കേരളത്തെ കണ്ണീരിലാഴ്ത്തിയ മറ്റൊരു ദുരന്തമായിരുന്നു ഇടുക്കി മൂന്നാറിന് സമീപം പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍. അന്ന് ഉരുള്‍ എടുത്തത് എഴുപത് ജീവനുകളാണ്. ഒരു തൊഴിലാളി ഗ്രാമത്തെ തന്നെ ഇല്ലാതാക്കിയ ഉരുള്‍പൊട്ടലില്‍ ഇന്നും നാലുപേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നാലുവര്‍ഷം പൂര്‍ത്തിയാകുമ്പോഴും വലിയ ദുരന്തം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഇന്നും ദുരന്തബാധിതര്‍ മുക്തരായിട്ടില്ല.
2020 ആഗസ്റ്റ് ആറാം തീയതി രാത്രി പത്തരയോടെയാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. മലയടിവാരത്തെ നാല് ലയങ്ങള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. പാതിമണ്ണ് മൂടിയ ലയത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പലരുടേയും പേരുപറഞ്ഞ് വിളിച്ചെങ്കിലും ആരും വിളികേട്ടില്ല. ഇരുട്ടില്‍ എന്താണ് സംഭവിച്ചതെന്നറിയാതെ ദുരന്തം ബാക്കി വെച്ചവര്‍ ഉറക്കെ നിലവിളിച്ച് നേരം വെളുപ്പിച്ചു.
വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതിനാല്‍ രാത്രിയില്‍ നടന്ന സംഭവം പുറം ലോകം അറിഞ്ഞത് പിറ്റേ ദിവസം രാവിലെയാണ്. മറ്റൊരിടത്ത് താമസിച്ചിരുന്ന കണ്ണന്‍ ദേവന്‍ കമ്പനിയിലെ ഒരു ജീവനക്കാരന്‍ പുലര്‍ച്ചെ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. അയാള്‍ കിലോമീറ്ററുകളോളം നടന്ന് രാജമലയിലെത്തി കമ്പനി അധികൃതരെ വിവരം അറിയിച്ചു.
കമ്പനി അധികൃതര്‍ അഗ്നിരക്ഷ സേനയേയും പൊലീസിനെയും ബന്ധപ്പെട്ടു. പെരിയവര പാലം കനത്ത മഴയില്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവ സ്ഥലത്തെത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഇതിനിടെ രാജമല ഡിവിഷനിലെ തോട്ടം തൊഴിലാളികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു.
ഗുരുതരമായി പരിക്കേറ്റ 12 പേരെ രക്ഷപ്പെടുത്തി. വൈകാതെ രക്ഷാപ്രവര്‍ത്തക സംഘവും സ്ഥലത്തെത്തി. പിന്നെ കണ്ടത്ത് കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമായിരുന്നു. ദുരന്തനിവരണ സേനയും സര്‍ക്കാര്‍ വകുപ്പുകളും ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും കൈകോര്‍ത്തു. ശക്തമായ മഴയെ വകവയ്ക്കാതെ 19 ദിവസം നീണ്ട തെരച്ചില്‍. ദുരന്ത സ്ഥലത്തു നിന്നും 14 കിലോമീറ്റര്‍ ദൂരത്തു നിന്നു വരെ രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ഗര്‍ഭിണികള്‍, മാതാപിതാക്കളെ കെട്ടിപ്പിടിച്ച് കിടക്കുന്ന കുഞ്ഞുങ്ങള്‍, ഇരുന്ന ഇരുപ്പില്‍ മണ്ണില്‍ പുതഞ്ഞു പോയ മനുഷ്യന്‍ എന്നിങ്ങനെ 66 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. എഴുപത് പേര്‍ മരിച്ചെങ്കിലും അതില്‍ 66 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കിട്ടിയത്. നാലു പേര്‍ ഇപ്പോഴും കാണാമറയത്താണ്.
മുഖ്യമന്ത്രി നേരിട്ടെത്തി സ്ഥലം സന്ദര്‍ശിച്ചു. പുനരധിവാസം അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. കുറ്റിയാര്‍ വാലിയില്‍ ആറുമാസം കൊണ്ട് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി ദുരന്തബാധിതരെ പുനരധിവസിപ്പിച്ചു. മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാര്‍ഥികളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുത്തു. മക്കളും മണ്ണടിഞ്ഞപ്പോള്‍ വാര്‍ദ്ധക്യത്തില്‍ അനാഥത്വം പേറേണ്ടി വന്ന മാതാപിതാക്കള്‍. അച്ഛനമ്മമാരെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികള്‍. എല്ലാം നഷ്ടപ്പെട്ട് ഒറ്റയ്ക്കായി പോയ ചിലരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
അവരെല്ലാം ജീവിതം തിരികെ പിടിക്കുമ്പോഴും മണ്ണടിഞ്ഞ ശ്മശാന ഭൂമിയായി മാറിയ പെട്ടിമുടി ദുരന്തം പെയ്തിറങ്ങിയ കറുത്ത രാത്രിയുടെ ഭീതിതമായ ഓര്‍മ്മയായി ഇവര്‍ക്കുള്ളില്‍ ഇപ്പോളും ഉണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1