കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പു കഴിഞ്ഞ് വോട്ടെണ്ണി തുടങ്ങുകയാണ്. ഒടുവിൽ പ്രഖ്യാപനം വന്നു. വയലാർ രവിക്ക് 129 വോട്ട്. എ.കെ. ആന്റണിക്കാകട്ടെ 111 വോട്ടും. കേവലം 18 വോട്ടിന്റെ വ്യത്യാസം. വിജയശ്രീ ലാളിതനായ വയലാർ രവിയെ നേതാക്കൾ കെട്ടിപ്പിടിച്ച് അഭിനന്ദനങ്ങൾ ചൊരിയുന്നു.
തിരുവനന്തപുരത്തുള്ള നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിലാണ് കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ജനുവരി 31ന് രാവിലെ 10:45ന് കരുണാകരൻ ഹാളിൽ എത്തി. ഒപ്പം വയലാർ ഉണ്ട്. 10 മിനിറ്റ് കഴിഞ്ഞ് എ.കെ. ആന്റണിയും എത്തിച്ചേർന്നു. ഏറ്റവും മുന്നിൽ തന്നെ കരുണാകരൻ ഇരിക്കുന്നു. എന്നാൽ ആ ഭാഗത്തേക്ക് ആന്റണി തിരിഞ്ഞു നോക്കിയതേയില്ല. അന്ന് കേന്ദ്ര മന്ത്രിയായിരുന്നു എസ്. കൃഷ്ണകുമാർ. അദ്ദേഹം ആന്റണിയുടെ അടുത്തേക്ക് ചെല്ലുന്നു. ഉമ്മൻചാണ്ടി ആകട്ടെ അവിടെ നിന്ന് അല്പം മാറി രണ്ടാം നിരയിൽ വന്നിരിക്കുകയാണ്.
കരുണാകരന്റെ അടുത്ത് വന്നിരിക്കാൻ കൃഷ്ണകുമാർ ആന്റണിയെ പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് ഉമ്മൻചാണ്ടിക്ക് തോന്നിയത്. ആന്റണി അനുകൂല ഭാവത്തിൽ ആയിരുന്നില്ല. കൃഷ്ണകുമാർ ആന്റണിയുടെ തൊട്ടടുത്ത് തന്നെ ഇരുന്നു. നിമിഷങ്ങൾക്കകം കരുണാകരൻ എഴുന്നേറ്റ് ആന്റണിയുടെ അടുത്തേക്ക് വന്നു. അപ്പോൾ കൃഷ്ണകുമാർ കസേരയിൽ നിന്നും മാറി. കരുണാകരൻ ഇരുന്നു. കരുണാകരൻ എന്തോ സംസാരിക്കുന്നുണ്ടായിരുന്നു.
ആന്റണി ഒന്നും മിണ്ടുന്നില്ല. ഒടുവിൽ ആന്റണി ശബ്ദം താഴ്ത്തി പറഞ്ഞത് ഇങ്ങനെ. ഇനിയും ഇങ്ങനെ നാടകം കളിക്കാൻ ഞാനില്ല എനിക്കിനി വയ്യ. കരുണാകരൻ രണ്ടുംകൽപ്പിച്ച ആയിരുന്നു അന്ന് വന്നത്. ആന്റണിക്കെതിരെ വയലാർ രവിയെ മത്സരിപ്പിക്കാൻ ഉറച്ചുതന്നെയാണ് കരുണാകരനും സഹപ്രവർത്തകരും എത്തിയത്. ജി. കാർത്തികേയന്റെ പേരും അവിടവിടെ പറഞ്ഞു കേട്ടിരുന്നു.
എല്ലാവരും ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ്. പുറത്ത് വൻ ജനാവാലി. പത്രപ്രവർത്തകരുടെയും ക്യാമറാമാൻമാരുടെയും വൻ നിര തന്നെയുണ്ട്. പ്രഭാറാവു വേദിയിലേക്ക് എത്തുന്നു. പിന്നെ താമസിച്ചില്ല തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു. എ.കെ. ആന്റണിയുടെ പേര് കാസർകോട് ഡി.സി.സി പ്രസിഡന്റ് ഐ. രാമറെ നിർദ്ദേശിച്ചു. ആരൊക്കെയോ അദ്ദേഹത്തെ പിന്താങ്ങി. ഉടൻ ജി. കാർത്തികേയൻ വയലാർ രവിയുടെ പേര് പറഞ്ഞു. ജോസ് കുറ്റിയായിനി അതിന് പിന്താങ്ങി.
മറ്റു പേരുകൾ ഉണ്ടോ..? ഇല്ലെങ്കിൽ ആർക്കെങ്കിലും പിന്മാറാനുള്ള അവസരമാണിത്. അതിന് രണ്ടു മിനിറ്റ് അനുവദിച്ചു. അപ്പോൾ സമയം 11.30. തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് സമയം 12.30ന് നിശ്ചയിച്ചു. അതിനുശേഷം ഹാളിൽ ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി. തുടർന്ന് മുൻ കെ.പി.സി.സി അധ്യക്ഷന്മാർ, കെ. കരുണാകരൻ, എ.കെ. ആന്റണി നിയമസഭാ കക്ഷിയിൽ നിന്നുള്ള കെ.പി.സി.സി അംഗങ്ങൾ ഡി.സി.സി പ്രസിഡന്റുമാർ കെ.പി.സി.സി അംഗങ്ങൾ എന്ന മുറയ്ക്ക് വോട്ടവകാശമുള്ളവരെ അകത്തു പ്രവേശിപ്പിച്ചു. മൊത്തം 243 വോട്ടർമാരാണ് ഉണ്ടായിരുന്നത്.
മുൻ പ്രസിഡന്റുമാരായ കെ.കെ. വിശ്വനാഥൻ വക്കീലും എ.എൽ. ജേക്കബ് എന്നിവർ ഒഴികെ ബാക്കിയെല്ലാവരും ഹാജർ ഉണ്ട്. ഏറെ ഉദ്യോഗജനകമായ നിമിഷം. ആദ്യം വോട്ട് ചെയ്ത് കരുണാകരനായിരുന്നു. ഉമ്മൻചാണ്ടിയുടെ ചങ്കിടിക്കുന്നത് പോലെ തോന്നി. കടുത്ത മത്സരം. പിന്നെ ആന്റണിയെ വിളിച്ചു. ആന്റണി ആകട്ടെ വോട്ട് ചെയ്യുന്നില്ലെന്ന് അറിയിക്കുകയും ചെയ്തു. നേരത്തെ തന്നെ ഉമ്മൻചാണ്ടി തിരുവഞ്ചൂർ രാധാകൃഷ്ണനോട് പറഞ്ഞിരുന്നു ആന്റണിയുടെ പോളിംഗ് ഏജന്റ് ആയിരിക്കണം എന്ന്. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആന്റണിയുടെ പ്രതിനിധിയായി എത്തി. എം.ഐ. ഷാനവാസ് ആയിരുന്നു വയലാർ രവിയുടെ പോളിംഗ് ഏജന്റ്. തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ് അപ്പോൾ എല്ലാം വികാര വിഷുബ്ദ്ധമായിരുന്നു ഉമ്മൻചാണ്ടിയുടെ മനസ്സ്.ഇക്കണ്ട കാലമത്രയും സഹോദരന്മാരെ പോലെ ജീവിച്ച രണ്ടുപേരാണ് കോഴിപ്പോരിന് തയ്യാറായി നിൽക്കുന്നതുപോലെ മത്സരരംഗത്തിറങ്ങിയിരിക്കുന്നത്.
കെ.എസ്.യു കാലം മുതലുള്ള ഒട്ടേറെ ഹൃദ്യമായ ചിത്രങ്ങൾ ഉമ്മൻചാണ്ടിയുടെ മനസ്സിന്റെ തിരശീലയിലൂടെ കടന്നുപോയി. കഷ്ടപ്പാടിന്റെയും വിശപ്പിന്റെയും പോരാട്ടത്തിന്റെയും നാളുകൾ. ഒരേ കുടുംബം പോലെ കഴിഞ്ഞിരുന്ന കാലം. കേരളത്തിൽ ഒൻപത് അംഗങ്ങളായി ചുരുങ്ങിയ കോൺഗ്രസിനെ വീണ്ടും അധികാരത്തിൽ കൊണ്ടുവരുന്നത് വയലാർ രവിയുടെയും ആന്റണിയുടേയും തന്റേയും നേതൃത്വത്തിൽ യൂത്ത് കോൺഗ്രസും വഹിച്ച പങ്ക്. സംഘടനയ്ക്ക് യുവരക്തം പകർന്നു നൽകുന്നതിൽ ഇരുവരുടെയും കഠിനശ്രമം. ഒട്ടനവധി സമരങ്ങൾ പാർട്ടിക്കുള്ളിൽ ജനാധിപത്യത്തിനും തുല്യതയ്ക്കും വേണ്ടി വയലാർ രവി നടത്തിയിട്ടുള്ള പോരാട്ടങ്ങൾ..! ഗർജ്ജനങ്ങൻ..! ചെറുപ്പക്കാർ അദ്ദേഹത്തെ വയലാർ സിംഹം എന്ന് പോലും വിളിച്ചിരുന്നു. പ്രതിച്ഛായ ചർച്ചയുടെ പേരിൽ മന്ത്രിസഭയിൽ നിന്ന് വയലാർ രവി പുറത്തേക്ക് പോകുന്നത് ഏറെ ദുഃഖത്തോടെയാണ് ഉമ്മൻചാണ്ടിയും കൂട്ടരും കണ്ടുനിന്നത്. അതേത്തുടർന്ന് ഉമ്മൻചാണ്ടി യു.ഡി.എഫ് സ്ഥാനം രാജിവെക്കുകയും ചെയ്തു. കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞു.
വോട്ടെണ്ണി തുടങ്ങുകയാണ്. അല്പം അകലെ മാറി ഉമ്മൻചാണ്ടിയിരുന്നു. ആരെയും ശ്രദ്ധിക്കാതെയുള്ള അലസമായ ഇരിപ്പ്. ഒടുവിൽ പ്രഖ്യാപനം വന്നു വയലാർ രവിക്ക് 129 വോട്ട്. എ.കെ. ആന്റണിക്കാകട്ടെ 111 വോട്ടും. കേവലം 18 വോട്ടിന്റെ വ്യത്യാസം. വിജയശ്രീ ലാളിതനായ വയലാർ രവിയെ നേതാക്കൾ കെട്ടിപ്പിടിച്ച് അഭിനന്ദനങ്ങൾ ചൊരിയുന്നു. അത് കണ്ടുകൊണ്ടിരുന്ന ഉമ്മൻചാണ്ടിയുടെ മനസ്സ് ശൂന്യമായിരുന്നു. അങ്ങിനെ വയലാർ രവിയെ മുന്നിൽ നിർത്തി എ.കെ. ആന്റണിയെ തോൽപ്പിച്ചിരിക്കുന്നു.
പുറത്ത് രണ്ടുപേർക്കും വേണ്ടി തൊണ്ട പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ആന്റണിയുടെ ആരാധകരിൽ പലരും പൊട്ടിക്കരയുന്നു. സങ്കടം അടക്കാൻ ആകാതെ പലരും വിതുമ്പി വിങ്ങി നിന്നു. അതിനുശേഷം വൈസ് പ്രസിഡന്റ്, ട്രഷറർ, നിർവാഹക സമിതി അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നു. തോറ്റവരെ കൂടെ ഉൾപ്പെടുത്തി സമവായത്തിന് ആരും മുതിർന്നില്ല. അങ്ങനെ പ്രതീക്ഷിച്ചിട്ട് കാര്യമില്ല ഉമ്മൻചാണ്ടി സ്വയം ആശ്വസിച്ചു.
വൈസ് പ്രസിഡന്റായി വി.എം. സുധീരനെയും ട്രഷററായി ആര്യാടൻ മുഹമ്മദിനെയും മത്സരിപ്പിക്കാൻ ആദ്യം ആലോചിച്ചെങ്കിലും പിന്നീട് അത് വേണ്ടെന്നുവച്ചു. എക്‌സിക്യൂട്ടീവിലേക്കും പാനിൽ വെച്ചില്ല. ആന്റണി തോറ്റിടത്ത് പാനൽ ജയിക്കാൻ സാധ്യതയില്ലല്ലോ..? വൈസ് പ്രസിഡന്റായി ജി. കാർത്തികേയൻ, ട്രഷററായി കെ.വി. തോമസിനെയും എതിരില്ലാതെ തെരഞ്ഞെടുക്കുക കൂടി ചെയ്തു.
അങ്ങനെ 18 അംഗ എക്‌സിക്യൂട്ടീവ് പാനലിനും എതിരുണ്ടായില്ല. ചുരുക്കിപ്പറഞ്ഞാൽ കെ.പി.സി.സി ഒരു വിഭാഗത്തിന്റെ മാത്രം നിയന്ത്രണത്തിൽ ആയി മാറിയിരിക്കുന്നു. തുടർന്ന് നടന്നത് അനുമോദന പ്രസംഗങ്ങൾ ആയിരുന്നു. അത് തികച്ചും ഭംഗി വാക്കുകൾ കൊണ്ട് കോർത്തിണക്കിയതു പോലെ ഉമ്മൻ ചാണ്ടിക്ക് തോന്നി.
ആരും തോറ്റിട്ടില്ല ജയിച്ചിട്ടുമില്ല എന്ന് മറുപടി പ്രസംഗത്തിൽ വയലാർരവി പറഞ്ഞത് ഉമ്മൻചാണ്ടിയുടെ കാതുകളിൽ മുഴങ്ങിക്കേട്ടു. തുടർന്ന് കെ. കരുണാകരൻ കേരളത്തിന്റെ അഭിമാന താരം ആണെന്നും അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കെ.പി.സി.സി പിന്തുണ നൽകുമെന്നും വയലാർ രവി പറയുകയുണ്ടായി. തിരഞ്ഞെടുപ്പ് കാലത്തെ കാര്യങ്ങൾ മറക്കുകയും പൊറുക്കുകയും വേണമെന്ന് കരുണാകരണം പറയുന്നുണ്ടായിരുന്നു. ഏത് എതിരാളിയോടും പൊറുക്കാനും ക്ഷമിക്കാനും സഹിക്കാനും ഉമ്മൻചാണ്ടി എന്നും തയ്യാറായിരുന്നു. എന്നാൽ ആന്റണി അത്രയ്ക്കങ്ങ് വഴങ്ങി കൊടുക്കുന്ന സ്വഭാവക്കാരൻ ആയിരുന്നില്ല.
എന്നിട്ടും ആന്റണി പറഞ്ഞു ഇനി കേരളത്തിലെ അവസാന വാക്ക് വയലാർ രവിയുടേതാണെന്ന്. മന്ത്രിമാർക്ക് പെരുമാറ്റച്ചട്ടം വേണമെന്ന് ആന്റണിയുടെ പഴയ ആവശ്യം വീണ്ടും പുറത്തെടുത്തു. സി.പിഎം ഭരണത്തിൽ നിന്ന് കേരളത്തെ തിരിച്ചുപിടിക്കുക എന്ന ദൗത്യവുമായാണ് രാജീവ് ഗാന്ധി എന്നെ കേരളത്തിലേക്ക് അയച്ചത്. ആ ചുമതല പൂർത്തീകരിക്കാൻ കഴിഞ്ഞു. കരുണാകരനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ സാധിച്ചു. സർക്കാരിന്റെ പ്രവർത്തനം കുറേക്കൂടി മികച്ചതായേ പറ്റൂ. അത് ചൂണ്ടിക്കാണിച്ചപ്പോൾ ഇന്ദിരാഭവനിൽ ഇരുന്ന് സർക്കാരിനെ നിയന്ത്രിക്കാൻ ശ്രമമെന്ന് ആരോപണം ഉണ്ടായെന്നു ആന്റണി ഖേദത്തോടെ പറഞ്ഞു.
സ്ഥാനം ഏറ്റെടുക്കാൻ വയലാർ രവിയും മറ്റും ഇന്ദിരാഭവനിലേക്ക് പോയി. എ.കെ. ആന്റണി പാർട്ടി ആസ്ഥാനത്ത് എത്തുമ്പോൾ കരുണാകരനും വയലാർ രവിയും താഴത്തെ നിലയിലെ ജി. കാർത്തികേയന്റെ മുറിയിൽ കാത്തിരിക്കുകയാണ്. ആന്റണി നേരെ ഒന്നാം നിലയിലെ തന്റെ മുറിയിൽ ചെന്നു ഒരു കട്ടൻ ചായ വാങ്ങി കുടിച്ചു. പിന്നെ താഴെ എത്തി വയലാർ രവിയെ കൂട്ടിക്കൊണ്ടു മുകളിലേക്ക് പോയി പ്രസിഡന്റ് കസേരയിൽ ഇരുത്തി. സ്ഥാനമേറ്റതായി എഴുതി രജിസ്റ്ററിൽ ഒപ്പുവച്ചു.
പിന്നെ വൈകാതെ ആന്റണി സാവകാശം കെ.പി.സി.സി പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ കെസി വി1001 എന്ന വെള്ള അംബാസിഡർ കാറിന്റെ താക്കോൽ ആന്റണി വയലാർ രവിയെ ഏൽപ്പിച്ചിട്ടാണ് പോയത്. യൂത്ത് കോൺഗ്രസ് നേതാക്കളായ എബി കുര്യാക്കോസും ജോൺസൺ എബ്രഹാമും കൂടെയുണ്ട്. അവർ ഒരു ടാക്‌സി വിളിച്ചുകൊണ്ടുവന്നു. അതിൽ കയറി ആന്റണിയും കൂട്ടരും. എങ്ങോട്ടാണ് വണ്ടി വിടേണ്ടതെന്ന് ജോൺസൺ ചോദിച്ചു. ആന്റണി അല്പനേരം ആലോചിച്ചിരുന്നു. എങ്ങോട്ട് പോകണം എന്ന് അപ്പോൾ ഒരു ഊഹവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. തൽക്കാലം നമുക്ക് തലേക്കുൽ ബഷീറിന്റെ വീട്ടിലേക്ക് പോകാം. അതോടെ കാർ ബഷീറിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി.
പിന്നെ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായി റോസമ്മ ചാക്കോ, കെ.കെ. ബാലകൃഷ്ണൻ, കെ. മുരളീധരൻ, എം.ഐ. ഷാനവാസ്, കെ. സുജനപാൽ എന്നിവരെ വയലാർ രവി നോമിനേറ്റ് ചെയ്തു. കെ.പി.സി.സിയുടെ തലപ്പത്തെത്തിയ വയലാർ രവി പിറ്റേന്ന് ഞായറാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം നടത്തി. പത്രക്കാർ പല ചോദ്യങ്ങളും ചോദിച്ചു. അതിന് രസകരമായി മറുപടിയും പറഞ്ഞു വയലാർ രവി. എന്നാൽ കെ.പി.സി.സി പ്രസിഡന്റായ വയലാർ രവി ഒരു തിരുത്തൽ ശക്തിയെ അല്ലാതായി മാറിയോ? എന്നൊരു ചോദ്യം മുതിർന്ന ഒരു പത്ര ലേഖകൻ ചോദിച്ചു. അല്പം ഒന്ന് ആലോചിച്ച ശേഷം രവി പറഞ്ഞു : ഞങ്ങൾ യൂത്ത് കോൺഗ്രസ് തുടങ്ങിയ കാലത്തെ കോൺഗ്രസ് അല്ലല്ലോ ഇപ്പോഴുള്ളത്. ഇത് കേട്ട് എല്ലാവരും ഉറക്കെ ചിരിച്ചു.
(തുടരും)
ജോഷിജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1