ആലപ്പുഴ: സിപിഎം കുട്ടനാട് ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു. നിലവിലുള്ള 19 അംഗ ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് പകരം 10 അംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് ചുമതല നൽകി.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിലാണ് നിർണായക തീരുമാനം. കുട്ടനാട്ടിൽ പ്രാദേശിക വിഭാഗീയത അതിരൂക്ഷമായതോടെ നിരവധി നേതാക്കളും പ്രവർത്തകരും പാർട്ടി വിടുന്ന സാഹചര്യമുണ്ടായിരുന്നു. ചിലർ സിഎംപി, ബിജെപി തുടങ്ങിയ പാർട്ടികളിൽ ചേർന്നിരുന്നു. കൂടുതൽ പ്രവർത്തകർ കൊഴിഞ്ഞുപോകുന്നത് തടയുന്നതിനും സംഘടനയെ ശക്തിപ്പെടുത്തുന്നതിനുമാണ് സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടത്.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു സി. പുളിക്കലിനാണ് പുതിയ ഏരിയാ കമ്മിറ്റിയുടെ ചുമതല. ആറുമാസത്തേക്കാണ് താത്കാലിക സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. മനു സി. പുളിക്കലിന് പുറമെ ജോസ് തോമസ്, എൻ.പി. വിൻസെന്റ്, ജോജോ ആന്റണി, കെ.ആർ. രാംജിത്ത്, എം.വി. പ്രിയ, എം. കൃഷ്ണലത, എം.കെ. സജി എന്നിവരടങ്ങുന്നതാണ് പുതിയ സമിതി.
വിഭാഗീയ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളെന്ന വിലയിരുത്തലിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കെ. അശോകൻ, ജി. ഉണ്ണികൃഷ്ണൻ, മുൻ ഏരിയാ സെക്രട്ടറി സി.പി. ബ്രീവൻ എന്നിവരെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
