സുപ്രസിദ്ധമായ ഏറ്റുമാനൂർ മഹദേവക്ഷേത്രത്തിലെ രൗദ്രഭാവമുള്ള പ്രധാന പ്രതിഷ്ഠ, പേരുപോലെ പരമശിവൻ തന്നെ. എന്നാൽ അവിടുത്തെ ഉപദേവതകളിൽ ഗണപതിക്കും ദുർഗയ്ക്കും ഒപ്പം സാക്ഷാൽ ശാസ്താവും (അയ്യപ്പൻ) ഉണ്ട്. ശ്രീകോവിലിന്റെ വടക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി ശാസ്താവിന്റെ ശ്രീകോവിൽ കാണാം. ശബരിമലയ്ക്ക് പോകുന്നവർ ഇതിന്റെ മുന്നിൽ വന്നാണ് മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും.
ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയത് 1981 മേയ് 24നാണ്. ക്ഷേത്രം കുത്തിത്തുറക്കുന്നതിനു മോഷ്ടാവായ സ്റ്റീഫൻ ഉപയോഗിച്ച ഇരുമ്പുപാര പൊതിഞ്ഞ പേപ്പറാണു കേസിൽ നിർണായക തെളിവായത്. ഈ കടലാസ് അന്ന് വിദ്യാർഥിനിയായിരുന്ന രമണിയുടെ നോട്ട്ബുക്കിൽ നിന്നുള്ളതായിരുന്നു. പൊലീസ് ആദ്യം രമണിയുടെ വീട്ടിലും തുടർന്നു പഴയ നോട്ട്ബുക്ക് വിറ്റ കടയിലും എത്തി. അതോടെ പൊലീസിന് പ്രതി സ്റ്റീഫനിലേക്ക് എത്താൻ എളുപ്പമായി.
മൂന്നര പതിറ്റാണ്ട് മുൻപ് ഏറ്റുമാനൂരപ്പൻ പെട്ടെന്ന് മോഷ്ടാവിനെ കൺവെട്ടത്ത് കൊണ്ടുവന്നത് പോലെ എളുപ്പമല്ല ശബരിമലയിലെ സ്വർണ്ണ പാളി തസ്‌കരന്മാരെ കണ്ടെത്തുന്നത്. സാക്ഷാൽ ശാസ്താവ് പോലും നമസ്‌കാരം പറഞ്ഞു പോകുന്ന തീവെട്ടി കൊള്ളയുടെ കഥ.
ദൈവങ്ങൾക്ക് പോലും പിടി കിട്ടാത്ത ആ അമ്പലക്കള്ളന്മാരുടെ കഥയാണ് ഇപ്പോൾ കേരളം ചർച്ച ചെയ്യുന്നത്.
ചുറ്റുമുള്ള അവതാരങ്ങളെ നല്ലപോലെ പരിഹസിക്കാറുള്ള സി.പി.എം നേതാക്കൾ ഭരണം കയ്യാളുന്ന കാലത്താണ് ദൈവങ്ങളെ നോക്കുകുത്തിയാക്കി മനുഷ്യാവതാരങ്ങൾ കാശുണ്ടാക്കുന്നത്. ശബരിമലയെ ചുറ്റിപ്പറ്റി പേരിനും പ്രശസ്തിക്കും പണത്തിനും വേണ്ടി പല കാലത്തും പ്രത്യക്ഷപ്പെട്ടിട്ടുള്ള അവതാരങ്ങളുടെ കഥകൾ മലയാളികൾ മറന്നിട്ടില്ല.
2006 ജൂണിൽ ശബരിമലയിൽ ദേവപ്രശ്‌നം നടത്തിയ 21 ജ്യോതിഷികളിൽ ഒരാളായിരുന്നു ഉണ്ണികൃഷ്ണ പണിക്കർ. ഒരു സ്ത്രീ അയ്യപ്പ വിഗ്രഹത്തിൽ സ്പർശിച്ചതായി ദേവപ്രശ്‌നത്തിനുശേഷം പണിക്കർ വെളിപ്പെടുത്തി!
തെന്നിന്ത്യൻ നടി ജയമാല ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ കയറി വിഗ്രഹത്തിൽ സ്പർശിച്ച കാര്യം പണിക്കർക്ക് നേരത്തെ അറിയാമായിരുന്നുവെന്നും എന്നാൽ ദേവപ്രശ്‌നത്തിൽ അത് തന്റെ കണ്ടെത്തലായി അദ്ദേഹം അവതരിപ്പിച്ചുവെന്നും ആരോപണമുയർന്നു.
ദേവപ്രശ്‌നത്തിന്റെ അഭിപ്രായം വെളിപ്പെടുത്താൻ ഉണ്ണികൃഷ്ണ പണിക്കർ, തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എക്‌സിക്യൂട്ടീവ് ഓഫീസർ രഘുപതിയുമായി ചേർന്ന് പണവും പ്രശസ്തിയും സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ ഗൂഢലോചനയിൽ ഏർപ്പെട്ടു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
ശബരിമലയിലെ സ്ത്രീ പ്രവേശനം രാഷ്ട്രീയ കോളിളക്കമായി മാറുന്നതിന് എത്രയോ കാലം മുൻപാണ് ശ്രീകോവിലിൽ കുടികൊള്ളുന്ന അയ്യപ്പനെ ഒരു അഭിനേത്രി സ്പർശിച്ചത്. ദേവസ്വങ്ങളുമായി ബന്ധപ്പെട്ട്, സ്വാധീനം ഉള്ളവർക്ക് പണം മുടക്കിയാൽ ആചാരലംഘനം വരെ ആകാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് പലകാലത്തും. ശബരിമലയിലും ഗുരുവായൂരിലും ഭക്തരെ നിയന്ത്രിക്കുന്ന കാവൽക്കാരുടെ വ്യഗ്രത കാണുമ്പോൾ എല്ലാം ദേവഹിതം അനുസരിച്ചാണ് നടക്കുന്നതെന്ന് തോന്നിപ്പോകും. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ എന്ന് യഥാവിധം നോമ്പുനോറ്റ് ക്ഷേത്രദർശനത്തിനെത്തുന്ന യഥാർത്ഥ ഭക്തർക്ക് അറിയാം.
ക്ഷേത്രദർശന സൗകര്യങ്ങൾ വഴിവിട്ട് ദാനം ചെയ്തു പ്രതിഫലം കൈപ്പറ്റുന്ന ബോർഡ് അംഗങ്ങളെ അറിയാം. പ്രത്യേകിച്ച് അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന കടുത്ത ഭക്തരാണ് ഇവരുടെ ഇരകൾ. പ്രതിഫലമായി നോർത്ത് ഇന്ത്യൻ യാത്രകളും പണവും സ്വർണവും വരെ നേടുന്ന ബോർഡ് അംഗങ്ങളുണ്ട്. ദേവസ്വം ബോർഡിൽ അംഗമാകാൻ ചെലുത്തുന്ന രാഷ്ട്രീയ സ്വാധീനം മാത്രം മതിയാകും എത്രത്തോളം അഴിമതിക്ക് സാധ്യതയുള്ള തട്ടകമാണ് അതെന്ന് അറിയാൻ.
ഭക്തിയും വിഭക്തിയും
ദേവസ്വം എന്നാൽ ദേവന്റേത് എന്നുതന്നെ അർത്ഥം. ഒരോ ക്ഷേത്രത്തിന്റെയും സ്വത്തുക്കൾ ക്ഷേത്രത്തിലെ അധിപന്റെ സ്വകാര്യ സ്വത്തായി കണക്കാക്കപ്പെടുന്നു. കൂടാതെ ആ ദേവതയോട് വിശ്വസ്തത പുലർത്തുന്ന ഒരു ട്രസ്റ്റി സംഘമാണ് ഇവ കൈകാര്യം ചെയ്യുന്നത് എന്നാണ് സങ്കല്പം. എന്നാൽ വസ്തുത അതാണോ? വിശ്വാസം തൊട്ടു തീണ്ടിയിട്ടില്ലാത്തവർ പോലും ബോർഡ് വച്ച കാറിൽ ദേവന്റെ പേരിൽ കറങ്ങുന്നില്ലേ!
ഗുരുവായൂർ, തിരുവിതാംകൂർ, മലബാർ, കൊച്ചി, കൂടൽമാണിക്യം എന്നീ അഞ്ച് ദേവസ്വങ്ങൾ ചേർന്ന് ഏകദേശം 3,000 ക്ഷേത്രങ്ങൾ കൈകാര്യം ചെയ്യുന്ന സംസ്ഥാനമാണ് കേരളം; മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധം. അങ്ങനെ വരുമ്പോൾ ക്ഷേത്ര ഭരണം അവിശ്വാസികളുടെ കൈകളിൽ എത്രത്തോളം ഭദ്രവും സുതാര്യവും ആയിരിക്കും? ഈ ആശങ്കയും ചർച്ചയും ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
ഭക്തിയേക്കാൾ സ്വത്തിനാണ് ദേവസ്വം ബോർഡുകൾ പ്രാമുഖ്യം നൽകുന്നതെന്ന് തോന്നിപ്പോകും. ക്ഷേത്ര ആചാരങ്ങളേക്കാൾ വഴിപാടുകൾക്കാണ് മുൻഗണനയെന്നും തോന്നിപ്പോകും. ക്ഷേത്ര നവീകരണം, കൊടിമരങ്ങളുടെ പുന:സ്ഥാപനം, കാണിക്ക വരവുകളുടെ മേൽനോട്ടം, വിഗ്രഹങ്ങൾക്ക് തിളക്കംകൂട്ടൽ ചുറ്റുമതിൽ നിർമ്മാണം എന്നിങ്ങനെ തിരക്കോട് തിരക്കാണ്.
ശബരിമല സ്വർണ്ണപ്പാളി വിവാദം ഉയർന്നതോടെ കേരളത്തിലെ പല പ്രധാന ക്ഷേത്രങ്ങളിലും ഇത്തരത്തിൽ വിഗ്രഹങ്ങളുമായി ബന്ധപ്പെട്ട് നവീകരണ പ്രവർത്തനങ്ങളിൽ ക്രമക്കേട് നടന്നിട്ടുണ്ട് എന്നതിന്റെ സൂചനകൾ പുറത്തുവരുന്നു.
ഇത്തരം ക്രമക്കേടുകളിൽ ഉൾപ്പെടുന്നവർക്ക് പാർട്ടി വ്യത്യാസമില്ല എന്നാണ് രാഹുൽ ഈശ്വറിനെപ്പോലെ ശബരിമലയുടെ ആത്മാവ് തൊട്ടറിയുന്നവരുടെ അഭിപ്രായം. ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർ മാത്രമാണ് ഉത്തരവാദികൾ എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. 1200ൽ പരം ക്ഷേത്രങ്ങൾ ഭരിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന സാക്ഷ്യപ്പെടുത്തൽ ആണ് അത്.
ചെമ്പ് തെളിയുന്ന രാഷ്ട്രീയം
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഇടതു സർക്കാരിന് തെറ്റുപറ്റിയെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അത് തെറ്റായിരുന്നു എന്ന് സ്ഥാപിക്കുക ഭരണത്തിന്റെ അവസാന നാഴികകളിൽ പിണറായി വിജയന് അനിവാര്യമായിരുന്നു. ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ ലക്ഷ്യമില്ലാത്ത കേവലം ഒരു ഇവന്റ് മാത്രം ആയിരുന്നുവെന്ന് നിഷ്‌കളങ്കർ പോലും പറയില്ല. വിശേഷിച്ച്, അയ്യപ്പശാപം എന്നൊരു പ്രയോഗത്തിലൂടെ കടുത്ത വിശ്വാസികളെ സർക്കാരിനെതിരാക്കാൻ ശോഭാ സുരേന്ദ്രനെ പോലുള്ള നേതാക്കൾ ഉത്സാഹിക്കുന്ന ഘട്ടത്തിൽ.
അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പ് ചെലവ് മറ്റൊരു അഴിമതി കഥയ്ക്ക് വഴിവെച്ചു.
അതിനെ ഏത് വിധേനയും മറികടക്കാൻ ഒരുങ്ങുമ്പോഴാണ് സ്വർണ്ണപ്പാളി വിവാദം വിശ്വാസികൾ കരുതും പോലെ ഒരു ശാപമായി വന്നുവീണത്. ശബരിമല സ്വർണം നഷ്ടപ്പെട്ട ക്രമക്കേടിൽ കോൺഗ്രസ് പ്രത്യക്ഷ സമര രംഗത്തേക്ക് കടക്കുമ്പോൾ അയ്യപ്പ സംഗമത്തിലൂടെ ലക്ഷ്യമിട്ട നേട്ടം ചോരുമോ എന്ന ആശങ്കയിൽ ഇടതുമുന്നണി. അയ്യപ്പ സംഗമത്തിലൂടെ ഹൈന്ദവ സമുദായ സംഘടനകളായ എസ്.എൻ.ഡി.പിയെയും എൻ.എസ്.എസിനെയും ഒരു വേദിയിലെത്തിക്കാനായത് ഇടതുമുന്നണിയുടെ രാഷ്ട്രീയ വിജയമായിരുന്നു. അത് ബി.ജെ.പിയെയും യു.ഡി.എഫിനെയും വെട്ടിലാക്കി.
പക്ഷേ ഒരാഴ്ച്ചയ്ക്കുള്ളിൽ കാര്യങ്ങൾ മാറി. സെപ്തംബർ ഏഴിന് ശബരിമല ദ്വാരപാലകശിൽപ്പ പാളികൾ, അറ്റകുറ്റപണിയ്ക്കായി ഹൈക്കോടതി നിയോഗിച്ച ജഡ്ജിയെ പോലും അറിയാക്കാതെ മാറ്റിയതോടെ വിവാദമായി. ഹൈക്കോടതി നേരിട്ട് ഇടപെട്ടു. പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകളാണ് വന്നത്. അയ്യപ്പ സംഗമത്തോടെ ഭൂരിപക്ഷ സമുദായ വോട്ടുകളിൽ വിള്ളിൽ വീഴുമെന്ന് കരുതിയ കോൺഗ്രസ് സടകുടഞ്ഞ് എഴുന്നേറ്റു. നിയമസഭയിൽ പ്രതിപക്ഷം ഈ ഭരണകാലത്ത് ഇതുവരെ കാണാത്ത ശൗര്യമാണ് പ്രകടിപ്പിച്ചു വരുന്നത്. വി.ഡി. സതീശന് ഇതിലും വലിയൊരു സുവർണ്ണാവസരം ഉടനെ കിട്ടാനില്ല.
യു.ഡി.എഫ് ഘടകകക്ഷികൾ അമ്പരന്നു നിൽക്കെ സതീശൻ അടിച്ചു കയറുകയാണ്. തെരുവിലും സമരത്തിലാണ്. എന്നാൽ, ബി.ജെ.പി പൂർണതോതിൽ രംഗത്തുവന്നിട്ടില്ല. കാരണം ഇതിൽ കോൺഗ്രസ് രാഷ്ട്രീയ നേട്ടം കൊയ്യുമെന്ന് ബി.ജെ.പിക്ക് ആശങ്കയുണ്ട്. ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ മേഖലാജാഥകൾ സംഘടിപ്പിക്കാൻ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചിരിക്കുകയാണ്. യുവതീപ്രവേശ വിഷയത്തിൽ 5 മേഖലാ ജാഥകൾ സംഘടിപ്പിച്ച മാതൃകയിൽ. ഇക്കാര്യത്തിൽ ഇനി എൻ.എസ്.എസ്, എസ്.എൻ.ഡി.പി നേതൃത്വങ്ങളുടെ നിലപാട് നിർണായകമാകും. രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കിയുള്ള ദേവസ്വം ബോർഡുകൾ വേണമെന്ന ചിരകാല ആവശ്യം വീണ്ടും ഉയർത്തപ്പെടും.
അതിനിടെ, ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ സ്വർണവും അടിച്ചുമാറ്റപ്പെട്ടതായി വിവരം പുറത്തുവന്നു. കാണിക്കയായി ലഭിച്ച 20 സ്വർണ്ണനാണയങ്ങളാണ് കാണാതായത്. പിന്നാലെ കോഴിക്കോട് കൊയിലാണ്ടിയിലെ രണ്ടു ക്ഷേത്രങ്ങളിലെ സ്വർണ്ണ നഷ്ടവും വെളിപ്പെടുത്തപ്പെട്ടു. ആദ്യ പ്രതിഷേധമായി സമുദായ പ്രസിദ്ധീകരണത്തിൽ വെള്ളാപ്പള്ളി നടേശൻ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.
കണക്കും ഓഡിറ്റും കോടികൾ വിലമതിക്കുന്ന സ്വർണവും രത്‌നവും കൈകാര്യം ചെയ്യുന്നതിൽ സുതാര്യതയില്ല. ദേവസ്വം ബോർഡുകളുടെ സ്വയംഭരണം പേരിന് മാത്രം. സർക്കാർ നിശ്ചയിക്കുന്നവരാണ് ഭരണകർത്താക്കൾ. അവരുടെ രാഷ്ട്രീയം അതിന്റെ കൂടപ്പിറപ്പാണ്. അപ്രധാനവും അനാവശ്യവുമായ പദ്ധതികൾ അവതരിപ്പിക്കുന്നു. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുമതി വാങ്ങി അത് മുന്നിൽ വച്ച് കോടികളുടെ തടിപ്പുകൾ നടക്കുന്നു. ശബരിമലയിലെ സ്വർണ്ണപാളികൾ പൂർണമായി മാറ്റപ്പെട്ടു എന്ന അതീവഗുരുതര പ്രശ്‌നം വെറുതെ മൂടിക്കളയാൻ കഴിയില്ല.
ഏതായാലും, അരവണ ഉണ്ടാക്കാനും അരവണക്ക് വേണ്ട ചേരുവകൾക്ക് കരാർ നൽകാനും, കാലപ്പഴക്കം ചെന്ന അരവണ നശിപ്പിക്കാനും, ഓഫ് സീസണിൽ മലയിൽ എത്തുന്ന കാട്ടാനകളെ ഓടിക്കാനും എന്തിനും ഏതിനും ചെലവെഴുതിത്തള്ളുന്ന ദേവസ്വം ബോർഡ്. സ്വന്തം ലാഭത്തിന്റെ വിഹിതം വർഷാവർഷം അയ്യന് സമർപ്പിക്കുന്ന യഥാർത്ഥ ഭക്തരുള്ള നാട്ടിലാണ് അവരെ വേദനിപ്പിക്കുന്ന അഴിമതിക്കഥ ഒന്നൊന്നായി പുറത്തുവരുന്നത്. ചുരുക്കത്തിൽ ദേവസ്വം ബോർഡും സർക്കാരും തന്നെയാണ് ഹൈക്കോടതിയോട് സമാധാനം പറയേണ്ടത്.
പ്രജിത്ത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1