മലയാളത്തിലെ നമ്പർവൺ പത്രമാണ് മനോരമ. ചാനലുകളിൽ ഇപ്പോഴും തലപ്പൊക്കം ഏഷ്യാനെറ്റ് ന്യൂസിനു തന്നെ. മലയാള മനോരമയുടെ ഉള്ളടക്കത്തിൽ, രൂപകൽപ്പനയിൽ വന്ന മാറ്റം നല്ലത്. എന്നാൽ ഭരണത്തിലുള്ളവരെ പെട്ടെന്ന് പിണക്കേണ്ടെന്ന നിലപാടിലേക്ക് മനോരമ മാറിയോ? അതുപോലെ ചാനലുകൾ തലേദിവസം രാത്രി ആഘോഷിക്കുന്ന വിഷയങ്ങൾ തത്ക്കാലം പിറ്റേന്ന് പ്രഭാതത്തിൽ പതിപ്പിക്കേണ്ടതില്ലെന്ന നിലപാടും മനോരമ സ്വീകരിച്ചു കാണുന്നുണ്ട്.
ഈ ആമുഖ വാക്കുകൾ പിണറായിയുടേയും കുടുംബത്തിന്റേയും വിദേശ പര്യടനത്തേക്കുറിച്ച് പറയാൻ വേണ്ടിയാണ് കുറിച്ചത്. തിങ്കളാഴ്ച (മെയ് 6) വെളുപ്പിന് മുഖ്യമന്ത്രി നെടുമ്പാശ്ശേരിയിൽ നിന്ന് വിമാനമേറുന്നതുവരെ ഈ സ്വകാര്യയാത്രയെപ്പറ്റി മാധ്യമങ്ങൾക്ക് ഒരു വിവരവും ലഭിച്ചില്ല. മുഖ്യമന്ത്രിയും ഭാര്യയും കൊച്ചുമോനും മകളും മരുമകൻ മന്ത്രിയും കൂടി സ്വകാര്യ സന്ദർശനത്തിനായി പോകുന്നത് ആരേയും അറിയിക്കേണ്ടെന്നാണ് സർക്കാർ നിലപാടെടുത്തത്.
ചൊവ്വാഴ്ച (മെയ് 7) ചാനലുകൾ നീട്ടിയും പരത്തിയും വിഷയം ചർച്ച ചെയ്തിരുന്നു. പക്ഷെ, ബുധനാഴ്ച മനോരമയിൽ കെ. സുധാകരന്റെ ഒരു പ്രസ്താവനയല്ലാതെ മറ്റൊന്നും വായനക്കാർ കണ്ടില്ല. എന്താണ് ഇതിനെല്ലാറ്റിന്റേയും പിന്നിൽ
കേന്ദ്രസർക്കാരും ഒളിച്ചുകളിക്കുന്നുവോ
സാധാരണഗതിയിൽ ഒരു മുഖ്യമന്ത്രി വിദേശ യാത്രയ്ക്ക് മുമ്പുള്ള അനുമതിക്ക് രണ്ടാഴ്ച മുമ്പേയെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ അപേക്ഷ സമർപ്പിച്ചിരിക്കണം. ഈ അപേക്ഷയിലാകട്ടെ ഒപ്പമുള്ളവരുടെ പേര് വിവരങ്ങൾ, സന്ദർശനോദ്ദേശ്യം, വിദേശയാത്രാദിനങ്ങളുടെ എണ്ണം തുടങ്ങിയ കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഇങ്ങനെ രണ്ടാഴ്ച മുമ്പ് ബി.ജെ.പി സർക്കാരിന്റെ മുമ്പിൽ സമർപ്പിച്ച വിദേശ യാത്രാ വിവരങ്ങൾ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും അറിഞ്ഞിരിക്കേണ്ടതാണ്. എന്നാൽ, ചൊവ്വാഴ്ച മാധ്യമങ്ങളിൽ കണ്ട അഭിപ്രായ പ്രകടനങ്ങൾ പ്രധാനമായും മൂന്നു പേരുടേതാണ്.
അതിലൊന്ന് മുരളീധരന്റെ വകയായിരുന്നു. മുഖ്യമന്ത്രിയുടെ യാത്ര സ്‌പോൺസേഡ് യാത്രയാണോ എന്നായിരുന്നു മുരളീധരന്റെ ചോദ്യം. ഈ ചോദ്യത്തിന് ഏറ്റവും ആദ്യം മറുപടി പറയാൻ കഴിയുന്ന കേന്ദ്രമന്ത്രി ഇങ്ങനെയൊരു യമണ്ടൻ ചോദ്യമുന്നയിക്കുമ്പോൾ ആ 'കള്ളക്കടൽ പ്രതിഭാസം' തിരിച്ചറിയാനുള്ള ബുദ്ധി സാധാരണ ജനത്തിനുണ്ട്. രണ്ടാമത്തെ പ്രതികരണം കെ. സുധാകരന്റേതായിരുന്നു. ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ വിദേശ യാത്ര സ്വകാര്യമായാലും അല്ലെങ്കിലും ജനങ്ങൾക്കു മുമ്പിൽ വിശദീകരിക്കേണ്ടിയിരുന്നില്ലേയെന്നാണ് സുധാകരൻ പറഞ്ഞു വച്ചത്.
ഏറ്റവും ഒടുവിലത്തേത് പാർട്ടി ഈ.പിയുടെ പീപ്പി ഊരിയെടുക്കുമെന്ന് മാധ്യമങ്ങൾ പ്രവചിച്ച ഇടതു കൺവീനറാണ്. പക്ഷെ ഈ. പിയുടെ വാക്കുകൾ ഒന്നു റീവൈൻഡ് ചെയ്തു നോക്കിയാൽ യഥാർത്ഥ കാര്യം പിടികിട്ടും. ''മുഖ്യമന്ത്രിയുടെ, സ്വകാര്യ വിദേശ യാത്ര അങ്ങനെ ചെണ്ടകൊട്ടിയറിയിക്കേണ്ട കാര്യമൊന്നുമില്ല. അദ്ദേഹം (മുഖ്യമന്ത്രി) തീരുമാനിക്കുന്നു. പാർട്ടിയോട് പറയുന്നു. തീരുമാനം നടപ്പാക്കുന്നു എന്ന ഈ.പിയുടെ ഡയലോഗിൽ പിണറായിയുടെ പാർട്ടിയിലെ അപ്രമാദിത്വം അദ്ദേഹം തന്നെ അടിവരയിട്ട് പറയാതെ പറയുകയായിരുന്നു.
മന്ത്രിസഭായോഗം പോലും മുടങ്ങി
എല്ലാ ബുധനാഴ്ചയും മന്ത്രിസഭായോഗമുള്ളതാണ്. എന്നാൽ ഇന്ന് (മെയ് 8) മന്ത്രിസഭായോഗമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്തുകൊണ്ട് ക്യാബിനറ്റ് യോഗം മുടങ്ങിയെന്ന ചോദ്യത്തിന് സർക്കാർ വൃത്തങ്ങൾ മൗനം പാലിച്ചു.
കേരളം അതീവ ഗുരുതരമായ വരൾച്ചയുടെ പിടിയിലാണ്. ജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഔദാര്യമാണ്, അവകാശമല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കെ, പെൻഷൻ മുടങ്ങിയതിനെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിമുട്ടിനിൽക്കുകയാണ്. മനോരമയാണെങ്കിൽ വരൾച്ചമൂലം ജനങ്ങളുടെ വരുമാനത്തിൽ വന്നിട്ടുള്ള ഭീമമായ വരുമാന നഷ്ടത്തെപ്പറ്റി തിങ്കളാഴ്ച മുതൽ പരമ്പര തുടങ്ങിയിരുന്നു.
മോട്ടോർ വാഹന വകുപ്പ് സ്വതന്ത്രമായി ഭരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് അനുവദിക്കില്ലെന്ന് മന്ത്രി ഗണേഷ് കുമാറിന് സൂചന കിട്ടിക്കഴിഞ്ഞു. എന്നാൽ 17 ലക്ഷം പേർക്ക് ലഭിക്കാനുള്ള വാഹന രജിസ്‌ട്രേഷൻ കടലാസുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവ എന്നത്തേയ്ക്ക് വിതരണം ചെയ്യാനാവുമെന്ന് മന്ത്രിക്ക് അറിയില്ല. കാരണം, ജനങ്ങളിൽ നിന്ന് ഇതിനായി പിരിച്ച പണം മറ്റ് കാര്യങ്ങൾക്കായി വകമാറ്റി ചെലവിട്ടുകഴിഞ്ഞു. അതുകൊണ്ട് പണം ലഭിച്ചാലേ വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസൻസുമെല്ലാം നൽകാനാവൂ എന്ന നിലപാടിലാണ് അധികൃതർ. 17 ലക്ഷം പേർക്കാണ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസൻസും ഇന്നലെവരെ നൽകാനുള്ളത്. 9000 പേർ ഡ്രൈവിംഗ് ടെസ്റ്റിനായി ക്യൂവിലുണ്ട്.
അദാനിയിട്ട 'പാലം' രക്ഷിച്ചുവോ?
2024 സെപ്തംബറിൽ, ഓണത്തിന് കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം ട്രാൻസ്ഷിപ്പ് ടെർമിനൽ യാഥാർത്ഥ്യമാകും. അതായത്, നാല് മാസം. രാഷ്ട്രീയക്കാർക്ക് ഒരു പൊതുസ്വഭാവമുണ്ട്. ഏത് വികസന പദ്ധതിയായാലും അവർക്ക് കിട്ടാനുള്ള 'വിഹിതം' മുൻകൂർ പെട്ടിയിൽ വീണാലേ രാഷ്ട്രീയക്കാർ കണ്ണുതുറക്കൂ. രാജ്യത്തെ 16 തുറമുഖങ്ങൾ, ബാങ്കുകൾ വെറും ശതമാനം പലിശക്ക് നൽകിയ പണം കൊണ്ട് ഇതിനകം അദാനി സ്വന്തമാക്കിയിട്ടുണ്ട്.
വിഴിഞ്ഞം ഉദ്ഘാടനം ചെയ്യുന്നതോടെ ഇനി സ്വന്തമാക്കാൻ ശേഷിക്കുന്നത് ഒരൊറ്റ തുറമുഖം മാത്രമാണ്. പാവം രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പ് നൽകാതെ മുഖ്യമന്ത്രി കൈവച്ചതോടെ 'കളി' ഏതുവഴി നീങ്ങുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരുന്നു. തമിഴന്റെ ഹോട്ടലിലെ 'പതിവ് പരിപാടി പോലെ' ഊണിനു മുമ്പ് ടിക്കറ്റ്' എന്ന മട്ടിൽ അദാനിയാണെങ്കിലും അംബാനിയാണെങ്കിലും ഞങ്ങൾക്കുള്ളത് നേരത്തെ പോരട്ടെയെന്ന് രാഷ്ട്രീയക്കാർ ചിന്തിക്കുമെന്ന കാര്യം തീർച്ചയാണ്.
ഇടത് 'ഉണ്ടെ'ങ്കിലേ ഇന്ത്യയുള്ളൂ
ഇടത് ഉണ്ണാൻ ഇലയിട്ടിരിക്കുന്നില്ലെങ്കിലും ഇന്ത്യാ സഖ്യത്തെക്കുറിച്ച് ചില സങ്കല്പ്പങ്ങൾ സീതാറാം യെച്ചൂരിയെ പോലെയുള്ളവർക്കുണ്ട്. തൂക്കുസഭ വന്നാൽ, പ്രധാനമന്ത്രിപദം വരെ ബി.ജെ.പിയോട് ചോദിക്കാൻ തൃണമൂൽ കാത്തിരിക്കുകയാണ്. ഇതിനിടെ, രാഹുലിന്റെ റായ്ബറേലി രംഗപ്രവേശം മോദി പ്രതീക്ഷിക്കാത്തതാണ്. ഹരിയാനയിൽ ബി.ജെ.പി മന്ത്രി സഭ പോലും താഴെ വീഴുമെന്ന മട്ടിലാണ് കാര്യങ്ങൾ. എന്നാൽ, എട്ട് വർഷമായി ഇടതു മുഖ്യമന്ത്രിയായി വാണരുളുന്ന പിണറായി വിജയൻ ഒരിക്കൽ പോലും ബി.ജെ.പി. ഭരിക്കുന്ന ഒരൊറ്റ സംസ്ഥാനത്തും ഇത്തവണ പ്രചരണത്തിനു പോയില്ലെന്നത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുന്നു.
അതായത് മോദിയുമായി കേരളാ സി.പി.എം. ഒത്തുകളിക്കുന്നുണ്ടോ എന്ന സന്ദേഹമുയരുന്നുണ്ട്. ഈ.പിയുടെ മകന്റെ വീട്ടിൽ ജാവേഡ്ക്കർ ചായകുടിക്കാൻ കയറാൻ കഴിയുന്നവിധം അടുപ്പത്തിലാണോ സംസ്ഥാന നേതാക്കൾ? കേരള സി.പി.എം ന്റെ 'ഡബിൾ റോൾ' സി.പി.ഐയെ ചൊടിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പിയുടെ പ്രകാശ് ജാവേഡ്ക്കർ ഈ.പിയുടെ മകന്റെ വീട്ടിലെ 'ചായക്കട' കണ്ടെത്തിയതിലെ ദുരൂഹതയും ഇടതു മന്ത്രിസഭയിലെ ഘടക കക്ഷികൾ തിരിച്ചറിഞ്ഞിട്ടുമുണ്ട്. എന്നാൽ ജെ.ഡി.എസ്, എൻ.സി.പി. തുടങ്ങിയവയെല്ലാം അവരവരുടെ പാർട്ടികളിലെ ആഭ്യന്തര പ്രശ്‌നങ്ങളാൽ ദുർബലരാണ്. ഈ സമയത്ത് സി.പി. എമ്മുമായി ഒരു ഏറ്റുമുട്ടലിന് അവർ തയ്യാറുമല്ല.
അവകാശ വാദങ്ങൾ തുടരുന്നുണ്ട്, പക്ഷേ?
ലോക്‌സഭാ ഇലക്ഷൻ ഫലം ജൂൺ 4ന് പുറത്തുവരുമ്പോൾ, ബി.ജെ.പി.യുടെ 400 സീറ്റ് എന്ന സ്വപ്‌നം സാധ്യമാവില്ലെന്ന് വ്യക്തമായിരിക്കുകയാണ്. എന്നാൽ കേരളത്തിൽ സുരേഷ് ഗോപിയെങ്കിലും ജയിക്കണ്ടേയെന്ന് ബി.ജെ.പിയിലെ സംസ്ഥാന നേതാക്കൾ ഒഴിച്ച് മറ്റുള്ളവർ പ്രാർത്ഥിക്കുന്നുണ്ട്. കോൺഗ്രസിന്റെ സ്ഥിരം സീറ്റായ തൃശൂരിൽ കെ. മുരളീധരൻ ജയിച്ചില്ലെങ്കിൽ രണ്ടുവർഷം കഴിഞ്ഞ് നടക്കേണ്ട നിയമസഭാ തെരഞ്ഞടുപ്പിൽ മുരളീധരന് സീറ്റ് നൽകേണ്ടിവരും.
അതുകൊണ്ട്, മുരളീധരനെ ''വെള്ളി മൂങ്ങ'' സിനിമാക്കഥ പോലെ ജയിപ്പിച്ചു വിടുമോ തൃശൂരിലെ കോൺഗ്രസുകാർ? എല്ലാം മനപ്പായസമാണെന്നു പറയുമ്പോഴും ആ കണക്കുകൂട്ടലിൽ ഒരു കള്ളത്തരം ഒളിഞ്ഞിരിപ്പില്ലേയെന്ന് ചിന്തിച്ചു കൊണ്ടിരിക്കാം, അത്രതന്നെ.
ആന്റണി ചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1