ഏറെ സ്വപ്നങ്ങളുമായി തൊഴില്‍ തേടി കടല്‍ കടക്കുന്നവരാണ് പ്രവാസികളില്‍ അധികവും. അത്തരത്തില്‍ സൗദി അറേബ്യയിലെത്തിയ തെലങ്കാനയിലെ കൊരുത്‌ലയില്‍ നിന്നുള്ള 46 കാരനായ ശ്രീരാമുല ശ്രീധര്‍ നാട്ടിലെത്താന്‍ നിമിഷ നേരം ബാക്കിനില്‍ക്കെയാണ് മരണപ്പെട്ടത്. വര്‍ഷങ്ങള്‍ക്കൊടുവിലെ പ്രവാസ ജീവിതത്തിന് പിന്നാലെ നാട്ടിലെത്താന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ശേഷിക്കെ വിമാനത്തില്‍ വച്ച് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
അച്ഛന്റെ വരവിനായി കാത്തിരിക്കുന്ന രണ്ട് പെണ്‍മക്കളും ഭാര്യയും കേട്ടത് ദുരന്ത വാര്‍ത്ത. ഹൃദയാഘാതം മൂലം മരണപ്പെട്ട തെലങ്കാനയില്‍ നിന്നുള്ള ശ്രീരാമുല ഒരു പ്രവാസ ലോകത്തെ മുഴുവനാണ് പ്രതിനിധീകരിക്കുന്നത്. കേരളം, തെലങ്കാന, തമിഴ്നാട് ഉള്‍പ്പെടെയുള്ള രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലുള്ളവരുടെ പ്രധാന തൊഴില്‍ ആശ്രയ കേന്ദ്രങ്ങളാണ് വിദേശരാജ്യങ്ങള്‍, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. എന്നാല്‍, പ്രവാസ ജീവിതത്തിനിടയില്‍ ഇക്കാലത്ത് അകാല മരണങ്ങളും വര്‍ധിച്ചു വരികയാണ്.
അശ്രദ്ധയും കൃത്യമായ ആരോഗ്യ പരിചരണവും ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം. യുവാക്കള്‍ ഉള്‍പ്പെടെ ഹൃദയാഘാതമൂലം ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് മരണപ്പെടുന്ന പ്രവാസികളുടെ എണ്ണം ഏറെയാണ്. ഇത്തരത്തില്‍ പ്രവാസികള്‍ ഹൃദയാഘാതം മൂലം മരണപ്പെടുന്ന രാജ്യത്തെ ഒരു പ്രദേശത്തെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.
തെലങ്കാനയിലെ കൊരുത്‌ലയില്‍ നിന്നുള്ള ശ്രീരാമുല ശ്രീധരിന്റെ മരണത്തിന് പിന്നാലെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ഇവിടെയുള്ള ഭൂരിപക്ഷം പ്രവാസികളും ഹൃദയാഘാതം മൂലവും മറ്റ് രോഗങ്ങള്‍ മൂലവും മരണപ്പെടുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. കൊരുത്‌ല ജില്ലയില്‍ നിന്നുള്ള ഏകദേശം 3.5 ലക്ഷം ആളുകള്‍ യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, ഇറാഖ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.
ഇവരില്‍ 57 ശതമാനത്തിലധികവും പേര്‍ വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് സെന്റര്‍ ഫോര്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ സ്റ്റഡീസ് (സിഇഎസ്) അടുത്തിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ വിജയ് കൊറയുടെ മേല്‍നോട്ടത്തില്‍ നടന്ന സര്‍വേ പ്രകാരം തെലങ്കാനയിലുള്ള നിരവധി പേര്‍ യുഎഇയിലെ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. തെലങ്കാനയിലെ മറ്റ് ജില്ലകളായ ജഗ്തിയാല്‍, രാജന്ന സിരിസില്ല എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികളില്‍ 11.4 ശതമാനം പേര്‍ ഗുരുതരമായ രോഗങ്ങള്‍ നേരിടുന്നുണ്ട്.
പണമില്ലാത്തതിനാല്‍ ചികിത്സ തേടുന്നില്ല
സാമ്പത്തിക പ്രതിസന്ധി മൂലമാണ് പല പ്രവാസികളും ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നത്. എന്നാല്‍, ഇതില്‍ ഭൂരിഭാഗം പ്രവാസികളും ഏകാന്തതയും സമ്മര്‍ദ്ദവും നേരിടുന്നവരാണെന്ന് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്ക് വേണ്ട പിന്തുണ വിദേശ രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്നില്ലെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു.
അതേസമയം സ്വകാര്യ കമ്പനികള്‍ പലപ്പോഴും ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കാത്തതിനാല്‍ തൊഴിലാളികള്‍ക്ക് വൈദ്യസഹായം ലഭ്യമാകുന്നില്ല. പലപ്പോഴും അസുഖം ബാധിക്കുന്നവര്‍ ചെലവ് ഓര്‍ത്ത് ചികിത്സ തേടുന്നില്ലെന്ന് സര്‍വേയില്‍ പറയുന്നു. രോഗികളായ തൊഴിലാളികളില്‍ 90 ശതമാനത്തിലധികവും ശരിയായ വൈദ്യ സഹായം ലഭിക്കുന്നില്ലെന്ന് സര്‍വേയില്‍ വ്യക്തമാക്കുന്നു. വീട്ടില്‍ നിന്നും കൊണ്ടുവരുന്ന മരുന്നുകളെയാണ് ഇവര്‍ പ്രധാനമായും ആശ്രയിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിര്‍മാണ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ 48 ഡിഗ്രിക്ക് മുകളിലുള്ള ചൂട് സഹിക്കേണ്ടി വരുന്നതിനാല്‍ ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കുന്നു. ഇത് നിര്‍ജ്ജലീകരണം, ചര്‍മ്മ പ്രശ്നങ്ങള്‍, പുറം, സന്ധി വേദന, ഉയര്‍ന്ന രക്തസമ്മര്‍ദം, വൃക്കരോഗം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുന്നു. ഈ വര്‍ഷം മാര്‍ച്ച് വരെ തെലങ്കാനയില്‍ നിന്നുള്ള 169 പ്രവാസികളാണ് മരിച്ചത്. ഇതില്‍ 70 ല്‍ അധികം പേര്‍ സംയുക്ത ജില്ലയില്‍ നിന്നുള്ളവരാണ്. വിവിധ ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് ഭൂരിഭാഗം പ്രവാസികളും മരിച്ചത്.
ഇത്തരം മരണങ്ങളെ എങ്ങനെ പ്രതിരോധിക്കാം?
പ്രവാസിക്കള്‍ ഭക്ഷണ ക്രമീകരണത്തില്‍ ശ്രദ്ധ ചെലുത്തണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പ്രവാസികള്‍ കൂടുതല്‍ മാംസവും ക്രമരഹിതമായ ഭക്ഷണക്രമവുമാണ് പാലിച്ചുപോകുന്നത്. അവര്‍ സമീകൃതാഹാരം സ്വീകരിക്കണം, അവരുടെ ആരോഗ്യം നിരീക്ഷിക്കണം, കൃത്യസമയത്ത് ചികിത്സ തേടി മരുന്നുകള്‍ കഴിക്കണം, മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ ശ്രമിക്കണം. ഗള്‍ഫില്‍ പ്രമേഹം, പക്ഷാഘാതം, നിര്‍ജലീകരണം എന്നിവ വര്‍ധിച്ചുവരികയാണെന്നും ശരിയായ ആരോഗ്യ പരിചരണത്തിലൂടെ ഇത്തരത്തിലുള്ള രോഗങ്ങളെ തടയാന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1