കരിങ്കുന്നം അന്താരാഷ്ട്ര വടംവലി മത്സരത്തിന് ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ആശംസകൾ; സംഘാടകർക്ക് പിന്തുണയുമായി ഷിക്കാഗോയിലെ വടംവലി പ്രേമികൾ

NOVEMBER 13, 2026, 1:34 AM

ഷിക്കാഗോ: 2027 ജനുവരി 17ന് കേരളത്തിലെ കരിങ്കുന്നത്ത് നടക്കുന്ന പ്രഥമ ക്‌നാനായ അന്താരാഷ്ട്ര വടംവലി മത്സരത്തിന് ഷിക്കാഗോ സോഷ്യൽ ക്ലബ് ആശംസകൾ അറിയിച്ചു. കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്‌നാനായ കത്തോലിക്ക പള്ളിയുടെ 2027 ജനുവരിയിലെ തിരുനാൾ പ്രസുദേന്തിമാരും കരിങ്കുന്നം സോഷ്യൽ ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന വടംവലി മാമാങ്കത്തിനാണ് ഷിക്കാഗോ സോഷ്യൽ ക്ലബ് പിന്തുണയും ആശംസകളും അറിയിച്ചത്.

ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേലിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയും സിറിയക് കൂവക്കാട്ടിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വടംവലി ടൂർണമെന്റ് കമ്മിറ്റിയുമാണ് കരിങ്കുന്നം സോഷ്യൽ ക്ലബ്ബിനും മത്സരത്തിന്റെ സംഘാടകർക്കും വിജയാശംസകൾ നേർന്നത്.

ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ സംഘാടകസമിതിയിൽ പ്രവർത്തിക്കുന്ന രണ്ട് പ്രമുഖ അംഗങ്ങൾ കരിങ്കുന്നം ടൂർണമെന്റിന്റെ പ്രധാന സ്‌പോൺസർമാരായി രംഗത്തെത്തിയിരിക്കുന്നത് ഇരു ക്ലബ്ബുകളും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പ്രത്യേകതയായി.

vachakam
vachakam
vachakam

കരിങ്കുന്നം സ്വദേശിയും ഷിക്കാഗോയിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ സജി മുല്ലപ്പള്ളിൽ ആണ് കരിങ്കുന്നം അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ പ്ലാറ്റിനം സ്‌പോൺസർ. ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ സജീവ അംഗമായ അദ്ദേഹം ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ കമ്മിറ്റി അംഗം കൂടിയാണ്.

മത്സരത്തിലെ ഒന്നാം സമ്മാനമായ 1,00,001 രൂപയും സൈമൺ കൈതക്കത്തൊട്ടിയിൽ മെമ്മോറിയൽ ട്രോഫിയും സ്‌പോൺസർ ചെയ്തിരിക്കുന്നത് ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ മുൻ പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ ബിനു കൈതക്കത്തൊട്ടിയിലും കുടുംബവുമാണ്. ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി ടൂർണമെന്റ് കമ്മിറ്റി അംഗം കൂടിയാണ് ബിനു കൈതക്കത്തൊട്ടിയിൽ.

ലോകത്തിലെ ഏറ്റവും വലിയ വടംവലി മത്സരങ്ങളിലൊന്നായി അറിയപ്പെടുന്ന ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി ടൂർണമെന്റിന്റെ സംഘാടനപരിചയമുള്ള അംഗങ്ങൾ കരിങ്കുന്നത്തെ പുതിയ വടംവലി സംരംഭത്തിനും പിന്തുണയുമായി എത്തുന്നത് ശ്രദ്ധേയമാണ്.

vachakam
vachakam
vachakam

സ്വദേശത്തുനിന്നും വിദേശത്തുനിന്നുമുള്ള ടീമുകൾ പങ്കെടുക്കുന്ന കരിങ്കുന്നം വടംവലി മത്സരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. 570 കിലോഗ്രാം ഭാരവിഭാഗത്തിലുള്ള മത്സരങ്ങൾ തൊമ്മനും മക്കളും ടീമിന്റെ നിയന്ത്രണത്തിലായിരിക്കും സംഘടിപ്പിക്കുക.

കേരളത്തിനകത്തും പുറത്തും, പ്രത്യേകിച്ച് അമേരിക്കയിലും മറ്റ് വിദേശരാജ്യങ്ങളിലും താമസിക്കുന്ന കരിങ്കുന്നം നിവാസികളെ ഒരുമിപ്പിക്കുന്ന ഈ കായികമാമാങ്കം പ്രവാസി സമൂഹവും ജന്മനാടും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഷിക്കാഗോ സോഷ്യൽ ക്ലബ് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

കരിങ്കുന്നം സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വടംവലി മത്സരം വൻവിജയമാകട്ടെയെന്നും വരുംവർഷങ്ങളിൽ കേരളത്തിലെ ശ്രദ്ധേയമായ വടംവലി ടൂർണമെന്റുകളിലൊന്നായി വളരട്ടെയെന്നും പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേലിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയും സിറിയക് കൂവക്കാട്ടിന്റെ നേതൃത്വത്തിലുള്ള വടംവലി ടൂർണമെന്റ് കമ്മിറ്റിയും ആശംസിച്ചു.

vachakam
vachakam
vachakam

കായികമത്സരങ്ങൾക്കപ്പുറം സൗഹൃദവും ഐക്യവും സഹകരണവും വളർത്തുന്ന ഇത്തരം സംരംഭങ്ങൾക്ക് ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ എല്ലാ വിജയാശംസകളും നേരുന്നതായും ഭാരവാഹികൾ അറിയിച്ചു.

അനിൽ മറ്റത്തിക്കുന്നേൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam