2024ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് അമേരിക്കന്‍ കുടിയേറ്റക്കാര്‍ക്കാണ്. തുര്‍ക്കിയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഡാരണ്‍ അക്മോഗ്ലു, യുകെയില്‍നിന്നുള്ളവരായ സൈമണ്‍ ജോണ്‍സണ്‍, ജെയിംസ് എ റോബിന്‍സണ്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. രാഷ്ട്രീയ സ്ഥാപനങ്ങളുടെ രൂപപ്പെടലും അഭിവൃദ്ധിയും സംബന്ധിച്ച പഠനത്തിനാണ് മൂന്ന് പേര്‍ക്കും പുരസ്‌കാരം ലഭിച്ചത്.
ഒരു രാജ്യത്തിന്റെ അഭിവൃദ്ധിക്ക് സാമൂഹികസ്ഥാപനങ്ങളുടെ പ്രധാന്യം എന്തെന്ന് ഇവരുടെ പഠനത്തില്‍ വ്യക്തമാക്കുന്നതായി റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
'മോശമായ നിയമവാഴ്ചയുള്ള സമൂഹങ്ങളും ജനസംഖ്യയെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങളും വളര്‍ച്ചയോ സമൂഹത്തില്‍ മെച്ചപ്പെട്ട മാറ്റമോ സൃഷ്ടിക്കുന്നില്ല. ഇത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ പുരസ്‌കാര ജേതാക്കളുടെ ഗവേഷണം നമ്മെ സഹായിക്കുന്നു.' പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
രാഷ്ട്രങ്ങള്‍ക്കിടയിലെ അഭിവൃദ്ധിയില്‍ നിലനില്‍ക്കുന്ന ആഴമേറിയ അസമത്വങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഇവരുടെ ഗവേഷണം. യൂറോപ്പിലെ കോളനിക്കാര്‍ സ്ഥാപിച്ച രാഷ്ട്രീയ-സാമ്പത്തിക സംവിധാനങ്ങളെ വിശകലനം ചെയ്യുന്നതിലൂടെ സ്ഥാപനങ്ങളും അഭിവൃദ്ധിയും തമ്മിലുള്ള ബന്ധം എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് അവര്‍ വിശദീകരിക്കുന്നു. 1969 മുതലാണ് സാമ്പത്തിക ശാസ്ത്രത്തിന് നോബേല്‍ പുരസ്‌കാരം നല്‍കി തുടങ്ങിയത്.
തുര്‍ക്കിയിലെ ഇസ്താംബൂളിലാണ് ഡാരോണ്‍ അസെമോഗ്ലുവിന്റെ ജനനം. യോര്‍ക്ക് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് എംഎസ്സിയും പിഎച്ച്ഡിയും നേടി. 1993ല്‍ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം എംഐടിയില്‍ സാമ്പത്തികശാസ്ത്ര വിഭാഗം പ്രൊഫസറായി. ജെയിംസ് റോബിന്‍സണുമായി ചേര്‍ന്ന് പുസ്തകം രചിച്ചു. 2023ല്‍ സൈമണ്‍ ജോണ്‍സനുമായി ചേര്‍ന്ന് 'Power and Progress: Our Thousand-Year Struggle Over Technology and Prosperity' എന്ന കൃതിയും രചിച്ചു.
യുകെയിലാണ് സൈമണ്‍ ജോണ്‍സണിന്റെ ജനനം. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിഎ പൂര്‍ത്തിയാക്കിയ അദ്ദേഹം മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഎ നേടി. തുടര്‍ന്ന് അമേരിക്കയിലെത്തിയ അദ്ദേഹം എംഐടിയില്‍നിന്ന് പിഎച്ച്ഡിയും സ്വന്തമാക്കി. കൂടാതെ അന്താരാഷ്ട്ര നാണ്യനിധിയില്‍(2007-2008) ചീഫ് ഇക്കണോമിസ്റ്റായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
യുകെയില്‍ ജനിച്ച റോബിന്‍സണ്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് ബിഎസ് സി നേടി. യൂണിവേഴ്സിറ്റി ഓഫ് വാര്‍വിക്കില്‍ നിന്ന് എംഎ സ്വന്തമാക്കി. തുടര്‍ന്ന് അന്താരാഷ്ട്ര വിദ്യാര്‍ഥിയായി അമേരിക്കയില്‍ എത്തി. യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്ഡിയും നേടിയ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയില്‍ പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ എത്തുന്നതിന് മുമ്പ് ഹാര്‍വാഡ്, യുസി ബെര്‍ക്കെലി തുടങ്ങിയ സ്ഥാപനങ്ങളിലും അദ്ദേഹം പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഡാരണ്‍ അക്മോഗ്ലുവായി ചേര്‍ന്ന് The Narrow Corridor: States, Societies, and the Fate of Liberty എന്ന പുസ്തകം രചിച്ചു. ഈ കൃതിക്ക് നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1