ഇന്ദിരാപക്ഷക്കാരനായ സേവ്യാർ അറക്കലിനോട് ഹെൻട്രി ഓസ്റ്റിൻ ദയനീയമായി പരാജയപ്പെട്ടു. 1980ലെ ഏറ്റവും ശ്രദ്ധേയമായ സംഗതി ഇന്ദിരാഗാന്ധി തിരിച്ചുവന്നു എന്നുള്ളതാണ്. ഇന്ദിരയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്നതായിരുന്നു കോൺഗ്രസ് ഐയുടെ മുദ്രാവാക്യം. രാജ്യം അത് കേട്ടു. അംഗീകരിച്ചു അവർക്ക് 381 സീറ്റ് കിട്ടി.
ഉമ്മൻചാണ്ടിക്ക് ഇടതുപക്ഷ കമ്മ്യൂണിസ്റ്റു പാർട്ടിയുമായുള്ള അടുപ്പത്തിലാകുന്നതിനോട് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. അതുതന്നെയായിരുന്നു വയലാർ രവിയുടെയും നിലപാട്. അടുത്ത കെ.പി.സി.സി.യുടെ യോഗത്തിൽ അത് വെട്ടി തുറന്നു പറയുകയും ചെയ്തു. കാലാകാലങ്ങളായി കോൺഗ്രസിന് ഒപ്പം നിൽക്കുന്ന പ്രവർത്തകരെയും അനുഭാവികളെയും അത് വലിയ മനോവേദനയ്ക്ക് കാരണമാകും എന്നായിരുന്നു രവിയുടെ അഭിപ്രായം.
ഇതിനിടെ കെ.എം. മാണി തന്റെ കേരള കോൺഗ്രസിന് ഗ്രൂപ്പിനെ ഇടതുപക്ഷത്ത് എത്തിച്ചിരുന്നു. ആന്റണിയും കൂട്ടരും ഒരു കാരണവശാലും ഇന്ദിരാഗാന്ധിയുടെ കോൺഗ്രസുമായി ഒത്തുപോകില്ല എന്ന ഒരു അവസ്ഥയിൽ എത്തി. അതോടെ മുഹമ്മദ് കോയയുടെ മന്ത്രിസഭ വീഴുമെന്ന് ഉറപ്പായി. എന്തായാലും തൊട്ടടുത്ത ദിവസം സി.എച്ച്. മുഹമ്മദ് കോയയും കെ. കരുണാകരനും രാജ്യസഭയിലെത്തി മന്ത്രിസഭയുടെ രാജി നൽകി. നിയമസഭ പിരിച്ചുവിടാൻ ശുപാർശ ചെയ്യുകയും ചെയ്തു. ഇടതുമുന്നണി ആകട്ടെ ഇതിനിടെ കെ.എം. മാണിയെ അവരുടെ സംയുക്ത പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു.
അദ്ദേഹത്തെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യവുമായി ഗവർണറെ ചെന്ന് കണ്ടെങ്കിലും അതിനു മുൻപേ നിയമസഭ ഇല്ലാതായി കഴിഞ്ഞിരുന്നു. സി.എച്ച്. സർക്കാരിന്റെ വീഴ്ചയുടെ പേരിൽ ആന്റണിയും ഉമ്മൻചാണ്ടിയും ഏറെ പഴി കേട്ടു.
1980 ജനുവരി ആദ്യം ലോകസഭ തിരഞ്ഞെടുപ്പാണ്. അതോടൊപ്പം തന്നെ അസംബ്ലി തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനവും എത്തി. കേരളത്തിൽ രാഷ്ട്രീയ ചേരികളിലും നിർണായകമായ മാറ്റങ്ങൾ വന്നു.
ഉമ്മൻചാണ്ടി ഉൾപ്പെടുന്ന കോൺഗ്രസ് യു ഇടതുപക്ഷത്തിന്റെ ഭാഗമായി മാറി. ഇന്ത്യയിൽ കടുത്ത ശത്രുക്കളായിരുന്ന ജനതാ പാർട്ടിയും ഇന്ദിരാഗാന്ധിയുടെ കോൺഗ്രസും തമ്മിൽ വളരെ അടുത്തു. കേരളത്തിൽ കരുണാകരന്റെ കോൺഗ്രസ് മുന്നണി ജനതപാർട്ടിയുമായി സഖ്യത്തിലായി. ജനത പാർട്ടിക്ക് മൂന്ന് ലോകസഭാ സീറ്റും, 25 നിയമസഭാ സീറ്റും നൽകി. കാസർഗോഡ് ലോകസഭ മണ്ഡലത്തിൽ രാജഗോപാലും പെരിങ്ങളം നിയമസഭാ മണ്ഡലത്തിൽ കെ.ജി. മാരാരും സ്ഥാനാർത്ഥികളായി ഇരുവരും ആർ.എസ്.എസ് നേതാക്കളായിരുന്നു വെന്നത് വേറെ കാര്യം.
ആന്റണി ഗ്രൂപ്പിന് ഇടതുപക്ഷ മുന്നണി ആറ് ലോകസഭാ സീറ്റാണ് കൊടുത്തത്. അതിൽ മൂന്നിടുത്ത് ജയിച്ചു കണ്ണൂരിൽ കെ. കുഞ്ഞമ്പു, വടകരയിൽ കെ.പി. ഉണ്ണികൃഷ്ണൻ, മാവേലിക്കരയിൽ പ്രൊഫസർ പി.ജെ. കുര്യൻ. എന്നാൽ ചിറയിൻകീഴിൽ സ്ഥാനാർത്ഥിയായിരുന്ന വയലാർ രവി ഭംഗിയായി തോറ്റു.അത് ആന്റണിക്കും ഉമ്മൻചാണ്ടിക്കും വലിയൊരു ഞെട്ടലായി. ആന്റണി ഗ്രൂപ്പിൽ നിന്നുകൊണ്ട് സി.പി.എമ്മിനെ ഏറ്റവും കൂടുതൽ വിമർശിച്ചത് രവിയായിരുന്നു. നിശ്ചയമായും രവി ജയിക്കുമെന്ന് കരുതിയിരുന്നതാണ് എന്നാൽ ആ പരാജയം സി.പി.എമ്മിനോടുള്ള അതൃപ്തിക്ക് കാരണം കൂടിയായി. ഇതിനേക്കാൾ വലിയ തോൽവിയാണ് എറണാകുളത്ത് സംഭവിച്ചത്.
കോൺഗ്രസ് ഐക്കാരനായ സേവ്യാർ അറക്കലിനോട് ഹെൻട്രി ഓസ്റ്റിൻ ദയനീയമായി പരാജയപ്പെട്ടു. 1980ലെ ഏറ്റവും ശ്രദ്ധേയമായ സംഗതി ഇന്ദിരാഗാന്ധി തിരിച്ചുവന്നു എന്നുള്ളതാണ്. ഇന്ദിരയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്നതായിരുന്നു കോൺഗ്രസ് ഐയുടെ മുദ്രാവാക്യം. രാജ്യം അത് കേട്ടു. അംഗീകരിച്ചു അവർക്ക് 381 സീറ്റ് കിട്ടി. അമേഠിയിൽ നിന്ന് സഞ്ജയ് ഗാന്ധിയും ജയിച്ചു. ലോക്‌സഭ കഴിഞ്ഞ് 18 ദിവസം മാത്രമാണ് നിയമസഭയിലേക്കുള്ള മത്സരത്തിന് കിട്ടിയത്. പുതുപ്പള്ളിയിൽ വീണ്ടും മത്സരിക്കാൻ ഉമ്മൻചാണ്ടിക്ക് മടിയായിരുന്നു. എം.ആർ.ജി. പണിക്കർ എന്ന എൻ.ഡി.പി കാരനാണ് ഉമ്മൻചാണ്ടിയുടെ എതിരാളി.
മത്സരം ചൂടുപിടിച്ചു 13,65 വോട്ടിന് ഉമ്മൻചാണ്ടി ജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ കുറവായിരുന്നു ഉമ്മൻചാണ്ടിക്ക് ലഭിച്ച വോട്ട്. ഇടതുപക്ഷം ആയി കോൺഗ്രസ് യോചിച്ചതിലുള്ള അമർഷം പല കോൺഗ്രസുകാരിലും ഉണ്ടായി. അതാണ് ആ വോട്ട് വ്യത്യാസത്തിന് കാരണം. എന്നാലും കോൺഗ്രസ് യു ഉൾപ്പെട്ട ഇടതുപക്ഷ മുന്നണിക്ക് അധികാരം ലഭിച്ചു. മന്ത്രിമാരുടെ വകുപ്പ് വിഭജന ചർച്ചകൾ ഒന്നിലും എ.കെ. ആന്റണി പങ്കെടുത്തില്ല. ആ ചുമത ഉമ്മൻചാണ്ടിയെ ഏൽപ്പിക്കുകയായിരുന്നു. ചർച്ചകൾ പലവട്ടം നടത്തി ഒടുവിൽ എക്‌സൈസ്, വനം, വാണിജ്യ നികുതി, തൊഴിൽ എന്നിങ്ങനെ നാലു വകുപ്പുകൾ ഉമ്മൻചാണ്ടി ചർച്ചകളിലൂടെ നേടിയെടുത്തു.
പിന്നീട് ഒഴിവുവന്ന രാജ്യസഭാ സീറ്റ് രണ്ടു വീതം വലതു കമ്മ്യൂണിസ്റ്റും ഇടത് കമ്മ്യൂണിസ്റ്റും എടുക്കാൻ തീരുമാനിച്ചുറപ്പിച്ചു കൊണ്ടാണ് ചർച്ചാ യോഗത്തിലേക്ക് വന്നതുതന്നെ..! എന്നാൽ ഇതിനെ നഖശികാന്തം എതിർത്തു ഉമ്മൻചാണ്ടി. തർക്കങ്ങൾക്കൊടുവിൽ ഒരു സീറ്റ് ഉമ്മൻചാണ്ടി നേടിയെടുത്തു. ആ സീറ്റിൽ നിന്നാണ് ഹരിദാസ് രാജ്യസഭയിൽ എത്തിയത്. പിന്നീട് വന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലൂടെ ആര്യാടൻ മുഹമ്മദ് വൻഭൂരിപക്ഷത്തിൽ ജയിച്ച് അസംബ്ലിയിൽ എത്തി.
അക്കാലത്ത് ആന്റണി എറണാകുളത്ത് ഏതാണ്ട് സ്ഥിരതാമസം പോലെ ആക്കി. മാസ് ഹോട്ടലാണ് അതിനായി തിരഞ്ഞെടുത്തത്.
അന്ന് സി.പി.എമ്മിന്റെ നിയന്ത്രണം അച്യുതാനന്ദന്റെ കൈകളിൽ ആയിരുന്നു. ഇ.എം.എസ് ദേശീയ ജനറൽ സെക്രട്ടറിയും. കോർപ്പറേഷനുകളിലും ബോർഡുകളിലും ചെയർമാൻ സ്ഥാനത്തിനു വേണ്ടി നിരന്തരം പോരാടേണ്ടിവന്നു ഉമ്മൻചാണ്ടിക്ക്. ഖാദി ബോർഡ് കോൺഗ്രസ്സുകാർക്ക് വൈകാരികമായി അടുപ്പമുള്ള സ്ഥാപനമാണെന്നും അതിനാൽ അതിന്റെ ചെയർമാൻ സ്ഥാനത്ത് കോൺഗ്രസ് ഉണ്ടാകണം എന്ന ശക്തമായ അഭിപ്രായമാണ് ഉമ്മൻചാണ്ടി പ്രകടിപ്പിച്ചത്. വി.എസ് അതെല്ലാം കേട്ടിരുന്നു. പിന്നെ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ശക്തമായ പൊട്ടിത്തെറിച്ചു കൊണ്ട് വി.എസ് പറഞ്ഞു ഇക്കണ്ട കാലമത്രയും ഇതുകൊണ്ടു നടന്നിട്ടും ഇനിയും മതിയായില്ലേ ഇവർക്ക്.
തെല്ലും പ്രതിപക്ഷ ബഹുമാനം ഇല്ലാതെ ശകാരിക്കുന്ന മട്ടിൽ ആയിരുന്നു വിഎസിന്റെ ശബ്ദം. അക്ഷരാർത്ഥത്തിൽ ഉമ്മൻചാണ്ടി ഞെട്ടിപ്പോയി. ഏതാണ്ട് സമനില നഷ്ടപ്പെടുമെന്ന അവസ്ഥയിൽ എത്തി. പിന്നെ ഒരു നിമിഷം പോലും അവിടെ ഉമ്മൻചാണ്ടി നിന്നില്ല. അതിവേഗം ഉമ്മൻചാണ്ടി അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയി. തൊട്ടു പിന്നാലെ ഒത്തുതീർപ്പ് ചർച്ചയുമായി കുഞ്ഞിക്കണ്ണൻ എത്തി. എന്നാൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും ചർച്ചയ്ക്കും തയ്യാറായില്ല ഉമ്മൻചാണ്ടി. എന്നാൽ പിറ്റേന്ന് കുഞ്ഞിക്കണ്ണൻ നിങ്ങൾക്ക് ആവശ്യമുള്ള കോർപ്പറേഷനുകളും ബോർഡുകളും നൽകാൻ പാർട്ടി തീരുമാനിച്ചിരിക്കുന്നു ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം അടക്കം ജി.സി.ഡി.എയും ആന്റണി പക്ഷത്തിന് കിട്ടി.
പോൾ പി. മാണി ജി.സി.ഡി.എയുടെ ചെയർമാനായി. 1980 ജൂൺ 23. അന്നായിരുന്നു സജ്ജയ് ഗാന്ധിയുടെ മരണത്തിന് കാരണമായ വിമാനാപകടം നടക്കുന്നത്. 24ന് രാവിലെ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും പത്രങ്ങൾ ആ ദുരന്തവാർത്ത ഒന്നാം പേജിൽ തന്നെ എത്തിച്ചിരുന്നു. ആ വാർത്ത കരുണാകരനുമാത്രമല്ല, ആന്റണിയും ഉമ്മൻചാണ്ടിയുമുൾപ്പെടെയുള്ള എല്ലാ കോൺഗ്രസ്സുകാർക്കും ഷോക്ക് തന്നെയായിരുന്നു. ഇന്ദിരാ ഗാന്ധി ഭരണത്തിൽ തിരിച്ചെത്തിയിട്ട് മാസങ്ങൾ തികയുന്നതേയുള്ളൂ. അടിയന്തരാവസ്ഥകാലത്തെ വൃത്തികൾ ജനങ്ങളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ അവർ സിംഹപ്രതാപിയായ ഇന്ദിരാഗാന്ധി എന്ന പ്രധാനമന്ത്രിയെ വലിച്ച് താഴെയിട്ടുകളഞ്ഞു.
അന്ന് ഇന്ദിരാ വിരോധം കൈമുതലാക്കി ഭരണം പിടിച്ചെടുത്ത ജനതാ പാർട്ടി, ഒരു രാജ്യം ഭരിക്കുന്ന കാര്യത്തിൽ അമ്പേ പരാജയപ്പെട്ടു എന്ന് ജനങ്ങൾ തിരിച്ചറിയാൻ മാസങ്ങൾ മാത്രമേ എടുത്തുള്ളൂ. 1980 ൽ വീണ്ടും തെരഞ്ഞെടുപ്പുണ്ടായി. ഇന്ദിര വൻഭൂരിപക്ഷത്തോടെ ഭരണത്തിൽ തിരിച്ചു വരികയും ചെയ്തു. അമ്മയെ പൂർവാധികം ശക്തിയോടെ അധികാരത്തിൽ തിരിച്ചെത്തിച്ചതിന്റെ ക്രെഡിറ്റ് മുഴുവനും മകൻ സഞ്ജയ് ഗാന്ധിക്കുള്ളതായിരുന്നു. കോൺഗ്രസ് എന്ന പാർട്ടി അന്ന് നടത്തിയിരുന്നത് സഞ്ജയ് ആയിരുന്നുവെന്നു ചുരുക്കം. കാര്യമായ പടലപ്പിണക്കങ്ങൾ ഒന്നും കൂടാതെ തന്നെ യുവരക്തത്തിന് മുൻതൂക്കം നൽകി ലോക്‌സഭാ സീറ്റിലേക്കുള്ള ടിക്കറ്റുകൾ വീതിച്ചു നൽകിയതും കോൺഗ്രസിനെ വിജയത്തിലേക്കു നയിച്ചതുമൊക്കെ അദ്ദേഹം ഒറ്റയ്ക്കാണ്.
പാർലമെന്റ് കയ്യടക്കുക മാത്രമല്ല അന്ന് സഞ്ജയിന്റെ ഉപദേശപ്രകാരം കോൺഗ്രസ് ചെയ്തത്. കോൺഗ്രസ് ഇതരപാർട്ടികൾ അധികാരത്തിലിരുന്ന പല സംസ്ഥാനങ്ങളുടെയും ഗവൺമെന്റുകൾ ഇന്ദിര പിരിച്ചുവിട്ടത് സഞ്ജയിന്റെ നിർദേശം മാനിച്ചാണ്. അവിടങ്ങളിലൊക്കെ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചുകയറി. അങ്ങനെ രാജ്യത്ത് എട്ടു സംസ്ഥാനങ്ങളിൽ പാർട്ടി ഭരിക്കുന്ന അവസ്ഥയുണ്ടായി.
സഞ്ജയ് ഗാന്ധി തന്നെയാണ് ഇനി എ.ഐ.സി.സി പ്രസിഡന്റാവുക എന്നും 80ൽ ഇന്ദിരഗാന്ധി പ്രഖ്യാപിച്ചിരുന്നു.
അമേത്തിയിൽ നിന്നുള്ള എംപി ആയിരുന്നു സഞ്ജയ് അന്ന്. ആദ്യശ്രമത്തിൽ, അതായത് 1977ൽ അതേ സീറ്റിൽ നിന്ന് ജനത പാർട്ടിയുടെ വീരേന്ദ്ര സിങിനോട് 65,000 ത്തിലധികം വോട്ടുകൾക്ക് തോറ്റു തുന്നം പാടിയ സഞ്ജയ് മൂന്നുവർഷത്തിനുള്ളിൽ നടന്ന അടുത്ത തെരഞ്ഞെടുപ്പിൽ പോൾ ചെയ്യപ്പെട്ടതിന്റെ പാതിയിലധികം വോട്ടുകളും നേടി സിങിനോട് മധുരപ്രതികാരം ചെയ്യുകയുണ്ടായി.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1