അച്ഛനമ്മമാരെ തരം പോലെ ബ്ലാക്ക് മെയിൽ ചെയ്ത് സ്വന്തം കാര്യം കാണുന്ന കുട്ടികൾ മുതൽ വ്യവസായ സാമ്രാജ്യങ്ങളും നാടുകൾ തന്നെയും ഭരിക്കുന്ന മഹാഭാഗ്യവാൻമാർ വരെ മുഖ്യമായ ആയുധമാക്കുന്നത് ഈ കരി മെയിലുകളാണ്. ഏറ്റവും കൂടുതൽ ഫോൾഡറുകൾ ഉള്ളത് ആരുടെ കയ്യിലാണോ അയാൾ ഭരിക്കും.
എന്റെ കുട്ടിക്കാലത്തേതന്നെ, എന്തുകൊണ്ട് എന്നറിയില്ല, ബ്ലാക്ക് ഒട്ടും ബ്യൂട്ടിഫുൾ ആയിരുന്നില്ല. വെള്ളക്കാർ ഭരിച്ചിരുന്നതുകൊണ്ടാവാം വൈറ്റ് ആയിരുന്നു ബ്യൂട്ടിഫുൾ. രാജാവിനെപ്പോലെ ആകാൻ അല്ലേ പ്രജകൾ ആഗ്രഹിക്കു!
പക്ഷേ, അന്നും ചില ബ്ലാക്കുകൾ വളരെ നല്ലതായിരുന്നു. ഏറ്റവും നല്ല പെൻ ബ്ലാക്ക് ബേഡ്, ഏറ്റവും മുന്തിയ സെന്റ് ബ്ലാക്ക് ഫാന്റസി.....
പിന്നെ കേട്ട ബ്ലാക്കിന് ഒരു പര്യായവും ഉണ്ടായിരുന്നു: രണ്ടാം നമ്പർ. അതായത് ബ്ലാക്ക് മണി. പക്ഷേ, കുട്ടിയായിരുന്ന എന്നെ അത് ആശയക്കുഴപ്പത്തിൽ ആക്കി. ബ്ലാക്ക് എന്ന് പറയപ്പെട്ട മണിയും കാഴ്ചയിൽ മറ്റേതിന്റെ തനി നിറത്തിൽ തന്നെ ആയിരുന്നു!
ഇതുപോലെ തന്നെ എനിക്ക് മനസ്സിലാകാത്ത കാര്യമായിരുന്നു ബ്ലാക്ക് മാർക്കറ്റ് എന്തുകൊണ്ടാണ് പകൽ വെളിച്ചത്തിൽ തന്നെ നടക്കുന്നത് എന്ന്. കരിഞ്ചന്തയിലെ അരിക്കും സാധാരണ അരിയുടെ നിറവും മണവും ആയിരുന്നു!
ഇതുപോലെ തന്നെയായിരുന്നു മെയിൽ എന്ന തപാലും. ആദ്യകാലത്ത് ഒരു മെയിലേ ഉണ്ടായിരുന്നുള്ളൂ: കത്തു മാത്രം. വിമാനം വന്നപ്പോൾ രണ്ടായി: സർഫസ് മെയിൽ, എയർ മെയിൽ. കൂടാതെ ഓർഡിനറി മെയിൽ, രജിസ്റ്റേർഡ് മെയിൽ, ഇൻഷുർഡ് മെയിൽ, ഇൻലന്റ് മെയിൽ, ഊമ മെയിൽ....
കമ്പ്യൂട്ടറിന്റെ യുഗം വന്നപ്പോഴോ
കാര്യങ്ങൾ കുറെ കൂടി കുഴങ്ങി. ആ മെയിലിനു പകരം ഈമെയിൽ കൂടിയായി. വളരെ
മാരകമായ മറ്റൊന്നുകൂടി വന്നു: ബ്ലാക് മെയിൽ!
കണ്ടാലറിയില്ല കൊണ്ടാലേ
അറിയൂ എന്നതാണ് ഇതിന്റെ പ്രത്യേകത! ആർക്കും മറ്റാർക്കും അയക്കാം.
ഉണ്ടയുള്ളതോ ഇല്ലാത്തതോ ആകട്ടെ വെടി ആളെ പേടിപ്പിക്കാൻ ധാരാളം മതിയല്ലോ.
ശബ്ദവും
കാഴ്ചയും രേഖപ്പെടുത്താനുള്ള യന്ത്രങ്ങൾ കുന്നിക്കുരു പ്രായമായതോടെയാണ്
കുഴപ്പം വല്ലാതെ മൂത്തത്. എവിടെയും ഒളിപ്പിച്ചു വെച്ച് രഹസ്യം പിടിക്കാം.
പിന്നീട് എന്തിനും ഉപയോഗിക്കാം. ടെലിഫോൺ എടുത്ത് വല്ലതും പറയുമ്പോൾ പോലും
അത് മൂന്നാമതൊരാൾ കേൾക്കുന്നില്ല എന്ന് തീർത്തും ഉറപ്പു വരുത്താൻ വഴിയില്ല!
ഇതാണെങ്കിൽ മറ്റെന്തും ചോർത്തി എടുക്കുന്നതിനേക്കാൾ വളരെ എളുപ്പവും എത്രയോ
മടങ്ങ് ലാഭകരവും! കോടിക്കണക്കിനാണ് അടിച്ചുമാറ്റാവുന്നത്.
ചിത്രങ്ങളും ശബ്ദങ്ങളും കൃത്രിമമായി ഉണ്ടാക്കുന്ന വിദ്യ കൂടിയായപ്പോൾ
കരിമെയിലിന്റെ സാധ്യതകൾ പിന്നേയും വർദ്ധിച്ചു. നിങ്ങൾ കണ്ടിട്ടേ ഇല്ലാത്ത
ഒരാളെ കണ്ടു എന്നല്ല കെട്ടിപ്പിടിച്ചു ഉമ്മവരെ വെച്ചു എന്നു വരെ
തെളിയിക്കാൻ വേണ്ട ചിത്രങ്ങൾ കൃത്രിമമായി ഉണ്ടാക്കാൻ പറ്റും!
ശരിയല്ല എന്ന് ഒന്നുകൊണ്ടും തെളിയിക്കാൻ ആവാത്ത കരിമെയിലുകൾ ഇപ്പോൾ ലോകം ഭരിക്കുന്നു. ഈ രേഖകൾക്ക് ഫോൾഡറുകൾ എന്നാണ് കോഡ് നാമം.
അച്ഛനമ്മമാരെ തരം പോലെ ബ്ലാക്ക് മെയിൽ ചെയ്ത് സ്വന്തം കാര്യം കാണുന്ന കുട്ടികൾ മുതൽ വ്യവസായ സാമ്രാജ്യങ്ങളും നാടുകൾ തന്നെയും ഭരിക്കുന്ന മഹാഭാഗ്യവാൻമാർ വരെ മുഖ്യമായ ആയുധമാക്കുന്നത് ഈ കരി മെയിലുകളാണ്. ഏറ്റവും കൂടുതൽ ഫോൾഡറുകൾ ഉള്ളത് ആരുടെ കയ്യിലാണോ അയാൾ ഭരിക്കും. കൽപ്പന അനുസരിക്കാൻ ആരെങ്കിലും മടിച്ചാൽ ഒരു മെയിലിന്റെ വാലറ്റം പൊക്കി കാണിക്കും. മറ്റൊരാളെ തകർക്കണം എന്ന ആവശ്യം വരുമ്പോൾ ഫോൾഡറുകൾ ധാരാളമായി പത്രക്കാർക്ക് കിട്ടും. അവരത് ആഘോഷിക്കും. കഴിഞ്ഞു. പിന്നെ, വീണിതല്ലോ കിടക്കുന്നു ധർണയിൽ എന്നുതന്നെ!
പ്രധാനമന്ത്രിമാർ മുഖ്യമന്ത്രിമാരെയും മുഖ്യമന്ത്രിമാർ അമുഖ്യ മന്ത്രിമാരെയും ആ മന്ത്രിമാർ ഉദ്യോഗസ്ഥന്മാരെയും താഴെ അധോതല ഗുമസ്ഥന്മാർ വരെയും ഇവരെല്ലാം ഇതേ ക്രമത്തിലോ ഈ ക്രമം തെറ്റിച്ചോ മേലോട്ടും കരിമെയിൽ പ്രയോഗിക്കും.
ജനങ്ങളുടെ നില മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന നല്ല മനുഷ്യർ സ്വാഭാവികമായി തെരഞ്ഞെടുക്കപ്പെടുകയും നാടു ഭരിക്കുകയും ഒക്കെ ചെയ്യുന്നു എന്നാണല്ലോ നേർബുദ്ധികൾ ആയവരുടെ വിചാരം. സത്യം, സമത്വം, സ്വാതന്ത്ര്യം, ജനായത്തം, നീതി, നിയമം എല്ലാം ഭദ്രം, മധുരം, മനോഹരം. നാട് ഭരിക്കുന്നതോ, കരിമെയിലുകളും! കരിമെയിലുകൾ ആയുധമാക്കി മഹാ സാമ്രാജ്യങ്ങൾ പിടിച്ചടക്കിയവരിൽ വാർത്താവിതരണമെന്ന ജനകീയ സേവനം നിർവഹിക്കുന്നവരായി വേഷം കെട്ടിയവരുമുണ്ട്.
എന്തിനാണ് ഇപ്പോൾ ഇതൊക്കെ പറഞ്ഞത് എന്ന് ഇനി ഞാൻ വിശദീകരിക്കണോ? (എനിക്കിപ്പോൾ ഒരു പ്രാർത്ഥനയേയുള്ളൂ: ഇതൊക്കെ പറഞ്ഞതിന്റെ പേരിൽ ഞാൻ ആരെയെങ്കിലും ഒക്കെ ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് എന്നെ ആരും ബ്ലാക്ക്‌മെയിൽ ചെയ്യാതിരിക്കട്ടെ! ബ്ലാക്ക് ലേബൽ എന്നത് വില കൂടിയ വിസ്‌കിയുടെ പേരാണ് എങ്കിലും അത് സ്വന്തം മുതുകിൽ ഒട്ടിച്ചു കാണാൻ ആരും ആഗ്രഹിക്കില്ലല്ലോ!)
സി. രാധാകൃഷ്ണൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1