ഇറാനിലെ ജനവിധിയില്‍ സന്തോഷിച്ച് അമേരിക്കയും യൂറോപ്പും

JULY 2, 2024, 10:05 PM

2021ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത നേതൃത്വത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഇബ്രാഹീം റെയ്സി ജയിച്ചെങ്കിലും അട്ടിമറി നടന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇറാനില്‍ രാഷ്ട്രീയ നേതൃത്വത്തിന് മുകളിലാണ് മതനേതൃത്വം. ആത്മീയ നേതാവ് ആയത്തൂല്ല അലി ഖാംനഇയാണ് അവസാന വാക്ക്. റെയ്സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതോടെ നടക്കുന്ന പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മതനേതാക്കള്‍ക്ക് അഗ്‌നി പരീക്ഷയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പോളിങില്‍ ഒരു സ്ഥാനാര്‍ഥിക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. ആറ് പേര്‍ക്ക് മല്‍സരിക്കാന്‍ ഗാര്‍ഡിയന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. ഇതില്‍ അഞ്ച് പേരും മതനേതൃത്വവുമായി ഒട്ടി നില്‍ക്കുന്നവരും ഒരാള്‍ പരിഷ്‌കരണവാദിയുമാണ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. മറ്റുള്ളവരെ പിന്തള്ളി കൂടുതല്‍ വോട്ട് ലഭിച്ചതാകട്ടെ പരിഷ്‌കരണവാദിയായ മസൂദ് പെസെഷ്‌കിയാനും.

ഇന്ത്യയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ നിന്ന് വ്യത്യസ്തമാണ് ഇറാനിലെ തിരഞ്ഞെടുപ്പ് രീതി. കൂടുതല്‍ വോട്ട് ലഭിച്ചാല്‍ മാത്രം ജയിക്കില്ല. രേഖപ്പെടുത്തിയ വോട്ടിന്റെ 50 ശതമാനത്തിലധികം നേടുകയും വേണം. കൂടുതല്‍ വോട്ട് കിട്ടിയ പെഷെസ്‌കിയാന് 50 ശതമാനത്തിലധികം പിന്തുണ ലഭിച്ചില്ല. 42.4 ശതമാനം വോട്ടാണ് കിട്ടയത്. രണ്ടാം സ്ഥാനത്തെത്തിയ സഈദ് ജലീലിക്ക് 38.6 ശതമാനം വോട്ടും.

മല്‍സര രംഗത്തുണ്ടായിരുന്ന ആറില്‍ അഞ്ച് പേരും മത നേതാക്കളുമായി ചേര്‍ന്നു പോകുന്നവരാണ്. വോട്ടെടുപ്പ് നടക്കുന്നതിന്റെ തൊട്ടുമുമ്പ് രണ്ടുപേര്‍ പിന്മാറുകയും ജലീലിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ബാക്കി നാലു പേരാണ് ജനവിധി തേടിയത്. മൂന്നും നാലും സ്ഥാനത്തെത്തിയവര്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ജലീലിയെ പിന്തുണയ്ക്കാന്‍ അനുയായികളോട് അഭ്യര്‍ഥിച്ചു.

ഇതോടെ ജലീലിക്ക് രണ്ടാംഘട്ടത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മതനേതൃത്വം. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടാണ് ഇത്തവണ രേഖപ്പെടുത്തിയത് എന്നത് ഇറാനിലെ തിരഞ്ഞെടുപ്പിനോട് ജനങ്ങള്‍ക്കുള്ള അവിശ്വാസം പ്രകടമാക്കുന്നതാണ്. രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ക്ക് ലഭിച്ച മൊത്തം വോട്ട് 12.8 ദശലക്ഷമാണ്. 2021ലെ തിരഞ്ഞെടുപ്പില്‍ റെയ്സിക്ക് മാത്രം 18 ദശലക്ഷം വോട്ട് കിട്ടിയിരുന്നു.

61 ദശലക്ഷം വോട്ടര്‍മാരാണ് ഇറാനിലുള്ളത്. പകുതിയില്‍ താഴെ പേരാണ് വോട്ട് രേഖപ്പെടുത്തിയത്, അതായത് 40 ശതമാനം. പത്ത് ലക്ഷത്തോളം വോട്ടുകള്‍ അസാധുവായി. 2021ലെ തിരഞ്ഞെടുപ്പില്‍ 49 ശതമാനമായിരുന്നു പോളിങ്. അതേസമയം, രണ്ടാംഘട്ട പോളിങ് വരുന്ന വെള്ളിയാഴ്ചയാണ്. പെഷെസ്‌കിയാന്‍ കൂടുതല്‍ വോട്ട് നേടിയാല്‍ മതനേതൃത്വത്തിന് കനത്ത തിരിച്ചടിയാകും.

ആദ്യ രണ്ട് സ്ഥാനക്കാരാണ് ജൂലൈ അഞ്ചിന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ മല്‍സരിക്കുന്നത്. മുന്‍ പ്രസിഡന്റുമാരായ മുഹമ്മദ് ഖാത്തമി, ഹസന്‍ റൂഹാനി എന്നിവരുടെ പിന്തുണ പെഷെസ്‌കിയാനുണ്ട്. മാത്രമല്ല, പരിഷ്‌കരണ വാദികളുടെ സഖ്യവും ഇദ്ദേഹത്തിന് പിന്തുണ നല്‍കുന്നു. പെഷസ്‌കിയാനെ പിന്തുണച്ച് കൂടുതല്‍ പേര്‍ വോട്ടെടുപ്പില്‍ ഭാഗമാകാനുള്ള സാധ്യതയുണ്ടെന്നാണ് നിരീക്ഷണം.

അമേരിക്കന്‍ ഉപരോധം കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇറാന്‍. സൈനികമായി മേഖലയിലെ കരുത്തരാണെങ്കിലും സാമ്പത്തികമായി ദുര്‍ബലരാണ്. ഉയര്‍ന്ന പണപ്പെരുപ്പം, അവശ്യവസ്തുക്കളുടെ വിലവര്‍ധന, ഇറാനിയന്‍ റിയാലിന്റെ മൂല്യ ശോഷണം എന്നിവയാണ് ഇറാന്‍ നേരിടുന്ന വെല്ലുവിളി. ഇതേ വേളയില്‍ തന്നെ ഇസ്രായേലിനെതിരെ പരസ്യമായി ഇറാന്‍ കൊമ്പുകോര്‍ക്കുകയും ചെയ്യുന്നു.

അമേരിക്കയുമായും യൂറോപ്പുമായും സഹകരിക്കരുത് എന്ന നിലപാടുകാരനാണ് ജലീലി. എന്നാല്‍ അമേരിക്കയുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് പെഷെസ്‌കിയാന്‍ നിലപാടെടുക്കുന്നു. ഇറാനിലെ രണ്ട് രാഷ്ട്രീയ ധാരകള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് അടുത്ത വെള്ളിയാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പില്‍ നടക്കാന്‍ പോകുന്നത്. പെഷെസ്‌കിയാന്‍ ജയിച്ചാല്‍ വലിയ മാറ്റങ്ങളൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന നിരീക്ഷണവുമുണ്ട്. കാരണം, രാഷ്ട്രീയ നേതൃത്വത്തിന് മുകളിലാണ് ഇറാനിലെ മതനേതൃത്വം. എന്നാല്‍ പെഷെസ്‌കിയാന്‍ അധികാരത്തിലെത്തിയാല്‍ അമേരിക്കന്‍ വിരുദ്ധതയ്ക്ക് മയംവരും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam