സിൽവർ ലൈൻ സ്വപ്‌നത്തിനു പുതു സിഗ്‌നൽ

NOVEMBER 7, 2024, 11:27 AM

ആളിക്കത്തിയ ജനകീയ പ്രതിഷേധത്തിന്റെ 'റെഡ് സിഗ്‌നൽ' കണ്ട് പിണറായി സർക്കാർ ത്രിശങ്കുവിലാക്കിയ സിൽവർ ലൈൻ പദ്ധതി മുന്നോട്ടു നീങ്ങാൻ സാധ്യത തെളിയുന്നു. ഏതു വികസന പദ്ധതിയുടെയും ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തു തലപൊക്കാറുള്ള മാമൂൽ പ്രകാരമുള്ള എതിർപ്പിനപ്പുറത്തേക്കുള്ള ജനരോഷത്താൽ മരവിച്ചു നിന്ന അതിവേഗ യാത്രാ സ്വപ്‌നം 'വന്ദേഭാരത്' പ്രേമവുമായി വീണ്ടും സജീവമാക്കിയത് കേന്ദ്ര റെയിൽവേ മന്ത്രി തന്നെ. ഇതോടെ ഞെട്ടിയ അവസ്ഥയിലാണ് കേരളത്തിലെ ബി.ജെ.പിയും കോൺഗ്രസും. അര മണിക്കൂർ ലാഭത്തിന് വേണ്ടി ദുരന്തം വിളിച്ചുവരുത്തരുതെന്ന നിലപാട് പ്രതിപക്ഷം ആവർത്തിക്കുന്നു.

തിരുവനന്തപുരത്തുനിന്ന് കാസർഗോഡു വരെ സിൽവർ ലൈൻ എന്ന അതിവേഗ റെയിൽ പാത നിർമിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കങ്ങളോട് കേന്ദ്ര റെയിൽ മന്ത്രാലയം നിസഹകരിക്കില്ലെന്ന സൂചനയാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്. തൃശൂരിൽ റെയിൽവേ സ്റ്റേഷൻ പുനരുദ്ധാരണ പദ്ധതികൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ മന്ത്രി പറഞ്ഞത് കെറെയിൽ (സിൽവർ ലൈൻ) പദ്ധതിയിൽ തുടർ നടപടികൾക്ക് കേന്ദ്ര സർക്കാർ സന്നദ്ധമാണെന്നാണ്. ഡൽഹിയിൽ നടന്ന ചർച്ചയിൽ ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാൽ, പദ്ധതി നടപ്പാക്കാനുള്ള നിബന്ധനകളും മന്ത്രി മുന്നോട്ടുവയ്ക്കുന്നുണ്ട്. നിലവിലെ സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങൾ പരിഹരിക്കണം എന്നതിൽ നിർബന്ധ ബുദ്ധിയും പ്രകടം.

സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങൾ പരിഹരിച്ചാൽ കെ-റെയിൽ സാധ്യമാകുമെന്നും പദ്ധതി അടഞ്ഞ അധ്യായമല്ലെന്നുമാണ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്. അതേസമയം, കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല. ഇതിനിടെ, കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ല ഇതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വീണ്ടും പ്രതികരിച്ചു. നേരത്തേ, ഭൂമി ഏറ്റെടുക്കുന്നതിനെതിരേ അതിശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തു കണ്ടത്. യു.ഡി.എഫും ബി.ജെ.പിയും പദ്ധതിക്കെതിരേ രംഗത്തുവരുകയും ചെയ്തു. കേരളത്തെ രണ്ടായി വിഭജിക്കുന്ന പദ്ധതി പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉയർത്തുന്നതായി പ്രതിപക്ഷ കക്ഷികൾ പറയുന്നു.

vachakam
vachakam
vachakam

സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കെ റെയിൽ ഉദ്യോഗസ്ഥർ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ ജനങ്ങൾ പിഴുതെറിഞ്ഞപ്പോൾ അതിനു മുഴുവൻ പിന്തുണയും നൽകി അവർ രംഗത്തുണ്ടായിരുന്നു.
മുമ്പു സമർപ്പിച്ച പദ്ധതി രേഖകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തയ്യാറാകണമെന്നും സിൽവർ ലൈനിൽ തുടർനടപടികൾക്കു സന്നദ്ധമാണെന്നുമാണ് ഈയിടെ കേന്ദ്രം അറിയിച്ചത്. ഗേജ്, അലൈൻമെന്റ് മാറ്റം ഉൾപ്പെടെയുള്ള പുതിയ നിബന്ധനകൾ റെയിൽവേ മുന്നോട്ട് വെക്കുന്നു. വന്ദേഭാരത് അഭിമാനപദ്ധതിയുമായി പ്രധാനമന്ത്രി മുന്നോട്ടുപോകവേ അതിന് സഞ്ചരിക്കാൻ കഴിയാത്ത സ്റ്റാൻഡേർഡ് ഗേജ് പാളവുമായി സിൽവൽലൈൻ അനുവദിക്കാനാവില്ലെന്ന നിലപാട് റെയിൽവേ മന്ത്രാലയത്തിനുണ്ട്. സ്റ്റാൻഡേർഡ് ഗേജിലുള്ള കോച്ചുകൾ വാങ്ങാനാണ് കെ-റെയിൽ കമ്പനി ജപ്പാനിലെ സ്ഥാപനവുമായി സംസാരിച്ചത്. അതിനുപകരം ബ്രോഡ്‌ഗേജിൽ ഉപയോഗിക്കുന്ന തരത്തിലുള്ള കോച്ചുകൾ വേണ്ടിവരുമെന്നതാണ് പുതിയ അവസ്ഥ. ബ്രോഡ്‌ഗേജാക്കി മാറ്റിയാൽ മാത്രമേ റെയിൽവേയുടെ എല്ലാ വണ്ടികൾക്കും സിൽവർലൈൻ ഉപയോഗിക്കാനാകൂ.

സിൽവർലൈൻ പാതയുടെ 88.41 കിലോമീറ്റർ ഭാഗമാണ് നിലവിൽ മേൽപ്പാലം വഴി നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അതേസമയം, പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മേൽപ്പാലങ്ങളുടെ ദൂരം കൂട്ടണം എന്നാണ് പുതിയ അഭിപ്രായം. എന്നാൽ, പാത മേൽപ്പാലം വഴിയാകുമ്പോൾ ചെലവ് വീണ്ടും കൂടും. 64,000 കോടിയാണ് ഇപ്പോഴത്തെ പ്രതീക്ഷിത തുക. ഇത് 1.24 ലക്ഷം കോടി വരുമെന്നാണ് നിതി അയോഗ് കണക്കാക്കുന്നത്. ഇപ്പോഴത്തെ ഡി.പി.ആർ പ്രകാരം ആകെ 532.19 കി.മീ വരുന്ന പാതയിലെ ടണൽ ഭാഗങ്ങൾ 11.53 കി.മീ. (2.17 ശതമാനം) ആയിരിക്കും. പാലങ്ങൾ 12.99 കി.മീ. (2.44 ശതമാനം). തൂണിന്മേലുള്ള പാത 88.41 കി.മീ. (16.61 ശതമാനം). ഭിത്തികെട്ടി ഉയർത്തുന്ന ഭാഗം 292.73 കി.മീ. (55 ശതമാനം). കട്ടിങ് 101.74 കി.മീ. (19.12 ശതമാനം). കട്ട് ആൻഡ് കവർ 24.79 കി.മീ. (4.66 ശതമാനം).

സിൽവർലൈൻ പദ്ധതിക്ക് വേണ്ടിയുള്ള 107.80 ഹെക്ടർ റെയിൽവേ ഭൂമി ഉപയോഗിക്കുന്നതു വഴി നിലവിലുള്ള മറ്റേതെങ്കിലും പാതകളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കണമെന്ന് ദക്ഷിണ റെയിൽവേ 2024 ജൂലൈയിൽ നിർദേശിച്ചിരുന്നു. 200 വളവുകളും 236 കയറ്റിറക്കവും ഉള്ള നിർദ്ദിഷ്ട പാതയുടെ ഘടനയെക്കുറിച്ച് സാങ്കേതിക വിദഗ്ധർ ചില ആശങ്കകൾ ചൂണ്ടിക്കാട്ടുന്നുമുണ്ട്. സിൽവൽലൈനിന്റെ സ്ഥിതി ഇതാണെങ്കിൽ 200 കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രയാസകരമാണെന്നും അങ്ങനെയുള്ള ഒരു പാതയ്ക്ക് ഭാവിയിൽ കൂടുതൽ മാറ്റം ആവശ്യമാകുമെന്നുമാണ് അവരുടെ നിഗമനം. പ്രശ്‌നങ്ങൾ പരിഹരിച്ചു പുതിയ നിർദേശം മുന്നോട്ടുവയ്‌ക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാവുകയാണ്. പക്ഷേ, അത് എളുപ്പത്തിൽ നടത്താവുന്ന കാര്യവുമല്ല. കേന്ദ്ര സർക്കാരിനും റെയിൽവേ മന്ത്രാലയത്തിനും മാത്രമല്ല കേരളത്തിലെ ജനങ്ങൾക്കും പദ്ധതി ദോഷകരമല്ലെന്നു ബോധ്യപ്പെടേണ്ടതുണ്ട്. പദ്ധതിയോടുള്ള ജനകീയ പ്രതിരോധത്തെ പദ്ധതിയനുകൂല നിലപാടിലേക്കു കൊണ്ടുവരണമെങ്കിൽ വലിയ മാറ്റങ്ങൾ ആവശ്യമായി വരും.

vachakam
vachakam
vachakam

സമരം മൂക്കുന്നു

ഇതിനിടെ, പദ്ധതിയുമായി കേന്ദ്രസംസ്ഥാന സർക്കാരുകൾ മുന്നോട്ടുപോകുമെന്നു വ്യക്തമായതോടെ സമരം ശക്തമാക്കിയിരിക്കുകയാണ് കെ റെയിൽ വിരുദ്ധ സമിതി. സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കപ്പെട്ട അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചിട്ട് ഒക്ടോബർ 2ന് നാലുവർഷം തികഞ്ഞിരുന്നു. സമര സമിതി വീണ്ടും മുദ്രാവാക്യങ്ങളുയർത്തി കോഴിക്കോട്ടെ കാട്ടില പീടികയിലെ സമര പന്തലിൽ ഒത്തുചേർന്നു. കൊച്ചിയിൽ പ്രതിരോധ സംഗമവും പ്രതിഷേധ പ്രകടനവും നടത്താനും തീരുമാനിച്ചു. കെ-റെയിലിന് അനുമതി നൽകരുതെന്ന് അശ്വനി വൈഷ്ണവിനെ കണ്ട് കെ റെയിൽ വിരുദ്ധ സമര സമിതി നിവേദനം നൽകിയിരുന്നു.

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിടെയിലാണ് സത്യാഗ്രഹ കമ്മിറ്റി കൺവീനർ നസീർ നുജല്ല നിവേദനം നൽകിയത്. കെ റെയിൽ കേരളം ആവശ്യപ്പെടുകയല്ലേ എന്നായിരുന്നു മന്ത്രിയുടെ ചോദ്യമെന്ന് നസീർ പറഞ്ഞു. എന്നാൽ കേരളം ഇത് ആവശ്യപ്പെടുന്നില്ലെന്നും കേരള സർക്കാർ മാത്രമാണ് ഇതിന്റെ പിന്നില്ലെന്നും സമര സമിതി അറിയിച്ചു. ഇതിന് പിന്നിൽ വികസനമല്ല ലക്ഷ്യമെന്നും സാമ്പത്തിക, രാഷ്ട്രീയ വ്യാമോഹമാണെന്നും സമിതി നേതാക്കൾ പറയുന്നു.

vachakam
vachakam
vachakam

അതിവേഗ യാത്രക്കുള്ള സൗകര്യം കേരളത്തിന് ആവശ്യമാണ്. അത് എങ്ങനെ, ഏതു വിധത്തിൽ എന്നതിലാണു തർക്കമുള്ളത്. നിലവിലുള്ള റെയിൽ സംവിധാനം ശക്തിപ്പെടുത്തി അതിവേഗ ട്രെയിനുകൾ ഓടിക്കാൻ കഴിയുമെന്നാണു സിൽവർ ലൈനിനെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. പാതകൾ നവീകരിച്ചാൽ 160 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ കഴിയുന്ന വന്ദേഭാരത് എക്‌സ്പ്രസുകൾ ഇപ്പോഴുണ്ട്. ഇനിയും ഇതുപോലുള്ള വണ്ടികൾ വരുമെന്നുറപ്പാണ്. അവയുടെ പ്രയോജനം പരമാവധി കേരളത്തിനു ലഭ്യമാക്കുകയാണ് സിൽവർ ലൈൻ പദ്ധതിയെക്കാൾ നല്ലത് എന്നു വിശ്വസിക്കുന്നവർ ധാരാളമുണ്ട്. 60,000 കോടി രൂപയ്ക്കു മുകളിലാണ് സിൽവർ ലൈൻ പദ്ധതിയുടെ ചെലവു കണക്കാക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് 60,000 കോടി രൂപയ്ക്കു മുകളിലാകുമെന്നുറപ്പുള്ള സിൽവർ ലൈൻ പദ്ധതിയുടെ ചെലവു താങ്ങാനാകുമോ എന്നു ചോദിക്കുന്നവരുമുണ്ട്. ഇക്കാര്യങ്ങളിലൊക്കെ തുടർ ചർച്ചകൾ ആവശ്യമാണ്. പൊതുധാരണയ്ക്കു ശ്രമിക്കേണ്ടതും അനിവാര്യം.

സിൽവർ ലൈൻ പദ്ധതിക്കു ബദലായി മെട്രൊമാൻ ഇ. ശ്രീധരൻ നിർദേശിക്കുന്ന പുതിയ അതിവേഗ പാതയെക്കുറിച്ചും നേരത്തേ ചില റിപ്പോർട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 400 കിലോമീറ്റർ നീളത്തിൽ തുരങ്കപാതയും ആകാശപാതയും ചേർന്ന അതിവേഗ പാതയാണ് അദ്ദേഹം നിർദേശിച്ചത്. ആദ്യം സെമി ഹൈസ്പീഡ് പാതയൊരുക്കുക, പിന്നീട് ഇത് ഹൈ സ്പീഡാക്കി മാറ്റുക എന്നതാണു പദ്ധതി. നിലവിലുള്ള റെയിൽ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തിൽ നിർമിക്കുന്ന ബ്രോഡ്‌ഗേജ് പാതയ്ക്ക് ഒരിഞ്ചു ഭൂമി പോലും വാങ്ങുകയോ ആരെയും കുടിയൊഴിപ്പിക്കുകയോ ചെയ്യേണ്ടതില്ലെന്നും പറയപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള പദ്ധതികളും അതിവേഗ ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചകൾക്കു വിധേയമാക്കേണ്ടതാണെന്ന വാദം നിലനിൽക്കുന്നു. അതിവേഗ യാത്ര കാലത്തിന്റെ ആവശ്യമാണ്. പ്രത്യേകിച്ചും ടൂറിസമെന്നത് വൻ വ്യവസായമായി അതിവേഗ വളർച്ച പ്രാപിക്കുമ്പോൾ. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താനുള്ള മാർഗം തേടുന്നവരാണ് ഇന്നു നല്ലൊരു ശതമാനം ജനങ്ങളും. അതുകൊണ്ടു തന്നെ അതിവേഗ ട്രെയിനുകൾ ഉണ്ടാവണം. പക്ഷേ, അതിനുള്ള പാത എങ്ങനെയാവണമെന്നതിൽ പൊതുധാരണ ഒഴിവാക്കാനുമാകില്ല.

ജനങ്ങളുടെ ആശങ്ക പരിഹരിക്കുകയെന്നത് ഏതു പദ്ധതിയുമായി ബന്ധപ്പെട്ടായാലും വളരെ പ്രധാനമാണ്. പദ്ധതിയെ എതിർക്കുന്ന എല്ലാവരെയും കാര്യങ്ങൾ ബോധ്യപ്പെടുത്താനും അവർ ഉന്നയിക്കുന്ന ആശങ്കകൾക്ക് കൃത്യമായ പരിഹാരം കണ്ടെത്താനും സംസ്ഥാന സർക്കാരിനു കഴിയുമോ എന്നതാണു വലിയ ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്നത്. ജനസാന്ദ്രതയേറിയ, ചെറിയ സംസ്ഥാനമായ കേരളത്തിൽ ഏറ്റവും വലിയ വെല്ലുവിളിയാണ് വൻ തോതിൽ ഭൂമിയേറ്റെടുക്കുക എന്നത്. പ്രതിഷേധിക്കുന്ന ആളുകളെയെല്ലാം തല്ലിയൊതുക്കി അവരുടെ ഭൂമി പിടിച്ചെടുക്കുന്നതു ശരിയായ മാർഗമാവില്ല. സമവായത്തിലൂടെ ഭൂമി ഏറ്റെടുക്കാൻ കഴിയണം. ജനങ്ങളെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ രണ്ടു തട്ടിൽ നിൽക്കുമ്പോൾ പ്രശ്‌നങ്ങൾ കൂടുതൽ വഷളാവുക സ്വാഭാവികം. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ വികസന പ്രവർത്തനങ്ങളിൽ ഒന്നിച്ചു നിൽക്കാൻ സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികൾക്കു കഴിയുന്നില്ല എന്നതും വസ്തുതയാണ്. ഇങ്ങനെ പല ഘടകങ്ങൾ ചേർന്നാകും സിൽവർലൈൻ പദ്ധതിയുടെ തുടർ സിഗ്‌നലുകൾ നിർണ്ണയിക്കുക.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam