കെ.എം. മാണിയും കുഞ്ഞാലിക്കുട്ടിയും ടി.എം. ജേക്കബ്ബും മുൻകൈയെടുത്ത് കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു അന്വേഷണസമിതി ഉണ്ടാക്കാൻ തീരുമാനമായി. അതിനെ ഇരു ഗ്രൂപ്പുകളും സ്വാഗതം ചെയ്തതോടുകൂടി സംഘർഷഭരിതമായ അന്തരീക്ഷത്തിന് അല്പം അയവ് വന്നു. ചർച്ചകളിൽ വയലാർ രവിയും ഉമ്മൻചാണ്ടിയും ആര്യാടൻ മുഹമ്മദും വി.എം. സുധീറിനും പങ്കാളികളായി. കോൺഗ്രസിന്റെ മന്ത്രിമാരെ കുറിച്ച് പാർട്ടി പ്രവർത്തകർ ഉന്നയിച്ച പരാതികൾ അന്വേഷിക്കാൻ സമിതി എന്നായിരുന്നു തീരുമാനം.
കെ. കരുണാകരനെ ആന്റണി പല വിഷമഘട്ടത്തിലും സഹായിച്ചിട്ടേയുള്ളു. അതെല്ലാം എണ്ണിയെണ്ണി പറഞ്ഞാണ് ആര്യാടൻ മുഹമ്മദ് തന്റെ സംസാരം അവസാനിപ്പിച്ചത്. പിറ്റേദിവസം തന്നെ കരുണാകരൻ അതിന് മറുപടി കൊടുത്തത് ഇങ്ങനെയാണ്. തന്റെ ഇരുപത്തിയഞ്ച് വർഷത്തെ നേതൃപദവിയെ പറ്റി തർക്കമുന്നയിക്കുന്നവർ ജനങ്ങളെയും കോൺഗ്രസ് എം.എൽ.എമാരെയും അവഹേളിക്കുകയാണ് ചെയ്യുന്നത് എന്നോർക്കണം. തൃശ്ശൂർ കോട്ടയം ഡി.സി.സി തിരഞ്ഞെടുപ്പ് അപ്പോഴും തർക്കുവിഷയമായി കിടക്കുകയാണ്. ആന്റണി ഗ്രൂപ്പ് ഉന്നയിച്ച പരാതികൾക്കൊന്നും പരിഹാരമില്ലാതെ തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കമാണ്.
തിരഞ്ഞെടുപ്പ് അപ്പീൽ കമ്മിറ്റി ചെയർപേഴ്‌സൺ ആയി മരതകം ചന്ദ്രശേഖറിനെ ഉമ്മൻചാണ്ടി നേരിൽ കണ്ടു. കാര്യങ്ങൾ കൃത്യമായും വ്യക്തമായും അദ്ദേഹം വിവരിച്ചു. ഉടനെ തന്നെ തൃശ്ശൂർ കോട്ടയം തിരഞ്ഞെടുപ്പുകൾ സ്റ്റേ ചെയ്തുകൊണ്ട് മരതകം ചന്ദ്രശേഖർ കെ.പി.സി.സി പ്രസിഡന്റിന് ടെലഗ്രാം അടിച്ചു. എന്നിട്ടും കാര്യങ്ങൾക്ക് ഒരു നീക്കപോക്കില്ല. ഒടുവിൽ വയലാർ രവിയുടെ പ്രഖ്യാപനം വന്നു. മരതകം ചന്ദ്രശേഖർക്ക് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാൻ അധികാരമില്ലെന്നായിരുന്നു വയലാർ രവിയുടെ ഭാഷ്യം. എ.ഐ.സി.സി പ്രസിഡന്റിനോ, എ.ഐ.സി.സി ജനറൽ സെക്രട്ടറിക്കൊ, അതുമല്ലെങ്കിൽ വരണാധികാരി. ഇവരിൽ ആർക്കെങ്കിലും ആണ് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാനുള്ള അധികാരം ഉള്ളൂ.
അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കോൺഗ്രസ് പാർട്ടിയുടെ പിളർപ്പിൽ ആന്റണി ഗ്രൂപ്പ് ഇന്ദിരാഗാന്ധി വിരുദ്ധ പക്ഷത്തായിരുന്നു എന്ന് പറഞ്ഞു ആന്റണി ഗ്രൂപ്പിനെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമവും ഉണ്ടായി. ഉമ്മൻചാണ്ടിയും കൂട്ടരും സി.പി.എം കാര്യമായി രഹസ്യ കൂടിക്കാഴ്ചകൾ നടത്തുന്നു എന്നായിരുന്നു മറ്റൊരാക്ഷേപം.
കോൺഗ്രസിലെ ഈ ഗ്രൂപ്പ് കളികളിൽ മനം മടുത്ത ഘടകകക്ഷികൾ മുന്നിട്ടിറങ്ങി പല ഒത്തുതീർപ്പ് ചർച്ചകളും നടന്നെങ്കിലും ഒന്നും എങ്ങും എത്തിയില്ല. ഒടുവിൽ കുഞ്ഞാലിക്കുട്ടിയുടെ ഒരു പ്രസ്താവന വന്നു. കോൺഗ്രസിലെ ഈ പിടലപ്പിണക്കങ്ങൾ തീർക്കാതെ ഇനി ഒരിഞ്ചു പോലും മന്നോട്ടു പോകാൻ കഴിയുകയില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. കോൺഗ്രസിന്റെ കാര്യത്തിൽ മറ്റാരും ഇടപെടേണ്ട എന്ന് പറഞ്ഞ് കെ. കരുണാകരൻ മുൻകൂർ ജാമ്യം എടുത്തു.
എന്നാൽ ലീഗിന്റെ പ്രതികരണം വയലാർ രവി കുറച്ചുകൂടി ശ്രദ്ധയോടെ കൈകാര്യം ചെയ്തു. ഘടകക്ഷികളിലെ ഓരോ നേതാക്കളുമായി അദ്ദേഹം സംസാരിച്ചു. കരുണാകരൻ അപ്പോഴും കാര്യങ്ങളെ നിസ്സാരവൽക്കരിക്കാൻ തന്നെയാണ് ശ്രമിച്ചത്.
ഇതിനിടെ പത്രക്കാരുടെ ഒരു ചോദ്യത്തിന് മറുപടിയായി ഉമ്മൻചാണ്ടി പറഞ്ഞു: പാർട്ടിയിലെ ഈ ഗ്രൂപ്പുകളി ഭരണത്തെ ബാധിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ അഭിപ്രായം. അതാണ് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ പ്രകടിപ്പിച്ച ആശങ്കയും.
ഒടുവിൽ പ്രശ്‌നപരിഹാരത്തിന് ഹൈക്കമാന്റിനെ കാണാൻ തന്നെ ആന്റണി ഗ്രൂപ്പ് തീരുമാനിച്ചു. അങ്ങനെ ഉമ്മൻചാണ്ടിയും വി.എം. സുധീരനും തിരുവഞ്ചൂർ രാധാകൃഷ്ണനും കൂടി ഡൽഹിക്ക് പോയി. ഇതറിഞ്ഞ മറുഭാഗം എസ്. കൃഷ്ണകുമാറിന്റെയും പി.സി. ചാക്കോയുടെയും നേതൃത്വത്തിൽ മറു തന്ത്രം മെനയാൻ ഡൽഹിക്ക് പോയി.
കരുണാകരൻ മന്ത്രിസഭയെ പിന്നിൽ നിന്ന് കുത്താനും എ.ഐ.സി.സിയെ ധിക്കരിക്കാനും ശ്രമിക്കുന്ന ആന്റണി അനുകൂലികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു കരുണാകര പക്ഷത്തിന്റെ ആവശ്യം. ഉമ്മൻചാണ്ടിക്കും കൂട്ടർക്കും പ്രധാനമന്ത്രി റാവുവിനെ കാണാനുള്ള ക്ഷണം ലഭിച്ചു. ഇതേയവരത്തിൽ തന്നെ കെ.പി.സി.സി പ്രസിഡന്റ് വയലാർ രവി തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തി. അതിൽവച്ച് ആന്റണി ഗ്രൂപ്പിനെ അതിനിചിതമായി വിമർശിച്ചു. ഉമ്മൻചാണ്ടിയേയും കൂട്ടരെയും വിമതന്മാർ എന്നാണ് രവി വിശേഷിപ്പിച്ചത്. സർക്കാർ ഉള്ളിടത്തോളം കാലം മുഖ്യമന്ത്രിയായി കെ. കരുണാകരൻ തന്നെ ഉണ്ടാകും എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കോൺഗ്രസുകാരുടെ ഈ വിഴുപ്പലക്കൽ പരിപാടി ഇങ്ങനെ തുടർന്നാൽ മുസ്ലിംലീഗിന്റെ നിലപാട് വ്യക്തമാക്കേണ്ടി വരും എന്ന് കുഞ്ഞാലിക്കുട്ടിയും തുറന്നടിച്ചു.
ഉമ്മൻചാണ്ടിയും കൂട്ടരും പ്രധാനമന്ത്രി നരസിംഹ റാവുവിനെ കണ്ടു. അവരുടെ പരാതികൾ മുഴുവൻ റാവുശ്രദ്ധാപൂർവ്വം കേട്ടു. ചില ഉറപ്പുകൾ അദ്ദേഹം നൽകിയതോടെ അവർ കേരളത്തിലേക്ക് മടങ്ങി.
തെരഞ്ഞെടുപ്പിനു ശേഷമുള്ള കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗം 1992 മാർച്ച് ഒന്നിന് ഞായറാഴ്ച ചേരുകയാണ്. കെ.പി. വിശ്വനാഥനും ഉമ്മൻചാണ്ടിക്കും മന്ത്രിമാരെന്ന നിലയിൽ യോഗത്തിൽ പങ്കെടുക്കാൻ കഴിയും. എന്നാൽ അവരാ യോഗത്തിന് പോയില്ല. മാർച്ച് മൂന്നിന് പ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുകയാണ്. കോൺഗ്രസിന്റെയും ലീഗിന്റെയും നിയമസഭാ കക്ഷി യോഗം ചേർന്നു. ആന്റണി ഗ്രൂപ്പിനോട് യോജിക്കുന്ന എം.എൽ.എമാർ അതിനു മുൻപ് തന്നെ തൈക്കാട് ഗസ്റ്റ് ഹൗസിൽ യോഗം ചേർന്നിരുന്നു.
19 എം.എൽ.എമാർ ഉണ്ടായിരുന്നവിടെ. ആ യോഗത്തിൽ വച്ചാണ് ശൈലിമാറ്റം എന്ന ആവശ്യം മുന്നോട്ടുവയ്ക്കാൻ തീരുമാനിച്ചത്. കരുണാകരൻ ജനാധിപത്യ ശൈലിക്ക് വഴങ്ങുക തന്നെ വേണമെന്നായിരുന്നു ആവശ്യം. ലീഗ് നേതൃത്വം കുറച്ചുകൂടി കടിപ്പിച്ച ഒരു തീരുമാനത്തിലെത്തി. തിരഞ്ഞെടുപ്പിൽ ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങളും മറ്റും നടപ്പിലാക്കണമെന്ന് പറയുമ്പോൾ അതൊരു പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ് അതിൽ ഇടപെടരുത് എന്നു പറയുന്നത് ഒരുതരത്തിലും ന്യായീകരിക്കാൻ ആവുന്നതല്ല. ഗൗരവമേറിയ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും അത് പുറത്തു പറയുന്നില്ലെന്നും യോഗത്തിനുശേഷം കൊരമ്പയിൽ അഹമ്മദ് ഹാജി പത്രക്കാരോട് പറഞ്ഞു. ലീഗ് പ്രസിഡന്റ് തങ്ങളും കരുണാകരനും തമ്മിൽ അടുത്ത വ്യക്തി ബന്ധം ഉള്ളതിനാൽ വിമർശനം കടുപ്പിക്കാൻ ലീഗ് തയ്യാറായിരുന്നില്ല. എങ്കിലും ഇപ്പോഴത്തെ രീതിയിൽ പോകാൻ ആകില്ലെന്നും നേതൃമാറ്റം ആവശ്യപ്പെടേണ്ടിവരുമെന്നും അതിനായി മന്ത്രിമാരെ പിൻവലിക്കുന്നതിന് പോലും മടിക്കില്ലെന്നുമുള്ള സൂചന പാർലമെന്ററി പാർട്ടി യോഗത്തിൽ അവർ പ്രകടിപ്പിച്ചു.
ഇതിനിടെ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ അതിശക്തമായ വാദപ്രതിവാദങ്ങളും ഗോ ഗോ വിളികളും ഉയർന്നു. എന്തായാലും പിറ്റേന്ന് തന്നെ കെ.എം. മാണിയും കുഞ്ഞാലിക്കുട്ടിയും ടി.എം. ജേക്കബ്ബും മുൻകൈയെടുത്ത് കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു അന്വേഷണ സമിതി എന്ന ആവശ്യം മന്നോട്ടുവച്ചു.
അതിനെ ഇരു ഗ്രൂപ്പുകളും സ്വാഗതം ചെയ്തതോടുകൂടി സംഘർഷഭരിതമായ അന്തരീക്ഷത്തിന് അല്പം അയവ് വന്നു. ചർച്ചകളിൽ വയലാർ രവിയും ഉമ്മൻചാണ്ടിയും ആര്യാടൻ മുഹമ്മദും വി.എം. സുധീറിനും പങ്കാളികളായി. കോൺഗ്രസിന്റെ മന്ത്രിമാരെ കുറിച്ച് പാർട്ടി പ്രവർത്തകർ ഉന്നയിച്ച പരാതികൾ അന്വേഷിക്കാൻ സമിതി എന്നായിരുന്നു തീരുമാനം.
പോലീസ് നടപടികളെ കുറിച്ച് മാത്രം അന്വേഷണം എന്ന് വന്നാൽ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയെ നേരിട്ട് കുറ്റപ്പെടുത്തൽ ആവും. അതിനാലാണ് ഇങ്ങനെ ഒരു ഭേദഗതി വരുത്തിയത്. കമ്മറ്റിയുടെ അധ്യക്ഷനായി തെന്നല ബാലകൃഷ്ണപിള്ളയെ നിശ്ചയിച്ചു. ജി. കാർത്തികേയൻ, എം.ഐ. ഷാനവാസ്, ആര്യാടൻ മുഹമ്മദ്, സുധീരൻ എന്നിവർ അംഗങ്ങളായയുള്ള കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1