മിഡില്‍ ഈസ്റ്റ് ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയ യുഎസ് നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇറാന്റെ വധഭീഷണി

NOVEMBER 15, 2026, 6:39 PM

വാഷിംഗ്ടണ്‍: ഇറാനെതിരായ സൈനിക നീക്കങ്ങളില്‍ പങ്കെടുത്ത രണ്ട് മുതിര്‍ന്ന യുഎസ് നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് നേരെ പരസ്യ ഭീഷണിയുമായി ഇറാന്‍. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു യുഎസ് നേവി ഡിസ്‌ട്രോയര്‍ നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ 357 ദിവസത്തെ വിന്യാസം പൂര്‍ത്തിയാക്കി യുഎസ്എസ് സ്പ്രൂവന്‍സ് എന്ന യുദ്ധക്കപ്പല്‍ സാന്‍ ഡിയാഗോയില്‍ തിരിച്ചെത്തിയ വെള്ളിയാഴ്ച തന്നെയാണ് ദക്ഷിണാഫ്രിക്കയിലെ ഇറാന്‍ എംബസി എക്‌സിലൂടെ ഭീഷണി സന്ദേശം പുറത്തുവിട്ടത്.

കപ്പലിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ കമാന്‍ഡര്‍ ലെയ് ആര്‍. ടേറ്റ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ലെഫ്റ്റനന്റ് കമാന്‍ഡര്‍ ജെഫ്രി ഇ. യോര്‍ക്ക് എന്നിവരുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് 'ഞങ്ങള്‍ നിങ്ങളെ കണ്ടെത്തും' എന്നാണ് എംബസി കുറിച്ചത്. ഇറാനിലെ മിനാബിലുള്ള ഒരു എലിമെന്ററി സ്‌കൂളില്‍ 168 കുട്ടികള്‍ കൊല്ലപ്പെടാന്‍ ഇടയായ ടോമാഹോക്ക് മിസൈല്‍ ആക്രമണത്തിന് ഉത്തരവിട്ടത് ഈ ഉദ്യോഗസ്ഥരാണെന്ന് എംബസി നേരത്തെ ആരോപിച്ചിരുന്നു.

മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചാല്‍ ഇറാന്‍ പിന്നെ അധികകാലം നിലനില്‍ക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടടുത്ത ദിവസമാണ് ഈ സംഭവവികാസം. ഇറാനില്‍ നിന്നുള്ള ഭീഷണികള്‍ ശക്തമായതോടെ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ സ്റ്റീഫന്‍ മില്ലര്‍ എന്നിവര്‍ സുരക്ഷാ കാരണങ്ങളാല്‍ സൈനിക താവളങ്ങളിലെ അതീവ സുരക്ഷാ വസതികളിലേക്ക് താമസം മാറിയിട്ടുണ്ട്. ഇറാന്‍ 'മൂലയ്ക്ക് ഒതുക്കപ്പെട്ട അപകടകാരിയായ മൃഗത്തെപ്പോലെയാണ്' പെരുമാറുന്നതെന്നും എന്നാല്‍ ഇത്തരം ഭീഷണികള്‍ തങ്ങളുടെ സാമ്പത്തിക ഉപരോധ നടപടികളെ ബാധിക്കില്ലെന്നും ബെസെന്റ് വ്യക്തമാക്കി. ഇതിനിടെ, മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ ഉള്‍പ്പെടെയുള്ളവരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് അംഗം ഷഹ്‌റാം പൂര്‍സാഫിയെ എഫ്ബിഐ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തുകയും, യൂറോപ്പിലും അമേരിക്കയിലും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട മൂന്ന് പേര്‍ക്കെതിരെ നീതിന്യായ വകുപ്പ് കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്.

'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി'യുടെ ഭാഗമായി 2025 നവംബറില്‍ യാത്ര തിരിച്ച യുഎസ്എസ് സ്പ്രൂവന്‍സ്, 88,000 നോട്ടിക്കല്‍ മൈലിലധികം സഞ്ചരിച്ച് ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഡസന്‍ കണക്കിന് ടോമാഹോക്ക് മിസൈലുകള്‍ വിക്ഷേപിക്കുകയും നിരവധി ഇറാനിയന്‍ ഡ്രോണുകളും മിസൈലുകളും തകര്‍ക്കുകയും ചെയ്തിരുന്നു. അമേരിക്ക വീണ്ടും ആക്രമണത്തിന് മുതിര്‍ന്നാല്‍ യൂറോപ്പിലെ യുഎസ് സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള പതിറ്റാണ്ടുകള്‍ നീണ്ട നിഴല്‍യുദ്ധം ഇപ്പോള്‍ പരസ്യമായ ഭീഷണികളിലേക്കും തുറന്ന ഏറ്റുമുട്ടലുകളിലേക്കും വഴിമാറുകയാണെന്നും, ഇറാന്റെ ഭീഷണികളെ പെന്റഗണും വൈറ്റ് ഹൗസും അതീവ ഗൗരവത്തോടെ കാണണമെന്നും പ്രതിരോധ വിദഗ്ധനായ ബെഹ്നാം ബെന്‍ തലേബ്ലു അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam