വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ വർണാഭമായ ആഘോഷത്തിന് അരങ്ങൊരുങ്ങുന്നു; ലക്ഷ്മി പീറ്ററിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ
ഹൂസ്റ്റൺ: ഇന്ത്യൻ കലയും സംസ്‌കാരവും പാരമ്പര്യവും ആഘോഷമാകുന്ന വർണാഭമായ സായാഹ്നത്തിന് ഹൂസ്റ്റൺ മലയാളി സമൂഹം ഒരുങ്ങുന്നു. വേൾഡ് മലയാളി കൗൺസിൽ (ണങഇ) അമേരിക്ക റീജിയൻ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ദക്ഷിൻ ഫെസ്റ്റ് 2026' നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് ആറുമണി മുതൽ ഹൂസ്റ്റണിന് സമീപമുള്ള ഫ്രെസ്‌നോയിലെ സെന്റ് ജെയിംസ് ക്‌നാനായ ചർച്ച് ഹാളിൽ നടക്കും.
കലയുടെ താളവും നാടൻ രുചിവൈവിധ്യങ്ങളും ആഘോഷത്തിന്റെ ആവേശവും ഒത്തുചേരുന്ന ദക്ഷിൻ ഫെസ്റ്റ്, അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന് സാംസ്‌കാരിക പൈതൃകത്തിന്റെ മനോഹരമായ അനുഭവം സമ്മാനിക്കാനാണ് ലക്ഷ്യമിടുന്നത്.
അമേരിക്ക റീജിയൻ വനിതാ ഫോറം ചെയർപേഴ്‌സൺ ലക്ഷ്മി പീറ്ററിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ, ഗ്ലോബൽ മീഡിയ ഫോറം ചെയർപേഴ്‌സൺ റെയ്‌ന റോക്‌സ്, അമേരിക്ക റീജിയൻ വൈസ് പ്രസിഡന്റ് ബിജു ഇട്ടൻ, പ്രൊവിൻസ് പ്രസിഡന്റ് തോമസ് സ്റ്റീഫൻ, പ്രൊവിൻസ് ചെയർമാൻ ലാൽ എബ്രഹാം എന്നിവരും പരിപാടിയുടെ വിജയത്തിനായി സജീവമായി രംഗത്തുണ്ട്.
കണ്ണിനും കാതിനും വിരുന്നൊരുക്കുന്ന കലാപ്രകടനങ്ങൾ, നാടൻ രുചികൾ നിറയുന്ന ഭക്ഷ്യമേള, വൈവിധ്യമാർന്ന ഷോപ്പിംഗ് സ്റ്റാളുകൾ, കമ്മ്യൂണിറ്റി അവാർഡുകൾ എന്നിവയാണ് ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങൾ. ഇന്ത്യൻ പാരമ്പര്യത്തിന്റെ നിറങ്ങളും സംഗീതവും നൃത്തവും ഒത്തുചേരുന്ന വേദി കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വാദ്യകരമാകുമെന്ന് സംഘാടകർ അറിയിച്ചു.
അമേരിക്കൻ മലയാളി സമൂഹത്തിലെ വനിതകളുടെ നേതൃത്വപാടവവും സർഗാത്മകതയും സാമൂഹിക പങ്കാളിത്തവും ഉയർത്തിക്കാട്ടുന്ന സാംസ്‌കാരിക സംരംഭം കൂടിയാണ് ദക്ഷിൻ ഫെസ്റ്റ്. മലയാളി സമൂഹത്തിനപ്പുറം വിവിധ ഇന്ത്യൻ ഭാഷാസാംസ്‌കാരിക വിഭാഗങ്ങളെ ഒരുമിപ്പിക്കുന്ന സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷവേദിയൊരുക്കുകയാണ് വനിതാ ഫോറത്തിന്റെ ലക്ഷ്യം.
പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ സ്വന്തം നാടിന്റെ കലാപാരമ്പര്യവും രുചികളും ഓർമകളും പുതുതലമുറയുമായി പങ്കുവയ്ക്കാനുള്ള അവസരം കൂടിയായി ദക്ഷിൻ ഫെസ്റ്റ് മാറും. പരസ്പര സൗഹൃദങ്ങൾ പുതുക്കാനും പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും ഈ കൂട്ടായ്മ വഴിയൊരുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ഗ്ലോമിസ്റ്റ്, സ്ട്രാറ്റജിക് ഫിനാൻഷ്യൽ ഗ്രൂപ്പ് എന്നിവരാണ് പരിപാടിയുടെ പാർട്ണർമാർ. ഗ്ലോബൽ ഇന്ത്യൻ ന്യൂസ്, ബിഗ് ബോട്ടിൽ ലിക്കർ സ്റ്റോർ, നെർക്കാഴ്ച എന്നിവയുടെ സഹകരണത്തോടെയാണ് ആഘോഷം സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ വിശദാംശങ്ങൾ
തീയതി: നവംബർ 20, 2026, വെള്ളിയാഴ്ച
സമയം: വൈകിട്ട് 6 മണി മുതൽ
വേദി: St. James Knanaya Church Hall, 1805 Avenue D, Fresno, TX 77545, USA
വെൻഡർ സ്റ്റാളുകൾക്കായി ബന്ധപ്പെടുക: 972-369-9184
ഹൂസ്റ്റണിലെയും സമീപപ്രദേശങ്ങളിലെയും മലയാളി കുടുംബങ്ങളെയും വിവിധ ഇന്ത്യൻ സമൂഹങ്ങളിലെ അംഗങ്ങളെയും ഈ സാംസ്‌കാരിക ആഘോഷത്തിലേക്ക് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വനിതാ ഫോറം സ്വാഗതം ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
