അന്ധവിശ്വാസത്തില്‍ ശ്വാസംമുട്ടുന്ന വിദ്യാസമ്പന്നര്‍!

APRIL 3, 2024, 4:33 PM

ഈ കാലഘട്ടം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ അപചയമാണ് അന്ധവിശ്വാസം. മലയാളി ദമ്പതികളും സുഹൃത്തായ അധ്യാപികയും അരുണാചല്‍ പ്രദേശില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്ധവിശ്വാസവും ദുര്‍മന്ത്രവാദവുമാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. മരണമടഞ്ഞത് വിദ്യാസമ്പന്നരായ ആളുകളും. ഇടുക്കിയിലെ ഇരട്ടക്കൊലപാതകവും ഒടുവില്‍ ചെന്നുനിന്നത് മന്ത്രവാദത്തിന്റെ ഇരുട്ടറകളിലേയ്ക്കാണ്. ഈ മനുഷ്യന്‍മാര്‍ക്ക് ഇതെന്തുപറ്റി? എന്തിന് പിന്നാലെയാണ് ഇവര്‍ പായുന്നത്?

മനുഷ്യന് വിദ്യാഭ്യാസവും വിവേചന ബുദ്ധിയും ശാസ്ത്രാവബോധവും തീരെ കുറവായിരുന്ന കാലത്ത് പോലും ഉണ്ടായിരുന്നിട്ടില്ലാത്തത്ര അന്ധവിശ്വാസവും ദുര്‍മ്രന്തവാദ പ്രവണതയുമാണ് ഇന്ന് നമ്മുടെ രാജ്യത്തുടനീളം കാണപ്പെടുന്നത്. സാര്‍വ്വത്രിക വിദ്യാഭ്യാസവും ശാസ്ത്രീയ നിരീക്ഷണ പരിക്ഷണങ്ങളില്‍ അത്ഭുതപൂര്‍വ്വ വിജയവും കൈവരിച്ചു കൊണ്ടിരിക്കുമ്പോഴും അതിന് ആനുപാതികമായി അന്ധവിശ്വാസവും അനാചാരവും വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം.

വഴിയോരങ്ങളില്‍ കുറച്ചു ചീട്ടും കൂട്ടിലെ തത്തയുമായിരിക്കുന്നവരും കൈനോട്ടക്കാരും പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്ന ധാരാളം അഭ്യസ്തവിദ്യര്‍ ഇപ്പോഴും നമ്മുടെ ചുറ്റുമുണ്ട്.

2021 ജനുവരി 25 ന് ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ നടന്ന ഒരു ദുര്‍മന്ത്രവാദത്തെ സംബന്ധിച്ച് മലയാള പത്രങ്ങളുള്‍പ്പെടെ എല്ലാ ഭാഷാപത്രങ്ങളും റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. ദൂര്‍മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം ബാധയൊഴിപ്പിക്കാനായി 2 പെണ്‍മക്കളെ അച്ഛനും അമ്മയും ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നു. വ്യായാമം ചെയ്യാനുപയോഗിക്കുന്ന ഉരുക്കുകട്ട കൊണ്ട് തലയ്ക്കടിച്ചാണ് രണ്ടുപേരെയും കൊലപ്പെടുത്തിയത്.

ആ മാതാപിതാക്കളും മക്കളും വിദ്യാഭ്യാസമില്ലാത്തവരായിരുന്നില്ല. അച്ഛന്‍ ഡോ. വി.പുരുഷോത്തം നായിഡു മദനപ്പള്ളിയിലെ ഗവ. ഗേള്‍സ് ഡിഗ്രി കോളേജിലെ വൈസ് പ്രിന്‍സിപ്പലും കെമിസ്ട്രി പ്രൊഫസറുമാണ്. ഐ.ഐ.ടി കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ധ്യാപികയും ഗണിതശാസ്രതത്തില്‍ ബിരുദാനന്തര ബിരുദവും സ്വര്‍ണ്ണമെഡലും നേടിയ പത്മജയാണ് അമ്മ. മക്കള്‍ 27 കാരി അലേഖ്യയും 23 കാരി സായിദിവ്യയും. അലേഖ്യ ഭോപ്പാലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് ഫോറസ്റ്റ് മാനേജ്മെന്റില്‍ ജോലി ചെയ്യുകയും സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയുമായിരുന്നു. ബിരുദധാരിയും ചെന്നൈയിലെ എ.ആര്‍ റഹ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംഗീത വിദ്യാര്‍ത്ഥിനിയുമായിരുന്നു സായി ദിവ്യ.

മക്കളില്‍ ബാധ കൂടിയിട്ടുണ്ടെന്ന് ദൂര്‍മ്രന്തവാദി അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ മക്കളെ പുറത്തേക്കു വിടുകയോ ആരെയും വീട്ടിലേക്ക് കയറ്റുകയോ ചെയ്തിരുന്നില്ല. ബാധ ഒഴിപ്പിക്കലിനിടയില്‍ മക്കള്‍ കൊല്ലപ്പെട്ടാലും കുഴപ്പമില്ലെന്നും മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ ജീവന്‍വച്ച് വരുമെന്നും അപ്പോള്‍ ശരീരത്തു കൂടിയ ബാധ ഒഴിഞ്ഞിരിക്കുമെന്നും മാതാപിതാക്കളെ വിശ്വസിപ്പിച്ചാണ് ദുര്‍മ്രന്തവാദി അരുംകൊല ചെയ്യിച്ചത്.

യാതൊരു വിദ്യാഭ്യാസവും വിവരവും വിവേകവും വിജ്ഞാനബോധധവുമില്ലാത്ത, തട്ടിപ്പുമാത്രം അറിയുന്ന ദൂര്‍മ്രന്തവാദിയുടെ വാക്കുകള്‍ വിശ്വസിച്ച് ഉന്നത വിദ്യാഭ്യാസവുംഉദ്യോഗവും സമ്പദ് സമൃദ്ധിയും സര്‍വ്വൈശ്വര്യങ്ങളുമുണ്ടായിരുന്ന ഒരു കുടുംബം തകര്‍ന്നുതരിപ്പണമായി. ഇതുപോലെ എത്രയെത്ര സംഭവങ്ങള്‍.

അനുഭവങ്ങള്‍ ഉണ്ടായാലും ജനം അന്ധവിശ്വാസം കൈവിടാന്‍ തയ്യാറാകില്ല. വിദ്യാസമ്പന്നരും ഉന്നത സ്ഥാനമാനങ്ങള്‍ അലങ്കരിക്കുന്നവരും അന്ധവിശ്വാസങ്ങളെ പിന്‍താങ്ങുന്നത് നിര്‍ഭാഗ്യകരമാണ്. മലയാളിയും പുരോഗമന ചിന്താഗതിക്കാരനും പ്രശസ്ത അഡ്വക്കേറ്റും മുന്‍ സുപ്രീം കോടതി ജഡ്ജിയുമായിരുന്ന പ്രഗല്‍ഭനായ ഒരാള്‍ മരിച്ചു പോയ സ്വന്തം മകളെ ഇടയ്ക്കിടെ കാണാറുണ്ടെന്നും സംസാരിക്കാറുണ്ടെന്നും വെളിപ്പെടുത്തുകയുണ്ടായി. ഐപിഎസ് നേടി നേരിട്ട് ഓഫീസര്‍ റാങ്കില്‍ നിയമിതനാകുകയും തുടര്‍ന്ന് അത്യുന്നത പൊലീസ് മേധാവിയും സര്‍വജനസമ്മതനും പ്രഗല്‍ഭ വാഗ്മിയും പ്രഭാഷകനുമായ ഒരാള്‍ അന്ധവിശ്വാസങ്ങളെയും ദൂര്‍മ്രന്തവാദങ്ങളെയും പരോക്ഷമായിപ്പോലും പിന്‍തുണക്കാന്‍ പാടില്ലാത്തതാണ്.

അദ്ദേഹം സര്‍വ്വീസില്‍ ഉണ്ടായിരുന്നപ്പോള്‍ ഒരു കൊലപാതകക്കേസ് പ്രതിയെ കണ്ടു പിടിക്കാന്‍ എത്ര ശ്രമിച്ചിട്ടും കഴിയാതെ വരികയും അറ്റകൈക്കെന്ന നിലയില്‍ കീഴുദ്യോഗസ്ഥന്റെ അഭിപ്രായം മാനിച്ച് ദുര്‍മ്രന്തവാദിയെ വിളിച്ചു വരുത്തി കര്‍മ്മങ്ങള്‍ ചെയ്യിച്ചതായും കൊല്ലപ്പെട്ടയാള്‍ ഒരു ബന്ധുവിന്റെ ശരീരത്തില്‍ പ്രവേശിച്ച് തന്നെ കൊലപ്പെടുത്തിയ ആളിന്റെ പേര് സ്വന്തം ശബ്ദത്തില്‍ വിളിച്ചു പറഞ്ഞതായും അങ്ങനെ ആ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതായും വെളിപ്പെടുത്തുകയുണ്ടായി.

അവിശ്വസനീയവും അശാസ്ത്രീയവും സാമാന്യബുദ്ധിക്കുപോലും നിരക്കാത്തതുമായ ഇത്തരം വെളിപ്പെടുത്തലുകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നത്? അന്ധവിശ്വാസങ്ങളെ ഈട്ടിയുറപ്പിക്കാനും ദുര്‍മ്രന്തവാദികളെ സഹായിക്കാനും മാത്രമേ ഈ വിധത്തിലുള്ള സാക്ഷ്യപ്പെടുത്തല്‍ ഉപകരിക്കുകയുള്ളൂ. കൊല്ലപ്പെട്ട ആളെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ ആളെക്കുറിച്ച് അറിയാന്‍ കഴിയുമെങ്കില്‍ ഇവിടെ തെളിയിക്കാതെ കിടക്കുന്ന ആയിരക്കണക്കിന് കേസുകള്‍ നിഷ്പ്രയാസം തെളിയിക്കാന്‍ കഴിയില്ലേ?

സമൂഹത്തില്‍ നിന്ന് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയാത്തിടത്തോളം ശാസ്ത്ര പുരോഗതിയിലും അഭൂതപൂര്‍വ്വ നേട്ടങ്ങളിലും ഊറ്റം കൊള്ളാന്‍ നമുക്ക് കഴിയുമോ? മനുഷ്യന്‍ ചന്ദ്രനില്‍ എത്രവട്ടം കാലുകുത്തിയാലും അവിടെത്തന്നെ സ്ഥിരതാമസമാക്കിയാലും ശുന്യാകാശത്തിലെവിടെയും ഉപഗ്രഹങ്ങള്‍ നിറച്ചാലും, ഭൂമിയില്‍ ബുള്ളറ്റ് ട്രെയിനും, സില്‍വര്‍ ലൈനും യാഥാര്‍ത്ഥ്യമാക്കിയാലും ഹൈടെക് റോഡുകളും കെട്ടിടസമുച്ചയങ്ങളും പണിതു കൂട്ടിയാലും ഡിജിറ്റല്‍ മേഖലയില്‍ എത്ര കുതിച്ചുചാട്ടം നടത്തിയാലും 5 ജി പോലുള്ള അതിവേഗ ഇന്റര്‍നെറ്റ് സേവനം സാര്‍വ്വത്രികമാക്കിയാലും മനുഷ്യന്‍ അന്ധവിശ്വാസങ്ങളില്‍ നിന്ന് മോചിതനാകാത്തിടത്തോളം കാലം എല്ലാം വ്യര്‍ത്ഥമാണ്.

യഥാര്‍ത്ഥ വികസനം ഉണ്ടാകേണ്ടത് മനുഷ്യ മനസിനാണ്. മനുഷ്യന്‍ ചൂഷണങ്ങളില്‍ നിന്നും മനോദൗര്‍ബല്യങ്ങളില്‍ നിന്നും മുക്തനാകണം. നമ്മുടെ വികസന ലക്ഷ്യം അന്ധവിശ്വാസ മുക്ത സമുഹമായിരിക്കണം.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam