മൈക്രോസോഫ്റ്റ്-365 ആഗോളതലത്തില്‍ തകരാറില്‍; സേവനങ്ങള്‍ പുനസ്ഥാപിക്കാനുള്ള ശ്രമം 20 മണിക്കൂര്‍ പിന്നിടുന്നു

NOVEMBER 13, 2026, 11:10 AM

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് സേവനങ്ങള്‍ക്കുണ്ടായ വന്‍ തകരാര്‍ ഇമെയില്‍, ക്ലൗഡ് സേവനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ എന്നിവയെ സാരമായി ബാധിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച സാങ്കേതിക തടസ്സം 20 മണിക്കൂറിലധികം പിന്നിട്ടിട്ടും പൂര്‍ണ്ണമായി പരിഹരിക്കാനായിട്ടില്ല. ആശുപത്രികള്‍, കോടതികള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഈ ഡിജിറ്റല്‍ സ്തംഭനം സാരമായി ബാധിച്ചു. ഇതൊരു സൈബര്‍ ആക്രമണമല്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സംവിധാനങ്ങള്‍ സാധാരണ നിലയിലാക്കാന്‍ കമ്പനി ഇപ്പോഴും തീവ്രശ്രമം തുടരുകയാണ്.

മൈക്രോസോഫ്റ്റ് 365-ന്റെ പ്രധാന ആപ്പുകളെയാണ് തകരാര്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത്. പ്ലാറ്റ്ഫോമിലെ 43 കോടി ഉപയോക്താക്കളില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഔട്ട്‌ലുക്ക് ഇമെയിലുകള്‍ പരിശോധിക്കാനോ, കലണ്ടര്‍ വിവരങ്ങള്‍ കാണാനോ, ഷെയര്‍ ചെയ്ത ഫയലുകള്‍ തുറക്കാനോ സാധിക്കാതെ വന്നു. ചില ഉപയോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് ടീംസിലൂടെ സന്ദേശങ്ങള്‍ അയക്കാനും മീറ്റിംഗുകളില്‍ പങ്കെടുക്കാനും സാധിച്ചെങ്കിലും കമ്പനിയുടെ എഐ അസിസ്റ്റന്റായ കോപൈലറ്റ് പൂര്‍ണ്ണമായും തടസ്സപ്പെട്ടു. മൈക്രോസോഫ്റ്റ് ക്ലൗഡ് സേവനങ്ങളെ ആശ്രയിക്കുന്ന ഓപ്പണ്‍എഐ, ആന്ത്രോപിക് തുടങ്ങിയ പ്രമുഖ എഐ കമ്പനികളുടെ ടൂളുകളിലും സാങ്കേതിക പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തകരാര്‍ ഏറ്റവും രൂക്ഷമായ സമയത്ത് 74 രാജ്യങ്ങളില്‍ നിന്നായി ഏകദേശം 1,30,000 മുതല്‍ 1,40,000 വരെ പരാതികളാണ് ഡൗണ്‍ഡിറ്റക്ടറില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബാധിക്കപ്പെട്ടവരുടെ എണ്ണം ഇതിലും വളരെ കൂടുതലാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

അവശ്യ പൊതുസേവനങ്ങളെയാണ് ഈ തകരാര്‍ ഏറ്റവും രൂക്ഷമായി ബാധിച്ചത്. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സ് മുതല്‍ ടെക്‌സസ് വരെയുള്ള കോടതികളും നഗര ഭരണകൂടങ്ങളും ആശയ വിനിമയത്തില്‍ വലിയ കാലതാമസമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. ഓസ്ട്രേലിയന്‍ രഹസ്യാന്വേഷണ ഏജന്‍സികളെയും ജപ്പാന്‍ സര്‍ക്കാരിന്റെ പൊതു ഐടി പ്ലാറ്റ്ഫോമിനെയും തകരാര്‍ ബാധിച്ചു. ബ്രിട്ടനില്‍ സ്‌കൂളുകള്‍, ഫാര്‍മസികള്‍, ക്ലിനിക്കുകള്‍ എന്നിവ പകരം സംവിധാനങ്ങള്‍ തേടാന്‍ നിര്‍ബന്ധിതരായി.

ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്ക് പകരം അടിയന്തര ആവശ്യങ്ങള്‍ക്ക് ഫോണില്‍ വിളിക്കാന്‍ പ്രമുഖ പോലീസ് സേനകള്‍ പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു. കാനഡയിലെ ടൊറന്റോയിലുള്ള പ്രമുഖ ആശുപത്രി ശൃംഖലയുടെ ഇമെയില്‍ സംവിധാനം നിലച്ചെങ്കിലും രോഗീപരിചരണത്തെ അത് ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സൈബര്‍ സുരക്ഷാ വീഴ്ചയല്ല, മറിച്ച് അടിസ്ഥാന സൗകര്യങ്ങളില്‍ ഉണ്ടായ അമിതമായ ലോഡ് ആണ് പ്രതിസന്ധിക്ക് കാരണമെന്ന് മൈക്രോസോഫ്റ്റ് വിശദീകരിച്ചു.

ഓട്ടോമേറ്റഡ് ഹെല്‍ത്ത് ചെക്കുകളില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വലിയൊരു വിഭാഗം സെര്‍വറുകള്‍ അപ്രതീക്ഷിതമായി പ്രവര്‍ത്തനരഹിതമായി. ഇതോടെ ശേഷിക്കുന്ന സെര്‍വറുകളിലേക്ക് അമിതമായ നെറ്റ്വര്‍ക്ക് ട്രാഫിക് എത്തുകയും സുരക്ഷിത കണക്ഷനുകള്‍ സ്ഥാപിക്കുന്ന സംവിധാനങ്ങള്‍ സ്തംഭിക്കുകയുമായിരുന്നു. ഇത്രയും വലിയൊരു ക്ലൗഡ് ശൃംഖല ഒറ്റയടിക്ക് സ്വിച്ച് ഓണ്‍ ചെയ്യുന്നതുപോലെ പുനസ്ഥാപിക്കാന്‍ കഴിയില്ലെന്ന് കമ്പ്യൂട്ടര്‍ സയന്‍സ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു സെര്‍വര്‍ തകരാറിലാകുമ്പോള്‍ അതിന്റെ ജോലി ഭാരം അടുത്ത സെര്‍വറിലേക്ക് മാറുന്നത് തുടര്‍ച്ചയായ തകര്‍ച്ചയ്ക്ക് കാരണമാകുന്നു.

തകരാര്‍ പരിഹരിച്ച സെര്‍വറുകള്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുമ്പോള്‍ ദശലക്ഷക്കണക്കിന് ഫോണുകളും ലാപ്ടോപ്പുകളും ഒരേസമയം കണക്ട് ചെയ്യാന്‍ ശ്രമിക്കുന്നത് സംവിധാനങ്ങളെ വീണ്ടും തകരാറിലാക്കാന്‍ സാധ്യതയുണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ഇമെയില്‍ തകരാറുകളില്‍ ഒന്നായാണ് സാങ്കേതിക വിദഗ്ധര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

വെള്ളിയാഴ്ച ഉച്ചയോടെ യൂറോപ്പിലും വടക്കേ അമേരിക്കയിലും സേവനങ്ങള്‍ മെച്ചപ്പെട്ടു വരുന്നതായും കെട്ടിക്കിടക്കുന്ന ഇമെയില്‍ ക്യൂവുകള്‍ കുറയുന്നതായും മൈക്രോസോഫ്റ്റ് അറിയിച്ചു. തകരാര്‍ സമയത്ത് അയച്ച ഇമെയിലുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ കമ്പനി ഇമെയില്‍ ടൈംഔട്ട് വിന്‍ഡോ 48 മണിക്കൂറായി നീട്ടിയിട്ടുണ്ട്. എങ്കിലും നെറ്റ്വര്‍ക്ക് പൂര്‍ണ്ണ ശേഷിയിലേക്ക് എത്തുന്നത് വരെ ഇടയ്ക്കിടെ തടസ്സങ്ങളും ഇമെയില്‍ ലഭിക്കാന്‍ കാലതാമസവും നേരിടാന്‍ സാധ്യതയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ വൈകി എത്തുന്ന ഇമെയിലുകളില്‍ അവ അയച്ച സമയത്തിന് പകരം ഡെലിവറി ചെയ്ത സമയമായിരിക്കും രേഖപ്പെടുത്തുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam