യുവാക്കളുടെ നേതൃത്വത്തില്‍ നേപ്പാളില്‍ അരങ്ങേറിയ പ്രതിഷേധം ആഗോളതലത്തില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. പ്രക്ഷോഭം ആഭ്യന്തര കലാപത്തിലേക്ക് നീങ്ങിയതോടെ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയും മറ്റ് മന്ത്രിമാരും രാജിവച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധമാണ് ഇപ്പോള്‍ നേപ്പാളില്‍ നടക്കുന്ന ജെന്‍സി പ്രക്ഷോഭം.
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 19 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായും നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ലമെന്റ്, സുപ്രീം കോടതി തുടങ്ങിയ കെട്ടിടങ്ങള്‍ അഗ്‌നിക്കിരയായി. സോഷ്യല്‍ മീഡിയ നിരോധനത്തെ തുടര്‍ന്ന് നേപ്പാളിന്റെ വിവിധ ഇടങ്ങളില്‍ ആരംഭിച്ച പ്രക്ഷോഭം പിന്നീട് രാജ്യവ്യാപകമായി ആഭ്യന്തര കലാപമായി ആളിക്കത്തുകയായിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ നാലിനാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിക്കാനുള്ള സര്‍ക്കാരിന്റെ വിവാദ തീരുമാനമായിരുന്നു പ്രതിഷേധത്തിനും പിന്നീടുണ്ടായ കലാപത്തിനും കാരണമായത്. നേപ്പാളിനെ അക്ഷരാര്‍ഥത്തില്‍ കത്തിച്ച ആഭ്യന്തര കലാപത്തിന് പിന്നിലെ യഥാര്‍ഥ കാരണമെന്ത്? ഇത്തരം പ്രക്ഷോഭങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി കണക്കാക്കാന്‍ കഴിയുമോ? നേതാക്കളില്ലാത്ത പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ബാഹ്യ ഇടപെടലുകളുണ്ടോ? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് നേപ്പാള്‍ ജെന്‍സി കലാപം ആഗോളതലത്തില്‍ ഉയര്‍ത്തുന്നത്.
എന്തായിരുന്നു സര്‍ക്കാര്‍ കൈക്കൊണ്ട വിവാദ തീരുമാനം
സുപ്രീം കോടതി വിധിയുടെ പിന്തുണയോടെ ഓഗസ്റ്റ് 17 ന് നേപ്പാള്‍ സര്‍ക്കാര്‍ ഒരു തീരുമാനത്തിലെത്തി. ടെക് കമ്പനികള്‍ നേപ്പാളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പ്രാദേശിക നികുതി പാലിക്കണമെന്നും എന്നുമായിരുന്നു മന്ത്രിസഭാ തീരുമാനം. തുടര്‍ന്ന് സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യാത്ത കമ്പനികളുടേത് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ രാജ്യത്ത് റദ്ദാക്കി. സൈബര്‍ നിയന്ത്രണമായി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റമായി രാജ്യത്തെ യുവജനങ്ങള്‍ കണക്കാക്കി.
സര്‍ക്കാര്‍ തീരുമാനത്തോടെ ആശയവിനിമയത്തിനും, ഉപജീവന മാര്‍ഗത്തിനുമെല്ലാം സോഷ്യല്‍ മീഡിയയെ ആശ്രയിച്ച നേപ്പാളിലെ യുവജനങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയായി. ഇതോടെ രാജ്യത്തെ യുവാക്കള്‍ സംഘടിതമായി തെരുവിലേക്കിറങ്ങുകയായിരുന്നു. നേപ്പാളില്‍ നടക്കുന്ന ഈ പ്രതിഷേധങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല എന്നുള്ളതാണ് മറ്റൊരു വസ്തുത. ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും യുവജന പ്രക്ഷോഭം പിന്നീട് ആഭ്യന്തര കലാപമായി മാറിയിരുന്നു.
സമാനമായ പ്രതിഷേധമായിരുന്നു ശ്രീലങ്കയിലും അരങ്ങേറിയത്. സാമ്പത്തിക തകര്‍ച്ചയ്ക്കിടയില്‍ രാജപക്സെ ഭരണകൂടത്തെ പുറത്താക്കുന്നതില്‍ യുവജന പ്രതിഷേധങ്ങള്‍ പ്രധാന പങ്ക് വഹിച്ചു. ബംഗ്ലാദേശില്‍, വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെയും അഴിമതി ആരോപണത്തെയും തുടര്‍ന്ന് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇതെല്ലാം ആഗോള ശ്രദ്ധ പിടിച്ച് പറ്റിയ ആഭ്യന്തര കലാപങ്ങളായിരുന്നു. ദക്ഷിണേഷ്യയില്‍ യുവാക്കള്‍ നയിക്കുന്ന പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ ഭരണമാറ്റത്തിലേക്ക് നയിക്കുന്നോ എന്ന ചോദ്യമാണ് ഇതോടെ ഉരുത്തിരിയുന്നത്.
സമാന സംഭവങ്ങള്‍
ആഗോളതലത്തില്‍ ശ്രദ്ധ നേടിയ യുവജന പ്രക്ഷോഭങ്ങളൊക്കെയും വ്യത്യസ്തമായ ദേശീയ സാഹചര്യങ്ങളില്‍ നിന്നാണ് ഉത്ഭവിച്ചതെങ്കിലും പ്രതിഷേധങ്ങളില്‍ സമാനമായ നിരവധി ഘടകങ്ങളുണ്ട്. ശ്രീലങ്കയില്‍ നടന്ന പ്രതിഷേധത്തില്‍ കടം, അഴിമതി, ഇന്ധനക്ഷാമം എന്നിങ്ങനെ സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ച വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. തുടര്‍ന്ന് സംഘര്‍ഷങ്ങള്‍ പ്രസിഡന്റ് രാജപക്സെയുടെ രാജിയില്‍ കലാശിച്ചു.
അതേസമയം ബംഗ്ലാദേശില്‍ സംവരണ സംവിധാനങ്ങളെക്കുറിച്ചും വിവേചനത്തെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്കിടയില്‍ നിലനിന്നിരുന്ന അതൃപ്തി ഒരു വലിയ കാരണമായി. ഡിജിറ്റല്‍ ആക്ടിവിസം സംഘടിത കലാപങ്ങളിലേക്ക് നയിച്ചു. ഇത് കൂടാതെ ഇരു രാജ്യങ്ങളിലേയും പ്രക്ഷോഭങ്ങളില്‍ അമേരിക്ക, ചൈന തുടങ്ങിയ ബാഹ്യ ഘടകങ്ങളുടെ പങ്കുണ്ടെന്ന ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാല്‍ നേപ്പാളിന്റെ പ്രതിഷേധത്തിന് ഇതുവരെ വിദേശ സ്വാധീനത്തിന്റെ വ്യക്തമായ തെളിവുകള്‍ ഇല്ലെങ്കിലും, കലാപങ്ങളൊന്നും ഒറ്റപ്പെട്ടതായി കാണാന്‍ കഴിയില്ല.
പതിനായിരക്കണക്കിന് യുവാക്കള്‍ സംഘടിച്ച് തെരുവിലിറങ്ങിയതിന്റെ വ്യാപ്തിയും വേഗതയും ദീര്‍ഘകാലം നിലനില്‍ക്കുന്ന ഭരണവിരുദ്ധതയെയാണ് സൂചിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ നിരോധനം സൃഷ്ടിച്ച തീപ്പൊരി നിമിഷനേരം കൊണ്ട് ആളിക്കത്തുകയായിരുന്നു. ഈ പ്രതിഷേധത്തീ അണച്ചാലും വര്‍ഷങ്ങളോളം ഇത് പുകഞ്ഞുകൊണ്ടേയിരിക്കുമെന്നാണ് വിലയിരുത്തല്‍. ഈ പ്രതിഷേധങ്ങള്‍ നിഷ്‌കളങ്കമായുണ്ടായ ഒന്നായി കണക്കാക്കാന്‍ സാധിക്കില്ല. എന്നിരുന്നാലും വിദേശ ശക്തികളുടെ ഇടപെടല്‍ കൂടുതല്‍ ദൃശ്യമായിരുന്ന ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയില്‍ നിന്ന് വ്യത്യസ്തമായി, നേപ്പാളിന്റെ സംഘര്‍ഷം ആന്തരിക പ്രേരിതമാണെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള നേപ്പാളിന്റെ തന്ത്രപരമായ സ്ഥാനവും ചരിത്രവും കണക്കിലെടുക്കുമ്പോള്‍, വിദേശ താത്പര്യങ്ങളുടെ ഇടപെടല്‍ തള്ളിക്കളയാനാകില്ല.
യുവജന പ്രക്ഷോഭത്തിന് ഊര്‍ജമേകുന്ന ഘടകം
2015ല്‍ നേപ്പാളില്‍ പുതിയ ഭരണഘടന പ്രഖ്യാപിച്ചതിനുശേഷം, ജനാധിപത്യ ഏകീകരണത്തിലും മികച്ച ഭരണത്തിനുമുള്ള പ്രതീക്ഷകള്‍ നിരന്തരം തകര്‍ന്നുവെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. നേപ്പാളിലെ ഉറച്ച രാഷ്ട്രീയം വരേണ്യവര്‍ഗത്തിന് കടുത്ത നിരാശയാണ് സമ്മാനിച്ചത്. എന്നാല്‍ പില്‍ക്കാലത്ത് രാഷ്ട്രീയ നേട്ടത്തിനായി ആവര്‍ത്തിച്ച് സഖ്യങ്ങള്‍ കെട്ടിപ്പടുത്ത കെപി ശര്‍മ്മ ഒലി, ഷേര്‍ ബഹാദൂര്‍ ദ്യൂബ, പ്രചണ്ഡ എന്നിവരുടെ ചെറിയ വൃത്തത്തിലേക്ക് അധികാരം ഒരുങ്ങി. ഈ രാഷ്ട്രീയ അസ്ഥിരത വ്യാപകമായ പൊതു അപകര്‍ഷതാബോധത്തിന് കാരണമായി.
ഭരണഘടനാവിരുദ്ധമായ വികാരം ഉരുത്തിരിഞ്ഞു. ഈ ഭരണത്തിന്‍ കീഴില്‍ വളര്‍ന്ന യുവ നേപ്പാള്‍ പൗരന്മാര്‍ കടുത്ത നിരാശയിലായി. യുവാക്കളുടെ തൊഴിലില്ലായ്മ കുത്തനെ ഉയര്‍ന്നതും സാമ്പത്തിക പുരോഗതി വാഗ്ദാനം ചെയ്ത സര്‍ക്കാരിന് അത് നിറവേറ്റാന്‍ കഴിയാതെ വന്നതും നിരാശകള്‍ തിളച്ചുമറിയുന്ന ഘട്ടത്തിലെത്തി. 2024-ല്‍ മാത്രം, 7,41,000-ത്തിലധികം യുവാക്കള്‍ വിദേശത്ത് മെച്ചപ്പെട്ട അവസരങ്ങള്‍ തേടിപ്പോയി. 30 ദശലക്ഷം ജനസംഖ്യയുള്ള ഒരു രാജ്യത്തിന് ഇത് അമ്പരപ്പിക്കുന്ന കണക്കാണ്.
അതേപോലെ വിദേശത്ത് നിന്നുള്ള പണമയയ്ക്കല്‍ ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നല്‍കുന്നുണ്ടെങ്കിലും, രാജ്യത്ത് അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്തിട്ടില്ല. സോഷ്യല്‍ മീഡിയ നിരോധനം ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് മാത്രമായിരുന്നില്ല, മറിച്ച് വിദേശ തൊഴിലാളികളും അവരുടെ കുടുംബങ്ങളും തമ്മിലുള്ള ബന്ധങ്ങളെ വിച്ഛേദിക്കാനുള്ള ശ്രമമായും ഇതിനെ വ്യാഖ്യാനിക്കപ്പെട്ടു. യാഥാര്‍ഥ്യങ്ങളുമായി സര്‍ക്കാരിന് ബന്ധമില്ലെന്ന ധാരണയോടൊപ്പം യുവാക്കളെ ഒറ്റപ്പെടുത്തുന്നതും പ്രതിഷേധങ്ങളെ കൂടുതല്‍ ശക്തമാക്കാന്‍ സഹായിച്ചു.
കൂടാതെ മറ്റൊരു പ്രധാന പരാതി അഴിമതിയാണ്. രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ ബിസിനസ് താത്പര്യങ്ങള്‍ അസ്വസ്ഥതകള്‍ വര്‍ധിപ്പിച്ചു. പൊഖാറ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയെക്കുറിച്ചുള്ള സമീപകാല അന്വേഷണത്തില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് വെളിപ്പെട്ടത്. ഒലിയുടെ സര്‍ക്കാര്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും ഉത്തരവാദിത്ത സംവിധാനങ്ങള്‍ സ്തംഭിപ്പിക്കുകയും ചെയ്തുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. അത്തരം വെളിപ്പെടുത്തലുകള്‍ പൊതുജനരോഷം വര്‍ധിപ്പിച്ചു.
ഡിജിറ്റല്‍ പ്രതിഷേധം
പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലാത്ത യുവാക്കളുടെ പ്രധാന പങ്കാണ്. അവര്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും ജനക്കൂട്ടത്തെ സംഘടിപ്പിച്ച് ആഗോളതലത്തില്‍ അവരുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നു. മുന്‍കാല പ്രതിഷേധ രൂപങ്ങളില്‍ നിന്നും മാറി വ്യത്യസ്തമായ പ്രതിഷേധ മാതൃകയാണിത്. യൂണിയനുകള്‍, പാര്‍ട്ടി കേഡര്‍മാര്‍, മത സംഘടനകള്‍ എന്നിവയുടെ പ്രേരണകളില്ലാതെയുള്ള പ്രതിഷേധം. ഈ സംഘടിക്കലിന് നേതാക്കളില്ല എന്നതും ശ്രദ്ധേയമാണ്.
യുവജനങ്ങളുടെ സംഘടിക്കല്‍ ആഭ്യന്തര കലാപത്തിനും രാഷ്ട്രീയ മാറ്റത്തിനും വരെ കാരണമാകുന്നു. രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികളെ തകര്‍ക്കാനുള്ള അവരുടെ കഴിവ് നിഷേധിക്കാനാവാത്തതാണ്. അക്രമാസക്തമായ തെരുവ് പ്രതിഷേധങ്ങളിലൂടെ സര്‍ക്കാരുകളെ താഴെയിറക്കുന്ന 'ആള്‍ക്കൂട്ട മാനസികാവസ്ഥ' ജനാധിപത്യ പ്രതിരോധശേഷിയ്ക്ക് വെല്ലുവിളിയാണ്. പ്രതിഷേധം ഒരു ജനാധിപത്യ അവകാശമാണെങ്കിലും പൊതു സ്വത്ത് നശിപ്പിക്കുന്നതും അക്രമത്തിലേക്ക് നീങ്ങുന്നതും മറ്റുള്ളവരുടെ സ്വാതന്ത്ര്യങ്ങളെ ദുര്‍ബലപ്പെടുത്തുന്നതും അടക്കമുള്ള പൗരന്മാരുടെ അനുസരണക്കേട് ജനാധിപത്യത്തിന് വെല്ലുവിളിയാണ്.
നേപ്പാളിന്റെ ജനാധിപത്യ ഭാവി
നേപ്പാളിലെ യുവാക്കള്‍ നയിക്കുന്ന പ്രതിഷേധങ്ങള്‍, ദക്ഷിണേഷ്യയിലുടനീളമുള്ള ജനാധിപത്യ ഭാവിയിലേക്ക് വിരല്‍ ചൂണ്ടുന്നു. സാമ്പത്തിക ബുദ്ധിമുട്ട്, വരേണ്യവര്‍ഗത്തിന് സര്‍ക്കാരിന് മേലുള്ള ആധിപത്യം, സമ്പദ് വ്യവസ്ഥയിലെ തകര്‍ച്ച എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഉയര്‍ന്നുവരുന്നു.
യുവജനങ്ങളുടെ ഈ തരംഗത്തെ രാഷ്ട്രീയ ഇടപെടലിലേക്ക് തിരിച്ചുവിടാന്‍ കഴിയുമോ എന്നതാണ് ഇനി കാണേണ്ടത്. നേപ്പാള്‍ പോലുള്ള രാജ്യങ്ങള്‍ക്ക്, ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ നിലവിലെ പ്രതിഷേധങ്ങള്‍ ഇടയാക്കും. ഈ പ്രതിസന്ധിയിലെ യഥാര്‍ഥ ഇര ജനാധിപത്യമാണെന്നതാണ് തിരിച്ചറിയേണ്ടത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1