ന്യൂയോർക്ക്: ഫൊക്കാനയുടെ ഔദ്യോഗിക സാഹിത്യ മാസികയായ 'അക്ഷരധാര'യുടെ എഡിറ്റോറിയൽ കമ്മിറ്റിയെ നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. ഫൊക്കാന സാഹിത്യ കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും എഡിറ്റോറിയൽ ബോർഡ് പ്രവർത്തിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോർത്ത് അമേരിക്കയിലെ പ്രശസ്തരായ എഴുത്തുകാരും പ്രോജക്ട് മാനേജ്മെന്റ് വിദഗ്ധരും ഉൾപ്പെടുന്നതാണ് എഡിറ്റോറിയൽ കമ്മിറ്റി. എഡിറ്റിംഗ്, പബ്ലിഷിംഗ് രംഗങ്ങളിൽ ദീർഘകാലത്തെ പരിചയസമ്പത്തും കഴിവും തെളിയിച്ച വ്യക്തിത്വങ്ങളാണ് ഇതിൽ അണിനിരക്കുന്നത്.
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രചാരണവും വളർച്ചയും ഫൊക്കാനയുടെ രൂപീകരണകാലം മുതൽ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ഫൊക്കാന നേതൃത്വം വ്യക്തമാക്കി. നോർത്ത് അമേരിക്കൻ മലയാളി എഴുത്തുകാരെയും അവരുടെ സൃഷ്ടികളെയും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കാനും, ഭാഷാസേവനവും സാഹിത്യ പ്രോത്സാഹനവും കാര്യക്ഷമമായി നിർവ്വഹിക്കാനുമാണ് ഈ പ്രതിമാസ പ്രസിദ്ധീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
മാസികയുടെ പ്രഥമ ലക്കത്തിനുള്ള പ്രവർത്തനങ്ങൾ എഡിറ്റോറിയൽ ടീം ആരംഭിച്ചതായി സാഹിത്യ കമ്മിറ്റി ചെയർപേഴ്സൺ ബെന്നി നെച്ചൂർ അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ മൊബൈൽ ഫ്രണ്ട്ലിയായ ഡിജിറ്റൽ രൂപത്തിലായിരിക്കും മാസിക പുറത്തിറങ്ങുക എന്നും അദ്ദേഹം വ്യക്തമാക്കി.
നോർത്ത് അമേരിക്കയിൽ ലോകോത്തര നിലവാരമുള്ള ഒട്ടേറെ എഴുത്തുകാരുണ്ടെങ്കിലും അവരുടെ സൃഷ്ടികൾ ആഗോളതലത്തിൽ വേണ്ടത്ര വായിക്കപ്പെടുകയോ പ്രചരിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന് സാഹിത്യ കമ്മിറ്റി വൈസ് ചെയർപേഴ്സൺ മുരളി ജെ. നായർ ചൂണ്ടിക്കാട്ടി. ഈ മാസിക ലോകമെമ്പാടുമുള്ള മലയാളി വായനക്കാരിലേക്ക് എത്തിക്കാൻ സാഹിത്യ കമ്മിറ്റി പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാഹിത്യ രംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ പ്രശസ്ത എഴുത്തുകാരൻ ജോസഫ് നമ്പിമഠം ആണ് 'അക്ഷരധാര'യുടെ ചീഫ് എഡിറ്റർ. എം.പി ഷീലയും വേണുഗോപാലൻ കൊക്കോടനും അസോസിയേറ്റ് എഡിറ്റർമാരായും, ബെന്നി നെച്ചൂർ പ്രൊഡക്ഷൻ ഇൻചാർജ്ജ് ആയും ഗീത ജോർജ്ജ് ഫിനാൻസ് കോഓർഡിനേറ്ററായും പ്രവർത്തിക്കുന്നു.
മുരളി ജെ. നായർ, സോണി അമ്പൂക്കൻ, സാംസി കൊടുമൺ എന്നിവരാണ് ഉപദേശകസമിതി അംഗങ്ങൾ. ജോർജ്ജ് നടവയൽ സർക്കുലേഷന്റെ മേൽനോട്ടം വഹിക്കും. സാഹിത്യകാരായ ജേക്കബ് ജോൺ, ഫിലിപ്പ് തോമസ്, സിനി മാത്യു ജോൺ, ഷാജു ജോൺ എന്നിവരാണ് എഡിറ്റോറിയൽ ടീമിലെ മറ്റ് അംഗങ്ങൾ.
ഈ പ്രസിദ്ധീകരണത്തിലേക്ക് അമേരിക്കയിലും കാനഡയിലുമുള്ള എഴുത്തുകാരിൽ നിന്നും സാഹിത്യസൃഷ്ടികൾ ക്ഷണിക്കുന്നു. കഥ, കവിത, ലേഖനം, അനുഭവക്കുറിപ്പുകൾ, സാഹിത്യ നിരൂപണം, യാത്രാവിവരണം തുടങ്ങിയവ അയയ്ക്കാവുന്നതാണ്.
കേവലം ഗൃഹാതുരത്വ സ്മരണകൾക്കപ്പുറം, പ്രവാസജീവിതത്തിന്റെ വേറിട്ട അനുഭവങ്ങളും യാഥാർത്ഥ്യങ്ങളും പ്രതിഫലിപ്പിക്കുന്നതും സാഹിത്യമേന്മ പുലർത്തുന്നതുമായ രചനകൾക്കാണ് മുൻഗണന. കഥകളും കവിതകളും രചയിതാവിന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്ത ഓഡിയോ ക്ലിപ്പുകളായും അയക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികളിൽ ആവശ്യമായ എഡിറ്റിംഗ് വരുത്താനുള്ള പൂർണ്ണ സ്വാതന്ത്ര്യം എഡിറ്റോറിയൽ ബോർഡിനുണ്ടായിരിക്കും.
മാസികയുടെ ഒന്നാം വാർഷിക വേളയിൽ, 'അക്ഷരധാര'യിൽ പ്രസിദ്ധീകരിക്കുന്ന മികച്ച രചനകൾ സമാഹരിച്ച് ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാനും കമ്മിറ്റി പദ്ധതിയിടുന്നുണ്ട്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
സൃഷ്ടികൾ അയക്കേണ്ട ഇമെയിൽ വിലാസം: [email protected]
'അക്ഷരധാര' മാസികയുടെ വിജയത്തിനും പുതിയ ഭാരവാഹികൾക്കും ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിൻഡോ ജോളി, വൈസ് പ്രസിഡന്റ് ജോസി ജെ. കാരക്കാട്ട്, അസോസിയേറ്റ് സെക്രട്ടറി സോണി തോമസ് അമ്പൂക്കൻ, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി അജു ഉമ്മൻ, അസോസിയേറ്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ അസോസിയേറ്റ് ട്രഷറർ ഗ്രേസ് മരിയ ജോസഫ്, വുമൺസ് ഫോറം ചെയർ പേഴ്സൺ ഷൈനി രാജു എന്നിവർ ആശംസകളും പിന്തുണയും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ജോസഫ് നമ്പിമഠം: 214-564-9371, സോണി ആംബുക്കൻ: 860-794-7992, സാംസി കൊടുമൺ: 516-270-4302, ഗീത ജോർജ്: 510-709-5977, മുരളി ജെ. നായർ: 267-886-2942, ജോർജ് നടവയൽ -215-494-6420, എം.പി. ഷീല: 215-433-3282, ഷാജു ജോൺ: 469-274-6501, സിനി മാത്യു ജോൺ: 403-437-8435, ഫിലിപ്പ് തോമസ്: 732-799-8235, ജേക്കബ് ജോൺ (ജെസിജെ): 914-837-6438, വേണു കൊക്കോടൻ: 850-339-7104, ബെന്നി നെച്ചൂർ: 201-951-6801
ജിജി റ്റോം, ഫൊക്കാന പി.ആർ.ഒ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
