തൃശൂർ: മുട്ടിൽ മരംമുറിക്കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ, സംഭവത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അനിൽ അക്കര മുഖ്യമന്ത്രിക്ക് കത്തയച്ചു. മുൻ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കുമെതിരെ വെളിപ്പെടുത്തലുകളും നിയമനടപടികളും ഉണ്ടായ സാഹചര്യത്തിൽ, കേസിൻറെ എല്ലാ വശങ്ങളും അന്വേഷ പരിധിയിൽ കൊണ്ടുവരണം. അന്വേഷണത്തിൽ കുറ്റക്കാരെന്ന് തെളിയുന്ന എല്ലാവർക്കെതിരെയും ഭേദമന്യേ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കണമെന്നും അനിൽ അക്കര അഭ്യർത്ഥിച്ചു.
കേസുമായി ബന്ധപ്പെട്ട മുഴുവൻ തീരുമാനങ്ങളും അതിലേക്ക് നയിച്ച സാഹചര്യങ്ങളും ആരോപിക്കപ്പെടുന്ന ഗൂഢാലോചനകളും നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വനംമന്ത്രി ഷിബു ബേബി ജോൺ പറഞ്ഞത്
കേസിലെ പ്രതികൾ ഒരു ചാനൽ ഓഫീസിൽ വെച്ച് ഗൂഢാലോചന നടത്തിയെന്നും അതിന് മറ്റൊരു മാധ്യമപ്രവർത്തകൻ ദൃക്സാക്ഷിയാണെന്നും കാണിച്ച് തനിക്ക് ഇ-മെയിൽ പരാതി ലഭിച്ചു. ഇതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം വേണം. മുട്ടിൽ മരംമുറിയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ട്. മുൻ സർക്കാർ പ്രതികൾക്ക് ഊരിപ്പോകാൻ സാഹചര്യമൊരുക്കിയോ എന്ന് സംശയിക്കുന്നു. കുറ്റപത്രത്തിൽ വീഴ്ച സംഭവിച്ചത് ബോധപൂർവമാണോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഭീഷണിക്ക് വഴങ്ങി രാഷ്ട്രീയപ്രവർത്തനം നടത്താനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പി ടി തോമസ് പറഞ്ഞ കാര്യങ്ങളും പരിശോധിക്കണം
വിഷയത്തിൽ അന്തരിച്ച കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന പി ടി തോമസ് നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിച്ച ഗുരുതര ആരോപണങ്ങളും ആശങ്കകളും നിലവിലെ സാഹചര്യത്തിൽ വീണ്ടും ഗൗരവമായി പരിശോധിക്കണമെന്ന് അനിൽ അക്കര കത്തിൽ ചൂണ്ടിക്കാട്ടി. അന്ന് അദ്ദേഹം ഉന്നയിച്ച വസ്തുതകളുടെ യാഥാർത്ഥ്യം എന്താണെന്ന് പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമാക്കേണ്ടതുണ്ട്.
ഭരണസംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാനും സത്യം പുറത്തുകൊണ്ടുവരാനും സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും, അതിനാൽ വിഷയത്തിൽ അടിയന്തരമായി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
