഷം ഇതുവരെ 72 ശതമാനം വരെയാണ് മുന്‍നിര ഗോള്‍ഡ് ഇടിഎഫുകള്‍ നിക്ഷേപകര്‍ക്ക് നല്‍കിയ റിട്ടേണ്‍.

ഇക്കഴിഞ്ഞ നവംബറില്‍ മാത്രം 3,741 കോടി രൂപയാണ് ഇ.ടി.എഫുകളിലേക്ക് ഒഴുകിയെത്തിയതെന്നും കണക്കുകള്‍ പറയുന്നു. തുടര്‍ച്ചയായ ഏഴാം മാസവും നിക്ഷേപകര്‍ക്ക് സ്വര്‍ണ ഇടിഎഫുകളോടുള്ള താത്പര്യം കുറഞ്ഞിട്ടില്ലെന്നാണ് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ (AMFI) കണക്കുകള്‍വ്യക്തമാക്കുന്നത്.

മുന്നേറ്റത്തിന് പിന്നില്‍ ഫെഡ് ഉള്‍പ്പെടെയുള്ള കേന്ദ്ര ബാങ്കുകള്‍

സ്വര്‍ണത്തിന് അനുകൂലമായത് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഉള്‍പ്പെടെയുള്ള കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ്. ബാങ്ക് നിക്ഷേപങ്ങള്‍ക്കും സര്‍ക്കാര്‍ ബോണ്ടുകള്‍ക്കും പലിശ കുറയുന്നത് സ്വര്‍ണം, വെള്ളി പോലുള്ള ലോഹങ്ങളിലെ നിക്ഷേപം വര്‍ധിപ്പിക്കുമെന്നതാണ് പതിവ്. ഇക്കൊല്ലം യു.എസ് ഫെഡ് റിസര്‍വ് മൂന്ന് തവണയാണ് 25 ബേസിസ് പോയിന്റുകള്‍ വീതം നിരക്ക് കുറച്ചത്. 

അടുത്ത കൊല്ലവും നിരക്കിളവ് ഉറപ്പാണെന്നാണ് വിപണി കരുതുന്നത്. നിരക്ക് കുറക്കണമെന്ന നിലപാടിലാണ് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും. ഫെഡ് റിസര്‍വിന്റെ അടുത്ത യോഗത്തില്‍ തന്നെയും കേള്‍ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.

നിക്ഷേപത്തിന് കുറവില്ല

ഇടിഎഫുകളിലേക്കുള്ള തുടര്‍ച്ചയായ പണമൊഴുക്ക് വിപണിയില്‍ ഡിമാന്‍ഡ് നിലനിറുത്താനുള്ള സാഹചര്യമൊരുക്കുന്നു. ഇത് വില ഉയരാനും കാരണമാകുന്നു. 2025 ല്‍ മാത്രം ഇ.ടി.എഫുകളിലേക്ക് 378.7 മില്യന്‍ ഡോളര്‍ നിക്ഷേപമെത്തിയെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്.

ഡോളറിന് ക്ഷീണം

പ്രധാന കറന്‍സികള്‍ക്കെതിരെ അമേരിക്കന്‍ ഡോളറിന്റെ മൂല്യത്തിലും ഇക്കൊല്ലം ഇടിവുണ്ടായി. ഇതോടെ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് ലാഭകരമാക്കി. ഇത് ആഗോളതലത്തില്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് വര്‍ധിപ്പിച്ചു.

സ്വര്‍ണ-വെള്ളി അനുപാതം

സ്വര്‍ണവും വെള്ളിയും തമ്മിലുള്ള വിലയുടെ അനുപാതം ദീര്‍ഘകാല ശരാശരിക്ക് അടുത്താണ്. ഒരു ഔണ്‍സ് സ്വര്‍ണം വാങ്ങാന്‍ എത്ര ഔണ്‍സ് വെള്ളി വേണ്ടി വരുമെന്നതിന്റെ അനുപാതമാണിത്. നിലവില്‍ 70-75 റേഞ്ചിലാണ് ഇതുള്ളത്. ഈ അനുപാതം 60-62 നിലയിലേക്ക് താഴ്ന്നാല്‍ വിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കുതിപ്പ് തുടരുമോ?

നിലവിലെ മുന്നേറ്റം ശക്തമാണെങ്കിലും വിപണിയില്‍ അമിതമായ ആവേശം ഉണ്ടായേക്കാമെന്ന് ചോയ്സ് വെല്‍ത്ത് തലവന്‍ അക്ഷത് ഗാര്‍ഗിന്റെ അഭിപ്രായം. അടിസ്ഥാനപരമായ ഘടകങ്ങള്‍ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിലയില്‍ വലിയ വര്‍ധനവുണ്ടായതിനാല്‍ ലാഭമെടുക്കലിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ നിക്ഷേപം സുരക്ഷിതമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam