ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതി വന്‍ തോതില്‍ വര്‍ധിച്ചിരിക്കുന്നു. സാമ്പത്തിക അനിശ്ചിതത്വം, ഉയര്‍ന്ന പണപ്പെരുപ്പം, രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടങ്ങിയ സവിശേഷ സാഹചര്യങ്ങള്‍ക്ക് ഇടയിലും ബദലായി ഇന്ത്യക്കാര്‍ സ്വര്‍ണത്തെ കാണുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ പുതിയ റിപ്പോര്‍ട്ട്. അതില്‍ ഡിജിറ്റല്‍ ഗോള്‍ഡും കൂടി ഉള്‍പ്പെടുന്നുണ്ട്.
എന്നാല്‍ ഇന്ത്യയിലേക്ക് ഒഴുകുന്ന സ്വര്‍ണത്തിന്റെ സുഗമമായ വരവിന് കാരണം ഗള്‍ഫ് രാജ്യമായ യുഎഇയുമായി ഉണ്ടാക്കിയ ഒരു കരാറിലെ വ്യവസ്ഥയാണ് എന്നത് പലര്‍ക്കും അജ്ഞാതമായ വസ്തുതതയാണ്. 2022 ല്‍ യുഎഇയുമായി ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാറാണ് ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതിയുടെ ആക്കം കൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സര്‍ക്കാരിന്റെ വിവിധ വ്യാപാര കണക്കുകളുടെ വിശകലനം സൂചിപ്പിക്കുന്നത് 2023-24 ല്‍ സ്വര്‍ണ ഇറക്കുമതി 30 ശതമാനം ഉയര്‍ന്ന് 45.5 ബില്യണ്‍ അല്ലെങ്കില്‍ 795.25 ടണ്ണായി മാറിയെന്നാണ്. അതേസമയം, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ (എസ്ജിബി) ആവശ്യം 2023-24ല്‍ 312 ശതമാനത്തോളമാണ് ഉയര്‍ന്നത്. അതായത് ആ വര്‍ഷം വാങ്ങിയ ഗോള്‍ഡ് ബോണ്ടുകളുടെ മൂല്യം മുന്‍ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
സ്വര്‍ണത്തിന് സമൂഹത്തില്‍ നിലനില്‍ക്കുന്ന സാംസ്‌കാരികമായ സ്ഥാനവും, അതിന്റെ ഉപഭോഗത്തിലെ വര്‍ധനവും ഒക്കെ നിലവിലെ സ്ഥിതിക്ക് കാരണമായി എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ത്യ, ചൈന തുടങ്ങിയ വിപണികളില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുതിച്ചുയരുകയാണെന്നും അവര്‍ പറയുന്നു. ഭൗമരാഷ്ട്രീയ സംഭവ വികാസങ്ങളും, വിപണിയിലെ ആവശ്യകതയുമൊക്കെ ഇതിനെ സ്വാധീനിച്ച ഘടകങ്ങളാണ്.
നേരത്തെ 2020 കാലഘട്ടത്തില്‍ കോവിഡ് പകര്‍ച്ചവ്യാധി കാരണമുണ്ടായ അസ്ഥിരതയും മാര്‍ക്കറ്റിലെ ഇടിവുമൊക്കെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വലിയ രീതിയില്‍ കുറയാന്‍ കാരണമായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷങ്ങളില്‍ തന്നെ വിവാഹങ്ങളുടെ എണ്ണം ഉയര്‍ന്നതും വിപണികള്‍ സജീവമായതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയരാന്‍ കാരണമായി.
2021-22 ല്‍ സ്വര്‍ണ്ണ ഇറക്കുമതി 46.2 ബില്യണ്‍ ഡോളറിലെത്തിയിരുന്നു, ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 33.5 ശതമാനം ഉയര്‍ച്ച കാണിക്കുന്നു. പിന്നീട് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യന്‍ സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 7.5 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി ഉയര്‍ത്തിയോടെ വിപണിക്ക് കനത്ത തിരിച്ചടി നേരിട്ടു. 2022-23 ല്‍ സ്വര്‍ണ്ണ ഇറക്കുമതി ഏകദേശം 25 ശതമാനം ഇടിവാണ് നേരിട്ടത്.
എന്നാല്‍ ഈ ഉയര്‍ന്ന ഇറക്കുമതി തീരുവ ഉണ്ടായിരുന്നിട്ടും, 2023-24 സാമ്പത്തിക വര്‍ഷം ഇറക്കുമതിയില്‍ ഈ ഇടിവില്‍ നിന്നൊരു മോചനം ഉണ്ടായി എന്നതാണ് പ്രധാന കാര്യം. സ്വര്‍ണ ഇറക്കുമതിയുടെ കണക്കുകള്‍ വീണ്ടും 30 ശതമാനം ഉയര്‍ന്ന് 45.5 ബില്യണ്‍ ഡോളറായി മാറുകയായിരുന്നു.
സ്വര്‍ണ ഇറക്കുമതിയും യുഎഇയുടെ പങ്കും
ഇറക്കുമതിയിലെ കുതിച്ചുചാട്ടത്തിന് കാരണമായ ഒരു പ്രധാന ഘടകം മഞ്ഞലോഹം കൂടുതലായി വരുന്ന ഇടമായിരുന്നു. അതാണ് യുഎഇ. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വര്‍ണ ഇറക്കുമതിക്ക് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന അനുകൂലമായ നികുതി ഇളവുകളാണ് ഈ ശ്രദ്ധേയമായ മാറ്റത്തിന് പിന്നില്‍. ഇതോടെയാണ് സ്വര്‍ണ ഇറക്കുമതി മുന്നോട്ട് കുതിച്ചതും.
ഇന്ത്യയും യുഎഇയും 2022 ഫെബ്രുവരിയില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (സിഇപിഎ) ഒപ്പുവച്ചിരുന്നു. ശേഷം അത് ആ വര്‍ഷം മെയില്‍ തന്നെ നടപ്പാക്കുകയും ചെയ്തു. കരാര്‍ പ്രകാരം ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതിക്ക് യുഎഇക്ക് ഒരു ശതമാനം താരിഫ് ഇളവ് അനുവദിക്കുകയായിരുന്നു. ഈ ഇളവ് ഒരു കിലോഗ്രാം സ്വര്‍ണത്തില്‍ 71,000 രൂപയുടെ വ്യത്യാസമാണ് ഉണ്ടാക്കിയത്.
ഇതോടെ യുഎഇയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി 2023-24ല്‍ 150 ശതമാനത്തോളം ഉയര്‍ന്ന് 7.65 ബില്യണ്‍ ഡോളറായി മാറുകയായിരുന്നു. ഇന്ത്യയുടെ മൊത്തം സ്വര്‍ണ ഇറക്കുമതിയില്‍ യുഎഇയുടെ വിഹിതം 2022-23ല്‍ 9 ശതമാനത്തില്‍ നിന്ന് 2023-24ല്‍ 17 ശതമാനമായി കുതിച്ചുയര്‍ന്നു, അതായത് ഇരട്ടിയോളം വര്‍ധനവ്. ഇത് യുഎഇയില്‍ നിന്ന് എത്തുന്ന സ്വര്‍ണത്തിന്റെ അളവ് വര്‍ധിക്കുന്നു എന്നതിന്റെ പ്രകടമായ സൂചനയാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1