കൊളോണിയൽ ഭരണവും ഇന്ത്യൻ ഭരണകൂടവും നടത്തിയ വിഭജനത്തിന്റെ ഇരകളാണ് മണിപ്പൂരിലെ മെയ്‌തെയ് കുക്കി സമൂഹങ്ങൾ. ഇന്ത്യൻ ഭരണകൂടവും വിവിധ രാഷ്ട്രീയ സായുധ സംഘങ്ങളും തമ്മിലുള്ള ദീർഘകാല ഏറ്റുമുട്ടലിൽ നിന്നാണ് പുറംലോകം അറിയുന്ന മണിപ്പൂരിലെ സംഘർഷങ്ങൾ ഉടലെടുത്തത്.
മണിപ്പൂരിലെ സ്ഥിതി ഏറെ ഗുരുതരമാണ്. 1947ലെ ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തെത്തുടർന്നു നടന്ന ദുരിതങ്ങളുടെ നേർപതിപ്പ് ഇപ്പോൾ മണിപ്പൂരിൽ കണ്ടുകൊണ്ടിരിക്കുന്നത്. സാമുദായിക സംഘർഷം മൂലം 60,000ത്തിലധികം ആളുകൾ ഭവനരഹിതരായി, ഈ അവസ്ഥ സ്വതന്ത്ര ഇന്ത്യയിൽ മുമ്പെങ്ങും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്ക് പോലും ചില പ്രദേശങ്ങൾ സന്ദർശിക്കാനോ ഒരു കാബിനറ്റ് അംഗത്തിന് ഇംഫാലിലേക്ക് പോകാനോ പോലും കഴിയില്ല. അതെസമയം പല ഉദ്യോഗസ്ഥ നിയമനങ്ങളും സൈന്യത്തിന്റെ ഇടപെടലുകളും വർഗീയ അടിസ്ഥാനത്തിലാണ് നടക്കുന്നത്.
എങ്ങനെയാണ് നമ്മുടെ രാജ്യത്തിന് ഇത്തരം അരാജകത്വം അനുവദിക്കാൻ കഴിയുക?
ഇങ്ങനെ ചോദിക്കുന്നത് മറ്റാരുമല്ല, മണിപ്പൂരിൽ നിന്നുള്ള എം.പി. ഡോ. അംഗോംച ബിമൊൽ അകൊയ്ജം ആണ്. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിലെ അസോസിയേറ്റ് പ്രൊഫസറും ചലച്ചിത്രകാരനുമാണ് അദ്ദേഹം. ഈ അടുത്ത് കോൺഗ്രസ് രാഷ്ട്രീയത്തിൽ ചേർന്ന അകൊയ്ജം 2024ലെ പാർലമെന്റെ് തെരഞ്ഞെടുപ്പിൽ മണിപ്പൂരിലെ ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ നിന്ന് 18-ാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാൾ.
സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ തികഞ്ഞ പരാജയമാണ്. ഇന്ന് മണിപ്പൂരിൽ ആർട്ടിക്കിൾ 355 ചുമത്തുമ്പോൾ, നാളെ മറ്റേതൊരു ഇന്ത്യൻ സംസ്ഥാനത്തും ഇത് ഉപയോഗിക്കാം. ക്രമസമാധാനം ഉറപ്പുവരത്തേണ്ട സംവിധാനമായ ഏകീകൃത ആസ്ഥാനത്തിന്റെ (The Unified Headquarters) തലപ്പത്തു നിന്നും മുഖ്യമന്ത്രിയെ മാറ്റി മണിപ്പൂരിൽ ഒരു പരിചയവുമില്ലാത്ത ഒരാളെ നിയമിച്ചിരിക്കുകയാണ്. ക്രമസമാധാനം ഉറപ്പു വരുത്തേണ്ടത് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങാണോ അതോ കേന്ദ്രസർക്കാരാണോ എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിലേക്ക് അത് വിരൽ ചൂണ്ടുന്നു.
ക്രമസമാധാനം ഒരു സംസ്ഥാന വിഷയമാണ്, എന്നിട്ടും ഫെഡറൽ ഘടനയെ ഇല്ലാതാക്കുന്ന രീതിയിൽ കേന്ദ്ര സർക്കാർ അതിൽ ഇടപെടുകയാണ്. സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗിനെ മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെ കേന്ദ്രസർക്കാർ നിയമിച്ചു. ഈ സാഹചര്യം മണിപ്പൂരിൽ മാത്രം നടക്കുന്ന കാര്യമാണ്, ഇത് ഭരണഘടനാ മാനദണ്ഡങ്ങളുടെ ദുരുപയോഗത്തെ സൂചിപ്പിക്കുന്നു. ഇത് ഭരണഘടനാ വിരുദ്ധവും ജുഡീഷ്യറിയുടെ ചട്ടങ്ങൾക്ക് വിരുദ്ധവുമായ അധികാര കേന്ദ്രീകരണമാണ്. ബിരേൻ സിങ്ങിനെ താൻ കുറ്റപ്പെടുത്തുകയല്ല; അദ്ദേഹം ഒരു പാവ മാത്രമാണ്. അദ്ദേഹത്തെ ബലിയാടാക്കി മോദിയും അമിത് ഷായും സ്വയം രക്ഷ നേടുകയാണെന്നു കൂടി പറയാൻ ഡോ. അംഗോംച ബിമൊൽ മടിക്കുന്നില്ല.
ഈ പാർലമെന്റ് മെമ്പർ മറ്റൊരു വിശ്വാസത്തെക്കൂടി തിരുത്തിക്കുറിക്കുന്നു. രാഷ്ട്രീയത്തെ അവസാനത്തെ അഭയസ്ഥാനമായി കരുതേണ്ടത് സാമൂഹ്യവിരുദ്ധരല്ല, മറിച്ച് സമൂഹനന്മയിൽ തൽപരരായ നല്ല മനുഷ്യരാണ് എന്ന് കരുതുന്ന ആളാണ് ഡോ. ബിമൽ അകോയ്ചം.
മണിപ്പൂരിൽ ജനിച്ചു വളർന്ന അദ്ദേഹം കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മണിപ്പൂരിൽ മത്സരിച്ചു. കലാപത്തിന്റെ കടുത്ത വേദന പേറുന്ന മണിപ്പൂരുകാർ, ചരിത്രത്തിലെങ്ങും കണ്ടിട്ടില്ലാത്ത വൻ ഭൂരിപക്ഷത്തിൽ അദ്ദേഹത്തെ വിജയിപ്പിച്ചു. ഇന്ന് പാർലമെന്റിലും പുറത്തും മണിപ്പൂരിൽ നിന്നുള്ള വിവേകത്തിന്റെയും വേദനയുടെയും ശബ്ദമായി അദ്ദേഹം നിലകൊള്ളുന്നു.
രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഇടയാക്കിയ സാഹചര്യം അദ്ദേഹം വിവരിക്കുന്നതിങ്ങനെ: ''കഴിഞ്ഞ 30 വർഷമായി താൻ അച്ചടിമാധ്യമങ്ങളിൽ എഴുതുന്നു. രാഷ്ട്രീയക്കാരോട് അവർ ചെയ്യേണ്ടതും പ്രവർത്തിക്കേണ്ടതും എന്തൊക്കെ എന്ന് വിവരിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ എഴുതുകയും പറയുകയും മാത്രം ചെയ്തുകൊണ്ടിരിക്കുന്നതിൽ കാര്യമില്ല എന്ന് ഒരു ഘട്ടത്തിൽ തനിക്കു തോന്നി. രാഷ്ട്രീയക്കാരോട് പറയുന്നതിനേക്കാൾ കൂടുതൽ നല്ലത് താൻ നേരിട്ട് തന്നെ ഒരു രാഷ്ട്രീയക്കാരനാകുന്നതായിരിക്കും. അതാണ് താനിപ്പോൾ ചെയ്യുന്നത്. തന്റെ അടിസ്ഥാനപരമായ ഉൽക്കണ്ഠ സമൂഹത്തിലെ നീതിയാണ്. പത്രങ്ങളിൽ എഴുതുമ്പോഴായാലും പഠിപ്പിക്കുമ്പോഴായാലും സിനിമ എടുക്കുമ്പോഴായാലും സാമൂഹ്യനീതിയാണ് താൻ ലക്ഷ്യം വച്ചിരുന്നത്.
താൻ മുമ്പും ബഹുജനപ്രക്ഷോഭങ്ങളിൽ പങ്കെടുക്കാറുണ്ടെന്നും രാഷ്ട്രീയം തനിക്ക് അന്യമായിരുന്നില്ല. ഇപ്പോൾ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സമയമായി എന്ന് തോന്നി. ഗിയർ മാറ്റി, രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങി. എഴുത്തും പാട്ടും പ്രസംഗവും സിനിമയും രാഷ്ട്രീയവും എനിക്കൊരുപോലെയാണ്. രാഷ്ട്രീയക്കാർ എങ്ങനെ ആകണമെന്ന് അവർക്കൊരു മാതൃക കാണിച്ചു കൊടുത്തിട്ട് അഞ്ച് വർഷം കഴിയുമ്പോഴോ മറ്റോ പിൻവാങ്ങാം എന്നായിരുന്നു വിചാരം. എന്നാലിപ്പോൾ ഡോ. അംഗോംച ബിമൊൽ ജനങ്ങളുമായി ഇണങ്ങിക്കഴിഞ്ഞു, അവർ ഇപ്പോൾ ആഗ്രഹിക്കുന്നത് കുറച്ചധികം കാലം കൂടി രാഷ്ട്രീയ രംഗത്ത് ഈ മനുഷ്യൻ ഉണ്ടാകുമെന്നു തന്നെയാണ്.
മണിപ്പൂരിൽ ഇതുവരെ പതിനായിരമോ ഇരുപതിനായിരമോ മാത്രമായിരുന്നു ഭൂരിപക്ഷം എങ്കിൽ ഇപ്രാവശ്യം അത് ഒരു ലക്ഷത്തിലേറെയായിരുന്നു. പ്രവാസികളായ മണിപ്പൂരുകാർ, ഡോ. ബിമലിനെ പോലും അറിയിക്കാതെ തിരഞ്ഞെടുപ്പു കാലത്ത് നാട്ടിൽ വരികയും കൈയിൽ നിന്ന് പണം മുടക്കി അദ്ദേഹത്തിനുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തു. അത്രമാത്രം വിശ്വാസം അവർ ഡോ. ബിമലിൽ അർപ്പിച്ചിട്ടുണ്ട്. അത് കാത്തുപാലിക്കുക എന്നത് സ്വാഭാവികമായും അദ്ദേഹം തന്റെ ചുമതലയായി കരുതുന്നു.
മണിപ്പൂരിലെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും സമാധാനത്തിനായി ദാഹിക്കുകയാണ് എന്ന് ഡോ. ബിമൽ പറയുന്നു. ''കലാപത്തെ ഗവൺമെന്റ് കൈകാര്യം ചെയ്ത രീതിയെ ജനങ്ങൾ തികച്ചും എതിർക്കുന്നു. ഇതെല്ലാം സംഭവിക്കാൻ ഭരണകൂടം ഇടയാക്കി. കലാപം അവസാനിപ്പിക്കാനോ സംഭാഷണങ്ങൾ നടത്താനോ സർക്കാർ തയ്യാറായില്ല.സർക്കാർ ചെയ്യേണ്ടത് ഒന്നും തന്നെ സർക്കാർ ചെയ്തില്ല എന്നതാണ് ഈ കലാപവുമായി ബന്ധപ്പെട്ടുണ്ടായ ഏറ്റവും വലിയ നിരാശ. ഈ രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഇങ്ങനെയൊരു സംഭവം വേറെ ഉണ്ടായിട്ടില്ല. അറുപതിനായിരത്തിലധികം മനുഷ്യർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. അനേകം ആളുകൾ കൊല്ലപ്പെട്ടു. ഒരു സമുദായത്തിൽപ്പെടുന്ന ആളുകൾക്ക് മറ്റൊരു സമുദായത്തിന്റെ പ്രദേശത്തേക്ക് പോകാൻ കഴിയില്ല.
നിങ്ങൾ എക്‌സ് കമ്മ്യൂണിറ്റിയിൽപ്പെട്ട ഒരു പൊലീസ് ഓഫീസറാണെങ്കിൽ വൈ കമ്മ്യൂണിറ്റിയുടെ സ്ഥലത്ത് നിങ്ങളെ നിയമിക്കുകയില്ല. ഐഎഎസ് ഓഫീസറാണെങ്കിലും ഇതാണ് സ്ഥിതി. എന്തൊരു അസംബന്ധമാണിത്! ഭരണകൂടം ഇത് അനുവദിക്കുകയാണ്. നിങ്ങൾ ഇത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഉത്തരേന്ത്യയിൽ ഹിന്ദു മുസ്ലീം കലാപങ്ങൾ ഉണ്ടായിട്ടുണ്ട്. ഹിന്ദു മുസ്ലീം ഓഫീസർമാരെ അതത് പ്രദേശങ്ങളിൽ മാത്രം നിയമിക്കുന്ന രീതി കണ്ടിട്ടുണ്ടോ? ഒരിക്കലുമില്ല. മണിപ്പൂരിൽ അതും നടക്കുന്നു.''
മണിപ്പൂരിൽ ഇങ്ങനെയൊരു സംഘർഷത്തിന്റെ സാധ്യത 2015 മുതൽ പറഞ്ഞുകൊണ്ടിരിക്കുന്ന ആളായിരുന്നു ഡോ. ബിമൽ. ''അങ്ങനെയൊരു കലാപം അനുവദിച്ച ഗവൺമെന്റിന്റെ നിലപാടാണ് ഏറ്റവും അപലപനീയമായിട്ടുള്ളത്. ഗവൺമെന്റ് കൃത്യമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഒരിക്കലും ഈ കലാപം ഇത്രമാത്രം നീണ്ടുപോകുമായിരുന്നില്ല. കലാപത്തിന് പല ഘടകങ്ങൾ കാരണമായിട്ടുണ്ട്. വംശീയത അതിൽ ഏറ്റവും പ്രധാനമാണ്. ഇതിൽ ബി.ജെ.പി എന്ന പാർട്ടി വഹിച്ച പങ്ക് കൂടുതൽ അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്. കലാപത്തിന് ബി.ജെ.പി പ്രേരണ നൽകിയിട്ടുണ്ടാകാനുള്ള സാധ്യതയുണ്ട്. കാരണം കലാപം അടിച്ചമർത്താൻ അവർ യാതൊന്നും ചെയ്തില്ല. പ്രധാനമന്ത്രി ഇതുവരെയും മണിപ്പൂർ സന്ദർശിച്ചിട്ടില്ല. എന്തിനാണ് പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കുന്നത് എന്നാണ് ബി.ജെ.പി ചോദിക്കുന്നത്.
ദുരന്തങ്ങൾ സംഭവിക്കുന്ന ഒരുപാട് സ്ഥലങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയിട്ടുണ്ട്. അതുകൊണ്ട് മണിപ്പൂരിലും പ്രധാനമന്ത്രി സന്ദർശനം നടത്തുക എന്നത് വളരെ സ്വാഭാവികവും ന്യായവും ആണ്. ഉദ്യോഗസ്ഥ സംവിധാനം പോലും വംശീയാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്ന ഒരിടത്ത് അദ്ദേഹം സന്ദർശനം നടത്താതിരിക്കുന്നത് ദുരൂഹമായിരിക്കുന്നു. ഒരു പ്രധാനമന്ത്രിയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത നിരുത്തരവാദിത്വപരമായ പെരുമാറ്റമാണിത്.'' എന്നാണ് ഡോ. ബിമൽ പറയുന്നത്.
വംശഹത്യ എന്ന് മണിപ്പൂർ കലാപത്തെ വിശേഷിപ്പിക്കുന്നതിനോട് ഡോ. ബിമൽ യോജിക്കുന്നില്ല. 'നിക്ഷിപ്ത താൽപര്യങ്ങളുള്ള ആളുകൾ കലാപത്തെക്കുറിച്ച് പല കഥകളും പ്രചരിപ്പിച്ചു. ദേശീയ മാധ്യമങ്ങൾ ഈ കലാപം റിപ്പോർട്ട് ചെയ്ത രീതിയും ശരിയായിരുന്നില്ല. ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് തങ്ങൾ ഇതിനെക്കുറിച്ച് പഠനങ്ങൾ നടത്തി.
അത് ആർക്കും പരിശോധിക്കാം. വളരെ മോശമായ റിപ്പോർട്ടിംഗാണ് ദേശീയ മാധ്യമങ്ങൾ മണിപ്പൂർ കലാപത്തെക്കുറിച്ച് നടത്തിയിട്ടുള്ളത് എന്ന് ഈ പഠനങ്ങൾ വ്യക്തമാക്കുന്നു. എരിതീയിൽ എണ്ണയൊഴിക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്.'' ചരിത്രപരമായി, മണിപ്പൂർ ഒരു നാട്ടുരാജ്യമായിരുന്നല്ലോ. അതിന്റെ ഇന്ത്യൻ യൂണിയനിലേക്കുള്ള ലയനം സ്വാതന്ത്ര്യാനന്തര കാലത്ത് വലിയ വിവാദങ്ങൾക്കും തർക്കങ്ങൾക്കും കാരണമായിരുന്നു. ഒരു വിഭാഗം ജനങ്ങൾ ലയനത്തിന്റെ നിയമ സാധുതയെ ചോദ്യം ചെയ്തു. അതിന്റെ ഭാഗമായി ഉടലെടുത്ത അതൃപ്തി മണിപ്പൂരിനെ ഇന്ത്യൻ സ്റ്റേറ്റിനെ എതിർക്കുന്ന സായുധ പ്രസ്ഥാനങ്ങൾക്ക് ജന്മം നൽകി. കൂടാതെ, നാഗാ ദേശീയ പ്രസ്ഥാനത്തിന് മണിപ്പൂരിന്റെ വടക്കൻ ജില്ലകളിലേക്ക് സ്വാധീനം വ്യാപിക്കാൻ കഴിഞ്ഞതും തെക്കൻ ഗോത്ര വിഭാഗങ്ങളുടെ ആശയാഭിലാഷങ്ങളിൽ മ്യാൻമർ ചെലുത്തിയ സ്വാധീനവും മണിപ്പൂരിനെ ഒരു സംഘർഷ ഭൂമിയാക്കി. ഇതിനെ നേരിടാൻ ഇന്ത്യൻ ഭരണകൂടം നടത്തുന്ന സൈനിക ഇടപെടലുകൾ മണിപ്പൂരിനെ കൂടുതൽ സംഘർഷങ്ങളിലേക്ക് നയിക്കുകയാണുണ്ടായത്.
കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷ് സർക്കാർ ഉണ്ടാക്കിയ പ്രശ്‌നങ്ങളും മറ്റൊരു കാരണമാണ്. അവർ തുടങ്ങിവച്ച പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുന്നതിനു പകരം അവരുടെ നയങ്ങൾ തുടരുകയാണ് ഇന്ത്യൻ ഭരണകൂടം ചെയ്തത്. ഒന്നിച്ചു കഴിഞ്ഞിരുന്ന ഒരു സമൂഹത്തെ മലമുകളിലെ ജനങ്ങളെന്നും താഴ് വരയിലെ ജനങ്ങളെന്നും രണ്ടായി അവർ വിഭജിച്ചു. അതുപോലെ ഒരു മലയോര ഭൂമിയെ ഒരൊറ്റ ഭൂപ്രദേശമായി കാണുന്നതിന് പകരം രണ്ടായി അവർ കണക്കാക്കി.
നിലവിലെ സംഘർഷത്തിന് ഈ ചരിത്രപരമായ ഘടകങ്ങൾ ആഴത്തിൽ കാരണമായിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ അക്രമ സംഭവങ്ങൾക്ക് ചില സവിശേഷമായ കാരണങ്ങളുമുണ്ട്. അതിലൊന്നാണ് മയക്കുമരുന്ന് വ്യാപാരം. അവയുടെ തോട്ടങ്ങൾ മ്യാൻമർ, തായ്‌ലൻഡ്, ലാവോസ് എന്നീ രാജ്യങ്ങളുമായുള്ള മയക്കുമരുന്ന് വ്യാപാരത്തിലൂടെ അന്താരാഷ്ട്ര ബന്ധങ്ങളിലേക്കും നയിക്കുന്നു. ഇത് വളരെക്കാലമായി നിലനിൽക്കുന്നതാണെങ്കിലും കഴിഞ്ഞ ദശകത്തിൽ മണിപ്പൂരിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട് എന്നതാണ് വസ്തുത.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1