പെട്രോ ഡോളര്‍ യുഗത്തിന് അന്ത്യം; സൗദിയുടെ തീരുമാനം അമേരിക്കയ്ക്ക് തിരിച്ചടിയാകുമോ?

JUNE 19, 2024, 9:04 AM

പെട്രോ-ഡോളര്‍ യുഗം അവസാനിക്കുന്നുവെന്ന വാര്‍ത്ത നിരവധി ചോദ്യങ്ങളാണ് ബാക്കിയാക്കുന്നത്. യു.എസുമായി നിലനിന്നിരുന്ന 50 വര്‍ഷത്തെ പെട്രോ-ഡോളര്‍ കരാര്‍ അവസാനിപ്പിച്ചിരിക്കുകയാണ് സൗദി അറേബ്യ. 1974 ജൂണ്‍ എട്ടിന് ഒപ്പുവെച്ച, ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കരാറാണ് സൗദി പുതുക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്.
ഇതോടെഡോളരഇന് പകരം എന്ത് എന്ന ചോദ്യമാണ് ഉയരുന്നത്.

യു.എസ് ഡോളറിന് പകരം ചൈനീസ് ആര്‍.എം.ബി, യൂറോ, യെന്‍, യുവാന്‍ തുടങ്ങി വ്യത്യസ്ത കറന്‍സികള്‍ ഉപയോഗിച്ച് സൗദിക്ക് എണ്ണയും മറ്റ് സാധനങ്ങളും വില്‍ക്കാന്‍ സാധിക്കും. ബിറ്റ്കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സികളുടെ സാധ്യതയും രാജ്യത്തിന് ഉപയോഗപ്പെടുത്താനാകും. ആഗോള സാമ്പത്തിക ചക്രത്തെ തകിടം മറിക്കാന്‍ ശേഷിയുള്ളതാണ് പെട്രോഡോളര്‍ കരാറിന്റെ അന്ത്യം.

ഡോളറിന്റെ കരുത്തില്‍ അമേരിക്ക സ്വീകരിക്കുന്ന നിലപാടുകള്‍ക്കും ഒരുപോലെ തിരിച്ചടി നല്‍കുകയാണോ പെട്രോ-ഡോളര്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലൂടെ സൗദിയുടെ ലക്ഷ്യമെന്ന് പറയാനാവില്ല.

പെട്രോഡോളര്‍ എന്താണെന്ന് നോക്കാം


പെട്രോഡോളര്‍ എന്നാല്‍ പ്രത്യേക കറന്‍സിയല്ല, പകരം പെട്രോളിയം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഡോളര്‍ വരുമാനമാണ് പെട്രോഡോളര്‍. 1970 കളിലാണ് പെട്രോഡോളര്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിക്കപ്പെട്ടത്. പിന്നീട് ആഗോള സമ്പദ്ഘടനയിലും വിപണിയിലും പെട്രോഡോളര്‍ നിര്‍ണായകമായ പങ്കുവഹിക്കാന്‍ തുടങ്ങി.

1944ലെ ബ്രിട്ടണ്‍വുഡ്‌സ് കരാറാണ് ലോകരാജ്യങ്ങളുടെ പ്രാഥമിക കരുതല്‍ധനമായി ഡോളറിനെ തിരഞ്ഞെടുത്തത്. സ്വര്‍ണവുമായി ഡോളറിനെ വിനിമയം ചെയ്യാം. ഒരു ഔണ്‍സ് സ്വര്‍ണത്തിന് 35 ഡോളര്‍ എന്നതായിരുന്നു യു.എസ് ഗോള്‍ഡ് സ്റ്റാന്‍ഡേഡ്. രണ്ടാംലോക മഹായുദ്ധത്തിന് ശേഷമുള്ള സാമ്പത്തിക സുസ്ഥിരതയ്ക്കും അന്താരാഷ്ട്ര വാണിജ്യങ്ങളേയും സുഗമമാക്കുന്നതിന് ഇത് സഹായിച്ചു. എന്നാല്‍ 1971ല്‍ യു.എസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ ഡോളര്‍ സ്വര്‍ണവുമായി വിനിമയം ചെയ്യുന്ന സമ്പ്രദായം അവസാനിപ്പിച്ചു. ഇതോടെയാണ് ഡോളറിന്റെ വിനിമയം മൂല്യത്തില്‍ ഏറ്റക്കുറച്ചിലുകളും കറന്‍സി മൂല്യത്തിലെ അസ്ഥിരതകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

അതിനിടെയാണ് അറബ്-ഇസ്രയേല്‍ യുദ്ധം (യോംകിപ്പൂര്‍ യുദ്ധം) പൊട്ടിപ്പുറപ്പെട്ടു. യുദ്ധത്തില്‍ അമേരിക്ക ഇസ്രയേലിനെ പിന്തുണച്ചത് അറബ് രാജ്യങ്ങളെ ചൊടിപ്പിച്ചു. 1973ല്‍ അമേരിക്കയ്ക്കുള്ള എണ്ണക്കയറ്റുമതിക്ക് ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടാണ് പെട്രോളിയം കയറ്റി അയക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് അമേരിക്കയ്ക്ക് മറുപടി നല്‍കിയത്. ഇതോടെ അമേരിക്കന്‍ രാജ്യങ്ങളില്‍ എണ്ണവില കുതിച്ചുയര്‍ന്നു. ഡോളറിന്റെ ഡിമാന്‍ഡ് കുറഞ്ഞതും വിനിമയത്തിലെ ചാഞ്ചാട്ടവും അമേരിക്കയെ ബാധിച്ചു. എണ്ണക്ഷാമം രൂക്ഷമായി, വിലക്കയറ്റവും ആരംഭിച്ചു.

ഒപെകിന്റെ ഉപരോധത്തിന് പിന്നാലെ എണ്ണക്ഷാമവും വിലക്കയറ്റവും രൂക്ഷമായ പശ്ചാത്തലത്തിലാണ് സ്ഥിതിഗതികള്‍ സുഗമമാക്കാന്‍ സൗദിയുമായി അമേരിക്ക നിര്‍ണായകമായ കരാറിലേര്‍പ്പെട്ടു.  സൗദിയുടെ എണ്ണവ്യാപാരം പൂര്‍ണമായും ഡോളറിലായിരിക്കണമെന്ന് കരാര്‍ പറയുന്നു. ഒപ്പം സൗദി അമേരിക്കയ്ക്ക് എണ്ണ നല്‍കുമ്പോള്‍ അമേരിക്ക തിരിച്ച് സൈനിക പരിരക്ഷയും ഉപകരണങ്ങളും സൗദിക്ക് നല്‍കുമെന്നും വാഗ്ദാനമുണ്ടായി. ഇത് പ്രാബല്യത്തില്‍ വന്നതോടെ അമേരിക്കയിലേക്കുള്ള എണ്ണക്കൈമാറ്റം പുനസ്ഥാപിക്കപ്പെടുകയും അത് സൗദിക്ക് സാമ്പത്തിക മെച്ചമുണ്ടാക്കി കൊടുക്കുകയും ചെയ്തു. മാത്രമല്ല സൗദിയിലേക്കൊഴുകുന്ന അധിക ഡോളര്‍ വരുമാനം സൗദി അറേബ്യയ്ക്ക് യു.എസ് ട്രഷറിയില്‍ ബോണ്ടുകളായി നിക്ഷേപിക്കാനുളള അവസരവും അമേരിക്കയൊരുക്കി. ഇത് അമേരിക്കയ്ക്കും നേട്ടമുണ്ടാക്കി.

യു.എസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണും സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസിഞ്ജറും സൗദി രാജകുടുംബവും ചേര്‍ന്ന് നേതൃത്വം നല്‍കിയ കരാര്‍ 1974 ജൂണ്‍ എട്ടിനാണ് പ്രാബല്യത്തില്‍ വന്നത്. 50 വര്‍ഷത്തേക്കായിരുന്നു കരാര്‍. എണ്ണ വാങ്ങുന്നതിന് ഡോളര്‍ വേണമെന്ന നിബന്ധന കര്‍ശനമാക്കിയതോടെ മറ്റ് രാജ്യങ്ങള്‍ക്കും ഡോളര്‍ വിനിമയം ചെയ്യേണ്ടത് അത്യാവശ്യമായി വരികയും ഇത് ഡോളറിന്റെ, അമേരിക്കന്‍ കറന്‍സിയുടെ വിനിമയം വര്‍ധിപ്പിക്കുകയും ചെയ്തു. സൗദിയുമായാണ് അമേരിക്ക കരാറിലൊപ്പിട്ടതെങ്കിലും ഇത് പിന്തുടര്‍ന്ന് എല്ലാ ഒപെക് രാജ്യങ്ങളും ഡോളറിനെ പ്രധാന വിനിമയ മാര്‍ഗമായി ഉപയോഗിക്കാനും ആരംഭിച്ചു.

ലോകത്തെ പ്രാഥമിക കരുതല്‍ ധനമായി ഡോളറിനെ നിശ്ചയിച്ച തീരുമാനത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു പെട്രോഡോളര്‍ കരാര്‍. ഇത് ലോകത്തെ ഏറ്റവും കൂടുതല്‍ ആധിപത്യമുള്ള കറന്‍സികളിലൊന്നായി ഡോളറിനെ മാറ്റി. അന്താരാഷ്ട്ര വാണിജ്യവിനിമയങ്ങള്‍ക്ക് ഡോളര്‍ ഉപയോഗിക്കുന്നത് വ്യാപകമായതോടെ ആഗോള സാമ്പത്തിക ഘടനയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താനുള്ള അമേരിക്കയുടെ സാധ്യതകളുമേറി. യു.എസ് ഡോളറിനുള്ള സ്ഥിരമായ ഡിമാന്‍ഡ് അതിന്റെ മൂല്യത്തിന്റെ സ്ഥിരത നിലനിര്‍ത്തി. എണ്ണ കൈമാറ്റത്തില്‍ നിന്നുള്ള അധികവരുമാനം ഒപെക് രാജ്യങ്ങള്‍ യു.എസ് ട്രഷറിയില്‍ നിക്ഷേപിച്ചത് സാമ്പത്തിക ബാധ്യതകളെ പരിഹരിക്കാന്‍ സഹായിച്ചുകൊണ്ട് അമേരിക്കയുടെ സാമ്പത്തികഘടനയേയും പിന്തുണച്ചു.

പെട്രോഡോളര്‍ റീസൈക്ലിംഗ് എന്നാണ് ഇതറിയപ്പെടുന്നത്. അധികവരുമാനം ബോണ്ടുകളില്‍ നിക്ഷേപിക്കാനുള്ള ഒപെക് രാജ്യങ്ങളുടെ തീരുമാനം വലിയ വ്യാപാരി കമ്മിയുണ്ടെങ്കിലും അത് സാമ്പത്തിക പ്രത്യാഘാതങ്ങളിലേക്ക് നയിക്കാതെ നിയന്ത്രിക്കാന്‍ അമേരിക്കയെ സഹായിച്ചു. അന്താരാഷ്ട്ര വാണിജ്യത്തില്‍ അമേരിക്കയ്ക്കും മാത്രമായിരുന്നു ഇത്തരമൊരു അതുല്യശേഷിയുണ്ടായിരുന്നത്. അതും ഡോളറിന്റെ കരുത്തില്‍ മാത്രം.

പെട്രോഡോളര്‍ യുഗം അവസാനിക്കുമ്പോള്‍ ഇനിയെന്ത്?

1974 മുതല്‍ 50 വര്‍ഷത്തേക്കുള്ള കരാര്‍ ആണ് 2024 ജൂണ്‍ എട്ടിന് അവസാനിച്ചിരിക്കുന്നത്. അവസാനിച്ച കരാര്‍ സൗദി അറേബ്യ ഇനി പുതുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ യു.എസ് ഡോളറിന് പകരം മറ്റ് കറന്‍സികള്‍ ഉപയോഗിച്ച് സൗദിക്ക് ഇടപാടുകള്‍ നടത്താന്‍ സാധിക്കും. ഇടപാടിന്റെ കാലാവധി അവസാനിച്ചതോടെ, യുവാന്‍, യൂറോ, റൂബിള്‍, യെന്‍, ചൈനീസ് ആര്‍എംബി തുടങ്ങിയ കറന്‍സികള്‍ക്ക് എണ്ണ വില്‍ക്കാന്‍ സൗദി അറേബ്യയ്ക്ക് സ്വാതന്ത്ര്യമുണ്ട്. കൂടാതെ ബിറ്റ്‌കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സികള്‍ ഉപയോഗിക്കാനുള്ള സാധ്യതകളും പരിഗണനയിലുണ്ട്.

പുതിയ മാറ്റത്തോടെ അന്താരാഷ്ട്ര വ്യാപാരത്തിനായി ഇതര കറന്‍സികള്‍ ഉപയോഗിക്കുന്ന ആഗോളപ്രവണത വര്‍ധിപ്പിക്കാനും യു എസ് ഡോളറിന്റെ ആഗോള ആധിപത്യം ദുര്‍ബലപ്പെടുകയും ചെയ്‌തേക്കാം. ഡോളറിനുള്ള ആഗോള ഡിമാന്‍ഡ് കുറയുന്നത് ഉയര്‍ന്ന പണപ്പെരുപ്പത്തിനും പലിശ നിരക്കിനും യുഎസിലെ ബോണ്ട് മാര്‍ക്കറ്റിനെ പോലും ബാധിക്കും. ഇത് ആഗോള സാമ്പത്തിക നീക്കങ്ങളില്‍ വലിയ മാറ്റങ്ങളുടെ പ്രതിഫലനം ഉണ്ടാക്കും. ഉടനടി ഇല്ലെങ്കിലും ദീര്‍ഘകാല അനന്തരഫലമായി രാജ്യങ്ങളുടെ റിസര്‍വ് കറന്‍സി എന്ന നിലയില്‍ നിന്ന് ഡോളര്‍ മാറും എന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വ്യാഖ്യാനിക്കുന്നത്. ഡോളറിന് പകരം ബ്രിക്സ് കൂട്ടായ്മ സ്വീകരിക്കുന്ന പൊതു കറന്‍സിയോ ചൈനയുടെ യുവാനോ വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പെട്രോഡോളര്‍ കരാര്‍ അറബ് രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം ദീര്‍ഘകാലത്ത് ശക്തിപ്പെടുത്താന്‍ തങ്ങളെ സഹായിക്കുമെന്ന് അമേരിക്ക പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകള്‍ക്ക് കൂടിയാണ് കരാര്‍ പുതുക്കാതിരിക്കുന്നതിലൂടെ തിരിച്ചടി നേരിട്ടിരിക്കുന്നത്. അന്താരാഷ്ട്ര സാമ്പത്തിക കൈമാറ്റങ്ങളെ സുഗമമാക്കാനായി ഒരു സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി പ്രോജക്ടാണ് എംബ്രിഡ്ജ്. ചൈനയും ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ് എന്ന ആകട നയിക്കുന്ന പ്രോജക്ട് എംബ്രിഡ്ജ് 2021ലാണ് ആരംഭിച്ചത്. അതത് രാജ്യങ്ങളുടെ ഡിജിറ്റല്‍ കറന്‍സികള്‍(സി.ബി.ഡി.സി) കൈമാറ്റം ചെയ്യാന്‍ എംബ്രിഡ്ജ് സംവിധാനം സഹായിക്കും.

നിലവില്‍ ലോകത്ത് ബ്രസീല്‍, ഇന്ത്യ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ക്ക് സ്വന്തമായി ഡിജിറ്റല്‍ കറന്‍സിയുണ്ട്. പല രാജ്യങ്ങളും ഡിജിറ്റല്‍ കറന്‍സിയുടെ പൈലറ്റ് പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അതിര്‍ത്തി കടന്നുള്ള അന്താരാഷ്ട്ര കൈമാറ്റങ്ങള്‍ ഡിജിറ്റല്‍ കറന്‍സിയിലൂടെ എളുപ്പമാവും. അത് സാധ്യമാക്കുന്ന പ്ലാറ്റ്ഫോമാണ് എംബ്രിഡ്ജ്. നിരവധി രാജ്യങ്ങള്‍ ഇതിലേക്ക് ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പദ്ധതി വ്യാപകമായാല്‍ വിദേശ വിനിമയം പ്രതീക്ഷിക്കുന്നതിലും സുഗമമാവും.

ഹോങ് കോങ്ങിലെ ബിസ് ഇന്നൊവേഷന്‍ ഹബ്ബ്, ഹോങ് കോങ് മോണിറ്ററി അതോറിറ്റി, ബാങ്ക് ഓഫ് തായ്ലാന്‍ഡ്, ചൈനയിലെ ഡിജിറ്റല്‍ കറന്‍സി ഇന്‍സ്റ്റിറ്റ്യൂട്ട്, യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നുള്ള സംയുക്ത പ്രോജക്ടാണിത്. ഏറ്റവും ഒടുവിലായി സൗദി അറേബ്യയും എംബ്രിഡ്ജിലേക്ക് ചേരുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. അമേരിക്കയുമായുള്ള പെട്രോഡോളര്‍ കരാര്‍ സൗദി പുതുക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് എംബ്രിഡ്ജില്‍ ചേരുമെന്ന വാര്‍ത്തകളും പുറത്തുവരുന്നത്.

സൗദി അറേബ്യയുടെ ഈ നീക്കം ആഗോള സാമ്പത്തിക ഘടനയില്‍ ദീര്‍ഘകാലത്തില്‍ വരാനിരിക്കുന്ന ഒരു വലിയ മാറ്റത്തിന്റെ തുടക്കത്തെയാണ് സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നത്. വിഷന്‍ 2030 മുന്നില്‍ക്കണ്ട് കൊണ്ട് പ്രധാന വരുമാനമാര്‍ഗമായ ക്രൂഡ് ഓയില്‍ വ്യാപാരം വര്‍ധിപ്പിക്കാനും വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുമുള്ള ശ്രമത്തിലാണ് സൗദി അറേബ്യ. ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി വലിയ പദ്ധതികളില്‍ സൗദി ഇതിനോടകം തന്നെ കരാറൊപ്പിട്ടിട്ടുമുണ്ട്.

ഡോളര്‍ കിതയ്ക്കുമോ?

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഡോളറിനെ വലിയ രീതിയില്‍ ബാധിക്കാനിടയുള്ള രണ്ട് സുപ്രധാന തീരുമാനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതിലൊന്ന് ബ്രിക്സ് രാജ്യങ്ങള്‍ പുതിയ കറന്‍സി വിനിമയത്തിനായി തിരഞ്ഞെടുക്കുകയോ വികസിപ്പിക്കുകയോ ചെയ്യുമെന്നതാണ്. ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ബ്രിക്സ് പേ എന്ന പേരില്‍ ഒരു ഡിജിറ്റല്‍ സംവിധാനത്തിന് രൂപം നല്‍കിയേക്കുമെന്നാണ് സൂചനകള്‍.

അന്താരാഷ്ട്ര വിനിമയത്തിന് ഡോളര്‍ ഉപയോഗിക്കുന്നതിന് പകരം പ്രാദേശിക കറന്‍സികള്‍ ഉപയോഗിക്കുന്നത് വ്യാപകമാക്കാനും ബ്രിക്സ് തീരുമാനിച്ചിട്ടുണ്ട്. ഡോളറിന്റെ അപ്രമാദിത്വത്തെ അവസാനിപ്പിക്കാനുള്ള ഡീഡോളറൈസേഷന്‍ നിലപാടിന്റെ ഭാഗമാണ് ബ്രിക്സിന്റെ നീക്കം. ഇറാനും റഷ്യയും ബ്രിക്സ് കറന്‍സി പ്രോജക്ടിലേക്ക് ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബറിലെ ബ്രിക്സ് സമ്മേളനത്തോടെ ബ്രിക്സ് കറന്‍സി/ പെയ്മെന്റ് സംവിധാനമോ നിലവില്‍ വരുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

50 വര്‍ഷം നീണ്ടുനിന്ന കരാര്‍ അവസാനിക്കുന്നതിലൂടെ ഏത് കറന്‍സിയിലും ഇനി ക്രൂഡ് ഓയില്‍ വാങ്ങാം എന്ന നിലയിലേയ്‌ക്കെത്തും. അത് ഡോളറിനെ ബാധിക്കുമെന്നതും തീര്‍ച്ച. അങ്ങനെയെങ്കില്‍ നേട്ടമുണ്ടാവുക ആര്‍ക്കാണ്? ഡോളറിന് പകരം യൂറോ ഉപയോഗിക്കണമെന്ന ചര്‍ച്ചകള്‍ പണ്ടു മുതല്‍ക്കേ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ അത് നടപ്പിലായില്ല. ബ്രിക്സ് കറന്‍സി നിലവില്‍ വരുന്നത് സംബന്ധിച്ച് നിലവില്‍ ഔദ്യോഗിക സൂചനകളൊന്നുമില്ല. അപ്പോള്‍ ബദല്‍മാര്‍ഗമായി രാജ്യങ്ങള്‍ സ്വര്‍ണത്തെ താല്‍ക്കാലികമായെങ്കിലും ആശ്രയിച്ചേക്കാമെന്നും നിരീക്ഷണങ്ങളുണ്ട്.

അതേസമയം പെട്രോഡോളര്‍ കരാര്‍ അവസാനിക്കുന്നത് ഉടനടി അമേരിക്കയെ ബാധിക്കില്ലെന്നും വാദങ്ങളുണ്ട്. രേഖകളില്‍ മാത്രമാണ് ഇപ്പോള്‍ കരാര്‍ അവസാനിക്കുന്നത്. ഇതിന് മുന്‍പുതന്നെ ഡോളറിനെ വിനിമയത്തിന് ഉപയോഗിക്കുന്നത് പല രാജ്യങ്ങളും അവസാനിപ്പിച്ചിരുന്നു. അടുത്തിടെ ഇന്ത്യ യുഎഇയില്‍ നിന്ന് രൂപ കൊടുത്ത് ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നു. റഷ്യയും സമാനമായി റൂബിളില്‍ എണ്ണവില്‍പന നടത്തിയ വാര്‍ത്തകളും പുറത്തുവന്നിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam