ഹോളിവുഡ്ഡിന്റെ മാതൃകയിൽ മോളിവുഡ്ഡ് എന്ന് വിളിപ്പേരുള്ള മലയാളസിനിമ ഹോളിവുഡ്ഡിൽ ഹാർവി വീൻസ്റ്റീൻ എന്ന അതികായനെതിരെ ഉയർന്ന ലൈംഗികാതിക്രമ ആരോപണത്തിന് സമാനമായ അവസ്ഥയിലൂടെ കടന്നുപോവുകയാണ്. കാസ്റ്റിങ് കൗച് എന്നറിയപ്പെടുന്ന അത്യാചാരത്തെക്കുറിച്ച് ഒന്നിനു പിന്നാലെ ഒന്നായി വെളിപ്പെടുത്തലുണ്ടായപ്പോൾ അത് മി ടൂ എന്ന പേരിൽ ഒരു പ്രസ്ഥാനമായി മാറി. കൂടെക്കിടന്നാൽ സിനിമയിൽ കാസ്റ്റ് ചെയ്യപ്പെടും എന്ന അവസ്ഥയാണ് കാസ്റ്റിങ് കൗച്. മലയാളത്തിന്റെ മി ടൂ (ഞാനും) കാലമാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പരസ്യപ്പെടുത്തിയതിനുശേഷം സംജാതമായിരിക്കുന്നത്.
നടികളോട് മലയാളസിനിമ എന്നും ഇങ്ങനെയായിരുന്നു. ആദ്യനടിയെ ആക്രമിച്ച് നാടു കടത്തിയ ചരിത്രമുള്ള മലയാള സിനിമ ശതാബ്ദിയിലെത്തുമ്പോഴും നടിമാരെ കൈകാര്യം ചെയ്യുന്നത് അങ്ങനെതന്നെയാണെന്ന വസ്തുതയുടെ സ്ഥിരീകരണമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. റോസി വിസ്മൃതിയിലേക്ക് ഓടി മറഞ്ഞത് ജാതിഭ്രാന്തന്മാരിൽനിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയായിരുന്നെങ്കിൽ ഇന്ന് കാമഭ്രാന്തന്മാരിൽനിന്ന് രക്ഷപ്പെടുന്നതിനുവേണ്ടിയാണ് നടിമാർ ഉഴറുന്നത്. പേരുകൾ അറിയുന്നതിനുള്ള ക്ഷുദ്രതാത്പര്യത്തെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് മാധ്യമങ്ങളും പൊതുസമൂഹവും റിപ്പോർട്ടിന്റെ പൂർണരൂപം ആവശ്യപ്പെടുന്നതെന്ന് ആക്ഷേപിക്കാമെങ്കിലും പരസ്യപ്പെടുത്തലും അതുവഴിയുള്ള നാണംകെടുത്തലും ചിലപ്പോൾ ചില കാര്യങ്ങൾക്ക് പ്രതിവിധിയാകും.
ചെറ്റ പൊക്കുന്ന ചെറ്റത്തരം പണ്ട് തമ്പുരാക്കന്മാരുടെ വിനോദമായിരുന്നു. കതകിലെ തട്ടും മുട്ടുമായി ആ വിനോദം സിനിമയിൽ നിലനിൽക്കുന്നുവെന്നാണ് ഹേമ കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. കളിത്തോഴൻ കിളിവാതിലിൽ മുട്ടുമ്പോൾ കിളിയോ കാറ്റോ എന്ന് സന്ദേഹിക്കുന്ന തരളചിത്തയായ കന്യകയല്ല സിനിമാരംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫഷണൽ നടിമാർ. മുട്ടിയാലുടൻ തുറക്കപ്പെടുന്ന വാതിലല്ല അവരുടേത്. പക്ഷേ തുറക്കാത്ത വാതിൽ അവരെ തള്ളിവിടുന്നത് പെരുവഴിയിലേക്കാണ്.
ഒരു വഴി അടയുമ്പോൾ പല വഴി തുറക്കപ്പെടുന്നത് എല്ലാവർക്കും
ലഭിക്കുന്ന സൗഭാഗ്യമല്ല. റോസിയെപ്പോലെ തിരിച്ചുവരവില്ലാതെ വിപ്രവാസത്തിലും
വിസ്മൃതിയിലും മറയുന്നവർ നിരവധിയാണ്. ഹേമ കമ്മിറ്റിയുടെ മുമ്പാകെ മൊഴി
നൽകിയവരിൽ എത്ര പേർ ഇന്ന് സിനിമയിലുണ്ടെന്ന കാര്യവും കൗതുകത്തിനുവേണ്ടി
അന്വേഷിക്കാവുന്നതാണ്.
രക്തസാക്ഷികൾ പലരെ സൃഷ്ടിച്ചിട്ടുള്ള അഭിശപ്തമായ ഈ
പാരമ്പര്യത്തിൽനിന്നും പൈതൃകത്തിൽനിന്നും മലയാളസിനിമയെ
വിമുക്തമാക്കുന്നതിനുള്ള പരിശ്രമങ്ങൾ പലപ്പോഴായി നടന്നിട്ടുണ്ട്. ലേഖയുടെ
മരണം ഒരു ഫ്‌ളാഷ്ബാക്ക്, നായിക എന്നിങ്ങനെ സ്വയം വിമർശനപരമായ സിനിമകൾതന്നെ
ഇറങ്ങിയിട്ടുണ്ട്. ആത്മപരിശോധനയ്ക്ക് സഹായകമാകുന്ന സോദ്ദേശ്യപരമായ ശ്രമമായി
അവയെ കണ്ടാൽത്തന്നെ തിരുത്തൽ സംഭവിക്കുന്നില്ല എന്നതിന് തെളിവാണ് നടിയുടെ
നേർക്കുണ്ടായ ആക്രമണവും അതിനെത്തുടർന്ന് രൂപീകൃതമായ ഹേമ കമ്മിറ്റിയുടെ
അന്വേഷണത്തിൽ വെളിപ്പെട്ട കാര്യങ്ങളും.
കമ്മിറ്റിയായാലും
കമ്മീഷനായാലും താത്കാലികശമനത്തിനുവേണ്ടി നടത്തപ്പെടുന്ന അന്വേഷണങ്ങൾ
പ്രശ്‌നപരിഹാരത്തിന് സഹായകമാകുന്നില്ല. അഭിഭാഷകരും മാധ്യമപ്രവർത്തകരും
തമ്മിൽ കൊച്ചിയിലുണ്ടായ സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട
ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന് എന്തു
സംഭവിച്ചു എന്നറിയില്ല. നാലു വർഷവും 2.73 കോടി രൂപയും ചെലവഴിച്ചാണ് കമ്മീഷൻ
റിപ്പോർട്ട് തയ്യാറാക്കിയത്. മംഗളം ടെലിവിഷന്റെ ഉദ്ഘാടനക്കണി മന്ത്രിക്ക്
കെണിയായപ്പോൾ നിയോഗിക്കപ്പെട്ട ആന്റണി കമ്മീഷന്റെ അവസ്ഥയും ഇതുതന്നെ. നാല്
വർഷത്തെ പൊടി തട്ടി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെടുത്തത് വിവരാവകാശ
കമ്മീഷൻ മുതൽ ഹൈക്കോടതി വരെയുള്ള സ്ഥാപനങ്ങളുടെ ഇടപെടലും മാധ്യമങ്ങളുടെ
ജാഗ്രതയും വിഷയത്തിന്റെ സെൻസേഷണൽ സ്വഭാവവും നിമിത്തമാണ്. എന്നിട്ടും പേരുകൾ
മറച്ചുവയ്ക്കുന്നതിനുള്ള ശ്രമവും പരസ്യമാക്കപ്പെടുന്ന പേരുകളെ
സംരക്ഷിക്കുന്നതിനുള്ള ശ്രമവും നമ്മെ വിസ്മയപ്പെടുത്തുന്നു.
സ്ത്രീയില്ലാതെ സിനിമയില്ല. അമ്മയായും അമ്മായിഅമ്മയായും ഭാര്യയായും കാമുകിയായും സ്ത്രീ പുരുഷനോടൊപ്പം ചേർന്നു നിൽക്കണം.
പക്ഷേ ആത്മാഭിമാനത്തോടെ സുരക്ഷിതമായി സ്ത്രീക്ക് പ്രവർത്തിക്കാൻ കഴിയാത്ത ഇടമായി സിനിമയുടെ അണിയറ മാറിയിരിക്കുന്നു. ഏതു സമയത്തും ഒരു ട്രാജിക് ട്വിസ്റ്റ് സംഭവിക്കാം. ഞാൻ വിദ്യാർത്ഥിയായിരുന്ന കാലത്താണ് മർലിൻ മൺറോയുടെ മരണം സംഭവിച്ചത്. ലോകത്തെ മുഴുവൻ ദുഃഖത്തിലും ആശങ്കയിലും ആഴ്ത്തിയ ദാരുണസംഭവമായിരുന്നു അത്. മലയാളത്തിന്റെ മർലിൻ മൺറോ എന്നറിയപ്പെട്ടിരുന്ന വിജയശ്രീയുടെ മരണം സമാനമായ ആഘാതമാണ് കേരളത്തിൽ സൃഷ്ടിച്ചത്. 1974ൽ സംഭവിച്ച വിജയശ്രീയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് ഇനിയും വ്യക്തമായിട്ടില്ല. ശോഭ, സ്മിത തുടങ്ങിയവരുടെ മരണങ്ങളിലെ ദുരൂഹതയും മാറിയിട്ടില്ല. ഇവരെല്ലാം സൂപ്പർ സ്റ്റാർ പദവിയുള്ള നടിമാരായിരുന്നു.
സിനിമയുടെ ഗ്‌ളാമർ സ്ത്രീകളിലാണെങ്കിലും തീർത്തും പുരുഷകേന്ദ്രീകൃതവും പുരുഷാധിപത്യം നിലനിൽക്കുന്നതുമായ മേഖലയാണ് സിനിമ. ക്യാമറയിൽ പതിയുന്നതെല്ലാം സിനിമക്കാരുടെ ഭാഷയിൽ പ്രോപർട്ടിയാണ്. ഷൂട്ടിങ് കഴിയുന്നതുവരെ പ്രോപർട്ടി അവരുടെ അധീനതയിലായിരിക്കും. സ്ത്രീകളെ കേവലം പ്രോപർട്ടി മാത്രമായി കാണുന്ന പ്രാകൃതമായ സാമൂഹികചിന്തയിൽനിന്ന് സിനിമാലോകം ഇനിയും മുക്തമായിട്ടില്ല. സിനിമയുടെ നിയന്ത്രണം സ്ത്രീകൾ ഏറ്റെടുക്കുന്ന ഒരു കാലം ഉണ്ടാകുകയെന്നതാണ് ഒരു പ്രതിവിധി.
ഇന്ത്യയിലെ ചലച്ചിത്രസംവിധായകരിൽ ഒൻപത് ശതമാനം മാത്രമാണ് സ്ത്രീകൾ. സിനിമയ്ക്കുവേണ്ടി എഴുതുന്നവരിൽ 12 ശതമാനമാണ് സ്ത്രീകൾ. നിർമാതാക്കളുടെ കണക്കെടുത്താൽ 15 ശതമാനമാണ് സ്ത്രീകൾ. തീരുമാനങ്ങളെടുക്കുന്ന സംവിധാനത്തിൽ സ്ത്രീസാന്നിധ്യം പരിതാപകരമായ രീതിയിൽ പരിമിതമാണ്. മാഫിയ സംഘമെന്നോ പവർ ഗ്രൂപ്പെന്നോ ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന ക്രിമിനൽ സംഘത്തെ നിയന്ത്രിക്കുന്നതിന് ശതമാനക്കണക്കിലെ വർദ്ധന മതിയാകുമോ എന്നത് മറ്റൊരു കാര്യം.
2017ൽ നടി ലൈംഗികമായി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം രൂപീകൃതമായ വിമൻ ഇൻ സിനിമ കലക്ടീവിന്റെ ആവശ്യപ്രകാരമാണ് ജസ്റ്റിസ് കെഹേമ അധ്യക്ഷയും ശാരദയും കെ.ബി വത്സലകുമാരിയും അംഗങ്ങളുമായി കമ്മിറ്റി രൂപീകൃതമായത്. 2019 ഡിസംബർ 31ന് നൽകപ്പെട്ട റിപ്പോർട്ട് അഞ്ചു വർഷം വൈകി പുറത്തുവന്നതിനുശേഷവും കമ്മിറ്റിയും കമ്മീഷനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള ചർച്ചയിൽ വ്യാപരിച്ച കേരളസമൂഹത്തിന്റെ മനോനില പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു. എഫ്.ഐ.ആറും ഇൻവെസ്റ്റിഗേഷനും പ്രോസിക്യൂഷനും ഒക്കെ വരട്ടെ.
പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യം ഉൾപ്പെടെ ഫിലിം സെറ്റുകളിൽ അവശ്യം വേണ്ടതായ കാര്യങ്ങളെക്കുറിച്ചുള്ള ശിപാർശകൾപോലും നടപ്പാക്കാൻ സർക്കാരിനു കഴിഞ്ഞില്ല. പ്രണയരംഗങ്ങളിൽ ആടിപ്പാടി അഭിനയിക്കുന്ന നമ്മുടെ പ്രിയനടിമാർ തലേന്നു രാത്രി പേടിസ്വപ്‌നമായി മാറിയ നടനൊപ്പമോ സംവിധായകനൊപ്പമോ പ്രാഥമികാവശ്യങ്ങൾപോലും നിറവേറ്റാതെയാണ് അഭിനയിക്കുന്നതെന്നറിയുമ്പോൾ അവരുടെ സമർപ്പിതമായ ജീവിതത്തിനുമുന്നിൽ നമിക്കാതിരിക്കാനാവില്ല.
നിരവധി പേജുകളും ഒട്ടേറെ ഖണ്ഡികകളും മറച്ചുവച്ചുകൊണ്ടാണ് റിപ്പോർട്ടിന്റെ വൈകിയ പ്രകാശനം നടന്നത്. തെളിവ് നൽകിയവരുടെ ഐഡന്റിറ്റിയും ബന്ധപ്പെട്ടവരുടെ സ്വകാര്യതയും സംരക്ഷിക്കണമെന്ന വാദമുണ്ട്. ഇതെല്ലാം സംരക്ഷിച്ചുകൊണ്ടാണ് നമ്മുടെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത്. വിവേചനവും ചൂഷണവും അനുവദിക്കാത്തതും വ്യക്തിയുടെ അന്തസ്സിന് പരമപ്രാധാന്യം നൽകുന്നതുമായ ഭരണഘടനയാണ് നമുക്കുള്ളത്. ഭരണഘടനയിലെ അക്ഷരത്തിനും ഭരണഘടനയുടെ ആത്മാവിനും ക്ഷതമേൽക്കുന്ന കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇനി
തുറന്നു പറച്ചിലുകളുടെയും വെളിപ്പെടുത്തലുകളുടെയും കാലമാണ്.
ശുദ്ധീകരണത്തിന്റെയും നവീകരണത്തിന്റെയും കാലം. മലയാളത്തിന്റെ മി ടൂ ഘട്ടം.
ശുദ്ധീകരണം അൽപകാലത്തെ സ്തംഭനത്തിന് കാരണമായേക്കാം. സിനിമ കൂടുതൽ ഊർജിതമായി
അതിനെ അതിജീവിക്കും. സർവശക്തനായ ഹാർവി വീൻസ്റ്റീനിനെതിരെ തുടങ്ങി പിന്നീട്
ഹോളിവുഡ്ഡിൽ കത്തിപ്പടർന്ന മി ടൂ ഹോളിവുഡ്ഡിനെ ചാമ്പലാക്കുകയല്ല,
പുതുനാമ്പുകൾ നൽകി ശക്തിപ്പെടുത്തുകയാണ് ചെയ്തത്. വീഴ്ച തുടങ്ങിയാൽ
വീഴ്ചയുടെ പരമ്പരയായിരിക്കും. അതാണ് ഡൊമിനോ ഇഫക്ട്. വീഴേണ്ടവർ വീഴുകയോ
വീഴ്ത്തപ്പെടുകയോ വേണം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1