ഗ്രീന്‍ കാര്‍ഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്! ഈ തെറ്റുകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണിപാളും

JANUARY 21, 2026, 3:04 AM

എത്രമാത്രം പരിശ്രമിച്ചതിന്റെ ഫലമായിട്ടായിരിക്കും ഒരാള്‍ക്ക് അമേരിക്കയിലെ സ്ഥിരതാമസ രേഖ അല്ലെങ്കില്‍ പെര്‍മനന്റ് റെസിഡന്റ് കാര്‍ഡ് ആയ ഗ്രീന്‍ കാര്‍ഡ് ലഭിക്കുക. യുഎസിലേക്ക് കുടിയേറി വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതോടെയാണ് രാജ്യത്തെ സ്ഥിരതാമസക്കാരനാകുക എന്ന സ്വപ്നം യാഥാര്‍ഥ്യമാകുക. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയ ശേഷം ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ അറസ്റ്റിലാകുകയും നാടുകടത്തപ്പെടുകയും ചെയ്യുന്നതില്‍ സ്ഥിരതാമസക്കരില്‍ ചില ഭാവി ആശങ്കകള്‍ ഇല്ലാതില്ല.

അതായത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു എന്നാരോപിച്ച് ആക്ടിവിസ്റ്റുകളായ ചില ഗ്രീന്‍ കാര്‍ഡ് ഉടമകളെ ആണ് അറസ്റ്റ് ചെയ്യുകയും നാടുകടത്തപ്പെടുകയും ചെയ്തത്. നിലവില്‍ 75 വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് കാര്‍ഡ് അനുവദിക്കില്ലെന്ന് യുഎസ് ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യുഎസിലേക്ക് കുടിയേറി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ പങ്ക് പറ്റുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കടുത്ത തീരുമാനവുമായി ട്രംപ് ഭരണകൂടം രംഗത്തെത്തിയത്. 

ഗ്രീന്‍ കാര്‍ഡ് ഉടമകളും ഇത്തരത്തില്‍ ഭരണകൂടത്തിന്റെ ശ്രദ്ധയിലേക്ക് വരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇനി പറയുന്നത്. ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ അറിയാതെ വരുത്തുന്ന 10 തെറ്റുകള്‍ കാരണം സ്ഥിരതാമസ സ്റ്റാറ്റസ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അവ എന്തൊക്കെയാണെന്ന് വിശദമായി നോക്കാം.

ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ അമേരിക്കയ്ക്ക് പുറത്ത് കൂടുതല്‍ കാലം താമസിക്കുന്നത് അവരുടെ സ്ഥിരതാമസ സ്റ്റാറ്റസ് ഉപേക്ഷിച്ചതായി കണക്കാക്കാന്‍ കാരണമായേക്കാം. ആറ് മാസത്തില്‍ കൂടുതല്‍ വിദേശത്ത് താമസിച്ചാല്‍ ഇത് സാധൂകരിക്കുന്നതിനുള്ള തെളിവായി ഉപയോഗിക്കപ്പെട്ടേക്കാം. അതിനാല്‍ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ വര്‍ഷത്തില്‍ കുറഞ്ഞത് ഒന്‍പതോ പത്തോ മാസമെങ്കിലും അമേരിക്കയില്‍ തന്നെ ചെലവഴിക്കണം. 

മാത്രവുമല്ല അമേരിക്കയുമായി മതിയായ ബന്ധങ്ങളില്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് നഷ്ടപ്പെടാനുള്ള സാധ്യതയും ഉണ്ട്. സ്ഥിരമായ വിലാസം, അമേരിക്കന്‍ ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ്, നികുതി അടയ്ക്കല്‍, ജോലി, കുടുംബാംഗങ്ങള്‍, സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ എന്നിവ അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കും.

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് ഗ്രീന്‍ കാര്‍ഡ് നഷ്ടപ്പെടാന്‍ ഇടയാക്കും. തട്ടിപ്പ്, മോഷണം, കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കല്‍, ഗാര്‍ഹിക പീഡനം, മറ്റൊരാളെ ശാരീരികമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ ഗ്രീന്‍ കാര്‍ഡ് റദ്ദാക്കാന്‍ കാരണമാകും. എന്നാല്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.

അതുപോലെ തന്നെ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നതും പ്രശ്‌നമാണ്. ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ നികുതി കൃത്യമായി അടയ്ക്കുന്നുണ്ടോ എന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ അവരുടെ വരുമാനം ഇന്റേണല്‍ റവന്യൂ സര്‍വീസ് ഫോം 1040 പൂരിപ്പിച്ച് റിപ്പോര്‍ട്ട് ചെയ്യണം.

യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസിന് തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. അറിയാതെ സംഭവിച്ചാല്‍ പോലും അതായത് ഒരു ഫോമില്‍ സ്വയം യുഎസ് പൗരനായി അവകാശപ്പെടുകയോ വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യുകയോ വോട്ട് ചെയ്യുകയോ യുഎസ് പാസ്പോര്‍ട്ട് നേടാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ഗ്രീന്‍ കാര്‍ഡ് റദ്ദാക്കപ്പെടും.

വിവാഹത്തിലൂടെ ലഭിച്ച കണ്ടീഷണല്‍ ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍, അതിന്റെ കാലാവധി അവസാനിക്കുന്നതിന് 90 ദിവസം മുന്‍പ് ഫോം ഐ-751 സമര്‍പ്പിക്കണം. ഇത് കണ്ടീഷണല്‍ ഗ്രീന്‍ കാര്‍ഡിനെ സ്ഥിരം ഗ്രീന്‍ കാര്‍ഡാക്കി മാറ്റും. നിശ്ചിത സമയത്തിനുള്ളില്‍ ഇത് ചെയ്തില്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് നഷ്ടപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്‌തേക്കാം.

മറ്റൊരു കാര്യം വിവാഹം യഥാര്‍ഥമാണെങ്കിലും പങ്കാളികള്‍ ഒരുമിച്ച് ജീവിക്കുന്നതിന്റെ തെളിവുകളില്ലെങ്കില്‍ വ്യാജ വിവാഹമാണെന്ന് സംശയിക്കപ്പെടാം. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരോട് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും ഗ്രീന്‍ കാര്‍ഡ് നഷ്ടപ്പെടാന്‍ കാരണമാകും. മുന്‍കാലങ്ങളില്‍ നാടുകടത്തപ്പെട്ടതിനെക്കുറിച്ചോ ഇമിഗ്രേഷന്‍ നിയമലംഘനങ്ങളെക്കുറിച്ചോ വര്‍ക്ക് ഹിസ്റ്ററിയെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ മറച്ചുവെക്കുന്നത് ഗ്രീന്‍ കാര്‍ഡ് നഷ്ടപ്പെടാന്‍ ഇടയാക്കും.

നിങ്ങള്‍ താമസം മാറുമ്പോള്‍ 10 ദിവസത്തിനുള്ളില്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസിനെ അറിയിക്കണം. ഓരോ തവണ വിലാസം മാറുമ്പോഴും ഫോം എആര്‍11 സമര്‍പ്പിച്ച് അധികൃതരെ അറിയിക്കണം. ഗ്രീന്‍ കാര്‍ഡ് ഉപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ സമര്‍പ്പിക്കേണ്ട ഫോം ആണ് ഐ-407. ഇത് ഔദ്യോഗികമായി ഗ്രീന്‍ കാര്‍ഡ് ഉപേക്ഷിക്കുന്നതിനുള്ള നടപടിയാണ്. കഷ്ടപ്പെട്ട് നേടിയ ഗ്രീന്‍ കാര്‍ഡ് അശ്രദ്ധകൊണ്ട് നഷ്ടപ്പെടുത്താതെ ഇരിക്കുക.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam