അഴിമതിയുടെ മണികിലുക്കങ്ങളും രാഷ്ട്രീയ പാർട്ടികളുടെ സ്ത്രീ ശാക്തീകരണവും

DECEMBER 19, 2024, 1:49 AM

സി.പി.എമ്മിന്റെ ഉന്നത നേതാക്കൾ ഈയിടെ പറഞ്ഞ അഭിപ്രായങ്ങൾ, കേരളത്തിലെ രാഷ്ട്രീയം എത്രത്തോളം കളങ്കിതമായതെന്നതിന്റെ സൂചനയായി. ഇത്തവണ സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനം നടക്കേണ്ടത് കൊല്ലത്തുവച്ചാണ്. അതേ കൊല്ലത്തുവച്ച് പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ  വിലപിച്ചത് ചില ലോക്കൽ കമ്മറ്റി ഓഫീസുകളിൽ ലഹരി കച്ചവടം നടന്നതായി അറിയാമെന്നാണ്. പാർട്ടി പിടിച്ചെടുത്താൽ, നെയ്യപ്പം തിന്നതുപോലെ രണ്ടുണ്ട് കാര്യമെന്നാണ് ചിലർ പറയുന്നത്.

പണം മുടക്കി പാർട്ടി പിടിച്ചെടുത്ത്, പല 'വ്യാപാരങ്ങളും' നടത്താമെന്ന ബുദ്ധിയുടെ ഉറവിടം എവിടെ നിന്നാണെന്ന് മലയാളിക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. പാർട്ടിയെ പണം വിഴുങ്ങിപാർട്ടിയെന്ന് പച്ചയ്ക്ക് പറയാൻ നിലവിലുള്ള പല സി.പി.എം. നേതാക്കൾക്കും കഴിഞ്ഞെന്നു വരില്ല. സമൂഹത്തിൽ സ്ത്രീകൾക്ക് തുല്യ പ്രാധാന്യമെന്നത് ഈ കാലഘട്ടം അംഗീകരിച്ച വസ്തുതയാണ്. എന്നാൽ സംശുദ്ധ രാഷ്ട്രീയത്തിന്റെ ശുഭ്ര വേഷമണിയേണ്ട വനിതകളിൽ ചിലരെങ്കിലും കളങ്കിത വഴികളിലൂടെ ചരിക്കുന്നുവെന്നത് നമ്മെ വിഹ്വലരാക്കുന്നു.

ഏറെ ത്യാഗങ്ങൾ സഹിച്ച സ്ത്രീകൾ, കേരളാ രാഷ്ട്രീയത്തിലെ പോയകാല വിളക്കുമരങ്ങളാണ്. അതിൽ നിന്ന് വ്യത്യസ്തമായ 'ദിവ്യ' രൂപങ്ങൾ സി.പി.എം. പോലുള്ള ഒരു കേഡർ പാർട്ടിയെ എത്രത്തോളം പൊതുസമൂഹത്തിൽ വികൃതമാക്കിയെന്ന വിചിന്തനത്തിനും വിമർശനത്തിനും ഇടതുപക്ഷ താത്വികമനസ്സുകൾ തയ്യാറാകേണ്ടതല്ലേ? പാർട്ടി ഓഫീസുകളിൽ ലഹരി മാത്രമല്ല 'നീല' വെളിച്ചം കൂടി കണ്ടുതുടങ്ങിയത് സമീപ കാലത്താണ്. പാർട്ടി ഓഫീസുകൾ വീഡിയോ തുണ്ടുകൾ സമൃദ്ധമായി നിർമ്മിക്കുന്ന ഭാർഗവീനിലയങ്ങളായെന്ന പരാതി പൊതുജനത്തിന്റേതല്ല, പാർട്ടിയണികളുടേതാണെന്ന കാര്യവും മറക്കരുത്.

vachakam
vachakam
vachakam

സുധാകരന്റെ വെളിപാടുകൾ

പാർട്ടികളിൽ രാഷ്ട്രീയ ക്രിമിനലുകൾ വർധിക്കുന്നുവെന്ന് മുൻമന്ത്രി ജി.സുധാകരൻ എറണാകുളത്തുവച്ച് പറഞ്ഞതും, ഇതേ രാഷ്ട്രീയ ഇടർച്ചകളുടെ പുതിയ വെളിപ്പെടുത്തലുകളായി. കെ.സി. വേണുഗോപാൽ തന്നെ സന്ദർശിക്കാനെത്തിയത് കോൺഗ്രസിലേക്ക് ക്ഷണിക്കാനായിരുന്നുവെന്ന് പറഞ്ഞ ചില മാധ്യമങ്ങളെ നേരിട്ടു തന്നെ സുധാകർജി 'കൊട്ടുന്നതും' നാം കണ്ടു. ഒരുവർഷം മുമ്പ്, ഒരു പുസ്തകം സമ്മാനിക്കാൻ ബി.ജെ.പി. വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ സുധാകർജിയെ കാണാനെത്തിയത് 'അതിവേഗം' വാർത്തയാക്കിയത് ശരിയായ പത്രധർമ്മമല്ലെന്ന് അദ്ദേഹം അന്ന് പറയുകയുണ്ടായി. സ്വന്തം സഹോദരൻ പാർട്ടിക്കുവേണ്ടി രക്ഷസാക്ഷിയായി മാറിയ കുടുംബ പാരമ്പര്യമുള്ള സുധാകരനെ മാധ്യമങ്ങൾ കുറേക്കൂടി ആദരവോടെ കണ്ടിരുന്നെങ്കിൽ!

സി.പി.എമ്മിന്റെ കേരളത്തിലെ 'കേഡർ ചോർച്ച' ഈയിടെ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ വ്യക്തമായിട്ടുണ്ട്. 3 പഞ്ചായത്തുകൾ എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുക്കാൻ യു.ഡി.എഫിനു കഴിഞ്ഞത്, പഞ്ചായത്തു തെരഞ്ഞെടുപ്പിനു മുമ്പുള്ള സി.പി.എമ്മിന്റെ പ്രാദേശിക  നേതാക്കളുടെ കൂറുമാറ്റത്തിനു കാരണമായേക്കാം.
പാർട്ടിയുടെ പണത്തിനു പിന്നാലെയുള്ള പാച്ചിൽ പരക്കം പാച്ചിലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ പേരിൽ എറണാകുളത്തുള്ള എസ്.എ. റോഡിൽ നിർമ്മിച്ചിട്ടുള്ള സ്മാരക മന്ദിരം പോലും വാടകയ്ക്ക് കൊടുക്കുന്നുവെന്ന വാർത്തകൾ നമ്മെ അമ്പരപ്പിക്കേണ്ട കാര്യമില്ല.

vachakam
vachakam
vachakam

കൊച്ചിയിലെ സ്മാരക മന്ദിരം പഠനം, തൊഴിൽ പരിശീലനം, ഗ്രന്ഥശാല, പി.എസ്.സി. ഉൾപ്പെടെയുള്ള പരീക്ഷകൾക്കുള്ള തയ്യാറെടുപ്പ് എന്നിങ്ങനെ വിദ്യാർത്ഥികളുടെ സൗകര്യത്തിനായി  വിനിയോഗിക്കാനാണ് ലക്ഷ്യമിട്ടത്. വിവിധ ആവശ്യങ്ങൾക്കായി കൊച്ചിയിലെത്തുന്ന പിന്നോക്കവിഭാഗം വിദ്യാർത്ഥികൾക്ക് സൗജന്യ താമസം ഒരുക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, ഇതൊന്നും നടപ്പായില്ല. മന്ദിരം ആദ്യം ജൈവപച്ചക്കറി സ്റ്റാളിന് നൽകുകയും ചെയ്തിരുന്നു. കലൂർ കത്യക്കടവ് റോഡിലെ ആറരസെന്റിലാണ് സ്മാരകം. നഗരത്തിലെ കണ്ണായ സ്ഥലമായതിനാൽ സെന്റിന് 27 ലക്ഷം നൽകി വാങ്ങിയെന്നാണ് വിശദീകരണം. അതേസമയം സി.പി.എം ആഹ്വാനം ചെയ്ത അഭിമന്യു രക്തസാക്ഷി ഫണ്ടിലേക്ക് ലഭിച്ചത് മൂന്ന് കോടിയിലേറെ രൂപയായിരുന്നു !  

പല ചാനൽ മഹോത്സവങ്ങളുടെയും സ്‌പോൺസർമാർ ഇപ്പോൾ വട്ടിപ്പലിശ സ്ഥാപനങ്ങളാണെന്ന യാഥാർത്ഥ്യം നമുക്ക് മുമ്പിലുണ്ട്. താര രാജാവിനോ രാജ്ഞിക്കോ കൊടുക്കുന്ന അവാർഡ് ചെക്കിലെ പേരും ഇതേ ബ്ലേഡ് കമ്പനിയുടേതാകാം. അതൊന്നും ഇപ്പോൾ ജനം 'നോട്ട്' ചെയ്യുന്നതേയില്ല. കാരണം, നോട്ടിന്റെ പിന്നാലെയാണ് എല്ലാ പാർട്ടികളുമെന്നത് ആർക്കാണറിയാത്തത്? 35000 ഓളം ബ്രാഞ്ച് ഓഫീസുകളുള്ള സി.പി.എമ്മിന് ഇന്ന് സർക്കാർ ഭൂമിയോടൊപ്പം തന്നെ സ്വത്തുവഹകളുണ്ടോയെന്ന് അന്വേഷിക്കേണ്ടതാണ്. മാത്രമല്ല,

തിരുവനന്തപുരത്ത് ഏ.കെ.ജി.സെന്ററിനു സമീപം നിർമ്മിച്ചുകൊണ്ടിരിക്കുന്ന ബഹുനില മന്ദിരത്തിന്റെ കുറെ മുറികളെങ്കിലും പാർട്ടി സ്വകാര്യ വ്യക്തികൾക്കോ കമ്പനികൾക്കൊ വാടകയ്ക്ക് നൽകുമെന്നും കരുതണം. പണമില്ലെങ്കിൽ പാർട്ടി നടത്തിപ്പ് ദുഷ്‌ക്കരമാകുമെന്ന കാര്യത്തിൽ നേതാക്കൾക്ക് ഏക മനസ്സാണ്.

vachakam
vachakam
vachakam

മലയോരങ്ങളുടെ നീറ്റലും വിങ്ങലും

ഇക്കഴിഞ്ഞ ഞായറാഴ്ച മലബാറിലെ മലയോര മേഖലയിലെ രൂപതകൾ പുത്തരി തിരുനാൾ ആചരിച്ചു. വിശ്വാസികൾ അവരുടെ കൃഷിയിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന കാർഷികോൽപ്പന്നങ്ങൾ തലേ ദിവസം തന്നെ പള്ളിയിലെത്തിക്കും. ഞായറാഴ്ച അതേ ഉൽപ്പന്നങ്ങൾ ലേലം വിളിക്കും. ഇടവകയുടെ പൊതു ആവശ്യങ്ങൾക്കാണ് ഈ തുക വിനിയോഗിക്കാറുള്ളത്. എല്ലാ പുത്തരിത്തിരുനാളിലും വാഴക്കുലകളും തേങ്ങയും റബർഷീറ്റും മറ്റും സന്തോഷത്തോടെ പള്ളിക്ക് നൽകിയിരുന്ന വിശ്വാസികൾക്ക് ഈ വർഷം പുത്തരി തിരുനാൾ കണ്ണീർദിനമായിരുന്നു. കാരണം, അവരുടെ കൃഷിയിടങ്ങളിൽ വർധിച്ചു വരുന്ന കാട്ടുമൃഗശല്യം മൂലം ഇത്തവണ പള്ളിക്ക് കാര്യമായൊന്നും നൽകാൻ അവർക്ക് കഴിഞ്ഞില്ല.

കരിക്കുകൾ കൂട്ടത്തോടെ വന്ന് കുരങ്ങുകൾ പറിക്കുന്നതും, കാട്ടു പന്നികളും മുള്ളൻ പന്നികളും മയിലുകളും കാട്ടുപോത്തുമെല്ലാം വന്ന് വിളകൾ നശിപ്പിക്കുന്നതും ഇന്ന് കർഷകരെ ദുരിതത്തിലാഴ്ത്തുകയാണ്. മനുഷ്യജീവൻ അപഹരിക്കുന്ന വിധം കാട്ടാനകളും മറ്റും ജനവാസ മേഖലയിലിറങ്ങുന്നതും ഇപ്പോൾ വാർത്തയല്ലാതായിക്കഴിഞ്ഞു. കോതമംഗലത്ത് ഒരു കോളേജ് വിദ്യാർത്ഥിനിയായ ആൻമേരിയും വൃദ്ധരായ മാതാപിതാക്കൾക്ക് ക്രിസ്മസിനായുള്ള വീട്ടുസാധനങ്ങൾ നൽകാൻ പോയ എൽദോസും കാട്ടാനകളുടെ ആക്രമണത്തിലാണ് ഈ ദിനങ്ങളിൽ കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധ യോഗത്തിൽ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞ ഒരു കാര്യമുണ്ട്. ''കേരളത്തിൽ ഇപ്പോൾ വനപാലകരും മൃഗപാലകരുമാണുള്ളത്. ജനപാലകർ ഇല്ലേയില്ല!'' മനുഷ്യജീവന് തരിമ്പും വിലകൽപ്പിക്കാത്ത വനം വന്യജീവി സംരക്ഷണം എത്രത്തോളം ജനവിരുദ്ധമാണെന്ന് എന്തേ ഭരണകർത്താക്കൾ മനസ്സിലാക്കാത്തത് ? കോതമംഗലത്തെ കാട്ടാന ശല്യത്തിന് പ്രധാനകാരണം മുള്ളരിങ്ങാട് എന്ന പ്രദേശത്തുനിന്ന് ഫോറസ്റ്റുകാർ ഓടിച്ചുവിട്ട കാട്ടാനക്കൂട്ടമാണെന്നു നാട്ടുകാർക്ക് പരാതിയുണ്ട്. ഇതേ ആനക്കൂട്ടങ്ങളെ മറ്റ് മലയോര മേഖലകൾ സ്വീകരിക്കാത്തതും ഒരു പ്രശ്‌നമാണ്. കാടുകളിലേക്കല്ല, ആളൊഴിഞ്ഞ ജനവാസ മേഖലയിലേക്കാണ് ഫോറസ്റ്റുകാർ പിടികൂടുന്ന കാട്ടുമൃഗങ്ങളെ കൊണ്ടുവിടുന്നത്.

പാമ്പായാലും പുലിയായാലും കാട്ടുപോത്തായാലും ഫോറസ്റ്റുകാർ പിടികൂടി ഏതെങ്കിലും ആളില്ലാ പ്രദേശത്ത് ഉപേക്ഷിക്കുന്നത് പതിവായിട്ടുണ്ട്. കൊടും ക്രിമിനലുകളെ കാപ്പ ചുമത്തി, അവരുടെ ജില്ലകളിൽ നിന്ന് മറ്റ് ദേശങ്ങളിലേക്ക് അയയ്ക്കുന്നതുപോലെയുള്ള മണ്ടത്തരമാണ് ഫോറസ്റ്റുകാരും ഇപ്പോൾ പരീക്ഷിക്കുന്നത്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ പരുക്കേൽക്കുന്നവരുടെ സ്ഥിതിയും ദയനീയമാണ്. ജീവൻ പണയം വച്ചുള്ള 'കാട് കാക്കൽ' ഇപ്പോൾ ദിവസവേതനക്കാരെ വച്ചാണ് സർക്കാർ നടപ്പാക്കുന്നത്.

ഇരുപതും മുപ്പതും വർഷം ജോലി ചെയ്ത താൽക്കാലിക ജീവനക്കാരെ (പലരും ആദിവാസികൾ) സർക്കാർ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. 675-720 രൂപയാണ് പുതിയ താൽക്കാലികക്കാരുടെ ദിവസവേതനം. ഇവർക്ക് ഇൻഷുറൻസോ, മറ്റ് ചികിത്സാ സൗകര്യങ്ങളോ സർക്കാർ ഏർപ്പാട് ചെയ്തിട്ടില്ല. മുപ്പതു വർഷം 'കാട് കാക്കുന്ന' താൽക്കാലിക ജോലി ചെയ്ത പി.ജെ. മാത്യുവിന്റെ കഥ ഈയിടെ ഒരു മുഖ്യധാരാ പത്രത്തിൽ വായിക്കാൻ കഴിഞ്ഞു. 2021 മാർച്ച് 3ന് ഡ്യൂട്ടിക്കിടെ കാട്ടുപോത്ത് കുത്തിയെറിഞ്ഞ മാത്യുവിന് ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവായി.

ഒപ്പം ജോലി ചെയ്തിരുന്ന മേലുദ്യോഗസ്ഥരും ജീവനക്കാരും സഹായിച്ചതുകൊണ്ട് ചികിത്സ പൂർത്തിയാക്കാൻ കഴിഞ്ഞു. വിരമിക്കാൻ 2 മാസം ബാക്കി നിൽക്കേ മാത്യു ജോലിനിർത്തി. 1350 രൂപ പ്രതിമാസ പെൻഷനുണ്ട്. വടാട്ടു പാറയിലാണ് മാത്യുവിന്റെ വീട്. 20 സെന്റ് ഭൂമിയുണ്ട്. പക്ഷെ പട്ടയം കിട്ടിയിട്ടില്ല. മാത്യുവിനെപോലെയുള്ള താൽക്കാലിക ജീവനക്കാരുടെ ദിവസവേതനം പോലും ഒമ്പതുമാസം കുടിശ്ശികയാണിപ്പോൾ!

ലോട്ടറി നടത്താൻ പോലും അറിയില്ലേ, കഷ്ടം !

ചൂതാട്ടത്തിന്റെ മറു പേരാണ് ലോട്ടറി. കേരളാ ഭാഗ്യക്കുറി പഴയ മന്ത്രി പി.കെ. കുഞ്ഞിന്റെ കണ്ടുപിടിത്തമാണ്. ഭൂട്ടാൻ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളുടെ പേരിൽ സാന്തിയഗോ മാർട്ടിൻ ലോട്ടറി നടത്തി കോടീശ്വരനായത് പഴങ്കഥ. ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ സമ്മാനഘടന മാറ്റിയതും 12 ലക്ഷം ടിക്കറ്റ് അച്ചടിച്ചതും ലോട്ടറി വകുപ്പിനു തന്നെ നാണക്കേടായി. ഇപ്പോൾ പുതിയ ബമ്പറിന്റെ ടിക്കറ്റ് തയ്യാറായിട്ടുണ്ട്.

ശബരിമല തീർത്ഥാടന കാലത്ത് കോടികളുടെ ലോട്ടറി ടിക്കറ്റ് വിറ്റുപോകാറുണ്ടായിരുന്നു. എങ്ങനെയും 'കുനുഷ്ട്' കാണിച്ച് ജനത്തിന് നൽകാനുള്ളത് 'കുത്തിപ്പിടിക്കുന്ന' ഗുമസ്ത ബുദ്ധിയുടെ പരിണിതഫലമാണോ ലോട്ടറി വകുപ്പിൽ അരങ്ങേറിയതെന്നറിയില്ല. ഏതായാലും ലോട്ടറി വഴി കോടീശ്വരനാകാനുള്ള സ്വപ്‌നം വിറ്റ് കാശാക്കുമ്പോഴെങ്കിലും സർക്കാരിന് 'നേർവഴി' ചിന്തിച്ചുകൂടേ? പൊരിവെയിലത്തും മറ്റും ഇഴഞ്ഞും നടന്നും ടിക്കറ്റ് വിൽക്കുന്നവന് നൽകേണ്ട 'കമ്മീഷൻ തുക' പോലും വൻതോതിൽ വെട്ടിക്കുറച്ച ലോട്ടറി വകുപ്പിലെ 'പ്ലാൻ പപ്പനാവ' നു മുമ്പിൽ മുഷ്ടി ചുരുട്ടി ഒരു 'ലാൽസലാം' !

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam