പാകിസ്താന്റെ രാഷ്ട്രീയ ഭൂപടം പൂർണ്ണമായും മാറ്റിവരയ്ക്കാൻ നീക്കവുമായി പാക് കരസേനാ മേധാവി ഫീൽഡ് മാർഷൽ ആസിം മുനീകർ. നിലവിലുള്ള നാല് പ്രധാന പ്രവിശ്യകളെ വിഭജിച്ച് 12 മുതൽ 15 വരെയുള്ള ചെറിയ സംസ്ഥാനങ്ങളാക്കി മാറ്റാനാണ് സൈനിക നേതൃത്വം പദ്ധതിയിടുന്നത്. ഭരണം കൂടുതൽ കാര്യക്ഷമമാക്കാനാണ് ഈ നീക്കമെന്ന് സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും അധികാരം പൂർണ്ണമായും തങ്ങളുടെ പിടിയിലൊതുക്കാനുള്ള പദ്ധതിയാണിതെന്ന് ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പഞ്ചാബ്, സിന്ധ്, ഖൈബർ പഖ്തുൻഖ്വ, ബലൂചിസ്ഥാൻ എന്നീ നാല് പ്രധാന സംസ്ഥാനങ്ങളാണ് നിലവിൽ പാകിസ്താനിലുള്ളത്. ഇതിൽ പഞ്ചാബ് പ്രവിശ്യയിൽ മാത്രം 12 കോടിയിലധികം ജനങ്ങൾ വസിക്കുന്നുണ്ട്. വിസ്തൃതിയിലും ജനസംഖ്യയിലുമുള്ള ഈ വലിയ അന്തരം ഭരണപരമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് ആസിം മുനീകറിന്റെ വാദം. ഭരണചക്രത്തിന്റെ വേഗത വർദ്ധിപ്പിക്കാനും പ്രാദേശിക വികസനം ഉറപ്പാക്കാനും ചെറിയ ഭരണ യൂണിറ്റുകൾ അത്യാവശ്യമാണെന്ന് സൈന്യം ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ പ്രവിശ്യകളെ വിഭജിച്ച് ചെറുതാക്കുന്നതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പാകിസ്താനിലെ പ്രധാന രാഷ്ട്രീയ പാർട്ടികളായ നവാസ് ഷെരീഫിന്റെ പിഎംഎൽ-എന്നും ഭൂട്ടോ കുടുംബത്തിന്റെ പിപിപിയും പഞ്ചാബിലും സിന്ധിലും ശക്തമായ സ്വാധീനമുള്ള പ്രസ്ഥാനങ്ങളാണ്. സൈനിക ഭരണകാലത്ത് പോലും ഈ രണ്ട് പ്രവിശ്യകളും ശക്തമായ പ്രതിപക്ഷ ശക്തികേന്ദ്രങ്ങളായി നിലകൊണ്ടിരുന്നു.
പ്രവിശ്യകളെ ചെറുമണ്ഡലങ്ങളാക്കി മാറ്റുന്നതിലൂടെ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക ശക്തിയും സ്വാധീനവും പൂർണ്ണമായും തകരുമെന്ന് വിദേശ മാധ്യമങ്ങൾ വിലയിരുത്തുന്നു. സാമ്പത്തികമായും ഭരണപരമായും ദുർബലമായ ചെറിയ സംസ്ഥാനങ്ങൾ നിലവിൽ വരുന്നതോടെ കേന്ദ്രത്തിലെ സൈനിക ഭരണകൂടത്തെ ആശ്രയിച്ച് മാത്രം അവയ്ക്ക് നിലനിൽക്കേണ്ടി വരും. ഇത് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ ശേഷിക്കുന്ന വേരുകൾ കൂടി പിഴുതെറിയാൻ കാരണമാകും.
പാകിസ്താന്റെ ചരിത്രത്തിൽ പകുതിയിലധികം കാലവും നേരിട്ടുള്ള സൈനിക ഭരണമായിരുന്നു നിലനിന്നിരുന്നത്. സിവിൽ സർക്കാരുകൾ ഭരണത്തിലുണ്ടായിരുന്ന സമയത്തും സൈന്യത്തിന്റെ കടുത്ത നിയന്ത്രണത്തിലായിരുന്നു രാജ്യം പ്രവർത്തിച്ചിരുന്നത്. സാമ്പത്തിക തകർച്ചയും പണപ്പെരുപ്പവും രൂക്ഷമായ രാജ്യത്ത് സൈന്യത്തിന്റെ കയ്യിൽ സ്ഥിതിഗതികൾ സുരക്ഷിതമാക്കാനാണ് പുതിയ നീക്കം.
ബ്രിട്ടീഷുകാർ ഇന്ത്യയിൽ പ്രയോഗിച്ച പ്രഖ്യാപിത പാതയായ ഭിന്നിപ്പിച്ചു ഭരിക്കൽ നയം തന്നെയാണ് ആസിം മുനീകറും രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. പഞ്ചാബിനെയും സിന്ധിനെയും മറ്റ് ചെറിയ മേഖലകളെയും വിഭജിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാക്കൾ കടുത്ത അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പാകിസ്താനിൽ പുതിയ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് ഈ നീക്കം വഴിവെച്ചേക്കും.
ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ ഇത്തരം വിഭജനം സാധ്യമാകൂ എന്നതിനാൽ പാർലമെന്റിലും വിഷയം വലിയ തർക്കങ്ങൾക്ക് വഴിതുറക്കും. സ്വന്തം സ്വാധീനം ഉറപ്പിക്കാൻ പാക് സൈന്യം നടത്തുന്ന ഈ കരുനീക്കം അയൽരാജ്യങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം അതീവ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്. ആഭ്യന്തര പ്രക്ഷോഭങ്ങൾ കൊടുമ്പിരിക്കൊള്ളുന്ന പാകിസ്താനിൽ ഈ തീരുമാനം വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
English Summary: Pakistan Army Chief Field Marshal Asim Munir proposes splitting the country four large provinces into 12 to 15 smaller states to consolidate military control.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Pakistan News, Asim Munir, Pakistan Army, World News
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
