അന്നൊരു വ്യാഴാഴ്ചയായിരുന്നു.ആശുപത്രിയിലേക്ക് ഫോൺ കോളെത്തിയതും ശരവേഗം ആ ബംഗ്ലാവിലേക്കെത്തിയ മെഡിക്കൽ സംഘം കണ്ടത് മരണത്തോട് മല്ലിടുന്ന ഒരു അൻപതുകാരനെയായിരുന്നു.വളരെ പെട്ടെന്ന് അവർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു.ജീവൻ നിലനിർത്താൻ തങ്ങളാൽ കഴിയും വിധം അവർ പരിശ്രമിച്ചു. പക്ഷേ അവരുടെ ശ്രമങ്ങൾ എത്തിച്ചേർന്നത് ഈറനണിയുന്ന കണ്ണുകളിലേക്ക് ആയിരുന്നു. യുസിഎൽഎ മെഡിക്കൽ സെന്ററിന് മുൻപിൽ അപ്പോഴേക്കും ജനം തടിച്ചുകൂടിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവന് എന്തുപറ്റിയെന്ന് അറിയാൻ അവർ കാതുകൂർപ്പിച്ച് നിന്നു. തങ്ങൾ കേട്ട വാർത്ത ശരിയായിരിക്കരുതേ എന്ന പ്രാർത്ഥനയോടെ ടെലിവിഷൻ ഓണാക്കി അതിന്റെ മുൻപിൽ സ്ഥാനമുറപ്പിച്ചു മറ്റു ചിലർ.എന്നാൽ അവരുടെ കണ്ണുകളിൽ ആദ്യം ഉടക്കിയത് വലിയ അക്ഷരങ്ങളിൽ പ്രത്യക്ഷപ്പെട്ട ആ വാർത്തയാണ്...മൈക്കിൾ ജാക്ക്സൺ ഡൈസ് അറ്റ് ഫിഫ്റ്റി!
അതേ! ശബ്ദംകൊണ്ടും ചടുലമായ ചുവടുകൾകൊണ്ടും പോപ്പ് സംഗീത ലോകത്തെ രാജാവായി മാറിയ മൈക്കിൾ ജാക്ക്സൺ എന്ന സൂര്യന്റെ അസ്തമയമായിരുന്നു അന്ന്.ലോകത്ത് വേറൊരു സെലിബ്രിറ്റിയുടെയും മരണം ഇത്രത്തോളം ചർച്ച ചെയ്യപ്പെട്ടിട്ടില്ല.കാരണം അദ്ദേഹം നേടിയെടുത്ത പ്രശസ്തിയും ആരാധകരുടെ സ്നേഹവും തന്നെ.മൈക്കിൾ ജാക്ക്സൺ എന്നുകേട്ടാൽ ആദ്യം മനസ്സിലേക്കെത്തുക അദ്ദേഹത്തിന്റെ പാറിപ്പറക്കുന്ന നീളൻ മുടിയും, തൊപ്പിയും, നക്ഷത്രം പോലെ തിളങ്ങുന്ന കണ്ണുകളും പിന്നെ ആ ചെറുപുഞ്ചിരിയുമാണ്.ചിലർക്ക് എംജെയെന്നാൽ ആവേശമാണ്, മറ്റ് ചിലർക്ക് തങ്ങളിൽ ഒരുവനാണയാൾ. കുട്ടിക്കാലത്ത് കൈയ്യിൽ മുറുകെ പിടിച്ച മൈക്കിലൂടെ അദ്ദേഹം നടന്നു കയറിയത് പോപ്പ് സംഗീതത്തിന്റെ നെറുകയിലേക്കാണ്. ആ യാത്രയിൽ അദ്ദേഹത്തിന് നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നു. നിരവധി ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വന്നു. ചില ചോദ്യങ്ങളോട് മുഖം തിരിച്ചു. എംജെയെന്ന രണ്ടക്ഷരത്തിൽ ജനങ്ങളെ പ്രകമ്പനം കൊള്ളിക്കും വിധം അദ്ദേഹം ഒരു ബ്രാൻഡായി മാറി.ഒടുവിൽ തന്റെ ആരാധകർക്ക് നൽകിയ ഉറപ്പ് പാലിക്കാൻ കഴിയാതെ മരണമെന്ന മറ്റൊരു ലോകത്തേക്ക് അയാൾ യാത്രയായി...!
1958 ആഗസ്റ്റ് 29ന് യുഎസ്സിലെ ഇന്ത്യാനയ്ക്കടുത്തുള്ള ഗ്യാരിയിൽ ജോസഫ് വാൾട്ടറുടെയും കാതറിൻ എസ്തർ സ്ക്രൂസിന്റെയും ഒൻപത് മക്കളിൽ ഏഴാമനായാണ് മൈക്കിൾ ജോസഫ് ജാക്ക്സന്റെ ജനനം.1960കളുടെ പകുതിയിൽ അച്ഛൻ ജോസഫ് രൂപം നൽകിയ "ജാക്ക്സൺ ഫൈവ്" എന്ന മ്യൂസിക് ബാൻഡിലൂടെയാണ് മൈക്കിൾ തന്റെ മ്യൂസിക് കരിയറിന് തുടക്കമിടുന്നത്.രണ്ടാമത്തെ മകൻ ടിറ്റോയുടെ ഗിറ്റാർ വായനയിലുള്ള കഴിവ് തിരിച്ചറിഞ്ഞതോടെയാണ് മക്കളെ ഉൾകൊള്ളിച്ച് ഒരു മ്യൂസിക് ബാൻഡ് രൂപീകരിക്കാമെന്ന ആശയം ജോസഫിന്റെ മനസ്സിൽ ഉടലെടുത്തത്.അന്ന് മൈക്കിളിന് അഞ്ചു വയസ്സ് മാത്രമേയുള്ളൂ.കുസൃതിക്കാരനായ മൈക്കിളിന് ചേട്ടന്മാരോടൊപ്പം പാട്ടുപാടി നടക്കാൻ വലിയ താത്പ്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ അച്ഛന്റെ ബെൽറ്റുകൊണ്ടുള്ള അടിയും ചീത്ത വിളിയും ഒട്ടും സഹിക്കാൻ കഴിയാഞ്ഞതോടെ മൈക്കിൾ മൈക്ക് കൈയ്യിലെടുത്തു.ചേട്ടൻമാർക്കൊപ്പം താളംപിടിച്ച മൈക്കിൾ വളരെ പെട്ടെന്നാണ് ബാൻഡിലെ ലീഡ് സിംഗറായി മാറിയത്.
1967ൽ ജാക്ക്സൺ ഫൈവ് പുറത്തിറക്കിയ ആദ്യ സിംഗിൾ ആയ "ബിഗ് ബോയ്" വലിയ വിജയം നേടിയതോടെ സഹോദരങ്ങൾ ലൈവ് സ്റ്റേജ് പെർഫോമൻസുകൾ ആരംഭിച്ചു.1969ൽ റിലീസായ "ഡയാന റോസ് പ്രസന്റ്സ് ദി ജാക്ക്സൺ ഫൈവ്"എന്ന ആൽബത്തിലെ "ഐ വാണ്ട് യു ബാക്ക്" എന്ന സിംഗിൾ ബിൽബോർഡ് ഹോട് 100ൽ ഒന്നാമതെത്തിയത് ബാൻഡിനെ സംബന്ധിച്ച് വലിയൊരു നേട്ടമായിരുന്നു.പിന്നാലെ ബാൻഡ് അവതരിപ്പിച്ച "ഐ വിൽ ബി ദേർ" അടക്കമുള്ള സിംഗിളുകളും വൻ വിജയമായി മാറിയതോടെ ജാക്ക്സൺ ഫൈവ് സംഗീതാസ്വാദകർക്കിടയിൽ ഒരു ആവേശമായി മാറി.
1970കളോടെ ബാൻഡിനുള്ളിൽ തന്നെ മൈക്കിൾ ഒരു ബ്രാൻഡായി മാറി. അദ്ദേഹത്തിന്റെ ഗാനങ്ങൾ കേൾക്കാനും നൃത്തച്ചുവടുകളിൽ ആനന്ദിക്കാനും ജനങ്ങൾ കാത്തിരുന്നു.പിന്നീട് സഹോദരന്മാരുടെ പിന്തുണ ഇല്ലാതെ മൈക്കിൾ സിംഗിളുകളിലേക്ക് തിരിഞ്ഞു."ഗോട്ട് ടു ബി ദേർ" ആയിരുന്നു മൈക്കിളിന്റെ ആദ്യ സോളോ സ്റ്റുഡിയോ ആൽബം. ജാക്ക്സൺ ഫൈവിൽ തുടരുമ്പോൾ തന്നെയാണ് മൈക്കിൾ ഈ സിംഗിൾ പുറത്തിറക്കിയത്.1971ൽ പുറത്തിറങ്ങിയ "ബെൻ" എന്ന സിംഗിൾ മൈക്കിളിന് ഒരു സോളോ പെർഫോമർ എന്ന ലേബൽ നൽകി.എന്നാൽ ഒരു സോളോ പെർഫോമർ എന്ന നിലയിൽ ഹിറ്റ് ചാർട്ടിലേക്ക് മൈക്കിളിനെ എത്തിച്ചത് 1979 ഓഗസ്റ്റിൽ പുറത്തിറങ്ങിയ "ഓഫ് ദി വാളാണ്".പ്രശസ്ത സംഗീതജ്ഞൻ ക്വീൻസി ജോൺസ് ആയിരുന്നു ഈ സിംഗിളിന്റെ നിർമ്മാണം.സിംഗിൾ വൻ വിജയമായതോടെ തുടർന്നുള്ള മൈക്കിളിന്റെ എല്ലാ ആൽബങ്ങളും താൻ തന്നെ നിർമ്മിക്കുമെന്ന് ക്വീൻസി പ്രഖ്യാപിച്ചു.ഗാനം പ്രതീക്ഷിച്ചതിലും വലിയ വിജയമായതോടെ ഗ്രാമി അടക്കമുള്ള വമ്പൻ പുരസ്‌കാരങ്ങൾ മൈക്കിൾ സ്വപ്നം കണ്ടിരുന്നെങ്കിലും ആ സ്വപ്നങ്ങൾക്ക് കുമിളകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നൊള്ളു.ഒരേയൊരു പുരസ്‌കാരത്തിലേക്ക് "ഓഫ് ദി വാളി"ന് ഒതുങ്ങേണ്ടി വന്നത് മൈക്കിളിനെ ചെറുതായി തളർത്തി.
എന്നാൽ "ത്രില്ലർ' മൈക്കിളിന്റെ തലവര മാറ്റി. ജനപ്രീതിയിലും കോപ്പികളുടെ വിൽപ്പനയിലും "ത്രില്ലർ" എല്ലാ അതിർവരമ്പുകളും കടന്നത്തോടെ മൈക്കിളിന് പോപ്പ് സംഗീതരംഗത്തെ ഇതിഹാസപ്പട്ടം ലഭിച്ചു.ജൂറിയെ പോലും ഞെട്ടിച്ചുകൊണ്ട് എട്ട് ഗ്രാമി പുരസ്‌കാരം നേടിയ ഈ ആൽബത്തിന്റെ ആറര കോടിയിലധികം കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിക്കപ്പെട്ടത്.ഇതോടെ മൈക്കിൾ ജാക്ക്സൺ എന്ന പേര് ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്ക് ആവേശവും ഊർജ്ജവുമായി മാറി.അങ്ങനെ ആരാധകർക്കിടയിൽ കത്തിക്കയറുന്ന സമയത്തതാണ് വളരെ അപ്രതീക്ഷിതമായി മൈക്കിളിന്റെ ഐഡന്റിറ്റിയായി പിന്നീട് മാറിയ മൂൺവാക്കിന്റെ വരവ്.1983ൽ ജാക്ക്സൺ സഹോദരങ്ങൾ അവതരിപ്പിച്ച മോടൌൺ 25 എന്ന ടീവി പരിപാടിയിൽ "ബില്ലി ജീൻ" എന്ന ഗാനത്തിന് ചുവടുക്കുമ്പോൾ അദ്ദേഹം പുറത്തെടുത്ത വെറും നാല് സെക്കന്റ് മാത്രം നീണ്ടുനിന്ന ആ നൃത്തച്ചുവടിന് ഇന്നും കോടിക്കണക്കിന് ആരാധകരാണ് ഉള്ളത്.
അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളുടെ ദിവസമായിരുന്നു പിന്നീട്.മൊടൌൺ 25ന് ശേഷം ജാക്ക്സൺ സഹോദരങ്ങൾ പുറത്തിറക്കിയ "വിക്ടറി" എന്ന ആൽബം വലിയ വിജയമായി മാറി. എന്നാൽ വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വേൾഡ് ടൂറിനിടെ സഹോദരങ്ങൾ തമ്മിൽ വലിയ വാക്കുതർക്കങ്ങൾ ഉണ്ടായി. പ്രശ്നം ഒരിക്കലും അവസാനിക്കില്ലെന്ന് തിരിച്ചറിഞ്ഞാകണം, മ്യൂസിക് ബാൻഡിൽ നിന്ന് താൻ പിന്മാറുകയാണെന്നും തുടർന്നുള്ള കാലം സോളോ പെർഫോമൻസുകൾ മാത്രമേ ചെയ്യൂവെന്നും മൈക്കിൾ പ്രഖ്യാപിച്ചു. മൈക്കിൾ ജാക്ക്സൺ ഒരു തികഞ്ഞ സോളോ പെർഫോമറായി മാറുന്ന പ്രഖ്യാപനം ആയിരുന്നു അത്.
1985 ജനുവരി 21ന് ലയണൽ റിച്ചിയുമായി ചേർന്ന് "വി ആർ ദി വേൾഡ്" എന്നൊരു ആൽബം മൈക്കിൾ പുറത്തിറക്കി.എത്യോപ്യയിൽ ഭക്ഷണക്ഷാമം നേരിടുന്ന ജനങ്ങൾക്ക് വേണ്ടി സഹായം എത്തിച്ചു നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ആൽബത്തിന്റെ റിലീസ്.ഗാനത്തിലെ വരികളും ദൃശ്യങ്ങളുമൊക്കെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു.ഇതോടെ ഒരു സെലിബ്രിട്ടി സ്റ്റാറ്റസിലേക്ക് മൈക്കിൾ നടന്നു നീങ്ങി.അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാൻ മാധ്യമങ്ങളും പാപ്പരാസികളും അങ്ങിങ്ങായി തിരക്കുകൂട്ടി.
1987 സെപ്റ്റംബർ 7ന് പുറത്തിറങ്ങിയ "ബാഡ്" മൈക്കിളിന്റെ കരിയറിലെ നാഴികക്കല്ലായി മാറി.രണ്ട് കോടിയിലധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടു എന്നത് മാത്രമല്ല, ഇതിൽ ഉൾപ്പെട്ടിരുന്ന അഞ്ച് സിംഗിളുകളും നമ്പർ വണ്ണായി മാറുകയും ചെയ്തു.ത്രില്ലറിന് ശേഷം ഏറ്റവും വലിയ വിജയം നേടിയ മൈക്കിളിന്റെ ആൽബമായിരുന്നു "ബാഡ്". എക്കാലത്തെയും ഹിറ്റായി മാറിയ, സംഗീത പ്രേമികൾ ആഘോഷമാക്കിയ സ്മൂത്ത് ക്രിമിനൽ, ഡേർട്ടി ഡയാന, ദി വെ യു മേക്ക് മീ ഫീൽ, തുടങ്ങിയവ ഈ ആൽബത്തിലെ സിംഗിളുകൾ ആയിരുന്നു.1991 നവംബർ ആറിന് പുറത്തിറക്കിയ "ഡെയ്ഞ്ചറസ്" കൊച്ചുകുട്ടികൾക്കിടയിൽ പോലും മൈക്കിളിലെ ഹീറോയാക്കി മാറ്റി.അന്നേ വരെ തന്റെ ആൽബങ്ങളുടെ പ്രൊഡ്യൂസർ ആയിരുന്ന ക്വീൻസി ജോൺസുമായി കൈകോർക്കാതെ മൈക്കിൾ പുറത്തിറക്കിയ ആൽബം എന്ന പ്രത്യേകത കൂടി ഇതിനുണ്ടായിരുന്നു.ഈ ആൽബത്തിൽ ഉൾപ്പെട്ട ബ്ലാക്ക് ഓർ വൈറ്റ്, ഡു യു റിമംബർ ദ ടൈം അടക്കമുള്ള സിംഗിളുകൾ വൻ ജനപ്രീതി പിടിച്ചുപ്പറ്റി.അതേസമയം 1995ൽ പുറത്തിറങ്ങിയ "ഹിസ്റ്ററ്റി" എന്ന ആൽബത്തെ തന്റെ ആത്മകഥപോലെയാണ് മൈക്കിൾ അവതരിപ്പിച്ചത്.കാരണം അദ്ദേഹം അക്കാലത്ത് നേരിടേണ്ടി വന്ന ചോദ്യങ്ങൾ തന്നെയായിരുന്നു.
പോപ്പ് സംഗീത ഇതിഹാസമായി മാറുമ്പോഴും വിവാദങ്ങളുടെ തോഴൻ കൂടിയായിരുന്നു മൈക്കിൾ.മൈക്കിളിന്റെ തൊലിനിറത്തിലും രൂപത്തിലും വന്ന മാറ്റങ്ങൾ സംബന്ധിച്ചായിരുന്നു ആദ്യത്തെ വിമർശനങ്ങൾ.മൈക്കിൾ സൗന്ദര്യ വർധനയ്ക്കായി ശസ്ത്രക്രിയകൾ നടത്തിയെന്ന വാർത്ത റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ വലിയ ആവേശമാണ് അക്കാലത്ത് കാണിച്ചത്. കഴിയാവുന്നത്ര സ്വകാര്യതയിലേക്ക് ഇടിച്ചുകയറി മൈക്കിളിനെ പറ്റിയുള്ള ഓരോ വിവരങ്ങളും ഒപ്പിയെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.ഇടത്തരം തവിട്ട് നിറമുള്ള മൈക്കിൾ പിന്നീടെങ്ങനെ ഇത്ര വെളുത്തുവെന്ന ചോദ്യം വ്യാപകമായി ഉയർന്നു.ആഫ്രിക്കൻ- അമേരിക്കൻ രൂപത്തിൽ അദ്ദേഹം ഒട്ടും താത്പര്യവാൻ ആയിരുന്നില്ല എന്നും വെള്ളക്കാരെ പോലെ വെളുക്കാൻ അദ്ദേഹം നിരന്തരം ശസ്ത്രക്രിയകൾ നടത്തിയെന്നുമാണ് അന്നുയർന്നുവന്ന പ്രധാന വിമർശനം.എന്നാൽ ഓപ്ര വിൻഫ്രി നടത്തിയ അഭിമുഖത്തിൽ മൈക്കിൾ ഇത്തരം ആരോപണങ്ങൾ എല്ലാം തള്ളി.തന്റെ ശരീരത്തിലും മുഖത്തും ചെറിയ പാണ്ട് വന്നിരുന്നുവെന്നും ഇതു മറയ്ക്കാനാണ് താൻ ശസ്ത്രക്രിയ നടത്തിയതെന്നും മൈക്കിൾ അന്ന് പറയുകയുണ്ടായി.താങ്കളൊരു വെർജിൻ ആണോയെന്ന ഓപ്ര വിൻഫ്രിയുടെ ചോദ്യത്തിന് ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിയ മൈക്കിളിനെയും ജനങ്ങൾ ശ്രദ്ധിച്ചു.അദ്ദേഹത്തിന്റെ ലൈംഗിക താത്പ്പര്യങ്ങളെ ചുറ്റിപ്പറ്റിയും നിരവധി ഊഹാപോഹങ്ങൾ ഇതോടെ ഉയർന്നിരുന്നു.
മൈക്കിൾ ഒരു ബാലപീഡകൻ ആയിരുന്നുവെന്ന ആരോപണമായിരുന്നു അദ്ദേഹത്തിന്റെ കരിയറിനെ പോലും പിടിച്ചുകുലുക്കിയത്.ബംഗ്ലാവിൽ തങ്ങിയ ദിവസം മൈക്കിൾ തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ഒരു യുവാവ് മൊഴി നൽകിയത് വലിയ ചർച്ചയായി.പിന്നീട് ഈ കേസ് പണം നൽകി മൈക്കിൾ ഒത്തുതീർത്തുവെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.എന്നാൽ തന്റെ കരിയറിന് കളങ്കം വരുത്തുന്ന ഇത്തരം ആരോപണങ്ങൾക്ക് മറുപടിയെന്നോണമാണ് അദ്ദേഹം "ഹിസ്റ്ററി" എന്ന ആൽബം പുറത്തിറക്കിയത്.ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ സ്റ്റേഷനിൽ തനിക്ക് നേരിടേണ്ടി വന്ന അനുഭവമാണ് അദ്ദേഹം "ദേ ഡോണ്ട് കെയർ എബൌട്ട് അസ്" എന്ന സിംഗിളിൽ അവതരിപ്പിച്ചത്.കഴിഞ്ഞില്ല, "ചൈൽഡ്ഹുഡ്" എന്ന സിംഗിളിൽ താൻ ഒരു ബാലപീഡകൻ അല്ലെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു. എന്നാൽ ബാലപീഡന ആരോപണത്തെ സംബന്ധിച്ചുള്ള മാർട്ടിൻ ബഷീർ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യങ്ങൾക്ക് മൈക്കിൾ നൽകിയ മറുപടി അദ്ദേഹത്തിന് കുരുക്കായി."ലിവിങ് വിത്ത് മൈക്കിൾ ജാക്ക്സൺ" എന്ന ഡോക്യുമെന്ററിയിലെ ചില പ്രസ്താവനകൾ വലിയ വിവാദമായതോടെ മൈക്കിളിനെതിരെ അന്ന് കേസെടുത്തിരുന്നു.എന്നാൽ പിന്നീട് അദ്ദേഹത്തെ വെറുതെ വിടുകയാണ് ചെയ്തത്.
മൈക്കിളിന്റെ സ്വകാര്യ ജീവിതവും ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്.1988ൽ കലിഫോർണിയയിലെ സാന്റ ബർബറ കൗണ്ടിയിൽ 2600 ഏക്കർ വസ്തു വാങ്ങിയതും, അവിടെ നെവർലാൻഡ് റഞ്ച് എന്ന വലിയ ബാംഗ്ലാവും ഒപ്പം മൃഗശാലയും അമ്യുസ്മെന്റ് പാർക്കും റെയിൽവേ സ്റ്റേഷനുമൊക്കെ നിർമ്മിച്ചതും വാർത്തകളിൽ നിരന്തരം ഇടം പിടിച്ചിരുന്നു.മൃഗസ്നേഹിയായിരുന്ന അദ്ദേഹം നിരവധി വളർത്തു മൃഗങ്ങളെയും ഇതിനിടെ സ്വന്തമാക്കി.സ്റ്റേജ് ഷോകളിലും വേൾഡ് ടൂറുകളിലും മൈക്കിൾ കൂടെക്കൂട്ടിയ ബബിൾസ് എന്ന ചിമ്പാൻസിയായിരുന്നു ജനങ്ങളെ ഏറെ കൗതുകപ്പെടുത്തിയത്.മഡോണ എന്ന പെരുമ്പാമ്പും റിക്കി എന്ന പഞ്ചവർണ്ണ തത്തയും ത്രില്ലർ, സാബു എന്നീ കടുവകളും മൈക്കിളിന്റെ പ്രിയപ്പെട്ടവരായിരുന്നു.
മൈക്കിൾ അമിതമായി ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ ഈ സമയത്താണ് പുറത്തുവരുന്നത്. പെപ്സിയുടെ പരസ്യ ചിത്രീകരണത്തിനിടെ കത്തിക്കൊണ്ടിരുന്ന കരിമരുന്ന് മുഖത്തും തലയിലും വീണ് മൈക്കിളിന് പൊള്ളലേറ്റിരുന്നു. ഇതിന്റെ വേദന ശമിപ്പിക്കാൻ വേദന സംഹാരികൾ കഴിച്ചു തുടങ്ങിയ മൈക്കിൾ പിന്നീട് അവയ്ക്ക് അടിമപ്പെട്ടു.മരുന്നുകളോടുള്ള ആസക്തി കുറയ്ക്കാൻ വീണ്ടും മരുന്ന് കഴിച്ചതോടെ മൈക്കിൾ ആരോഗ്യപരമായി തളർന്നു.അദ്ദേഹത്തിന്റെ വിവാഹ ജീവിതവും ആരാധകർ ഉറ്റുനോക്കിയ ഒന്നാണ്.രണ്ട് തവണ വിവാഹം കഴിച്ച അദ്ദേഹം രണ്ട് ബന്ധങ്ങളും വേർപ്പെടുത്തിയിരുന്നു. ഗായിക ലിസ മേരി പ്രീസ്ലിയുമായായിരുന്നു മൈക്കിളിന്റെ ആദ്യ വിവാഹം. ഈ ബന്ധത്തിന് രണ്ട് വർഷത്തെ ആയുസ്സ് മാത്രമെ ഉണ്ടായിരുന്നുള്ളു.തുടർന്ന് ഡെബ്ബി റോയെന്ന മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെങ്കിലും മൂന്ന് വർഷം കഴിഞ്ഞ് ഈ ബന്ധവും മൈക്കിൾ വേണ്ടെന്നുവെച്ചു.
പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയതിൽ മൈക്കിളിനെ പിന്നിലാക്കാൻ ഇന്നും ആർക്കും കഴിഞ്ഞിട്ടില്ല.39 ഗിന്നസ് വേൾഡ് റെക്കോർഡ് മൈക്കിൾ സ്വന്തമാക്കിയിട്ടുണ്ട്.13 ഗ്രാമി അവാർഡ്, ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്,ഗ്രാമി ലെജൻഡ് അവാർഡ്, 26 അമേരിക്കൻ മ്യൂസിക് അവാർഡ്, ആർടിസ്റ്റ് ഓഫ് ദി സെഞ്ച്വറി എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങൾ മൈക്കിളിനെ തേടി എത്തിയിട്ടുണ്ട്.1984ൽ മാനുഷിക പ്രവർത്തനങ്ങൾ മുൻനിർത്തി "പ്രസിഡൻഷ്യൽ പബ്ലിക് സേഫ്റ്റി കമൻഡേഷൻ" അവാർഡ് നൽകി റൊണാൾഡ് റീഗൻ മൈക്കിളിനെ ആദരിച്ചിരുന്നു.1990ൽ ജോർജ്ജ് ബുഷ് അദ്ദേഹത്തെ "ആർടിസ്റ്റ് ഓഫ് ഡിക്കേഡ്" ആയി ആദരിച്ചു.റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിമിലേക്ക് മൈക്കിളിനെ രണ്ട് തവണ തെരെഞ്ഞടുക്കപ്പെട്ടിട്ടുണ്ട്.ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ സംഗീതജ്ഞൻ മൈക്കിളാണെന്ന് പറയുന്നതിൽ യാതൊരു തെറ്റുമില്ല.
2009 മാർച്ച് അഞ്ചിന് "ദിസ് ഈസ് ഇറ്റ്" എന്നൊരു സ്റ്റേജ് ഷോ മൈക്കിൾ പ്രഖ്യാപിക്കുകയുണ്ടായി. ലണ്ടനിൽ പത്ത് സ്റ്റേജ് ഷോകളാണ് ആദ്യം തീരുമാനിച്ചത് എങ്കിലും പരിപാടിയുടെ ടിക്കറ്റിനായി ജനങ്ങൾ തിക്കും തിരക്കും ഉണ്ടാക്കിയതോടെ പത്ത് സ്റ്റേജ് ഷോ എന്നത് അൻപത് എന്ന സംഖ്യയിലാണ് എത്തിപ്പെട്ടത്. ഇതിന്റെ റിഹേഴ്സലും അണിയറ പ്രവർത്തനങ്ങളും പുരോഗമിക്കുന്നതിനിടെയാണ് മൈക്കിളിന്റെ അപ്രതീക്ഷിത വേർപ്പാട് ഉണ്ടാകുന്നത്.ഹൃദയാഘാതത്തെ തുടർന്ന് ലോസ് ആഞ്ചലസിലെ യുസിഎൽഎ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം അധികം വൈകാതെ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.എന്നാൽ മരണസമയത്തും വിവാദങ്ങൾ കത്തിക്കയറി.മൈക്കിളിന്റെ മരണത്തിന് കാരണം പ്രൊപോഫോൾ, ലോറസെപ്പാം അടക്കമുള്ള മയക്കുമരുന്നുകളുടെ ഓവർഡോസ് ആണെന്നായിരുന്നു പോസ്റ്റ്‌മാർട്ടം റിപ്പോർട്ട്.ഇതോടെ മൈക്കിളിന്റെ പേഴ്‌സണൽ ഡോക്ടർ കോൻറാഡ് മുറയെ പോലീസ് അറസ്റ്റ് ചെയ്തു.പിന്നീട് ലോസ് ആഞ്ചലസ് കോടതി മൈക്കിളിന്റെ മരണം നരഹത്യ ആണെന്ന് വിധിക്കുകയും വിചാരണയ്ക്ക് ശേഷം മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് മുറയ്ക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.
ലോകത്തെ സ്തംഭിപ്പിച്ച മരണമായിരുന്നു മൈക്കിളിന്റേത്. അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞവരെല്ലാം ഒരു നിമിഷം പകച്ചു നിന്നു.ഇന്റർനെറ്റിനെ മൈക്കിളിന്റെ മരണ വാർത്ത ഇളക്കി മറിച്ചു.അദ്ദേഹത്തിന്റെ മരണവാർത്ത ആദ്യം ലോകത്തെ അറിയിച്ചത് സെലിബ്രിറ്റി വെബ്സൈറ്റായ ടിഎംസി (TMZ) ആയിരുന്നു. ഇതിന് പിന്നാലെ വാർത്ത മറ്റ് ടീവി ചാനലുകളിലും റേഡിയോയിലും ഓൺലൈൻ വെബ്സൈറ്റുകളിലും കാട്ടൂതീ പോലെ പടർന്നു. ജനങ്ങൾ മൈക്കിളിനെ പറ്റി അറിയാൻ ഇന്റർനെറ്റിലേക്ക് ഇരച്ചുകയറി. വിക്കിപീഡിയയും ട്വിറ്ററും എല്ലാം സ്തംഭിച്ചു.ഗൂഗിളിന്റെ പ്രവർത്തനം ആഗോളതലത്തിൽ തടസ്സപ്പെട്ടു. സൈബർ അറ്റാക്ക് ആണെന്ന് ആദ്യം തെറ്റിദ്ധരിച്ച ഗൂഗിൾ പിന്നീട് സെർച്ച് എഞ്ചിനിൽ നിന്ന് മൈക്കിൾ ജാക്ക്സൺ എന്ന കീവേർഡ് അര മണിക്കൂർ സമയത്തേക്ക് ബ്ലോക്ക് ചെയ്താണ് അസാധാരണമായ പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്തിയത്.മൈക്കിളിന്റെ മരണവാർത്ത ജനങ്ങൾക്കിടയിൽ വലിയ സംസാര വിഷയമായതോടെ എംടീവി അടക്കമുള്ള പ്രമുഖ ടീവി ചാനലുകളും റേഡിയോ സ്റ്റേഷനുകളും മൈക്കിളിന്റെ ഗാനങ്ങൾ ഇടവേളകൾ ഇല്ലാതെ മണിക്കൂറുകളോളം സംപ്രേഷണം ചെയ്തുകൊണ്ടിരുന്നു.മരണം സംഭവിച്ച് എഴുപത്തി ഒൻപതാം ദിവസമാണ് മൈക്കിളിന്റെ മൃതദേഹം സംസ്കരിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ പേർ ടെലിവിഷനിലൂടെ തത്സമയം കണ്ട പരിപാടിയിൽ ഒന്നായിരുന്നു മൈക്കിളിന്റെ ശവസംസ്കാര ചടങ്ങുകൾ.യുഎസ്സിൽ മാത്രം 31.1 മില്യൺ ജനങ്ങളാണ് ഈ പരിപാടി തത്സമയം കണ്ടത്.അദ്ദേഹത്തിന്റെ ശവമഞ്ചവുമായി പോകുന്ന വാഹനം കാണാൻ കൊച്ചുകുട്ടികളടക്കം നിറകണ്ണുകളോടെ തെരുവുകളിൽ കാത്തുനിന്നു.പലരും അലറിക്കരഞ്ഞു, മറ്റ് ചിലർ ബോധംകെട്ടുവീണു.സംഗീത ലോകത്തെ ഒരു യുഗത്തിന് അന്ത്യം കുറിക്കുന്ന നിമിഷങ്ങളായിരുന്നു അത്.
ഇന്റർനെറ്റടക്കം ഇന്ന് നാം കാണുന്ന സാങ്കേതിക വിദ്യകളൊന്നും ഇല്ലാതിരുന്ന കാലത്ത് അദ്ദേഹം ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയത്തിൽ കുടിയേറിയത് എങ്ങനെയെന്ന് ഇന്നും നമ്മെ അതിശയപ്പെടുത്തുന്നു.അമേരിക്കയിൽ വർണ്ണവെറിയുടെ പേരിൽ കറുത്ത വർഗ്ഗക്കാരെ അകറ്റി നിർത്തിയിരുന്ന കാലത്ത് മൈക്കിളിനെ പോലൊരു സംഗീതജ്ഞൻ എങ്ങനെ ഉയർന്നുവന്നു എന്നതും മറുപടി കിട്ടാത്ത ഒരു ചോദ്യമായി ഇന്നും അവശേഷിക്കുകയാണ്.മരണമെന്ന രംഗബോധമില്ലാത്ത കോമാളി മൈക്കിളിനെ കൂടെക്കൂട്ടിയപ്പോൾ അദ്ദേഹം നമുക്കായി ബാക്കിവെച്ചത് ഇനിയാർക്കും കയറിപ്പറ്റാൻ കഴിയാത്ത സംഗീതത്തിന്റെയും സ്നേഹത്തിന്റെയും ആരാധനയുടെയും പടവുകൾ ആയിരുന്നു.
മൈക്കിൾ ജ്വലിക്കുന്ന ഓർമ്മയായിട്ട് ജൂൺ 25ന് പതിനഞ്ച് വർഷം തികഞ്ഞിരിക്കുകയാണ്.എംജെ എന്ന പേര് കേൾക്കുമ്പോൾ നിറകണ്ണുകളോടെ അദ്ദേഹത്തിന്റെ തിരിച്ചുവരവ് കാത്തിരിക്കുന്നവർ ഇപ്പോഴും നിരവധി ഉണ്ട്.മൈക്കിൾ ഇപ്പോഴും മരിച്ചിട്ടില്ലെന്ന് വിശ്വസിക്കാനാണ് പലർക്കും ഇഷ്ടം.കാരണം ഇതുപോലൊരു ഇതിഹാസം ഇനി പിറവിയെടുക്കില്ല.മൈക്കിൾ വി മിസ്സ് യൂ... നിങ്ങളെ പോലെ മറ്റാരുമില്ല!
BY: SREEJESH C ACHARI
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1