വിവാദങ്ങൾ പെയ്‌തൊഴിയാത്ത ഒരു തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് കേരളം തെക്കും വടക്കുമായി വിധിയെഴുതുന്ന ഓരോ മണിക്കൂറിലും ചുറ്റുമുള്ള യഥാർത്ഥ ചിത്രം മനസ്സിരുത്തി കാണാൻ ആർക്കും കിട്ടിയില്ല സമയം! തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം കേരളീയ പൊതുസമൂഹത്തിലേക്ക് പൊട്ടിവീണ വിഷയങ്ങൾ ഒന്നും സാമാന്യജനത്തെ നേരിട്ട് ബാധിക്കുന്നവ ആയിരുന്നില്ല. എന്നാൽ, സദാചാര ധാർമികത ചോദ്യം ചെയ്യപ്പെടുകയും അതിന്മേൽ സംവാദങ്ങൾ യഥേഷ്ടം നടത്തുകയും ചെയ്ത ഒരു വോട്ട് രാജ്യമായി കേരളം അല്പകാലത്തേക്ക് മാറി.
നേട്ടങ്ങളും കോട്ടങ്ങളും ഭരണ പ്രതിപക്ഷ മുന്നണികൾ അക്കമിട്ട് നിരത്തേണ്ട ഒരു പോരാട്ട കാലത്താണ് മലയാളികൾ, ഒരു ത്രില്ലർ സിനിമ കാണുംപോലെയോ ക്രൈം ഫയൽ വായിക്കുമ്പോലെയോ നിഷ്ഠൂരതയുടെയും നിഗൂഢതയുടെയും ചേരുവകളുള്ള കഥകളിൽ മുഴുകിപ്പോയത്. ഭരണ നേട്ടങ്ങൾ നിരത്താൻ ഒരു പതിറ്റാണ്ടായി ഭരണത്തിലുള്ള ഇടതു സർക്കാരിനോ ഭരണവീഴ്ചകൾ അക്കമിട്ട് പറയാൻ പ്രതിപക്ഷത്തിനോ സ്ഥലവും സൗകര്യവും കിട്ടാതെ പോയ ഒരു തെരഞ്ഞെടുപ്പ് കാലം.
വിവാദങ്ങൾ പലപ്പോഴും സർക്കാരിനെ രക്ഷിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ആ വിവാദങ്ങൾ ബോധപൂർവ്വം സൃഷ്ടിച്ചെടുത്തതാണെന്ന് കരുതാനും വയ്യ. എവിടെയും നമുക്ക് ആരോപിക്കാവുന്നതുപോലെ ഒരു ഗൂഢാലോചന സിദ്ധാന്തം ഈ വിവാദങ്ങൾക്ക് പിന്നിലുമുണ്ടെന്ന് കരുതി ക്കൂടാ. എന്നാൽ ചില കണക്കുകൂട്ടലുകളിലൂടെ വിവാദങ്ങൾ കത്തിപ്പടരേണ്ട സമയം സർക്കാർ തന്നെ കുറിച്ചിട്ടതാണെന്ന് വിശ്വസിക്കുന്നവരും നമുക്കിടയിലുണ്ട്.
ശബരിമല സ്വർണ്ണക്കൊള്ള ഒന്നുമാത്രം മതി സർക്കാരിന്റെ സകല നേട്ടങ്ങളെയും ഇല്ലാതാക്കാൻ എന്ന് കരുതിയിരിക്കുമ്പോഴാണ് സ്ത്രീപീഡന കേസുമായി കോൺഗ്രസ് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിന്റെ വീഴ്ച. കോൺഗ്രസ് ഒന്ന് ഞെട്ടി. പിന്നെ കണ്ടത് അവർക്കുള്ളിൽ നിന്ന് മറനീക്കി വന്ന ഗ്രൂപ്പ് രാഷ്ട്രീയവും. നിലക്കാത്ത ചർച്ചയിലേക്ക് കാര്യങ്ങൾ നീങ്ങി. കേസ് മുറുകിയപ്പോൾ അയാൾ മുങ്ങി. അതും സതീശന് തിരിച്ചടിയായി. കേരള പോലീസിന്റെ മൂക്കിന് കീഴിലൂടെ കേസിൽ പ്രതിയായ എം.എൽ.എ സംസ്ഥാനം വിട്ടത് സി.പി.എമ്മിനെക്കാൾ വെട്ടിലാക്കിയത്
കോൺഗ്രസിനെ. മാങ്കൂട്ടം കീഴടങ്ങാത്ത ഓരോ നിമിഷവും സതീശന്റെ നെഞ്ചിടിപ്പ് കൂടി.
പോളിംഗ് ദിനത്തിലേക്ക് വിവാദം വലിച്ചു നീട്ടാൻ സർക്കാരിന് കഴിയുമെന്ന് കോൺഗ്രസിന് ബോധ്യമായി. എന്നാൽ പാർട്ടിയിൽ തന്നോട് വിയോജിപ്പുള്ള ഒരു വിഭാഗം നേതാക്കൾ ഉണ്ടെന്ന് തിരിച്ചറിയുന്ന മാങ്കൂട്ടം പെട്ടെന്ന് പിടി കൊടുക്കാനും ഒരുക്കമായില്ല. കോടതിയിൽ നിന്ന് കിട്ടിയ ഇടക്കാല ആശ്വാസത്തിന്റെ സുരക്ഷയിൽ അയാൾ ഒളിവിൽ തന്നെ കഴിയുമ്പോഴാണ് മറ്റൊരു ബോംബ് കോൺഗ്രസ് ക്യാമ്പിൽ പൊട്ടിവീണത്. തന്നെ ക്രൂരമായി പീഡിപ്പിച്ചു എന്ന പരാതിയുമായി ഒരു 23യുടെ രംഗപ്രവേശം.
ബെംഗളൂരു സ്വദേശിനിയായ 23 കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് രണ്ടാമത്തെ കേസ്. താൻ നേരിട്ടത് ക്രൂരമായ ലൈംഗികാതിക്രമമാണെന്ന് അതിജീവിത മൊഴി നൽകി.
വിവാഹവാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച രാഹുൽ, അതിക്രൂരമായി തന്നെ ബലാത്സംഗം ചെയ്തതായാണ് അതിജീവിത എസ്‌ഐടിക്ക് മൊഴി നൽകിയത്. അതോടെ, എന്നും രാവിലെ സ്വന്തം എം.എൽ.എയെ തള്ളിപ്പറയുന്ന ഗതികേടിലേക്ക് കെ.മുരളീധരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ എത്തിച്ചേർന്നു.
സി.പി.എം ക്യാമ്പ് ഇതെല്ലാം കണ്ടു ഊറിച്ചിരിച്ചുകൊണ്ടിരുന്നു. ഈ വൈതരണിയിൽ നിന്ന് രക്ഷപ്പെടാൻ കോടതിയുടെ കടുത്ത ഇടപെടൽ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് രണ്ടാമത്തെ പീഡന കേസിലും മാങ്കുട്ടത്തിലിന് താൽക്കാലിക ഇളവ് നൽകി കോടതി തന്നെ കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കിയത്.
തീരാത്ത രാഹുകാലം
ശബരിമല വിവാദത്തിൽ സമുന്നതരായ സി.പി.എം നേതാക്കൾ സഹിതം അഴിക്കുള്ളിയിട്ടും ജനശ്രദ്ധ പൂർണ്ണമായി അതിലേക്ക് തിരിയുന്ന സാഹചര്യം ഒഴിവാക്കപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തെ പിന്തുണച്ച് സാക്ഷാൽ രാഹുൽ ഈശ്വർ രംഗത്ത് വന്നതോടെ വിവാദത്തിന്റെ കണ്ണി പൊട്ടാതെ പിന്നെയും ഇടതുപക്ഷത്തെ കാത്തത് ആര് ? സാക്ഷാൽ ശബരിമല അയ്യപ്പനോ ! രാഹുൽ മാങ്കൂട്ടത്തിന്റെ ഇരയെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കൊണ്ട് കുളിപ്പിച്ച രാഹുൽ ഈശ്വറിനെ അഴിക്കുള്ളിലാക്കാൻ പിണറായി പോലീസിന് അധികനേരം വേണ്ടിവന്നില്ല. അറസ്റ്റ് ചെയ്ത രീതിയും രാഹുൽ ഈശ്വർ ജയിലിൽ നടത്തിയ നാടകങ്ങളും ഗാന്ധി മോഡൽ നിരാഹാര സത്യാഗ്രഹവും എല്ലാം കൂടി ജഗപൊഗയായി. അപ്പോഴേക്കും തെക്കൻ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞിരുന്നു.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് നീതി കിട്ടിയതിൽ സന്തോഷമെന്നും തങ്ങളെ പോലുള്ളവർ കള്ളക്കേസിൽ കുടുക്കപ്പെടുമ്പോൾ മാധ്യമങ്ങൾ പിന്തുണ നൽകണമെന്നും പ്രതികരിച്ച് രാഹുൽ ഈശ്വർ ജയിലിനുള്ളിലും കത്തിക്കയറി. രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ അരങ്ങേറിയ നാടകങ്ങൾ രണ്ടുദിവസത്തോളം കേരളം ചർച്ച ചെയ്തു.
ആര് ആർക്കൊപ്പം ?
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷം നീണ്ട വിചാരണ നടപടികൾ പൂർത്തിയാക്കി വിധിപ്രസ്താവം വന്നത് ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ തലേദിവസമായതും യാദൃശ്ചികം. ഗുരുതരമായ വിഷയങ്ങളിൽ നിന്ന് രാഷ്ട്രീയ കേരളം ദിലീപിലേക്ക് കണ്ണു തിരിച്ചു. അതിജീവിതയ്‌ക്കൊപ്പം ആരെല്ലാം ഉണ്ട് എന്നായി പിന്നീട് ചർച്ച. ദിലീപിനെതിരായ കുറ്റം തെളിയാത്തതിനാൽ വെറുതെ വിടുന്നുവെന്ന കോടതിവിധി സ്ത്രീപക്ഷ ഇടതു സർക്കാരിനെതിരായി ആയുധമാക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ് സ്വന്തം ക്യാമ്പിൽ നിന്നുതന്നെ കോൺഗ്രസ് നേതൃത്വത്തിന്റെ നേർക്ക് ആ അമ്പും വന്നുതറച്ചത്.
യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, ദിലീപിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകുന്ന പ്രോസിക്യൂഷന് വേറെ പണിയൊന്നുമില്ലെന്ന് പറഞ്ഞതോടെ കോൺഗ്രസ് നേതാക്കളുടെ സ്ത്രീവിരുദ്ധത ഉറപ്പിച്ചു. നേരം പുലർന്നപ്പോൾ അടൂർ പ്രകാശിനെ തള്ളിപ്പറയേണ്ട ഗതികേടിലായി വീണ്ടും കോൺഗ്രസ്. ജമാഅത്തെ ഇസ്ലാമിയുമായി ഇടത്‌വലത് മുന്നണികൾ ഉണ്ടാക്കിയ ബന്ധവും രാഷ്ട്രീയ ധാരണയും ഇനി കേരളത്തിൽ മാത്രമല്ല, ഭാരതം മുഴുവനും ചർച്ച ചെയ്യപ്പെടുമെന്ന് ബി.ജെ.പി കണക്കുകൂട്ടിയിരിക്കെയാണ് 'പെണ്ണു കേസു' കളുടെ പരമ്പര തദ്ദേശ തെരഞ്ഞെടുപ്പിനെ ഹൈജാക്ക് ചെയ്തത്.
മതരാഷ്ട്രവാദത്തിന്റെ ബുദ്ധി കേന്ദ്രമായ ജമാഅത്തെ ഇസ്ലാമിയുമായുള്ള ഇരുമുന്നണികളുടെയും ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തുറന്നു സമ്മതിച്ച ഘട്ടത്തിൽ ആ വഴിക്കൊരു രാഷ്ട്രീയ മുതലെടുപ്പിന് ബി.ജെ.പിക്ക് കഴിഞ്ഞില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസും ശബരിമലയിലെ സ്വർണക്കൊള്ളക്കേസും പാതിവഴിയിൽ നിർത്തി അന്വേഷണം അവസാനിപ്പിക്കാൻ ഇടതു - വലതു മുന്നണികൾ ധാരണ ഉണ്ടാക്കിയോ എന്നു പോലും ബി.ജെ.പി സംശയിച്ചുപോയി. ചുരുക്കത്തിൽ, രണ്ടു രാഹുലുമാരും ദിലീപും അതിജീവിതമാരും ചേർന്ന് തദ്ദേശ തെരഞ്ഞെടുപ്പ് വിഷയങ്ങളെ എവിടേക്കോ കൊണ്ടുപോയി.
2020 ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പകുതിയിലധികം ഗ്രാമ പഞ്ചായത്ത് സീറ്റുകളിൽ സർക്കാരിന് നേതൃത്വം നൽകുന്ന എൽ.ഡി.എഫാണ് വിജയിച്ചത്. ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിൽ മൂന്നിൽ രണ്ടു സീറ്റുകളിലും ഇടതുമുന്നണി വിജയിച്ചു. യു.ഡി.എഫിനു ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ ഒന്നിൽ മാത്രമാണ് വിജയിക്കാനായത്. ഈ കണക്കിൽ 2025 ൽ ഏതെല്ലാം രീതിയിൽ മാറ്റം വരും എന്ന കണക്കുകൂട്ടലിലാണ് മുന്നണികളും ബി.ജെ.പിയും.
വിവാദ വിഷയങ്ങൾക്കപ്പുറം പ്രാദേശിക ജീവിത നേർക്കാഴ്ചകൾ വോട്ടർമാരെ എത്രത്തോളം സ്വാധീനിച്ചു എന്നതും നിർണായകമാകും. എങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 30 ശതമാനത്തോളം ആളുകൾ വോട്ട് രേഖപ്പെടുത്തിയില്ല എന്ന വസ്തുത മറുവശത്ത് നിലനിൽക്കുകയാണ്. രാഷ്ട്രീയത്തിന്റെ പേരിൽ അരങ്ങേറുന്ന കോമാളിത്തരങ്ങൾ കണ്ട് നമ്മളിൽ വലിയൊരു വിഭാഗം പേർ അരാഷ്ട്രീയ വാദത്തിലേക്ക് തിരിയുന്നുണ്ടോ എന്ന സുപ്രധാന ചോദ്യവും ഇതിനൊപ്പം ഉയരുന്നുണ്ട്.
പ്രിജിത്ത്രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
