കലങ്ങിയ പൂരവും, മായക്കാഴ്ചകളും

OCTOBER 31, 2024, 11:27 AM

അസംബന്ധ നാടകങ്ങളുടെയും സങ്കീർണ ഡയലോഗുകളുടെയും തിരതള്ളലിൽ അനുനിമിഷംകലങ്ങിമറിയുന്നതോടൊപ്പം യുക്തബോധത്തിനു നേരെ ആവർത്തിച്ച് കൊഞ്ഞനം കാട്ടുന്നുകേരള രാഷ്ട്രീയം. ഉലഞ്ഞു പോയ തൃശൂർ പൂരം ഹേതുവായി ലോക്‌സഭാ സീറ്റ് നഷ്ടമായെന്ന വ്യാകുല കഥനം തുടർന്നുകൊണ്ടേയിരിക്കുന്നു സി.പി.ഐ. ഇതിനു പിന്നിൽ അവിഹിതമായൊന്നുമില്ലെന്നു സ്ഥാപിക്കാനുള്ള തത്രപ്പാടിൽ മുഖ്യമന്ത്രിയും സുരേഷ് ഗോപിയും നിറഞ്ഞാടുന്നുണ്ട്, ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ മാജിക്കൽ റിയലിസ്റ്റ് കഥാപാത്രങ്ങളെപ്പോലെ.

ഗൗരവപൂർണ്ണ വിഷയങ്ങളെ ഫാന്റസിയുടെയും മാന്ത്രികത്വത്തിന്റെയും അദ്ഭുതത്തിന്റെയും അന്തരീക്ഷത്തിൽ 'ട്രീറ്റ് ' ചെയ്യുന്ന രചനാ സാങ്കേതികതയെ സാഹിത്യത്തിൽ മാജിക്കൽ റിയലിസം എന്നു വിളിക്കുന്നു. യഥാർത്ഥവും സാങ്കല്പികവും ആയതിന്റെ വ്യത്യാസം ഇവിടെ നേർത്തു നേർത്ത് ഇല്ലാതാവുന്നു. വായനക്കാരൻ രണ്ടും ഒന്നാണെന്നു കരുതി സത്യത്തിലൊതുങ്ങാതെ അതിസത്യത്തിലേക്ക് അഥവാ മഹാസത്യത്തിലേക്ക് പ്രവേശിക്കുന്നുവെന്ന സവിശേഷതയും മാജിക്കൽ റിയലിസത്തിനുണ്ടത്രേ. പൂര വിവാദം പക്ഷേ, സത്യത്തിന്റെ ഏതെങ്കിലും മുഖം അനാവരണം ചെയ്യുന്നതായി ജനങ്ങൾ കാണുന്നില്ല.

തൃശൂർ പൂരം അലങ്കോലപ്പെട്ട സമയത്ത് പൂര നഗരിയിലേക്ക് ആംബുലൻസിലെത്തിയിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണിപ്പോൾ സുരേഷ് ഗോപി. തനിക്ക് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ സൗകര്യമില്ലെന്നും അത് താൻ സി.ബി.ഐയോട് പറഞ്ഞോളാമെന്നുമാണ് അദ്ദേഹംതൃശ്ശൂരിൽ പറഞ്ഞത്. ബി.ജെ.പി. നേതാക്കളെ ഞെട്ടിക്കുന്ന വിശദീകരണം ചേലക്കരയിലെ ബി.ജെ.പി. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സുരേഷ് ഗോപി നേരത്തെ നൽകിയത് പിന്നീട് 'മായക്കാഴ്ച'യ്ക്ക് വഴിമാറി. തിരുവമ്പാടി ദേവസ്വത്തിലെത്തിയത് ആംബുലൻസിലല്ലെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. സുരേഷ് ഗോപിയെ ആംബുലൻസിൽ എത്തിച്ചത് തങ്ങളാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രസംഗിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സുരേന്ദ്രനെ തിരുത്തിയുള്ള സുരേഷ് ഗോപിയുടെ പ്രതികരണം.

vachakam
vachakam
vachakam

സുരേഷ് ഗോപി ആംബലൻസിലെത്തുന്ന ദൃശ്യങ്ങൾ നേരത്തേ പുറത്ത് വന്നിരുന്നു.സുരാജ് ഗ്രൗണ്ടിൽ അദ്ദേഹത്തെ എത്തിച്ചത് ആംബുലൻസിലാണെന്ന് പല തവണ ബി.ജെ.പി. ജില്ലാ അധ്യക്ഷൻ പറഞ്ഞതും സുരേഷ് ഗോപി ഇടപെട്ട് പെട്ടെന്ന് പഴങ്കഥയാക്കി. കേരളത്തിലെ മുഴുവൻ പൂരപ്രേമികളുടെയും ഉള്ളുലച്ച സംഭവങ്ങളായിരുന്നു ആറുമാസം മുമ്പ് തൃശൂരിൽ അരങ്ങേറിയത്. പോലിസിന്റെ അമിതനിയന്ത്രണം പൂരത്തിന്റെ ശോഭ കെടുത്തിയെന്ന് മാത്രമല്ല, ഇതിലൂടെ ബോധപൂർവമായ രാഷ്ട്രീയ മുതലെടുപ്പും നടന്നു. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ ബി.ജെ.പി. വിജയത്തിന് അവസരമൊരുക്കി എന്ന ആരോപണം പ്രതിപക്ഷത്തേക്കാൾ ശക്തമായി ഉയർത്തിയത് ഭരണകക്ഷിയിൽപ്പെട്ട സി.പി.ഐ. തന്നെയായിരുന്നു.

പോലിസിന്റെ പ്രവൃത്തിമൂലം പൂരം അലങ്കോലപ്പെട്ടുവെന്ന ആരോപണം അന്വേഷിക്കാൻ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെ ചുമതലപ്പെടുത്തിയെങ്കിലും ഗൂഢാലോചയുണ്ടായില്ലെന്ന റിപ്പോർട്ട് അഞ്ചു മാസത്തിനു ശേഷം ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. എ.ഡി.ജി.പി. നടത്തിയ അന്വേഷണത്തിൽ ജില്ലാ പോലിസ് സൂപ്രണ്ടിന്റെ അനാസ്ഥയിൽ കവിഞ്ഞ് ഒന്നും കണ്ടിരുന്നില്ല. പൂരം കലക്കലിൽ അജിത് കുമാറിനുനേരെ വരെ നീണ്ട ആരോപണത്തിനിടെയാണ് ഈ റിപ്പോർട്ട് രൂപം കൊണ്ടത്.  

എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട് അപൂർണമാണെന്ന കുറിപ്പോടെയാണ് ഡി.ജി.പി. മുഖ്യമന്ത്രിക്ക് കൈമാറിയത്. എ.ഡി.ജി.പിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു ഡി.ജി.പിയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ത്രിതല അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ഈ സംഘത്തിന്റെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നത്. ഇത് പൂരംകലക്കൽ വിവാദത്തിനു പിന്നിലെ ദുരൂഹത നീക്കുന്നില്ലെന്നു മാത്രമല്ല, കൂട്ടിയിരിക്കുകയാണ്. ഈ നിരീക്ഷണം മുഖ്യമന്ത്രിയിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും സമഗ്രമായ അന്വേഷണമാണ് ഇനി ആവശ്യമെന്നും പറയുന്നു ജനങ്ങൾ.

vachakam
vachakam
vachakam

തൃശൂർ പൂരത്തിന്റെ ശോഭ ആര് കെടുത്താൻ ശ്രമിച്ചാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നത് ന്യായമായ ആവശ്യം. ഇതിനു പിന്നിൽ എന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടെങ്കിൽ അത് ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും പുറത്തുവരണം. അതിന് ജുഡീഷ്യൽ അന്വേഷണമാണ് യുക്തമെങ്കിൽ അതു വേണം. ഇനിയൊരു പൂരം ആശങ്കയുടേതാകരുത്. സർക്കാർ ഈ ഉപതെരഞ്ഞെടുപ്പ് കാലത്ത് നൽകുന്ന വാഗ്ദാനം കൂടിയാകണമത്.

പൂരം കലക്കൽ വിവാദത്തിൽ സി.പി.ഐക്കേറ്റ രാഷ്ട്രീയനഷ്ടം വളരെ വലുതാണ്. ഇതിൽ പ്രകോപിതമായി മാത്രമല്ല, സി.പി.ഐയുടെ ആരോപണം. പൂരം കലങ്ങിയില്ല, വെടിക്കെട്ട് വൈകുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറയുമ്പോഴും പോലിസ് വഴികൾ അടച്ചതോടെ രാത്രി എഴുന്നള്ളത്തിന്റെ പഞ്ചവാദ്യം പകുതിയിൽ നിർത്തിയതും ആനകളുടെ എണ്ണം ഒന്നാക്കിയതും അലങ്കാര ഗോപുരങ്ങളിലെ വിളക്കുകൾ അണച്ചതും പൂരപ്രേമികൾ കണ്ടതാണ്. വെടിക്കെട്ട് വൈകി. പൂരനഗരിയിൽ അരക്ഷിതാവസ്ഥയുടെ കുടമാറ്റമുണ്ടായി. മുഖ്യമന്ത്രി പറയുന്നതുപോലെ ചുരുക്കി നടത്താനുള്ളതാണോ ആചാരങ്ങൾ എന്ന ചോദ്യം ശക്തമായി ഉയരുന്നു. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വിശ്വാസികൾക്ക് വിട്ടുനൽകുക, അതിൽ ഗൂഢലക്ഷ്യത്തോടെ ആരെങ്കിലും ഇടപെട്ടാൽ നിയമപരമായ നടപടികളിലൂടെ പ്രതരോധിക്കുക. ഇതൊക്കെ ചെയ്യേണ്ട ഭരണകൂടം തന്നെ ഇങ്ങനെ നിരുത്തരവാദ നിലപാടുമായി മുന്നോട്ടുപോകുന്നു.

പൂരം ഏതെങ്കിലും ഗൂഢാലോചനയുടെ ഭാഗമായി അലങ്കോലമായതാണോ? ഇതിൽ രാഷ്ട്രീയ താൽപര്യമുണ്ടോ? ഇതൊക്കെ അറിയാൻ കേരള ജനതയ്ക്ക് ആകാംക്ഷയുണ്ട് എന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അന്വേഷണം തുടങ്ങിയപ്പോൾ തന്നെ പൂരം കലങ്ങിയില്ലെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചാൽ പിന്നെ പോലിസിൽനിന്ന് നീതിയുക്തമായ അന്വേഷണം പ്രതീക്ഷിക്കാമോ എന്ന ചോദ്യം പ്രസക്തമാണ്.

vachakam
vachakam
vachakam

എ.ഡി.ജി.പി .എം.ആർ. അജിത് കുമാറിന്റെ ആർ.എസ്.എസ്. കൂടിക്കാഴ്ച വിവാദം കത്തിനിൽക്കെ ഇതു സംബന്ധിച്ച് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗമെന്ന നിലയിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് ചോദിച്ച മാധ്യമപ്രവർത്തകരോട് പിണറായിയുടെ മറുപടി, ഒരു അന്വേഷണം നടക്കുമ്പോൾ തന്റെ നിലപാട് പറയുന്നത് ശരിയല്ലെന്നും അത് അന്വേഷണത്തെ സ്വാധീനിക്കുമെന്നുമായിരുന്നു.

എന്നാൽ, ഇപ്പോൾ സർക്കാർ ചുമതലപ്പെടുത്തിയ പ്രത്യേകസംഘം, പൂരം കലക്കലിൽ ത്രിതല അന്വേഷണം നടക്കവേ പൂരം കലങ്ങിയിട്ടില്ലെന്നും വെടിക്കെട്ട് അൽപം താമസിക്കുക മാത്രമാണ് ചെയ്തതെന്നും ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പറയുമ്പോൾ എവിടെപ്പോയി മുമ്പേ പറഞ്ഞ നീതബോധമെന്ന ചോദ്യത്തിന് ഉത്തരമില്ല.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam