കേരളത്തിലെ ജനങ്ങൾ നേരിടുന്ന പല ഗുരുതര പ്രശ്‌നങ്ങളും പാർശ്വവത്കരിക്കപ്പെടുകയാണ്. ഉപതെരഞ്ഞെടുപ്പു കാലത്ത് ഉരുത്തിരിയുന്ന വിവാദങ്ങൾ പ്രധാന വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള തന്ത്രങ്ങളായിപ്പോലും കണക്കാക്കപ്പെടുന്നു. ഉപതെരഞ്ഞെടുപ്പു രംഗം ഉഷാറായതോടെ അപവാദപ്രചാരണങ്ങളുടെയും ആരോപണശരങ്ങളുടെയും കൂരമ്പുകൾ നാനാഭാഗത്തുനിന്നും തൊടുക്കുകയാണ്.
നവംബർ അഞ്ചിനു ചൊവ്വാഴ്ച അർധരാത്രി പാലക്കാട്ടെ ഒരു ഹോട്ടലിൽ നടന്ന പോലീസ് തെരച്ചിലും തുടർന്നുണ്ടായ വാദകോലാഹലങ്ങളും കലാശക്കൊട്ട് കൂടുതൽ സംഘർഷപൂരിതമാക്കും. കോൺഗ്രസിലെ അറിയപ്പെടുന്ന വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാനും ബിന്ദുകൃഷ്ണയും താമസിച്ചിരുന്ന മുറികളിലുൾപ്പെടെയാണ് അർധരാത്രി യൂണിഫോമിലും അല്ലാതെയും എത്തിയ പോലീസ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിയത്. മുൻ എം.എൽ.എ ആണ് ഷാനിമോൾ ഉസ്മാൻ. ഇരുവരും ഇപ്പോഴും കോൺഗ്രസിലെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നവരാണ്.
കള്ളപ്പണം ഒളിപ്പിച്ചിട്ടുണ്ടെന്ന പരാതിയെത്തുടർന്നായിരുന്നു പരിശോധന എന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ വനിതാ നേതാക്കൾ താമസിച്ച മുറിയിൽ നിന്ന് യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പരിശോധനയ്ക്കുശേഷം എ.എസ്.പി അശ്വതി ജി.ജി. പറഞ്ഞത്. താൻ എക്‌സ് എം.എൽ.എ ആണെന്നും വനിതാ പോലീസ് വരാതെ മുറിക്കുള്ളിൽ പരിശോധന നടത്താൻ സാധിക്കില്ലെന്നും തിരിച്ചറിയൽ കാർഡ് കാണിക്കണമെന്നും ഷാനിമോൾ ഉസ്മാൻ കർശനമായി പറഞ്ഞതിനെത്തുടർന്നാണ് വനിതാ പോലീസുകൂടി എത്തി പരിശോധന നടത്തിയത്. പരിചയസമ്പന്നയായൊരു രാഷ്ട്രീയ പ്രവർത്തകയ്ക്ക് ഇങ്ങനെ പറയാനായേക്കും. പക്ഷേ സാധാരണക്കാരായ എത്ര സ്ത്രീകൾക്ക് അതു സാധിക്കും? അഥവാ അങ്ങിനെ പറഞ്ഞാൽ അത് ആരു ഗൗനിക്കും? സ്ത്രീസൗഹൃദമെന്നൊക്കെ പറയുന്ന നമ്മുടെ സംസ്ഥാനത്തെ സ്ഥിതി ഇതാണ്.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നുകഴിഞ്ഞാൽ പോലീസും ചില പ്രത്യേക നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട പരിശോധനയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആദ്യം എന്തുകൊണ്ട് ഒഴിവാക്കി എന്ന ചോദ്യത്തിന് ഉത്തരമില്ല. പല ചോദ്യങ്ങൾക്കും ഉത്തരമില്ലാതെപോകുമ്പോൾ തൊടുന്യായങ്ങൾ ഉയർത്തി അതൊക്കെ തട്ടിക്കളിക്കും. പക്ഷേ ദൂരൂഹമായ ചില നീക്കങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കും. ജനത്തെ അങ്ങനെ ആശയക്കുഴപ്പത്തിൽ നിർത്തി നേട്ടമുണ്ടാക്കുന്നവരുമുണ്ട്. അവർ നിശ്ചയിക്കുന്ന അജൻഡകളും അവർ പ്രചരിപ്പിക്കുന്ന നുണകളും നമ്മുടെ പൊതുജീവിതത്തെ മലീമസമാക്കിക്കൊണ്ടിരിക്കും.
സിൽവർ ലൈൻ പദ്ധതി നിലവിലെ സാഹചര്യത്തിൽ നടക്കില്ല എന്ന് ഏറക്കുറെ ഉറപ്പാണെങ്കിലും അതു നടപ്പാക്കുമെന്ന് ചിലർക്ക് എന്തോ നിർബന്ധമുള്ളതുപോലെയാണ്. ഡൽഹിയിൽ പോകുന്ന സന്ദർഭങ്ങളിലെല്ലാം സംസ്ഥാന സർക്കാർ ഇക്കാര്യം അവതരിപ്പിക്കും. കേന്ദ്രമാകട്ടെ ഇക്കാര്യത്തിൽ ഒളിച്ചുകളി നടത്തുകയാണ്. ഈയിടെ കേരളത്തിലെത്തിയ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് സിൽവർ ലൈൻ വിഷയം വീണ്ടും എടുത്തിട്ടു. രൂപരേഖയിലെ പരിസ്ഥിതി സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചാൽ കേരളത്തിലെ സിൽവർ ലൈൻ പദ്ധതിയുടെ അംഗീകാരത്തിനും തുടർനടപടികൾക്കും കേന്ദ്രം സന്നദ്ധമാണെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. നിലവിലെ രൂപരേഖ പ്രായോഗികമല്ലെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നിട്ടും എന്തിനാണ് ഇപ്പോൾ ഈ വിഷയം എടുത്തിട്ട് ജനത്തെ ആധി പിടിപ്പിക്കുന്നത്
പതിനായിരക്കണക്കിന് കുടുംബങ്ങൾ കുടിയിറക്കപ്പെടുകയും കൃഷിയിടങ്ങളും വ്യാപാരസ്ഥാപനങ്ങളും ഇല്ലാതാവുകയും ചെയ്യുന്ന ഈ റെയിൽപദ്ധതിയുടെ ജനവിരുദ്ധത ഇതിനോടകം എല്ലാവർക്കും വ്യക്തമായിട്ടുള്ളതാണ്. രാഷ്ട്രീയ താത്പര്യങ്ങൾക്കുവേണ്ടിയും ഹിഡൺ അജണ്ടകൾ നടപ്പാക്കാനും ഇത്തരം പദ്ധതികൾ ഉപയോഗിക്കപ്പെടുന്നു. കേരളത്തെ രണ്ടായി വിഭജിക്കുന്ന ഈ റെയിൽപാത അതിഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പ് പണ്ടേ നൽകിയിരുന്നു.
മുനമ്പത്ത് തങ്ങൾ വിലകൊടുത്തു വാങ്ങിയ കിടപ്പാടം വക്കഫിന്റെ പേരിൽ നഷ്ടപ്പെടുന്നതിനെതിരേ അറുനൂറോളം കുടുംബങ്ങൾ പ്രതിഷേധം തുടങ്ങിയപ്പോൾ പലരും അതു ശ്രദ്ധിച്ചില്ല. അവരുടെ ദയനീയത കണ്ട മനുഷ്യസ്‌നേഹികൾ പിന്തുണയുമായി അവിടേക്ക് ഓടിക്കൂടിയപ്പോൾ പലർക്കും ഇരിക്കപ്പൊറുതി ഇല്ലാതായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തി. സർക്കാർ ഇടപെടുമെന്നു ഗോവിന്ദനും സർക്കാർ വിചാരിച്ചാൽ പത്തുമിനിറ്റിനകം പരിഹരിക്കാവുന്ന വിഷയമാണിതെന്നു സതീശനും പറയുന്നു. ഒറ്റ ദിവസം കൊണ്ടു തീർക്കാവുന്ന പ്രശ്‌നമാണ് ഇതെന്നു മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ഇതൊക്കെയാണെങ്കിലും പരിഹാരം ഉണ്ടാകുന്നില്ല. ഇത്തരം കാര്യങ്ങളൊക്കെ പറഞ്ഞു തീർക്കാൻ മാത്രമല്ല, ഭാവിയിൽ കുഴപ്പങ്ങളുണ്ടാകാത്തവിധം ശാശ്വത പരിഹാരം കാണുന്നതിനുമാണ് സർക്കാർ ശ്രമിക്കേണ്ടത്. അതിന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രസ്താവനകൾ മാത്രം പോരാ.
കേന്ദ്ര സർക്കാരിന്റെ വക്കഫ് നിയമഭേദഗതിക്കേതിരേ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയ കേരള നിയമസഭയ്ക്ക് എങ്ങിനെ ഇക്കാര്യത്തിൽ നീതി പുലർത്താനാവും? നിയമനിർമാണസഭയിൽ ഈ നിയമത്തിന്റെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടാൻ ഒരു നിയമസഭാംഗത്തിനും കഴിയാതെ പോയത് എന്തുകൊണ്ടാണ്? ഏറെ ഗൗരവത്തോടെ കാണേണ്ട ഈ വിഷയത്തോടുള്ള വിരസതയ്ക്കു പിന്നിൽ രാഷ്ട്രീയക്കാരുടെ ഇടുങ്ങിയ സ്വാർഥതാത്പര്യങ്ങൾ തന്നെയാണുള്ളത്. അതവർ മറച്ചുവയ്ക്കുന്നു. ഇതിനിടെ കിട്ടിയ തക്കത്തിന് രാഷ്ട്രീയ മുതലെടുപ്പു നടത്താനും മറ്റൊരുവിഭാഗം രംഗത്തുണ്ട്.
2021ലെ കൊടകര കുഴൽ പണക്കേസ് വീണ്ടും സജീവമായി. നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം എന്നു വിശേഷിപ്പിക്കപ്പെട്ട ഈ കുഴൽപണക്കേസ് ഒതുക്കിത്തീർക്കാൻ പല ശ്രമങ്ങളും നടന്നു. ഇതിന്റെ നാൾവഴി പരിശോധിക്കുന്നവർക്കെല്ലാം ഇക്കാര്യം വ്യക്തമാകും. പുതിയ വെളിപ്പെടുത്തലുകൾ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനുള്ളിലെ പടല പിണക്കങ്ങളും വ്യക്തമാക്കുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹവാലാപണം ഒഴുകിയിട്ടുണ്ടന്നു പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലും പറയുന്നുണ്ട്.
പൊതുതെരഞ്ഞെടുപ്പു ചൂടിലും രാഷ്ട്രീയവിവാദങ്ങളിലും കൊടും കുറ്റകൃത്യങ്ങളിലും കേരളം ഉരുകുമ്പോൾ വസ്തുതകൾ പലതും തമസ്‌കരിക്കപ്പെടുന്നു. വിലാപങ്ങൾ വിസ്മരിക്കപ്പെടുന്നു. വയനാട്ടിലെ ചൂരൽമലയിലും മുണ്ടകൈയിലും കോഴിക്കോട് വിലങ്ങാട്ടും ഉണ്ടായ ഉരുൾപൊട്ടലിന്റെ ബാക്കിപത്രമായി ദുരിത ജീവിതം നയിക്കുന്നവരെ നാം കാണാതെപോകുന്നു. മുനമ്പത്ത് കുടിയിറക്കു ഭീഷണി നേരിടുന്നവരെയും പലരും കാണുന്നില്ല. ജനവാസ മേഖലകൾ ഇഎസ്എയിൽ ഉൾപ്പെടുത്താനുള്ള നീക്കവും ഇതിനിടെ നടക്കുന്നു.
വയനാട് ദുരത്തിൽ ജീവൻ പൊലിഞ്ഞവർ നാനൂറിലേറെ. പലരുടെയും മൃതദേഹങ്ങൾ പോലും കണ്ടെത്തിയിട്ടില്ല. കാണാതായ അമ്പതോളം പേരുടെ മരണസർട്ടിഫിക്കറ്റുപോലും ഇതുവരെ ബന്ധുക്കൾക്ക് കിട്ടിയിട്ടില്ല. വീട് ഇരുന്നിടത്ത് അതിന്റെ അടിത്തട്ട്‌പോലും അവശേഷിക്കാതെ വഴിയാധാരമായവർ ഇപ്പോഴും വഴിയോരത്തുതന്നെ. വാടകവീടുകളിൽ ഇവർ എത്രകാലം കഴിഞ്ഞുകൂടും? അവരെ പുനരധിവസിപ്പിക്കേണ്ടതും പുതിയൊരു ജീവിതം നൽകേണ്ടതും നാടിന്റെകൂടി ബാധ്യയയല്ലേ? കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് ഇക്കാര്യത്തിൽ തുല്യ ഉത്തരവാദിത്തമാണുള്ളത്.
വയനാട് ഉരുൾപൊട്ടൽ എൽ 3 വിഭാഗത്തിലുള്ള അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയാണ് ഇതു നിശ്ചയിക്കുന്നത്. അതിന് അന്താരാഷ്ട്ര മാനദണ്ഡങ്ങളുണ്ട്. എൽ 3 വിഭാഗത്തിൽ ഉൾപ്പെട്ടാൽ ദുരിതാശ്വാസ സഹായത്തിൽ വർധനയുണ്ടാകും. വിദേശ സഹായം ലഭിക്കാനും സാധ്യതയുണ്ട്. ഇതൊക്കെ കണക്കിലെടുത്ത് കാര്യങ്ങൾ എത്രയുംവേഗം തീരുമാനിക്കുകയല്ലേ വേണ്ടത്. അതിന് രാഷ്ട്രീയക്കാർക്കും നേതാക്കൾക്കും എവിടെ സമയം. അവർ വിവാദങ്ങളുടെ പിന്നാലെയല്ലേ. മാധ്യമങ്ങളും അതിനു പിറകേതന്നെ. ദുരിതബാധിതരുടെ രോദനം കാട്ടിക്കൊണ്ടിരുന്നാൽ റേറ്റിംഗ് താഴെപ്പോകുമെന്നതിനാൽ പുതിയ വിഷയങ്ങൾ തേടി അവർ പായുന്നു. ചൂരൽമല ഭാഗത്ത് 1,043 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. പക്ഷേ വിദഗ്ധ സമിതി റിപ്പോർട്ട് വന്നതോടെ പകുതിയിലേറെ കുടുംബങ്ങൾ അതിൽനിന്നു പുറത്തുപോകുന്ന ലക്ഷണമാണ്.
സ്വന്തം കാര്യം വരുമ്പോൾ മാത്രം ഉണരുന്ന സ്വഭാവമാണു മലയാളിക്കു പൊതുവേയുള്ളത്. മുനമ്പമായാലും മുണ്ടകൈ ആയാലും തങ്ങളെ ബാധിക്കാത്ത പ്രശ്‌നത്തോട് മിക്കവർക്കും നിസംഗത തന്നെ. ദൃശ്യമാധ്യമങ്ങളിലെ അന്തിച്ചർച്ചകളിലും നവമാധ്യമങ്ങളിലെ പോരാട്ടത്തിനും മുഴുകി അവർ സായൂജ്യമടയും. ഭരണാധികാരികളും നേതാക്കളുമാകട്ടെ തങ്ങളുടെ സ്ഥാനമാനങ്ങളുടെയും സ്വാർഥ താത്പര്യങ്ങളുടെയും പിറകെ പായുന്നു. ആരോപണ പ്രത്യാരോപണങ്ങൾ നടത്തി എതിരാളികളെ അടിച്ചിരുത്താൻ ശ്രമിക്കുന്നു. ഇവിടെയെല്ലാം അവഗണിക്കപ്പെടുന്നത് പാവപ്പെട്ട മനുഷ്യരുടെ രോദനങ്ങളാണ്.
സെർജി ആന്റണി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1