പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തോടൊപ്പം
ആഹാരം കഴിച്ചതിന്റെ പേരിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പിക്കെതിരെ നടക്കുന്ന
പ്രചാരണം നെരിപ്പോടായെങ്കിലും മാറി കേരള രാഷ്ട്രീയത്തിൽ ചൂടും പുകയും
വമിപ്പിക്കുമെന്ന സി.പി.എമ്മിന്റെ കിനാവ് അൽപ്പായുസായി കെട്ടടങ്ങി.
പ്രേമചന്ദ്രനെ ഇകഴ്ത്താനുള്ള നീക്കം അടിമുടി പാളിയതോടൊപ്പം കൊല്ലത്തു
നിന്ന് വർദ്ധിത ഭൂരിപക്ഷത്തോടെ വീണ്ടും ലോക്‌സഭയിലെത്തി മോദിയുമായുള്ള മമത
ഉയർത്തനേ സി.പി.എം അഴിച്ചുവിട്ട വിവാദം ഇടയാക്കൂ എന്ന അഭിപ്രായമാണ്
രാഷ്ട്രീയ നിരീക്ഷകർ പങ്കു വയ്ക്കുന്നത്.
പ്രേമചന്ദ്രനു വേണ്ടി
ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ രംഗത്തെത്തിയത്
സി.പി.എമ്മിനെതിരെ ചാട്ടുളി പ്രയോഗവുമായാണ്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ
അംഗമായിരിക്കവേ ഷിബു ബേബി ജോൺ ഗുജറാത്ത് സന്ദർശന വേളയിൽ അന്നു
മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ സന്ദർശിച്ചത് ഇടതു മുന്നണി
മാത്രമല്ല ആക്ഷേപ വിഷയമാക്കിയത്. അദ്ദേഹത്തിന്റെ ന്യായവാദങ്ങൾ തൊണ്ട തൊടാതെ
വിഴുങ്ങാൻ കൂട്ടാക്കാത്തവർ യു.ഡി.എഫി.ലുമുണ്ടായിരുന്നു. മോദിയുടെ തീൻമേശ
എൻ.കെ.പ്രേമചന്ദ്രൻ പങ്കിട്ടതിൽ പരിഭവമുള്ളവർ ഇപ്പോഴും യു.ഡി.എഫിലുണ്ടാവുക
സ്വാഭാവികം. പക്ഷേ, മോദി പഴയ ആളല്ലെന്നത് അവഗണിക്കാനും അവർക്കാകുന്നില്ല.
പ്രേമചന്ദ്രന്റെ ആർജ്ജവത്തിൽ അവർക്കു ശങ്കയില്ലെന്നതും
ചൂണ്ടിക്കാണിക്കപ്പെടുന്നു.
'എന്താണ് വിവാദം എന്ന് മനസിലാവുന്നില്ല'
ഷിബു ബേബി ജോൺ പറയുന്നു. സാധാരണ രീതിയിൽ അവർ ഭക്ഷണം കഴിച്ച് പിരിഞ്ഞു. മോദി
കേരളത്തിൽ വന്നപ്പോൾ പിണറായി സ്വീകരിച്ചില്ലേ? സ്വീകരിക്കുന്നവരുടെ
ലിസ്റ്റിൽ ഇല്ലാതിരുന്നിട്ടും പിണറായി പ്രധാനമന്ത്രിയെ സ്വീകരിക്കാൻ
പോയില്ലേ. ഇതിലൊന്നും രാഷ്ട്രീയം കാണണ്ട. പ്രധാനമന്ത്രി നടത്തിയത് ഒരു
യാത്രയയപ്പായി കണ്ടാൽ മതി. സി.പി.എമ്മിന് വിഷയ ദാരിദ്യം ഉണ്ട്. അതാണ്
വിവാദത്തിന് പിന്നിൽ. എളമരം കരീം ഈ വിഷയം ഉന്നയിക്കുമ്പോൾ അതിന് പിന്നിലെ
അജണ്ട എല്ലാവർക്കും അറിയാം. പ്രധാനമന്ത്രിയുടെ വിരുന്ന് വിവാദത്തിൽ എൻ.കെ
പ്രേമചന്ദ്രൻ എം.പിക്ക് പ്രതിരോധം തീർക്കാൻ കോൺഗ്രസും മുന്നോട്ടുവന്നു.
വിരുന്നിൽ പങ്കെടുത്തതിൽ ഒരു തെറ്റുമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.
സതീശനും പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് കെ. മുരളീധരനും
പറഞ്ഞു.
ഇതിനിടെ, ബി.ജെ.പി എന്നത് സംഘപരിവാർ സംഘടനയല്ലെന്നതു ചൂണ്ടിക്കാട്ടുന്നു പ്രേമചന്ദ്രൻ. താൻ മനസ്സിലാക്കുന്നത് ശരിയാണെങ്കിൽ ആർ.എസ്.എസ്, ബജ്‌റംഗ്ദൾ, എ.ബി.വി.പി, ബി.എം.എസ് തുടങ്ങിയവയൊക്കെയാണ് സംഘപരിവാർ സംഘടനകൾ. 'നരേന്ദ്ര മോദി സർക്കാരിന്റെ കെടുകാര്യസ്ഥത തുറന്നെതിർത്ത് മൂന്ന് മണിക്കൂർ പ്രമേയം അവതരിപ്പിച്ച എന്നെയാണ് സംഘിയാക്കി സി.പി.എം നേതാവ് എളമരം കരീം ചിത്രീകരിക്കുന്നത്.' ധവള പത്രത്തിന്മേൽ നടന്ന ചർച്ചയിൽ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം പാർലമെന്റിൽ അതിരൂക്ഷ വിമർശനം ഉയർത്തുമ്പോൾ രാജ്യസഭയിലെ സി.പി.എമ്മിന്റെ കക്ഷിനേതാവ് എളമരം കരീം സംഘപരിവാർ സംഘടനയായ ബി.എം.എസിന്റെ സമ്മേളനത്തിൽ പങ്കെടുത്ത് കാപ്പിയും കഴിച്ച് പുറത്തിറങ്ങിയിട്ടാണ് ബി.ജെ.പിയെ നഖശിഖാന്തം എതിർക്കുന്ന തന്നെ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
എട്ട് എംപിമാരാണ് പ്രധാനമന്ത്രി വിളിച്ച
വിരുന്നിൽ പങ്കെടുത്തത്. കേരളത്തിൽ നിന്ന് എൻ.കെ. പ്രേമചന്ദ്രനെ മാത്രമാണ്
ക്ഷണിച്ചത്. വിരുന്നിൽ രാഷ്ട്രീയമൊന്നും സംസാരിച്ചില്ലെന്നും അനൗപചാരികം
മാത്രമായിരുന്നെന്നും പ്രേമചന്ദ്രൻ വിശദീകരിക്കുകയും ചെയ്തു. രാഷ്ട്രീയ
ചർച്ചയല്ല നടന്നത്. സൗഹൃദപരമായ ചർച്ചകളാണ് നടന്നത്. പ്രധാനമന്ത്രി
വ്യക്തിപരമായ അനുഭവങ്ങളാണ് പങ്കുവച്ചതെന്നും പ്രേമചന്ദ്രൻ പിന്നീടു പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത പ്രേമചന്ദ്രൻ ഇന്ത്യാ
സഖ്യത്തെ വഞ്ചിച്ചുവെന്ന് എളമരം കരീം കുറ്റപ്പെടുത്തി. ഇന്ത്യാ സഖ്യത്തിലെ
അംഗങ്ങൾ ആരും വിരുന്നിൽ പങ്കെടുത്തില്ല. മോദിയുടെ തന്ത്രത്തിൽ പ്രേമചന്ദ്രൻ
വീഴുകയായിരുന്നു. 'പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതിൽ ചില സംശയങ്ങളുണ്ട്.'
പ്രേമചന്ദ്രനെ
കണ്ടു കൊണ്ടാണോ കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് പ്രധാനമന്ത്രി
പറയുന്നതെന്നും എളമരം കരീം സംശയം പ്രകടിപ്പിച്ചിരുന്നു. 2014 ൽ പിണറായി
വിജയൻ പ്രേമചന്ദ്രനെതിരെ നടത്തിയ 'പരനാറി' പ്രയോഗത്തിന്റെ തീവ്രത കരീം
പുറത്തെടുത്തില്ലെങ്കിലും കിട്ടിയ അവസരം പരമാവധി മുതലാക്കാനുള്ള
നീക്കമാണദ്ദേഹം നടത്തിയതെന്നു വ്യക്തം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പല സംസ്ഥാനങ്ങളിലും മുതിർന്ന നേതാക്കൾ പലരും കളം മാറിത്തുടങ്ങിയത് പ്രേമചന്ദ്രനെതിരെ അമ്പെയ്യാൻ കരീമിനു തുണയായി. കേരളത്തിൽ പി.സി. ജോർജ്ജ് ബി.ജെ.പിയോടൊപ്പം ചേർന്നത് ഒരു ചെറിയ കാര്യം മാത്രം. ഇതിനിടെ ശശി തരൂർ മോദിയുടെ വലയിൽ വീണതായുള്ള പ്രചാരണവും മുറുക്കുന്നു ചിലർ. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ കോൺഗ്രസ് വിട്ട് ബി.ജെ.പി കൂടാരത്തിലേക്കാണു നീക്കം. അശോക് ചവാന്റെ പിതാവ് എസ്.ബി. ചവാനും മുഖ്യമന്ത്രിയായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന കമൽനാഥും കളം വിടുകയാണ്. രാജ്യസഭാ സീറ്റു കിട്ടുമോ എന്നാണു കമൽനാഥിന്റെ നോട്ടം.
അധികാരം, പണം
അധികാരത്തിനും പണത്തിനും പിന്നാലെ പോകാൻ രാഷ്ട്രീയക്കാർക്ക് യാതൊരു ഉളുപ്പുമില്ലാതായിരിക്കുന്നു. വ്യക്തമായ ദർശനങ്ങളോടെ രാഷ്ട്രീയപ്രവർത്തനം നടത്തിവന്ന കാലം കഴിഞ്ഞു. തന്ത്രവും കുതന്ത്രവും പയറ്റാൻ ശേഷിയുള്ളവർക്കു മാത്രമായി രാഷ്ട്രീയം. അധികാരത്തിന്റെ അപ്പക്കഷണം തേടി എവിടേക്കു ചാടാനും മടിയില്ലാത്തവരേറെയായി. അവരോടൊപ്പം കൂടാനും ആളുണ്ട്. കോൺഗ്രസിൽനിന്നുള്ള കൂറുമാറ്റംതന്നെ മികച്ച ഉദാഹരണം. ഒരുകാലത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ ഉറ്റ സഹചാരിയായിരുന്ന ഗുലാം നബി ആസാദ് പാർട്ടിവിട്ട് പ്രദേശിക പാർട്ടി ഉണ്ടാക്കി. കപിൽ സിബലിനെപ്പോലുള്ള നേതാക്കൾ അകന്നുനിൽക്കുന്നു.
ആശയപരമായ പാപ്പരത്വം കൊണ്ടു മാത്രമല്ല പ്രസ്ഥാനങ്ങൾ ദുർബലമാകുന്നത്, നേതാക്കളുടെ പിടിപ്പുകേടും സ്വാർഥതയും മൂലവുമാകാം. രാഷ്ട്രീയ കക്ഷികളെ സംബന്ധിടത്തോളം അധികാരമാണ് കരുത്ത്. അതു നഷ്ടമാവുമ്പോൾ അണികളെ പിടിച്ചുനിർത്തുക വിഷമകരമാകും. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് അവകാശപ്പെടുമ്പോഴും ഇന്ത്യൻ ജനാധിപത്യത്തിൽ അനഭിലഷണീയമായ പല കാര്യങ്ങളും ആവർത്തിക്കുന്നത്.
രാജ്യത്തെ ഏറ്റവും പഴക്കവും പാരമ്പര്യവും
അവകാശപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.
സ്വാതന്ത്ര്യപ്രാപ്തിയോടെ കോൺഗ്രസിന്റെ പ്രസക്തി നഷ്ടമായെന്നെക്കെ
പറയുന്നവരുണ്ടാകാം. പക്ഷേ സ്വാതന്ത്ര്യാനന്തര ഇന്ത്യയെ പുരോഗതിയിലേക്കു
കൈപിടിച്ചുയർത്തിയത് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകളായിരുന്നു.
കടുത്ത എതിർപ്പുകൾ അന്നും ഉണ്ടായിരുന്നു. എങ്കിലും അന്നത്തെ
സാഹചര്യത്തിനനുസരിച്ചുള്ള നയങ്ങളും പരിപാടികളുമാണ് ജവഹർലാൽ നെഹ്‌റുവിന്റെ
നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കിയത്. സമ്മിശ്ര സമ്പദ്‌വ്യവസ്ഥയും
പൊതുമേഖലയുടെ പ്രധാന്യവുമൊക്കെ അതിന്റെ ഭാഗമായിരുന്നു.
ലോകം മുന്നോട്ടു
കുതിച്ചപ്പോൾ അതിനനുസൃതമായ മാറ്റങ്ങൾ സമ്പദ്‌വ്യവസ്ഥയിലും സാമ്പത്തിക
നയങ്ങളിലുമൊക്കെ ഉണ്ടായി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തെ
ബാങ്ക് ദേശസാത്കരണവും രാജിവ് ഗാന്ധിയുടെ കാലത്തെ നവസങ്കേതികവത്കരണവും അതിനു
സാം പിട്രോഡയെപോലുള്ളവർ നൽകിയ സങ്കേതിക നേതൃത്വവുമൊക്കെ മാറ്റങ്ങളുടെ
പുതിയ ഏടുകൾ കുറിച്ചു. പി.വി. നരസിംഹറാവുവിന്റെ കാലത്തെ ചില സാമ്പത്തിക
നയങ്ങളും പിന്നീടു ഡോ. മൻമോഹൻസിംഗ് നടപ്പാക്കിയ ഉദാരവത്കരണവുമൊക്കെ
ഇന്ത്യയുടെ മുഖച്ഛായ മാറ്റുന്നതിൽ മുഖ്യപങ്കു വഹിച്ചു.
അടിയന്തരാവസ്ഥയും അതെത്തുടർന്ന് കോൺഗ്രസിനും ഇന്ദിരാഗാന്ധിക്കും നേരിട്ട കനത്ത തിരിച്ചടിയും ഇന്ത്യൻ ജനാധിപത്യത്തിന്റെ പരീക്ഷണനാളുകളായിരുന്നു. അതൊക്കെ വിജയകരമായി കടന്നുപോയി. മൊറാർജി ദേശായി, വി.പി. സിംഗ് സർക്കാരുകൾ ഇന്ത്യൻ ജനാധിപത്യത്തിൽ പുതിയൊരു അധ്യായം കുറിച്ചു. ചന്ദ്രശേഖറുടെയും ചരൺസിംഗിന്റെയും സർക്കാരുകൾ വ്യത്യസ്ത പരീക്ഷണങ്ങളായി.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂപ്പുകൂത്തിയ അവസ്ഥയുണ്ടായി. അതിൽനിന്നെല്ലാം രാജ്യം കുതിച്ചുയർന്നു. കോൺഗ്രസും ജനതാപാർട്ടിയുമൊക്കെ പിളർപ്പുകൾക്കും നേതൃശോഷണത്തിനും വിധേയമായി. അടിയന്തരാവസ്ഥ തകർത്ത കോൺഗ്രസിനെ ഇന്ദിരാഗാന്ധി തന്നെ വീണ്ടും അധികാരത്തിലെത്തിച്ചു. എങ്കിലും പഴയ പ്രതാപം നിലനിർത്തുന്നതിൽ കോൺഗ്രസ് പീന്നീട് ഏറെ പിന്നോട്ടുപോയി. 1984ൽ കേവലം രണ്ടു ലോക്‌സഭാ സീറ്റു മാത്രമുണ്ടായിരുന്ന ബി.ജെ.പി 303 ലോക്‌സഭാംഗങ്ങളുള്ള പാർട്ടിയായി വളർന്നു. ഇതൊക്കെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെയും ജനങ്ങളുടെ ജനാധിപത്യബോധത്തിന്റെയും പ്രതിഫലനങ്ങളായിത്തന്നെ കാണാനാവും. അധികാരം അതിരുവിടുമ്പോൾ ജനങ്ങൾ 'ചെക്ക്' പറയും. അതു ഗൗനിക്കാതെ മുന്നോട്ടുപോകുന്നവരെ നിലയ്ക്കു നിർത്തുകയും ചെയ്യും. അതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കാതൽ, കരുത്ത്.
രാജ്യഭരണം രാഷ്ട്രീയക്കാരുടെ കൈയിൽനിന്നു വഴുതിപ്പോകുന്നു. വൻ കോർപറേറ്റുകളും സ്വാധീനശക്തികളും പിന്നിൽനിന്ന് ചരടു വലിക്കുന്നു. അതിപ്പോൾ മുന്നിൽ നിന്നുതന്നെയാണെന്നു പറയുന്നതിലും തെറ്റില്ല. തെരഞ്ഞെടുപ്പുകളെപ്പോലും സമ്പത്ത് നിയന്ത്രിക്കുന്നു. പാർലമെന്റിലേക്കും നിയമസഭകളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നവർക്ക് കോടികൾ ഇറക്കി പ്രചാരണം നടത്തേണ്ടിവരുന്നു. അധികാരത്തിലിരിക്കുന്നവർക്ക് ഇത് എളുപ്പമാവും. അത് ഇല്ലാത്തവർക്ക് എന്തൊക്കെ മേന്മകളുണ്ടെങ്കിലും പിന്നോക്കം പേകേണ്ടിവരും. കേരളത്തിൽപോലും എത്രയോ ഉദാഹരണങ്ങൾ ഇതിനുണ്ട്. ഈ സംഭവങ്ങളെയും വ്യക്തികളെയും മറക്കാത്തവർ ഇവിടെയും 'ആയാറാം ഗയാറാം' നാടകങ്ങളുടെ അരങ്ങേറ്റം കിനാവു കാണുന്നുണ്ടാകാം.
കരുത്തും കാര്യശേഷിയുമുള്ള നേതൃത്വത്തിനൊപ്പമാവും നേതാക്കളും ജനങ്ങളും. മൂല്യങ്ങളെയും ജനങ്ങൾ ആദരിക്കുന്നു. ശശി തരുരിനെയും എൻ.കെ.പ്രേമചന്ദ്രനെയും പോലുള്ള പരിണത പ്രജ്ഞർക്ക് അക്കാര്യം ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. തെറ്റിദ്ധരിപ്പിച്ചും മസ്തികപ്രക്ഷാളനം നടത്തിയും ജനത്തെ ചിലപ്പോൾ പാട്ടിലാക്കാനായേക്കും. പക്ഷേ, യാഥാർഥ്യങ്ങൾ മനസിലാക്കി ജനങ്ങൾ പ്രതികരിക്കുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുക. ഇന്ത്യക്ക് അതിനു കഴിഞ്ഞിട്ടുണ്ട്. അതിനിയും തുടരുമെന്ന പ്രതീക്ഷ ജ്വലിപ്പിക്കുന്നവരുടെ പട്ടികയിലാണ് തരൂരിനെയും പ്രേമചന്ദ്രനെയും മറ്റും ജനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന കാര്യം ഇടതുപക്ഷ കക്ഷികളും തരിച്ചറിഞ്ഞിട്ടുണ്ടെന്നതിനാൽ കൂടിയാണ് എളമരം കരീമിനെപ്പോലുള്ളവരുടെ കണ്ടെത്തലുകൾ തമാശായി മാറുന്നത്.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1