മലബാറിൽ ബ്രിട്ടീഷ് ഭരണകാലത്ത് ചാലിയാർ വെറുമൊരു നദി മാത്രമായിരുന്നില്ല. കൊളോണിയൽ ഭരണകൂടത്തിന്റെ ജീവനാഡി തന്നെയായിരുന്നു കിഴക്കൻ മലയോരങ്ങളിൽ ഉത്ഭവിച്ചു നിലമ്പൂരും അരീക്കോടും കടന്ന് ഫറോക്കിലെത്തി അറബിക്കടലിൽ പതിക്കുന്ന മലബാറിലെ ഏറ്റവും വലിയ ഈ നദി. റോഡുകൾ വേണ്ടവിധം വികാസം പ്രാപിക്കാതിരുന്ന പഴയകാലത്ത് നദികൾ വഴിയാണ് പ്രധാനമായും ഗതാഗതം നടന്നുവന്നത്. നിലമ്പൂർ ആയിരുന്നു അന്നൊക്കെ നദീതീരത്തെ പ്രധാന വാണിജ്യ കേന്ദ്രം. ആ പ്രദേശം എക്കാലത്തും തേക്കുകളുടെ നാടായിരുന്നു. സഹ്യപർവത പ്രദേശങ്ങളുടെ ഓരങ്ങളിൽ തേക്കുകൾ ആകാശത്തേക്ക് തലയുയർത്തി നിന്നു.
സോളമൻ ചക്രവർത്തിയുടെ കാലം മുതൽ അവയുടെ പ്രാധാന്യം പാശ്ചാത്യലോകം അറിഞ്ഞിരുന്നു. സോളമൻ യെരുശലേമിൽ പണിത കൊട്ടാരത്തിനു വേണ്ടി തേക്കുകൾ കൊണ്ടുപോയത് ഇന്നാട്ടിൽ നിന്നായിരുന്നു എന്ന് പുരാണപ്രസിദ്ധം. ബൈബിൾ പഴയനിയമത്തിൽ കിഴക്കുനിന്നും യെരുശലേം അടക്കമുള്ള പുണ്യനഗരങ്ങളിലേക്ക് എത്തിച്ചേർന്ന വിവിധ വാണിജ്യ വിഭവങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അറബിക്കടൽ വഴി കിഴക്കും പടിഞ്ഞാറുമുള്ള പ്രാചീന നഗരങ്ങൾക്കിടയിൽ നിലനിന്ന വാണിജ്യ ബന്ധങ്ങൾക്ക് ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമുണ്ട്.
കുരുമുളക് അടക്കമുള്ള മലഞ്ചരക്കുകൾ തീരങ്ങളിലെ തുറമുഖ പട്ടണങ്ങളിലേക്ക് എത്തിച്ചത് കിഴക്കൻ മലകളിൽ നിന്നും പടിഞ്ഞാറോട്ട് ഒഴുകിയ നദികൾ വഴി ആയിരുന്നു. ചാലിയാർ അവയിൽ ഏറ്റവും പ്രധാനപ്പെട്ട നദിയായിരുന്നു. എഴുപതുകളിൽ ചാലിയാറിന്റെ തീരങ്ങളിൽ കുട്ടിക്കാലം ചെലവിട്ട ഈ ലേഖകന് വിവിധ സമയങ്ങളിൽ നദിയുടെ വ്യത്യസ്തമായ മുഖഭാവങ്ങൾ നന്നായി പരിചയമുണ്ട്. വേനലിൽ ശാന്തമായി ഒഴുകുന്ന നദി ഇടവപ്പാതിയും കർക്കിടകപ്പേമാരിയും വരുന്നതോടെ കലിതുള്ളുന്ന മഹാകാളിയുടെ രൂപം പ്രാപിക്കും. നദിയുടെ ഒരു കരയിൽ നിന്നും മറുകരയിലേക്ക് നോക്കിയാൽ കണ്ണെത്താദൂരത്ത് വെള്ളം ഒഴുകിപ്പരക്കുന്നതായി കാണപ്പെടും. ചുറ്റുമുള്ള വിശാലമായ നെൽവയലുകളിലേക്ക് ജലം കുതിച്ചുകയറും.
അപ്പോൾ വയലേത്, പുഴയേത് എന്നു തിരിച്ചറിയാൻ പോലും പ്രയാസമാവും. പുഴയുടെ മേല്പരപ്പും അതിന്റെ അഗാധതകളും തമ്മിൽ ഒരുപാടു ഭിന്നതകൾ അപ്പോൾ പ്രത്യക്ഷമാകും. മുകളിലെ ശാന്തത ആഴങ്ങളിൽ ഉണ്ടായിക്കൊള്ളണമെന്നില്ല. തിരിച്ചും അങ്ങനെയാവാം. അടിയൊഴുക്ക് അത്യന്തം ആപൽകരമായിരിക്കും. അത്തരം സമയങ്ങളിൽ പുഴ നീന്തിക്കടക്കാൻ സാമാന്യബോധമുള്ള ഒരാളും ധൈര്യപ്പെടുകയില്ല. അതിനു തുനിയുന്നവർ അധികമാരും ജീവനോടെ നദിയിൽ നിന്നും പുറത്തുവരികയുമില്ല.
അറുപത്തൊമ്പതിൽ രണ്ടാം ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് മലപ്പുറം ജില്ല വന്നതോടെ കോഴിക്കോട്, മലപ്പുറം ജില്ലകളെ വേർതിരിക്കുന്ന അതിർത്തിയായി ചാലിയാർ മാറി. പുഴയുടെ വടക്കുവശത്ത് മാവൂരും തെക്കുഭാഗത്ത് എളമരവും വാഴക്കാടും. മാവൂർ ബിർളയുടെ വ്യവസായകേന്ദ്രം; മറുവശത്ത് ജനങ്ങൾ അതിന്റെ ദുരന്തങ്ങൾ അനുഭവിച്ചു. കാരണം ഒരുകാലത്ത് തെളിനീർ ഒഴുകിയ നദി കാളിന്ദിയായി. വ്യവസായമാലിന്യങ്ങൾ അതിന്റെ ജീവകോശങ്ങളെ തകർത്തു. മാവൂരിൽ നിന്നും എളമരം കടവ് കടന്നാൽ കോഴിക്കോട് ജില്ലയിൽ നിന്നും മലപ്പുറം ജില്ലയിലെത്താം. എന്നാൽ അതൊരു കടവു മാത്രമായിരുന്നില്ല.
ഒരു പരമ്പരാഗത ജീവിതരീതിയും അന്യമായ മറ്റൊന്നും തമ്മിലുള്ള വൈജാത്യങ്ങളുടെയും സംഘർഷങ്ങളുടെയും സംഗമവേദി കൂടിയായിരുന്നു. എന്നാൽ വ്യവസായയുഗ സമ്പത്സമൃദ്ധിയുടെ ഗുണമൊന്നും നാട്ടുകാർക്ക് ലഭിച്ചതുമില്ല. കടവു കടക്കാൻ അന്നൊക്കെ അവർക്ക് തോണി മാത്രമാണ് ശരണം. മാവൂർ ഭാഗത്ത് നിന്നും ധാരാളം പേർ ദിനംപ്രതി അപ്പുറമിപ്പുറം കടവുകടന്ന് പോയി ജീവസന്ധാരണം നടത്തി. അതിന് കടത്തുതോണിയെയാണ് അവർ ആശ്രയിച്ചത്. നഗരവാസികളായ കോഴിക്കോട്ടുകാർക്ക് ഫറോക്കിൽ ബ്രിട്ടിഷുകാർ പണിത പാലവും തൊട്ടടുത്ത് തീവണ്ടികൾക്ക് കടന്നുപോകാൻ ഇരുമ്പുപാലവും ഉണ്ടായിരുന്നു. ഉൾനാട്ടിലെ എളമരത്തു പാലം വന്നത് പതിറ്റാണ്ടുകൾ കഴിഞ്ഞശേഷമാണ്.
അക്കാലത്ത് ചാലിയാറിൽ തോണിയപകടം പതിവായിരുന്നു. നിരവധി വിദ്യാർഥികൾക്ക് അത്തരം അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുകയുണ്ടായി. വിദ്യാർത്ഥികൾ മാത്രമല്ല, മറ്റു നാട്ടുകാരും അത്തരം അപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ കൂട്ടത്തിലുണ്ട്. ചാലിയാറിൽ മാത്രമല്ല, അതിന്റെ കൈവഴികളായ പൂനൂർ പുഴയിലും ചെറുപുഴയിലും അപകടങ്ങൾ പതിവായിരുന്നു. പുഴയോരങ്ങളിലെ മനുഷ്യരുടെ ജീവിതത്തിൽ ഇത്തരം ദുരന്തങ്ങൾ എന്നും മങ്ങാത്ത ഓർമയായി നിലകൊള്ളുകയും ചെയ്തു.
ചാലിയാറിന്റെ നല്ല നാളുകളിൽ അതിലൂടെ ഒഴുകിയ തെരപ്പങ്ങളും തോണികളും മനോഹരമായ കാഴ്ചയായിരുന്നു. കാട്ടിൽ നിന്ന് വെട്ടിയ തടികളും മറ്റും കയറുകൊണ്ടു പരസ്പരം ബന്ധിച്ചു വിശാലമായ ഒരു മൈതാനം പോലെയാണ് തെരപ്പങ്ങൾ ഒഴുകുന്നത്. നീണ്ട മുളവടി കൊണ്ടവയെ പണിക്കാർ പുഴയിലൂടെ ഡ്രൈവ് ചെയ്തു കൊണ്ടുപോകും. ഇടയ്ക്കവർ പാട്ടുകൾ പാടും. ചിലപ്പോൾ തടിയ്ക്ക് പുറമെ നാളികേരവും മറ്റുൾനാടൻ വിഭവങ്ങളും തെരപ്പത്തിൽ അവർ കൊണ്ടുവരും. ചാലിയാറിന്റെ തീരത്ത് ഫറോക്കിലും കല്ലായിപ്പുഴയുടെ ഓരത്തെ മരമില്ലുകളിലും തടിയും മറ്റു ഉത്പന്നങ്ങളും എത്തിച്ചേരും. ഈ പുഴകൾ വഴി ഒഴുകിവന്ന മരത്തടികളാണ് ഒരുകാലത്ത് കല്ലായിയെ ഏഷ്യയിലെ ഏറ്റവും വലിയ മരവ്യവസായ കേന്ദ്രമായി മാറ്റിയത്. പുഴയുടെ തീരത്ത് ധാരാളം മരമില്ലുകൾ ഉണ്ടായിരുന്നു. അവയിൽ മിക്കതും ഇന്ന് നാമാവശേഷമായി. കല്ലായി മരവ്യവസായം തകർച്ചയിലുമായി.
നമ്മുടെ എഴുത്തിലും സിനിമയിലും മറ്റു സാംസ്‌കാരിക വിനിമയങ്ങളിലും കല്ലായിപ്പുഴയും ചാലിയാറുമൊക്കെ സജീവമായ സ്വാധീനം നിലനിർത്തിയ ഒരു കാലമുണ്ടായിരുന്നു. എസ്.കെ. പൊറ്റെക്കാടിന്റെ വിഷകന്യക അത്തരത്തിലുള്ള ആദ്യത്തെ സാഹിത്യകൃതികളിൽ ഉൾപ്പെടുന്നതാണ്. ചാലിയാറിന്റെ തീരങ്ങളിലെ മനുഷ്യജീവിതത്തിന്റെ സജീവതയും ചൈതന്യവും പല നാടകങ്ങളിലും സിനിമകളിലും മലയാളികൾ കണ്ടറിഞ്ഞു. ഈയിടെ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമ മുക്കത്തെ പഴയകാല പ്രണയമിഥുനങ്ങളുടെ കഥയാണ് പറയുന്നത്. ചാലിയാർ രൗദ്രവതിയായി പരിണമിച്ച ഒരു നാളിൽ പുഴയിൽ ഒഴുകിപ്പോയ മനുഷ്യരെ രക്ഷിക്കാനായി നദിയിലേക്ക് ജീവൻ തൃണവൽഗണിച്ചും ചാടിയ ബി.പി. മൊയ്തീനും പ്രണയിനി കാഞ്ചനമാലയും ഇന്നും അന്നാട്ടിന്റെ ഓർമയിലെ വീരേതിഹാസങ്ങളുടെ ഭാഗമായി വർത്തിക്കുന്നു.
ഫറോക്കും മാവൂരും മുക്കവും കാരശ്ശേരിയും നദിയുടെ കോഴിക്കോടൻ ഭാഗത്തെ ജനപഥങ്ങളാണ്. അവയിൽ പലതും നൂറ്റാണ്ടുകളായി ചരിത്രപ്രസിദ്ധം. ടിപ്പുസുൽത്താൻ മലബാർ കയ്യടക്കിയപ്പോൾ ഫറോക്കിൽ ആണ് തലസ്ഥാനം സ്ഥാപിച്ചത്; ഫറൂക്കാബാദ് എന്നപേരിൽ. ഇന്നും ടിപ്പുവിന്റെ കോട്ടയുടെ അവശിഷ്ടങ്ങൾ അവിടെയുണ്ട്. ബ്രിട്ടീഷ് കാലത്ത് തെക്കേ ഇന്ത്യയിൽ ആദ്യം തീവണ്ടി വന്ന പ്രദേശങ്ങളിൽ അതും പെടും. ചാലിയാർ കടലിൽ ചേരുന്ന ചാലിയം ഭാഗത്തായിരുന്നു അന്നത്തെ റെയിൽവേ സ്റ്റേഷൻ. മദ്രാസിൽ നിന്നുള്ള വണ്ടികൾ അവിടെ ഓട്ടം അവസാനിപ്പിച്ചു. പിന്നീട് പുഴയുടെ കുറുകെ ഇരുമ്പുപാലം വന്നതോടെ തീവണ്ടികൾ വടക്കോട്ട് ഓട്ടം തുടർന്ന് മംഗലാപുരം വരെയെത്തി.
അങ്ങനെ ടിപ്പുവിൽ നിന്നും പിടിച്ചെടുത്ത മലബാറിനെ മദ്രാസ് പ്രവിശ്യയുടെ തലസ്ഥാനമായ മദിരാശിയുമായി അവർ ബന്ധിപ്പിച്ചു. മലബാറിൽ അത്യാവശ്യം സൗകര്യം ഉള്ള കൂട്ടർ തങ്ങളുടെ മക്കളെ പഠിക്കാനായി അന്നൊക്കെ മദിരാശിയിലേക്കാണ് അയച്ചത്. തീവണ്ടി വരും മുമ്പ് ചാലിയാർ വഴി ഊട്ടി വരെ ഒരു ജലപാത ഇംഗ്ലീഷ് അധികാരികൾ വികസിപ്പിച്ചിരുന്നു. മലബാറിൽ ജോലി ചെയ്ത യൂറോപ്യന്മാരും നാട്ടുകാരായ പ്രമാണിമാരും മക്കളെ സ്‌കൂൾ വിദ്യാഭ്യാസത്തിനായി ഊട്ടിയിലും കൂനൂരിലും ഒക്കെ അയച്ചുവന്നത് അക്കാലത്താണ്.
അങ്ങനെ മലബാറുകാർക്ക് ചാലിയാർ ഒരുപാടു ഓർമ്മകൾ നൽകിയ നദിയാണ്. അവരുടെ ചരിത്രത്തിന്റെയും ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും വാണിജ്യത്തിന്റെയും തൊഴിലിന്റെയും മധ്യേ ഒരു അമൃതഗംഗ പോലെ കാലങ്ങളായി അത് ഒഴുകിക്കൊണ്ടിരുന്നു. എന്നാൽ മുമ്പൊരിക്കലും ഇന്നാട്ടുകാർ അനുഭവിച്ചിട്ടില്ലാത്ത, ഒരിക്കലും കണ്ടിട്ടില്ലാത്ത പുതിയൊരു മുഖവും ചാലിയാർ ഈയിടെ കാട്ടിത്തന്നു. അതൊരു മൃത്യുവാഹിനിയായി മാറിയത് വയനാട്ടിലെ മുണ്ടക്കൈചൂരൽമല ദുരന്തത്തോടെയാണ്. അവിടെ ഉരുൾപൊട്ടി നാനൂറിലധികം പേരാണ് മരിച്ചത്.
അവരിൽ നൂറുകണക്കിന് മനുഷ്യരുടെ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും നദിയിലൂടെ ഒഴുകിവന്നത് ആരുടെയും ഹൃദയം മരവിപ്പിക്കുന്ന കാഴ്ചയായിരുന്നു. മഴക്കാലത്ത് നദിയിൽ മീൻ പിടിക്കാൻ ജാഗ്രതയോടെ കാത്തിരിക്കുന്ന മനുഷ്യർ ഇത്തവണയും ആഴ്ചകളോളം കണ്ണിലെണ്ണയും ഒഴിച്ച് കാത്തിരുന്നു. അവർ ഇത്തവണ തേടിയത് മൽസ്യങ്ങളെ ആയിരുന്നില്ല, ജീവനറ്റ മനുഷ്യരെ ആയിരുന്നു. ഈ കൊടും ദുരനുഭവവും ഇനി ചാലിയാറിനെക്കുറിച്ചുള്ള ഓർമകളുടെ ഭാഗമായി മാറുകയാണ്.
എൻ.പി. ചെക്കുട്ടി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1