ഇല്ലിനോയിസ്: യു.എസിലെ ഇല്ലിനോയിസില്‍ ഓറോറയില് ബുധനാഴ്ച കെട്ടിടം ഇടിഞ്ഞ് വീണ് മൂന്ന് പേര്‍ക്ക് പരിക്ക്. കെട്ടിടത്തിന്റെ പുറംഭാഗത്തെ ഇഷ്ടിക ഭിത്തികള്‍ അപ്രതീക്ഷിതമായി റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. അപകട സമയത്ത് സമീപത്തുണ്ടായിരുന്ന കാല്‍നടയാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.
കെട്ടിടം നിലംപൊത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രദേശത്തെ സുരക്ഷാ ക്യാമറകളില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നതാണ് ദുരന്തത്തിന് കാരണമായതെന്നും, ഇതിന്റെ ആഘാതത്തില്‍ കെട്ടിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന സ്കാഫോള്‍ഡിംഗും (താല്‍ക്കാലിക തട്ടുകള്‍) മുന്‍ഭാഗത്തെ ഭിത്തികളും താഴേക്ക് പതിക്കുകയുമായിരുന്നുവെന്നും ഓറോറ പോലീസ് വ്യക്തമാക്കി.
അപകടത്തിന് തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ അഗ്നിശമനസേനാംഗങ്ങള്‍, കെട്ടിടത്തിന്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കി. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ നഗരമധ്യത്തിലെ പ്രധാന റോഡുകളിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. കെട്ടിടം തകരാനുണ്ടായ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ന്യൂയോര്‍ക്കിലെ ബ്രൂക്ലിനില്‍ കെട്ടിടം തകര്‍ന്ന് രണ്ട് കുട്ടികളടക്കം എട്ട് പേര്‍ക്ക് ജീവന് നഷ്ടമായ ദാരുണ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഓറോറയിലും സമാനമായ അപകടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
