1977 ഒക്ടോബർ മൂന്ന്. സംയം വൈകീട്ട് 4.45ന് സി.ബി.ഐ ഇന്ദിരാഗാന്ധിയുടെ വസതിയായ 12 വില്ലിംഗ്ഡൺ ക്രസന്റിന് പുറത്ത് എത്തി. ലോക്കൽ പോലീസ് നേരത്തെ തന്നെ അവിടെ എത്തിയിരുന്നു. 4.55ന് അവർ അകത്തേക്ക് നീങ്ങി. ഇന്ദിരാഗാന്ധിയുടെ സഹായികളിലൊരാൾ വാതിൽക്കൽ വന്നു. അദ്ദേഹത്തോട് പറഞ്ഞു: 'അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ (5) 2 പ്രകാരം ശ്രീമതി ഗാന്ധിയെ കസ്റ്റഡിയിലെടുക്കാനാണ് ഞങ്ങൾ വന്നിട്ടുള്ളത്.'
കോൺഗ്രസ് ദേശീയതലത്തിൽ പിളർന്നതിന്റെ പ്രത്യാഘാതം പെട്ടെന്ന് തന്നെ കേരളത്തിലുണ്ടായി.ആന്റണി ഗ്രൂപ്പ് ഇന്ദിര വിരുദ്ധ പക്ഷത്തായി. പിളർപ്പിന്റെ ആദ്യ നാളുകളിൽ സി.എം. സ്റ്റീഫൻ ആന്റണി ഗ്രൂപ്പിനോടാണ് അനുഭാവം കാണിച്ചത്. കേരളത്തിൽ കോൺഗ്രസ് പാർട്ടി രണ്ടാകുമ്പോൾ ആകെയുള്ള 38 എം.എൽ.എമാരിൽ 25 പേർ ആന്റണിയുടെ ഒപ്പം നിലയുറപ്പിച്ചു. അവർ ബ്രഹ്മാനന്ത റെഡി നേതൃത്വം നൽകുന്ന കോൺഗ്രസ് പക്ഷത്തായി.
കെ. കരുണാകരൻ, എം.എം. ജേക്കബ്, ഡോക്ടർ കെ.ജി. അടിയോടി, ടി.എച്ച്. മുസ്തഫ, കെ.എം. ചാണ്ടി, ജി. കാർ തുടങ്ങിയവർ അധികാരം നഷ്ടപ്പെട്ട ഇന്ദിരാഗാന്ധിക്കൊപ്പം അടിയുറച്ച് നിന്നു.
ഇതിനിടെ കേരളത്തിൽ നിയമസഭാ കക്ഷി നേതാവായി എ.കെ. ആന്റണിയെയും, ഉപ നേതാവായി എം.കെ. രാഘവനെയും ഇന്ദിരാപക്ഷം നേതാവായി കെ. കരുണാകരനെയും ഉപ നേതാവായി റഹീമിനെയും തെരഞ്ഞെടുത്തു കഴിഞ്ഞിരുന്നു.
സ്റ്റീഫൻ മറുപക്ഷത്ത് പോയതോടുകൂടി ഇനി ഒരാളും മറുകണ്ടം ചാടാതിരിക്കാൻ എ.കെ. ആന്റണിയേക്കാൾ ശ്രദ്ധ പതിപ്പിച്ചത് ഉമ്മൻചാണ്ടിയായിരുന്നു. കഴിവിന്റെ പരമാവധി ഉമ്മൻചാണ്ടി ശ്രമിച്ചുവെങ്കിലും അതിന് കാര്യമായ ഫലം ഉണ്ടായില്ല. തെന്നല ബാലകൃഷ്ണപിള്ള, പി. ബാലൻ, പി.ജെ. തോമസ്, പി.ആർ. കുറുപ്പ് എന്നിവർ ഇന്ദിരാപക്ഷത്തേക്ക് ചേക്കേറി.
തെന്നല
ബാലകൃഷ്ണന്റെ ഇന്ദിരാപക്ഷത്തേക്കുള്ള പോക്ക് ആന്റണിയെയും ഉമ്മൻചാണ്ടിയെയും
വേദനിപ്പിച്ചു. കാരണം പലപ്പോഴും ഒരു മുതിർന്ന സഹോദരന്റെ സ്ഥാനത്തുനിന്ന്
കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കുകയും, ഉപദേശിക്കുകയും ഒക്കെ ചെയ്തിരുന്ന
വ്യക്തിയായിരുന്നു അദ്ദേഹം. ആദർശശാലിയായ അദ്ദേഹം ഇന്ദിരാഗാന്ധിയുടെ ഒരു
ഭക്തനാണ് എന്ന് വേണമെങ്കിൽ പറയാമായിരുന്നു. അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു
ഇന്ദിരാഗാന്ധിയെ വിമർശിക്കാനോ തള്ളിപ്പറയാനോ അദ്ദേഹത്തിന്
കഴിയുമായിരുന്നില്ല. ഇന്ദിരാകോൺഗ്രസിന്റെ നിയമസഭാ കക്ഷിയുടെ അംഗസംഖ്യ 18
ആയി. ഇ.എം.എസിന് പകരം കെ. കരുണാകരൻ പ്രതിപക്ഷ നേതാവുമായി.
ഇതേയവസരത്തിൽ കേന്ദ്രത്തിൽ പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമായിക്കൊണ്ടിരുന്നു.
ഇന്ദിരാഗാന്ധി തെറ്റുകാരി ആണെന്ന് എങ്ങനെയും സമർത്ഥിക്കുക അതായിരുന്നു ജനത ഗവൺമെന്റിന്റെ മുഖ്യ പരിപാടി. അതിനായി ആണ് ഷാ കമ്മീഷനെ നിയമിച്ചത്. കമ്മീഷന്റെ തെളിവെടുപ്പ് ആഘോഷകരമായി രീതിയിൽ മുന്നേറുകയാണ്. ടി.എ. പൈ, എച്ച്.ആർ. ഗോഖലെ തുടങ്ങിയ മുൻ മന്ത്രിമാർ പല കാര്യങ്ങളിലും ഇന്ദിരഗാന്ധി അനാവശ്യമായി ഇടപെട്ടതായി തെളിവ് നൽകി. ചട്ടങ്ങൾ ഇന്ദിരാഗാന്ധിയുടെ നിർദ്ദേശം അനുസരിച്ച് മാറ്റിയെന്നും അവർ ആരോപണം ഉന്നയിച്ചു. മറ്റൊരു മുൻ മന്ത്രി രാജ് ബഹുദൂർ ഷായും ചില തെളിവുകളുമായി മുന്നോട്ടുവന്നു. ഇത് അസഹനീയമായ ഘട്ടത്തിൽ ഇന്ദിരാഗാന്ധി ഒരു പ്രസ്താവനയുമായി രംഗത്തെത്തി. ഇപ്പോൾ തന്നെ താൻ തടവിലാക്കപ്പെട്ടതായി തോന്നുന്നുവെന്ന് അവർ പറഞ്ഞു. തെറ്റായ ദിശയിലൂടെയാണ് ജനത സർക്കാർ പോകുന്നതെന്ന് പറയാനും അവർ മടിച്ചില്ല. ആദ്യത്തെ രാഷ്ട്രീയനാടകം അരങ്ങേറിയത് ഒക്ടോബറിലാണ്.
അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ചൗധരി ചരൺ സിങ്ങായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ഇരുണ്ട സമയമായിരിക്കണം അത്. ചുരുക്കിപ്പറഞ്ഞാൽ, ജനതാ സർക്കാരിന്റെ ആദ്യത്തെ വലിയ രാഷ്ട്രീയ അബദ്ധവും..! മിക്കവാറും എല്ലാ 'അനൗപചാരിക മന്ത്രിസഭാ യോഗങ്ങളിലും' ഇന്ദിരാഗാന്ധിയുടെ അറസ്റ്റ് ചർച്ചാവിഷയമായിരുന്നു. വ്യവസായ മന്ത്രി ജോർജ് ഫെർണാണ്ടസും ആരോഗ്യമന്ത്രി രാജ് നരേനും മറ്റുള്ളവരും ശ്രീമതി ഗാന്ധിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രി മൊറാർജി ദേശായി ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു: ''നമ്മൾ നിയമപ്രകാരം മാത്രമേ നടപടിയെടുക്കാവൂ,'' നിയമമന്ത്രി ശാന്തി ഭൂഷൺ അത് സമ്മതിച്ചു. വിദേശകാര്യ മന്ത്രി എ.ബി. വാജ്‌പേയിയും വാർത്താവിതരണ മന്ത്രി അദ്വാനിയും നേരത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുൻകാല ജനസംഘത്തിന്റെ തലവനായ നാനാജി ദേശ്മുഖ്, അറസ്റ്റ് ഒരു 'ആവശ്യമാണ്' എന്ന് ചരൺസിങ്ങിനെ ബോധ്യപ്പെടുത്താൻ നീണ്ട സായാഹ്നങ്ങൾ ചെലവഴിച്ചു.
അറസ്റ്റ് വിജയിക്കുന്നതിന് ശരിയായ തരത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരെ ആവശ്യമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സൂപ്രണ്ട് തലത്തിന് മുകളിലുള്ള നിരവധി പോലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിഗത രേഖകൾ അദ്ദേഹം വിശകലനം ചെയ്തിരുന്നു. അറസ്റ്റ് ആസൂത്രണം ചെയ്യാൻ കഴിവുള്ള വ്യക്തി എൻ.കെ. സിംഗ് എന്ന പോലീസ് സൂപ്രണ്ട് ആണെന്നദ്ദേഹം വിശ്വസിച്ചു.
പ്രധാനമന്ത്രി ദേശായി പച്ചക്കൊടി കാണിച്ചെങ്കിലം അദ്ദേഹം പറഞ്ഞു: ഒരു കാരണവശാലും ശ്രീമതി ഗാന്ധിയോട് മോശമായി പെരുമാറാൻ പാടില്ല.
1977
ഒക്ടോബർ ഒന്നിന് ശനിയാഴ്ചയായിരുന്നു അറസ്റ്റ് നടത്താൻ ഉദ്ദേശിച്ചത്.
ശനിയാഴ്ച അറസ്റ്റ് ചെയ്താൽ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രിയുടെ
ഭാര്യയാണ് ആദ്യം ചൂണ്ടിക്കാട്ടിയത്. ഇയാളുടെ സ്‌പെഷ്യൽ അസിസ്റ്റന്റ്,
ഇന്റലിജൻസ് ബ്യൂറോയിലെ മുൻ ഡി.ഐ.ജിയും പോലീസ് ഡി.ഐ.ജി കൂടിയായ ചൗധരിയുടെ
മരുമകന്റെ അടുത്ത സുഹൃത്തുമായ വിജയ് കരൺ, അറസ്റ്റ് ഒക്ടോബർ രണ്ടിന് ശേഷം
നടത്തണമെന്ന് നിർദ്ദേശിച്ചു.
മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2ന് ചൗധരി സി.ബി.ഐ ഡയറക്ടറെ വിളിച്ച് 'അറസ്റ്റിന് തയ്യാറാകൂ. ഇത് അതീവ രഹസ്യമാണ്'. തുടർന്ന് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് വിപുലമായ ചർച്ച നടന്നു. 'ഒരു സാധാരണ അറസ്റ്റ്,' ചൗധരി ഉത്തരവിട്ടു, അവർ പ്രധാനമന്ത്രിയായിരുന്നു, പക്ഷേ ഇപ്പോൾ ഒരു സാധാരണ സ്ത്രീമാത്രമാണ്. '
ഒക്ടോബർ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആഭ്യന്തരമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറി സി.ബി.ഐ. ഓഫീസിൽ വിളിച്ചുചോദിച്ചു. 'പറയൂ...എന്താണ് സംഭവിക്കുന്നത്,' ''ഞങ്ങൾ നീങ്ങാൻ തയ്യാറാണ്, പക്ഷേ ലോക്കൽ പോലീസിന് കുറച്ച് സമയം കൂടി വേണം,'' സി.ബി.ഐ മറുപടി നൽകി. ഒരു മണിക്കൂറിന് ശേഷം പോലീസ് സൂപ്രണ്ട് (സി.ബി.ഐ) തന്റെ കീഴുദ്വോഗസ്ഥരോട് തയ്യാറാകാൻ ആവശ്യപ്പെട്ടു. ഇന്ദിരാഗാന്ധിയെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്യേണ്ട എഫ്.ഐ.ആറിന്റെ ഡ്രാഫ്റ്റ് അഭിഭാഷകർ അദ്ദേഹത്തിന് നൽകിയിരുന്നു. 4.45 ന് സി.ബി.ഐ ഇന്ദിരാഗാന്ധിയുടെ വസതിയായ 12 വില്ലിംഗ്ഡൺ ക്രസന്റിന് പുറത്ത് എത്തി. ലോക്കൽ പോലീസ് നേരത്തെ തന്നെ അവിടെ എത്തിയിരുന്നു. 4.55 ന് അവർ അകത്തേക്ക് നീങ്ങി. ഇന്ദിരാഗാന്ധിയുടെ സഹായികളിലൊരാൾ വാതിൽക്കൽ വന്നു. അദ്ദേഹത്തോട് പറഞ്ഞു: 'അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ (5) 2 പ്രകാരം ശ്രീമതി ഗാന്ധിയെ കസ്റ്റഡിയിലെടുക്കാനാണ് ഞങ്ങൾ വന്നിട്ടുള്ളത്.'
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1