കർഷകർ വീണ്ടും രണ്ടും കൽപ്പിച്ച് യുദ്ധമുഖത്ത് ഹിന്ദി മേഖലയിൽ ബി.ജെ.പിക്ക് അങ്കലാപ്പ്

FEBRUARY 14, 2024, 12:20 PM

പ്രധാനമന്ത്രിയായതിന് ശേഷം പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമർത്തി ഭരിച്ചുപോന്ന നരേന്ദ്ര മോദിയുടെ അഹന്തയ്ക്ക് കിട്ടിയ ഏറ്റവും വലിയ പ്രഹരങ്ങളിലൊന്നായിരുന്നു 2020ൽ തുടങ്ങി 2021ൽ അവസാനിച്ച കർഷക സമരം. ഇനി വീണ്ടുമൊരു കർഷക സമരം വരുമ്പോൾ അതെങ്ങിനെ ആയിത്തീരും എന്ന ആശങ്ക വിട്ടൊഴിയുന്നില്ലെന്നു ചുരുക്കം.

എന്തും വരട്ടെ എന്ന ഭാവത്തിലാണ് കർഷകർ. രണ്ട് വർഷ മുൻപ് രേഖാമൂലം നൽകാമെന്ന് വാഗ്ദാനം ചെയ്ത ആവശ്യങ്ങൾ ഒന്നുപോലും നടപ്പാക്കാത്ത സാഹചര്യത്തിൽ ഇങ്ങനെയൊരു സമരമല്ലാതെ മറ്റ് മാർഗമില്ലെന്നാണ് കർഷകർ പറയുന്നത്. വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം, സ്വാമിനാഥൻ കമ്മീഷനിലെ നിർദേശങ്ങളായ കാർഷിക പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നടപ്പിലാക്കണം, മുമ്പ് നടന്ന കർഷക സമരത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം, ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ടവർക്ക് നീതി നടപ്പിലാക്കണം, കാർഷിക കടങ്ങൾ എഴുതിത്തള്ളണം, സ്വതന്ത്രവ്യാപാര കരാറുകൾ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ കൂടി ഉന്നയിച്ചുകൊണ്ടാണിപ്പോൾ സമരം തുടങ്ങിയിരിക്കുന്നത്.

സംയുക്ത കിസാൻ മോർച്ചയടക്കം 200ഓളം കർഷക സംഘടനകളാണ് സമര രംഗത്തുള്ളത്. കർഷകർ സംഘടിച്ച്  ഫത്തേഗഡ് സാഹിബിൽനിന്ന് രൂപമാറ്റം വരുത്തി, ശേഷികൂടിയ അഞ്ഞൂറോളം ട്രാക്ടറുകളിലാണ് ഡൽഹി ലക്ഷ്യമാക്കി ഇറങ്ങിയിരിക്കുന്നത്. പഞ്ചാബിലൂടെ സുഗമമായി നീങ്ങിയ ട്രാക്ടറുകളെ ഹരിയാന അതിർത്തിയിൽ പോലീസ് തടഞ്ഞു. പലയിടത്തും യുദ്ധ സമാനമായ രീതിയിലാണ്  പോലീസ് കർഷകര നേരിടുന്നത്. വൻ സംഘർഷത്തിന് ഇത് കാരണമായി.
എങ്ങിനേയും മൂന്നാം വട്ട ഭരണത്തിന് വേണ്ടി കച്ചമുറുക്കിയ ബി.ജെ.പിയുടെ തേരോട്ടത്തിന് ഈ രണ്ടാം വട്ട കർഷകസമരം വിലങ്ങുതടിയാകുമോ..?
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് ഗ്രാമങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് ഉരുണ്ടുവന്ന ട്രാക്ടറുകളുടെ മുഴക്കം ഇപ്പോഴും നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ഉറക്കം കെടുത്തുന്നുണ്ടാകണം..!

vachakam
vachakam
vachakam

കഴിഞ്ഞ കുറച്ചുദിവസമായി നടക്കുന്ന നീക്കങ്ങളിൽ നിന്ന് അങ്ങിനെയാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഫെബ്രുവരി 13 എന്ന ദിവസത്തെ മറികടക്കാൻ പടുകൂറ്റൻ പോലീസ് സന്നാഹങ്ങൾ, ഇന്റർനെറ്റ് നിരോധനം, മാരത്തോൺ ചർച്ചകൾ, ഭാരത് രത്‌ന പ്രഖ്യാപനം.. എന്താണ് ഇങ്ങനെയോരു ഭയത്തിന് കാരണം? ശൈത്യകാലത്തിന്റെ അവസാന നാളുകളിൽ മൂടൽ മഞ്ഞിടിഞ്ഞു കിടക്കുന്ന ഗ്രാമാന്തരങ്ങളിൽ നിന്ന് കർഷകർ വീണ്ടും ഡൽഹിയിലേക്ക് വരുന്നു. രണ്ടാം കർഷക പ്രക്ഷോഭത്തിന്റെ തുടക്കമായി ഈ വരവ് മാറുമെന്ന് ബി.ജെ.പി ഭയക്കുന്നു. അതുകൊണ്ടാണ്, ഈ തത്രപ്പാടുകളത്രയും.
പ്രധാനമന്ത്രിയായതിന് ശേഷം വാക്കിന് എതിർവാക്കില്ലാതിരുന്ന, പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമർത്തി ഭരിച്ചുപോന്ന നരേന്ദ്ര മോദിയുടെ അഹന്തയ്ക്ക് കിട്ടിയ ഏറ്റവും വലിയ പ്രഹരങ്ങളിലൊന്നായിരുന്നു 2020ൽ തുടങ്ങി 2021ൽ അവസാനിച്ച കർഷക സമരം.

 സമരത്തിന് പിന്നിൽ രാജ്യദ്രോഹികളാണെന്നും നക്‌സലുകളാണെന്നുമുള്ള അമിത് ഷായുടെ സ്ഥിരം പ്രചാരണങ്ങളൊന്നും കർഷക രോഷത്തിന് മുന്നിൽ വിലപ്പോയില്ല. ഒടുവിൽ വിവാദമായ മൂന്നു കാർഷിക ബില്ലുകൾ പിൻവലിച്ച് നരേന്ദ്ര മോദിക്ക് കർഷകരോട് മാപ്പു പറയേണ്ടിവന്നു. 'ഞാൻ രാജ്യത്തെ ജനങ്ങളോട് സത്യസന്ധമായ ഹൃദയത്തോടെ മാപ്പ് ചോദിക്കുന്നു... കർഷകരെ ബോധ്യപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല...' എന്നായിരുന്നു കാർഷിക ബില്ലുകൾ പിൻവലിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് പറഞ്ഞത്.

കർഷകരെ തണുപ്പിക്കാൻ ഭാരതരത്‌നം..?

vachakam
vachakam
vachakam

ലോക്‌സഭയിൽ ഒരൊറ്റ എംപി പോലും ഇല്ലാത്ത, യുപിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നൊരു പാർട്ടിക്ക് വേണ്ടി ബി.ജെ.പി എന്തിനാകും ഇത്രയും വലിയ പ്രേമം അഭിനയിക്കുത്..? ദേശീയ രാഷ്ട്രീയത്തിൽ വലിയ പ്രസക്തിയൊന്നുമില്ലെങ്കിലും ഉത്തർപ്രദേശിലെ കർഷകർക്കിടയിൽ ശക്തമായ തേരോട്ടമുള്ള പാർട്ടിയാണ് ആർ.എൽ.ഡി. കർഷകർക്ക് വേണ്ടി ജീവിച്ച നേതാവെന്ന വികാരം ഇപ്പോഴും ചരൺ സിങ്ങിനെ കുറിച്ച് പശ്ചിമ യുപിയിലെ ഗ്രാമീണ ജനതയ്ക്കുണ്ട്. മാത്രവുമല്ല, ആർ.എൽ.ഡിക്ക് ജാട്ട് വിഭാഗത്തിന്റെ ഇടയിൽ ശക്തമായ സ്വാധീനമുള്ള പാർട്ടിയാണ്.
കർഷക സമരത്തെ തുടർന്ന് ബി.ജെ.പിയോട് ജാട്ട് വിഭാഗത്തിനുണ്ടായ അകൽച്ച പരിഹരിക്കാനാണ് ചരൺസിങ്ങിന് ഭാരതരത്‌നം നൽകിയത്. കർഷക പ്രക്ഷോഭത്തിന് ശേഷം 2022ൽ നടന്ന നിയമയഭ തിരഞ്ഞെടുപ്പ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ തൂത്തുവാരാൻ പറ്റിയെങ്കിലും, ലോക്‌സഭ തിരഞ്ഞെടുപ്പിൽ കർഷക വികാരം മോദിക്ക് എതിരായി തിരിഞ്ഞേക്കാമെന്ന ഭയം ബി.ജെ.പിക്കുണ്ട്.

ഫെബ്രുവരി ഏഴിന് കർഷക സംഘടനകളുമായി കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ട ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പിയുഷ് ഗോയലും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയും കൃഷി മന്ത്രി അർജുൻ മുണ്ടയും കർഷക നേതാക്കളെ കാണാനെത്തി. എന്നാൽ, ഈ ചർച്ചയിലും കർഷകർ വഴങ്ങിയില്ല. ഫെബ്രുവരി 13ന് ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്ന നിലപാടിൽ കർഷക സംഘടനകൾ ഉറച്ചുനിന്നു.ആ ചർച്ച നടത്തിയതിന്റെ പിറ്റേദിവസമാണ്, മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിങിനും പി.വി. നരസിംഹ റാവുവിനും ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. എം.എസ്. സ്വാമിനാഥനും ഭാരത് രത്‌ന ബഹുമതികൾ നൽകുന്നതായി പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്.

കാർഷിക മേഖലയുമായി അടുത്ത ബന്ധമുള്ളവരാണ് ചരൺ സിങും സ്വാമിനാഥനും. ഇവർക്ക് ഭാരത രത്‌ന നൽകിയത് സ്വാഗതം ചെയ്ത കർഷക നേതാവ് രാകേഷ് ടികായത്, പക്ഷേ സമരത്തിൽ നിന്ന് പിൻമാറാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി. ആദ്യ സമരത്തിന്റെ സമയത്തുതന്നെ കർഷക സംഘടനകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ബി.ജെ.പി ശ്രമിച്ചിരുന്നു. ഇപ്പോഴും അത് തുടരുന്നുണ്ട്. എന്നാൽ അതിലൊന്നും വീണുപോകാതെ കർഷകർ ഒറ്റക്കെട്ടായി മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്.

vachakam
vachakam
vachakam

ചരൺസിങ്ങ് ചെയ്തത്..?

ആരാണീ ചരൺ സിങ്ങെന്നറിയേണ്ടെ..? ബി.ജെ.പിയുടെ മുൻ രൂപമായ ജനസംഘവും മറ്റു പ്രധാനപ്പെട്ട സോഷ്യലിസ്റ്റു പാർട്ടികളും ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ അടിയന്തിരാവസ്ഥയെ എതിർത്തുകൊണ്ട് ജനതാ പാർട്ടി രൂപീകരിച്ചു ഭരണത്തിലേറി. മൊറാർജി ദേശായി പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ ഭരണത്തെ അട്ടിമറിച്ചുകൊണ്ട് 1979 ജൂലൈ 28ന് വെറും 64 എംപിമാരുടെ പിന്തുണയോടെ ചരൺ സിങ്ങ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

തങ്ങൾ പുറത്തുനിന്നു സർക്കാരിനെ പിന്തുണയ്ക്കുമെന്ന ഇന്ദിരാ ഗാന്ധിയുടേയും സഞ്ജയ് ഗാന്ധിയുടേയും ഉറപ്പിൻമേൽ ആയിരുന്നു ചരൺ സിങ്ങ്  പ്രധാനമന്ത്രി ആയത്. തനിക്കും മകനും എതിരെയുള്ള എല്ലാ കേസുകളും പിൻവലിച്ചാൽ മാത്രം പിന്തുണ എന്നതായിരുന്നു ഇന്ദിര ഗാന്ധിയുടെ നിബന്ധന. ഇത്  ചരൺ സിങ്ങ് അംഗീകരിച്ചതോടെ, പ്രധാനമന്ത്രി സ്ഥാനാരോഹണം നടന്നു.

174 ദിവസം മാത്രം അധികാരത്തിലിരുന്ന സർക്കാരിന്റെ കാലയളവിൽ ഒരിക്കൽപ്പോലും പാർലമെന്റ് കൂടിയില്ല. പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കേണ്ടതിന്റെ തലേദിവസം ഇന്ദിരാകോൺഗ്രസ് ചരൺ സിങ്ങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. 1979 ഓഗസ്റ്റ് 20ന് ചരൺ സിങ്ങ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. ഇതൊക്കെയാണ് അദ്ദേഹം രാജ്യത്തിന് ചെയ്ത സേവനങ്ങൾ.

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam