അങ്ങ് ഡൽഹിയിൽ മാത്രമല്ല ഇപ്പോൾ ലോകത്ത് ഒരിടത്തെങ്കിലും ഏതെങ്കിലും ഭരണാധികാരിക്ക് മനസ്സമാധാനത്തോടെ ഭരിക്കാൻ കഴിയുന്നണ്ടോ എന്ന് ചിന്തിച്ചാൽ അല്പം കുഴയും. ആഭ്യന്തര കലഹങ്ങളാൽ കലുഷിതമാണ് ലോകരാഷ്ട്രങ്ങൾ. നമ്മുടെ രാജ്യ തലസ്ഥാനത്ത് തുടങ്ങിവെച്ച പാറ്റ സമരം ഭരണാധികാരികൾക്ക് സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല.
അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ, വെള്ളിത്തിരയിൽ നിന്ന് നേരെയെത്തിയ ജോസഫ് വിജയ് എന്ന മുഖ്യമന്ത്രിക്ക് പോലും രാഷ്ട്രീയ ശത്രുക്കളെ കൊണ്ട് സ്വസ്ഥതയില്ല. കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള നേതൃസ്ഥാന തർക്കത്തെ തുടർന്ന് കോൺഗ്രസ് സർക്കാരിൽ ഭരണപ്രതിസന്ധി നിലനിൽക്കുന്നു. രണ്ടര വർഷത്തിനു ശേഷം മുഖ്യമന്ത്രി സ്ഥാനം കൈമാറുമെന്ന ധാരണയെ ചൊല്ലിയുള്ള തർക്കവും പ്രതിപക്ഷമായ ബി.ജെ.പിയുടെ അഴിമതി ആരോപണങ്ങളുമാണ് നിലവിലെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണം.
ഭരണകൂടം പോലീസിനെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും വേട്ടയാടുകയാണെന്ന് വൈ.എസ്.ആർ.സി.പി നേതാക്കൾ ആരോപിക്കുന്ന ആന്ധ്രാപ്രദേശിലും സ്ഥിതി വ്യത്യസ്തമല്ല. അപ്പോൾ കേരളത്തിൽ മാത്രമായി ഭരണാധികാരിക്ക് സവിശേഷമായി എന്താണ് വേണ്ടത്?
അഴിമതി ആരോപണങ്ങളുടെ കൊടിമുടി കയറി നിൽക്കുന്ന പ്രതിപക്ഷ നേതാവിനെയും സംഘത്തെയും തൽക്കാലം ഭയക്കേണ്ട അവസ്ഥ വി.ഡി. സതീശൻ എന്ന മുഖ്യമന്ത്രിക്കില്ല. കേസുകളുടെ ഊരാക്കുടുക്കുകളിൽ നിന്ന് സ്വയം അഴിഞ്ഞു പുറത്തുവന്നിട്ട് വേണം പ്രതിപക്ഷ നിരയെ പിണറായി വിജയന് നയിക്കാൻ. അതിനിടെ, തനിക്കു മുൻപ് പത്തുവർഷം ഭരിച്ച രാഷ്ട്രീയ എതിരാളിയോട് രാഷ്ട്രീയ പകപോക്കൽ ഇല്ലെന്ന് തെളിയിക്കാൻ അനുദിനം പാടുപെടുന്ന ഒരു മുഖ്യമന്ത്രി. മാസപ്പടി കേസിൽ പോലും പ്രതിപക്ഷ നേതാവിന് കോടതിയിൽ സമാശ്വാസം നൽകുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
അതിന്റെ പേരിൽ സ്വന്തം പാർട്ടിക്കുള്ളിൽ ഉയർന്ന കലാപത്തെ പോലും സതീശൻ ഭയന്നില്ല. എന്തുകൊണ്ട് അപ്പീൽ പോയില്ല എന്ന് സുപ്രീംകോടതി പോലും ചോദിച്ചു. സതീശന്റെ ഈ നിർഭയത്വവും കൂസലില്ലായ്മയും കോൺഗ്രസിൽ ഒരു പതിറ്റാണ്ട് ഉറങ്ങിക്കിടന്ന ഗ്രൂപ്പ് ക്യാമ്പുകളെ ഉണർത്താൻ ഉത്തേജകമായി. ഭരണത്തിലേറി 100 ദിവസം പിന്നിടുന്നതിന് മുൻപ് സ്വയം അവരോധിത ഗ്രൂപ്പ് മാനേജർമാർ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പഴയ തിരുത്തൽവാദ സിദ്ധാന്തത്തിന്റെ പുതിയ മുഖവുമായി.
നവ തിരുത്തൽ വാദം
സ്വന്തം പാളയത്തിൽ നിന്നുതന്നെ വരുന്ന കുത്തിത്തിരിപ്പിന് കോൺഗ്രസുകാർ പണ്ട് തിരുത്തൽ വാദം എന്നാണ് പേരിട്ടത്. ഏതെങ്കിലും ആദർശത്തിന്റെ പേരിലായിരുന്നില്ല പണ്ടത്തെ തിരുത്തൽ വാദം. സ്ഥാനമോഹം തന്നെ മുഖ്യഘടകം. തിരുത്തൽവാദികൾ എന്ന പേരു ചാർത്തപ്പെട്ട നേതാക്കളിൽ ഇന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും എം.ഐ ഷാനവാസിനും ജി. കാർത്തികേയനും തിളങ്ങി നിന്നു. കോൺഗ്രസിൽ കെ.കരുണാകരന്റെ അപ്രമാദിത്വം നിറഞ്ഞുനിന്ന ഘട്ടത്തിലാണ് കരുണാകരന്റെ തണലിൽ വളർന്ന ചെറുപ്പക്കാർ തന്നെ തിരുത്തൽ വാദം ഉയർത്തുന്നത്.
കാറപകടത്തിൽപ്പെട്ട കരുണാകരൻ തിരിച്ചുവരമോ എന്ന് ആശങ്കപ്പെട്ട ഘട്ടത്തിലാണ് ഐ ഗ്രൂപ്പിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി മകൻ കെ.മുരളീധരൻ ഉയർന്നുവരുന്നു എന്ന ആശങ്ക ഒരു വിഭാഗത്തിന് ഉണ്ടായത്. പക്ഷേ കരുണാകരൻ തിരിച്ചുവന്നു. തിരുത്തൽ വാദികൾ ഒതുങ്ങി.
ശൈലി മാറ്റം എന്ന ഓമനപേരിൽ ഉമ്മൻചാണ്ടിയും ഒരു ഘട്ടത്തിൽ പാളയത്തിലെ പടയ്ക്ക് നായകത്വം വഹിച്ചു. ഇന്ന് വലിയ ഒരു ഇടവേളയ്ക്ക് ശേഷം ഭരണത്തിൽ തിരിച്ചെത്തിയപ്പോൾ കോൺഗ്രസ് അതിന്റെ ഗ്രൂപ്പിസം എന്ന ജനിതക സ്വഭാവം വീണ്ടെടുത്തിരിക്കുന്നു.
മന്ത്രിസഭയിൽ അംഗങ്ങളായവർ പോലും ഒളിഞ്ഞും തെളിഞ്ഞും സതീശനെതിരെ അമ്പെയ്യുന്നു.
തുടക്കം കുറിച്ചത് കെ.പി.സി.സി ആസ്ഥാനത്ത് മുന്നണി കൺവീനർ അടൂർ പ്രകാശ് തന്നെ. മുന്നണിയോഗം വിളിച്ചു ചേർക്കാത്തതിനും കൂടിയലോചനകൾ ഇല്ലാത്തതിനും വിമർശനം.അതൊരു തുടക്കമായിരുന്നു. ഹൈക്കമാന്റിനെ നേരിൽകണ്ട് അദ്ദേഹം പരാതി പറയുകയും ചെയ്തു. അപ്പോൾ ആരാണ് അടൂർ പ്രകാശിന് പിന്നിൽ എന്ന ചർച്ച ഉയർന്നു. പാർട്ടിയിൽ പലവിധ അഭ്യൂഹങ്ങൾക്കും തുടക്കമിട്ടതിനു പിന്നാലെ, പലരും പലതും വിളിച്ചു പറയാൻ തുടങ്ങി.
തന്നെ സ്ഥാനഭ്രഷ്ടനാക്കാൻ ചിലർ കളിച്ച കളികൾ കെ.സുധാകരൻ ഇപ്പോൾ വിളിച്ചു പറയുന്നു. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാക്കാൻ നടത്തിയ നീക്കം. പാർട്ടിക്കവേണ്ടി വിയർത്തവരെ വിലകുറച്ചു കാണിക്കുന്നു ഇപ്പോൾ നേതൃത്വം. തെറ്റ് ചൂണ്ടിക്കാട്ടുന്ന പോരാളികളെയാണ് കോൺഗ്രസിന് ഇപ്പോൾ ആവശ്യം എന്നും സുധാകരൻ പാർട്ടിയിലെ വിവാദങ്ങൾക്ക് തീപടർന്നുകൊണ്ട് പ്രഖ്യാപിക്കുന്നു. അതിനിടയാണ് മുഖ്യമന്ത്രിക്ക് എതിരായ നീക്കങ്ങളുടെ കർട്ടന് പിന്നിൽ ആരോ ഉണ്ടെന്ന് കെ.മുരളീധരൻ വിളിച്ചു പറയുന്നത്.
മുരളി തൊടുത്ത ഒളിയമ്പ്
കെ. മുരളീധരൻ ആരുടെയും പേര് പറഞ്ഞില്ല. ആർക്കും വ്യാഖ്യാനിക്കാവുന്ന തരത്തിൽ ഒരു കള്ളച്ചിരിയോടെ മാധ്യമങ്ങൾക്ക് ഒരു ഇര ഇട്ടു കൊടുത്തു. ആദ്യം വെടി പൊട്ടിച്ച അടൂർ പ്രകാശിനെ വേണമെങ്കിൽ സംശയിക്കാം. ഇത്തവണ മുഖ്യമന്ത്രിപദം മോഹിച്ച രമേശ് ചെന്നിത്തലയുടെ പഴയ ശിഷ്യനാണ് അടൂർ പ്രകാശ്.
തുടക്കത്തിൽ സംശയിച്ചിരുന്ന കെസി വേണഗോപാൽ തൽക്കാലം കേരള രാഷ്ട്രീയത്തിൽ കണ്ണുവയ്ക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം സ്വയം പ്രഖ്യാപിച്ചു. ആ നിലയ്ക്ക് സംശയത്തിന്റെ ആനുകൂല്യം അദ്ദേഹത്തിന് നൽകാം. ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കാൻ 10 ദിവസം വേണ്ടി വന്ന സംസ്ഥാനത്തെ കോൺഗ്രസിന് ഇതൊന്നും ഒരു വാർത്തയല്ല. എന്നാൽ, മുന്നണി കൺവീനർ തന്നെ കളത്തിൽ ഇറങ്ങുന്നത് പതിവില്ലാത്തതാണ്.
കാലത്തിന്റെ തിരിവിൽ അതും കാണേണ്ടിവരും സതീശന് . ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഒരു പ്രതിപക്ഷ നേതാവിനെ പോലെ അദ്ദേഹത്തിന്റെ വിമർശകനായി നിലകൊണ്ട നേതാവാണ് വി.എം.സുധീരൻ. ആ സുധീരന്റെ ഉത്തമ ശിഷ്യനായിരുന്നു അന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി.
തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നിട്ടും ഉമ്മൻചാണ്ടിയോട് കലഹിക്കാതെ കെ.പി.സി.സി അധ്യക്ഷനായി കറേക്കാലം തുടർന്ന ചെന്നിത്തലയാവട്ടെ ഇന്ന് സതീശൻ മന്ത്രിസഭയിലെ മന്ത്രി.
എന്നാൽ അടൂർ പ്രകാശ് വിമർശനം തുടർന്നാൽ പലതും വിളിച്ചു പറയേണ്ടി വരും എന്ന സൂചനയാണ് പേര് പറയാതെ മുരളീധരൻ പുറത്തുവിട്ടത്. അത് പ്രതിപക്ഷ നേതാക്കളോ ഘടകകക്ഷി നേതാക്കളോ ആവാൻ തരമില്ല.
മാസപ്പടി കേസിലെ നിലപാടിൽ സതീശൻ കൈക്കൊള്ളുന്ന മൃദു സമീപനത്തെ പരസ്യമായി എതിർത്തുകൊണ്ട് രംഗത്തുവന്ന മാത്യു കുഴൽനാടനെ പോലുള്ളവർ സതീശവിരുദ്ധ ചേരിക്ക് പിന്നെയും ഊർജ്ജം പകരുന്നു. ചില രാഷ്ട്രീയ ഒത്തുതീർപ്പുകൾ നടക്കുന്നുവെന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ ആ വിവാദത്തിന് കഴിഞ്ഞു.
എന്നാൽ മുരളീധരന് പിന്നിൽ ആരാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സർക്കാരിനെതിരെ തിരിഞ്ഞാൽ പല പേരുകളും വിളിച്ചു പറയും എന്ന് പറയാതെ പറയുകയാണ് മുരളി.
അതിനാൽ തന്നെ അദ്ദേഹത്തെ കൂടി ഒതക്കേണ്ട ബാധ്യത മറുവശത്തുണ്ട്. അതിനാലാവണം സമീപ ദിവസങ്ങളിൽ മുരളീധരൻ കൈകാര്യം ചെയ്യുന്ന ആരോഗ്യവകുപ്പിനെതിരെ നിരന്തരം മാധ്യമങ്ങളിൽ വാർത്തകൾ പ്രത്യക്ഷപ്പെടുന്നത്. ഡിപ്പാർട്ട്മെന്റ് തലവന്മാർ പോലും അറിയുന്നതിന് മുൻപ് ആരോഗ്യവകുപ്പിലെ വീഴ്ചകൾ മാധ്യമങ്ങൾക്ക് ചോർന്നു കിട്ടുന്നു.
എന്നും പ്രതിരോധത്തിലാകുന്ന ഒരു മന്ത്രി. ഭരണത്തിലും രാഷ്ട്രീയത്തിലും ശ്രദ്ധിക്കാൻ കഴിയാത്ത വിധം മുരളീധരനെതിരെ ചക്രവ്യൂഹം തീർക്കുന്നത് ആരെന്ന് മറ്റാരെക്കാളും അദ്ദേഹത്തിന് തന്നെ അറിയാം. ഏതായാലും വി.ഡി. സതീശന് കവചം ഒരുക്കുന്ന ഒരു ഗ്രൂപ്പ് കൂടി മറുവശത്ത് ശക്തി പ്രാപിക്കുന്നതായി രാഷ്ട്രീയ സൂചകങ്ങൾ വെളിപ്പെടുത്തുന്നു. കർട്ടന് പിന്നിൽ ചരട് വലിക്കുന്നത് ആരെന്ന് അധികം വൈകാതെ രാഷ്ട്രീയ കേരളം തിരിച്ചറിയും.
പ്രജിത്ത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
