കോടതിയെ വിലയ്‌ക്കെടുക്കാൻ കഴിയില്ലെന്നറിയാവുന്നതുകൊണ്ട് കോൺഗ്രസ്-ആം ആദ്മി സഖ്യത്തിൽ നിന്നു മൂന്നു അംഗങ്ങളെ വലവീശിപ്പിടിച്ച് ബി.ജെ.പി പക്ഷത്തേക്ക് എത്തിച്ചു. ഇനി ഈ ശിഖണ്ഡികളെക്കൊണ്ട് അവിശ്വാസത്തിന് കോപ്പുകൂട്ടുകയാവും ബി.ജെ.പി ചെയ്യുക.
ജനാധിപത്യ രാജ്യമെന്നഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ കുറെ നാളുകളായി ജനാധിപത്യത്തിന് കളങ്കമുണ്ടാക്കുന്ന വാർത്തകൾ അവിടയും ഇവിടയുമൊക്കയായി തലപൊക്കുന്നുണ്ട്. എങ്കിലും ആശ്വാസത്തിന്റെതായ തണുത്ത കാറ്റ് നീതിന്യായ കോടതികളിൽ നിന്നും അടിക്കുന്നു എന്നുള്ളത് ഏറെ ആശ്വാസകരമാണ്. രാഷ്ടീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു ബോണ്ട് വിഷയത്തിൽ ഏറെ നിർണ്ണായകവും ശ്രദ്ധേയവുമായ വിധിക്കു ശേഷം ഇതാ മറ്റൊരു നിർണായക വിധി കൂടി ഉണ്ടായിരിക്കുന്നു.
ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹീനവും അരുഷളത്തരവും എന്നു പറണ്ട അവസ്ഥയിൽ ജനാധിപത്യത്തെ സംരക്ഷിച്ചു നിർത്തിയ സുപ്രീം കോടതിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പഞ്ചാബ്, ഹരിയാന എന്നീ രണ്ട് സംസ്ഥാനങ്ങളുടെയും പൊതുതലസ്ഥാനമായ ചണ്ഡീഗഢ് ഒരു നഗരസംസ്ഥാനവും ഒപ്പംതന്നെ കേന്ദ്രഭരണ പ്രദേശവും ആയതിനാൽ അതിന് സ്വന്തമായി ഒരു നിയമനിർമ്മാണ സഭയില്ല. എന്നാൽ അധികാരകേന്ദ്രമായി മാറിയിരിക്കുന്നത് മുനിസിപ്പൽ കോർപ്പറേഷൻ ആണ്. അത് പ്രാദേശിക ഭരണ അതോറിറ്റിയായി പ്രവർത്തിക്കുന്നു.
എംസിസി, റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്രാദേശിക അധികാരികളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ അത് പിടിച്ചെടുക്കുക എന്നത് അവിടെയുള്ള പാർട്ടികലുടെ മോഹം തന്നെയാണ്. 1994ലെ പഞ്ചാബ് മുനിസിപ്പൽ കോർപ്പറേഷൻ നിയമം വഴി പിന്നീട് കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലേക്ക് കൂടി വ്യാപിപ്പിച്ചു. 1994 മെയ് 24ന് ആണ് ആ നിയമം പ്രാബല്യത്തിൽ വന്നത്. കോർപ്പറേഷന്റെ ആദ്യ കമ്മീഷണർ എം.പി. ത്യാഗി ആയിരുന്നു. ആദ്യമൊക്കെ വളരെ ശാന്തമായി പോയിരുന്നെങ്കിലും പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളെല്ലാം രാഷ്ട്രീയമായി ശക്തി തെളിയിക്കുന്നതിനും മറ്റുമായി ശ്രദ്ധ. അതിന് പലകുതന്ത്രങ്ങളൊരുക്കുക എന്നതൊക്കെ സാധാരണ നടക്കുന്ന കലാപരിപാടികളായിരുന്നു.
എന്നാൽ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള കാര്യങ്ങളാണ് അവസാനം നടന്ന തെരഞ്ഞെടുപ്പ്. അതേ, ജനുവരി 30ന് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 16 വോട്ടും ആം ആദ്മി പാർട്ടിക്ക് 12 വോട്ടുമാണ് ലഭിച്ചത്. കോൺഗ്രസും ആം ആദ്മിയും ആദ്യമായി രാജ്യത്ത് ഒന്നിച്ചു നിന്ന് 'ഇന്ത്യ' മുന്നണിയാണ് ബി.ജെ.പിക്കെതിരേ മത്സരിച്ചത്. കോൺഗ്രസ്-എഎപി സഖ്യത്തിന് 20 പേരുടെയും ബി.ജെ.പിക്ക് 15 പേരുടെയും പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. വ്യക്തമായ ഭൂരിപക്ഷത്തിൽ എ.എ.പി-കോൺഗ്രസ് സഖ്യം വിജയിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വോട്ടെണ്ണിയപ്പോൾ സഖ്യത്തിന്റെ എട്ടു വോട്ടുകൾ അസാധുവാണെന്ന് വരണാധികാരി പ്രഖ്യാപിച്ചു. ഇതോടെ ബി.ജെ.പി സ്ഥാനാർഥി മനോജ് സോങ്കർ മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
എന്നാൽ പിന്നീട് നടന്ന പരിശോധനയിൽ അസാധുവാക്കപ്പെട്ട വോട്ടുകളിൽ വരണാധികാരി ഗുണന ചിഹ്നം ഇട്ടതായി തെളിയുകയായിരുന്നു. സിസിടിവി ക്യാമറകളിൽ ഇതിന്റെ ദൃശ്യം പതിയുകയും ചെയ്തിരുന്നു. അതോടെ ഈ വിഷയം കോടതി കയറി. ''വരാണാധികാരിയുടെ അടയാളപ്പെടുത്തലുകൾ കാരണം അസാധുവായി കണക്കാക്കിയ എട്ടു വോട്ടുകൾ കൂടി എണ്ണിയാൽ, ഹർജിക്കാരന് (കുൽദീപ് കുമാർ) ഇരുപത് വോട്ടുകൾ ലഭിക്കും. വരണാധികാരി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കാൻ ഞങ്ങൾ ഉത്തരവിടുന്നു. ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൽ എ.എ.പി സ്ഥാനാർഥി വിജയിച്ചതായി പ്രഖ്യാപിക്കുന്നു'', ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. ഈ വിധിയാണ് ഇര്യാമഹാരാജ്യം ഒരുതരത്തിലും ഇരുളിലേക്ക് പോകില്ലെന്നും ജനാധിപത്യം കശാപ്പുചെയ്യപ്പെടില്ലെന്നും ഉള്ള തോന്നൽ ജനതക്കുണ്ടാക്കിക്കൊടുത്തിരിക്കുന്നു.
'ഇന്ത്യ' മുന്നണിയും ബി.ജെ.പിയും തമ്മിൽ ആദ്യമായി നേരിട്ട് പോരാടുന്നെന്ന് എ.എ.പി അവകാശപ്പെട്ട പഞ്ചാബിലെ ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൽ ഒടുവിൽ ഇന്ത്യാമുന്നണി വിജയിച്ചിരിക്കുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു വരണാധികാരിയെ ചീഫ് ജസ്റ്റിസ് വിസ്തരിക്കുന്നത്. ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പപ്പുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ വിധി മാത്രമല്ല, ഫലം കൂടി സുപ്രീം കോടതി പറഞ്ഞത് ബി.ജെ.പിക്ക് കനത്ത തിരച്ചടി മാത്രമല്ല, അമ്പരപ്പും നാണക്കേടും സൃഷ്ടിച്ചിരിക്കുകയാണ്.
മേയർ തിരഞ്ഞെടുപ്പ് മസീഹ് നിയമവിരുദ്ധമായി അട്ടിമറിച്ചുവെന്നും കോടതി നിരീക്ഷിച്ചു. സിആർപിസി സെക്ഷൻ 340 പ്രകാരം മസീഹിന് എതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ജുഡീഷ്യൽ രജിസ്ട്രാർ കാരണം ബോധിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിരിക്കുന്നു.
ഭരണഘടനയുടെ 142-ാം വകുപ്പു നൽകുന്ന അസാധാരണ അധികാരം ഉപയോഗിച്ചാണ് ഈ മ്ലേച്ചമായ നടപടിയിൽ സുപ്രീം കോടതി നീതി നടപ്പാക്കിയിരിക്കുന്നത്. പരിഹരിക്കാനുള്ള വകുപ്പ് നിയമസംഹിതയിൽ കാണുന്നില്ലെങ്കിൽ, കേസിലെ കക്ഷികൾക്കിടയിൽ ശരിയായ നീതി എല്ലാ അർത്ഥത്തിലും നടപ്പാക്കുന്നതിന് സുപ്രീം കോടതിയെ സവിശേഷമായി അധികാരപ്പെടുത്തുന്ന വകുപ്പാണിത്.
എന്നാൽ ഇതുകൊണ്ടൊന്നും പഠിക്കില്ലെന്നു ശപഥം ചെയ്തതുപോലെയാണ് ബി.ജെ.പിയുടെ പ്രവർത്തനങ്ങൾ. കോടതിയെ വിലയ്‌ക്കെടുക്കാൻ കഴിയില്ലെന്നറിയാവുന്നതുകൊണ്ട് കോൺഗ്രസ്-ആം ആദ്മി സഖ്യത്തിൽ നിന്നു മൂന്നു അംഗങ്ങളെ വലവീശിപ്പിടിച്ച് ബി.ജെ.പി പക്ഷത്തേക്ക് എത്തിച്ചു.
എന്നിട്ട് മേയർ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്താനാണ് ബി.ജെ.പി പക്ഷം കോടതിയോട് ആവശ്യപ്പെട്ടത്. എന്നാൽ കുതിരക്കച്ചവടം ഗൗരമായ കുറ്റമാണെന്നു പരാമർശിച്ച ചീഫ് ജസ്റ്റിസ് ജനാധിപത്യത്തെ എന്തുവില കൊടുത്തും സംരക്ഷിക്കാൻ തയ്യാറായി.കോടതിയിൽ തോറ്റുനാണംകെട്ട ബി.ജെ.പി കൂറുമാറ്റിയെടുത്ത ശിഖണ്ഡികളെക്കൊണ്ട് അവിശ്വാസത്തിന് കോപ്പുകൂട്ടുകയാവും ഇനി ചെയ്യുക.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1