ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ഫൊറോനാ ദേവാലയത്തിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്രവർത്തനോദ്ഘാടനം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ഒക്ടോബർ 18 ഞായറാഴ്ച കുട്ടികളുടെ വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായാണ് പ്രവർത്തനോദ്ഘാടന ചടങ്ങുകൾ സംഘടിപ്പിച്ചത്.
സ്‌നേഹം, സേവനം, സഹനം, ത്യാഗം എന്നീ മഹത്തായ മൂല്യങ്ങൾ ആലേഖനം ചെയ്ത ബാനറുകളും മിഷൻ ലീഗിന്റെ പതാകകളുമേന്തിയാണ് കുഞ്ഞുമിഷനറിമാർ ദേവാലയത്തിലേക്ക് പ്രദക്ഷിണമായി പ്രവേശിച്ചത്. തുടർന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുസ്വരൂപത്തിന് മുന്നിൽ പുഷ്പങ്ങൾ സമർപ്പിച്ച് തങ്ങളുടെ പ്രേഷിതദൗത്യത്തോടുള്ള പ്രതിബദ്ധത കുഞ്ഞുമിഷനറിമാർ പ്രകടിപ്പിച്ചു.
ചെറുപുഷ്പ മിഷൻ ലീഗിന്റെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഭൂഖണ്ഡങ്ങൾക്കപ്പുറമുള്ള മിഷൻ പ്രദേശങ്ങളിലേക്കുപോലും സഹായഹസ്തം നീട്ടാൻ ബെൻസൻവില്ലിലെ കുഞ്ഞുമിഷനറിമാർക്ക് കഴിഞ്ഞതായി ഇടവക വികാരി ഫാ. എബ്രഹാം കളരിക്കൽ അഭിപ്രായപ്പെട്ടു.
ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും നിസ്വാർഥമായ സേവനങ്ങളിലൂടെയും സഭയുടെ പ്രേഷിതചൈതന്യം വളർത്തുന്നതിന് കുട്ടികൾ നടത്തുന്ന പരിശ്രമങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ്‌സ് കോൺഗ്രിഗേഷന്റെ മദർ ജനറൽ സിസ്റ്റർ സോമി കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെറുപുഷ്പ മിഷൻ ലീഗിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
മിഷൻ ചൈതന്യം കുടുംബങ്ങളിൽ നിന്നുതന്നെ ആരംഭിക്കണമെന്നും പ്രേഷിതപ്രവർത്തനങ്ങളിലേക്ക് കുട്ടികളെ ചെറുപ്പം മുതലേ പ്രചോദിപ്പിക്കണമെന്നും സിസ്റ്റർ സോമി ഉദ്‌ബോധിപ്പിച്ചു.
അതോടൊപ്പം, ഓരോ രാജ്യത്തിന്റെയും സംസ്‌കാരവും ജീവിതരീതികളും അടുത്തറിയുന്ന വ്യക്തികൾ സന്യാസ, പൗരോഹിത്യ ദൈവവിളികൾ സ്വീകരിച്ച് പ്രേഷിതരംഗത്തേക്ക് കടന്നുവരുന്നത് സഭയുടെ മിഷൻ പ്രവർത്തനങ്ങൾക്ക് വലിയ മുതൽക്കൂട്ടാകുമെന്നും സിസ്റ്റർ ഓർമിപ്പിച്ചു.
കുഞ്ഞുമിഷനറിമാരിൽ പ്രേഷിതചൈതന്യവും വിശ്വാസതീക്ഷ്ണതയും വളർത്തുന്നതിനുള്ള ആഹ്വാനമായി പ്രവർത്തനോദ്ഘാടന ചടങ്ങുകൾ മാറി. ചെറുപുഷ്പ മിഷൻ ലീഗിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളായ ഇഷാന പുതുശ്ശേരിൽ, ഏയ്ഡൻ വഞ്ചിപ്പുരയ്ക്കൽ, ക്ലയോൺ നാരമംഗലത്ത്, സാമുവേൽ തേവർമറ്റത്തിൽ, നെവിൻ പണിക്കശ്ശേരിയിൽ എന്നിവരോടൊപ്പം കൊളീൻ കീഴങ്ങാട്ട്, ആൻസി സഖറിയ ചേലയ്ക്കൽ, ജൂബിൻ പണിക്കശ്ശേരിൽ എന്നിവർ ചടങ്ങുകളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
ലിൻസ് താന്നിച്ചുവട്ടിൽ, പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
