അധ്യാപകർ പഠിപ്പിക്കാത്ത (പഠിക്കാത്ത) പാഠങ്ങൾ

NOVEMBER 4, 2026, 11:18 AM

ഗുരുർബ്രഹ്മാ ഗുരുർവിഷ്ണുഃ,      ഗുരുർദ്ദേവോ മഹേശ്വരഃ -,       ഗുരു സാക്ഷാത് പരംബ്രഹ്മഃ,  തസ്‌മൈ ശ്രീഗുരവേ നമഃ ?

ഭാരതീയ സംസ്‌കാരത്തിൽ ഗുരുവിന് നൽകിയിരിക്കുന്ന പരമമായ സ്ഥാനത്തെ വ്യക്തമാക്കുന്ന അതിമനോഹരമായ ഒരു പ്രാർത്ഥനാ ശ്ലോകമാണിത്.

നമ്മുടെ ഉള്ളിൽ അറിവിന്റെ പുതിയൊരു ലോകം സൃഷ്ടിക്കുന്നത് ഗുരുവാണ്. നമ്മുടെ ഉള്ളിലെ അജ്ഞതയെയും ഇരുളിനെയും ഇല്ലാതാക്കുന്നത് ഗുരുവാണ്. അറിവിന്റെ വെളിച്ചം പകർന്നുതരുന്ന എല്ലാ ഗുരുക്കന്മാരെയും വന്ദിക്കാനാണ് ഈ ശ്ലോകം.

vachakam
vachakam
vachakam

നല്ല അധ്യാപകർ എന്ന് വിളിക്കാവുന്ന മഹാഭൂരിപക്ഷം നിലനിൽക്കുമ്പോഴും, സമൂഹത്തിൽ എല്ലാ മേഖലയിലും കാണുന്ന പുഴുക്കുത്തുകൾ അധ്യാപന മേഖലയിലും വർദ്ധിച്ചു വന്നാൽ അത് നൽകുന്ന സന്ദേശം ഏതായാലും വരും തലമുറയ്ക്ക് നല്ലതല്ലെന്ന് വലിയ അക്ഷരത്തിൽ എഴുതി വെക്കേണ്ടിവരും.

ഗുരുശിഷ്യ ബന്ധം വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് പുതുകാലത്ത് എത്തുമ്പോൾ സമൂഹം അതിന്റെ നിർവചനങ്ങൾ പൊളിച്ചെഴുതുകയാണ്. ആര് ആരെയാണ് ബഹുമാനിക്കേണ്ടത് എന്നതിൽ പോലും പഴയ നിർവചനങ്ങളുടെ കളത്തിൽ നിൽക്കുന്നതല്ല ഇന്നത്തെ കാഴ്ചപ്പാടും ചിന്താഗതിയും. വിദ്യാർത്ഥിയെ ശിക്ഷിക്കാനുള്ള അധ്യാപകന്റെ അവകാശത്തെയും അധികാരത്തെയും വരെ ഇതിനോടകം നമ്മൾ പൊളിച്ചടുക്കി. ചൂരൽ പ്രയോഗങ്ങളും ക്ലാസ് മുറിയിൽ നിന്ന് പുറത്താക്കലും ക്ലാസ് തീരും വരെ ബെഞ്ചിൽ ഇരിക്കാൻ അനുവദിക്കാത്തതും ഉൾപ്പെടെയുള്ള പഴയകാല ശിക്ഷ മുറകൾ ഇന്ന് അപരിഷ്‌കൃതമായിരിക്കുന്നു.

ഏതെങ്കിലും കാരണത്തിന്റെ പേരിൽ അധ്യാപകൻ ഒരു കുട്ടിക്ക് നേരെ ചൂരൽ പ്രയോഗം നടത്തിയാൽ പോലും അതിനെ ബാലപീഡയായി ഗണിക്കാൻ കഴിയുന്ന ചുറ്റുപാടിലാണ് ഇന്ന് സ്‌കൂളുകളിലെ ക്ലാസ് മുറികൾ.

vachakam
vachakam
vachakam

സ്‌കൂൾ വിട്ട് കലാലയങ്ങളിൽ എത്തുമ്പോൾ ചിത്രം വീണ്ടും മാറുന്നു. അവിടെ ഗുരുശിഷ്യ ബന്ധം ചില സ്ഥലങ്ങളിൽ സുഹൃത് ബന്ധം പോലെ സുതാര്യമാകുമെങ്കിലും ചില നേരങ്ങളിൽ കുട്ടിയെ തിരുത്തുന്ന അധ്യാപകന് നേരിടേണ്ടി വരുന്നത് വലിയ എതിർപ്പും പരിഹാസവുമാണ്. ശിക്ഷിച്ചാലും അധ്യാപകനെ ബഹുമാനിക്കുക എന്ന പഴയ നിലവിട്ട് അയാളെ ഒരു ശത്രുവിനെ പോലെ നിരീക്ഷിക്കുന്ന അവസ്ഥയും നിലവിലുണ്ട്.

പഠിക്കാത്ത പാഠങ്ങൾ

ഇതിനൊരു മറുവശം ഉണ്ടെന്ന് നമുക്കറിയാം. പല അധ്യാപകരും ഇന്ന് വിദ്യാർത്ഥികൾക്ക് മാതൃകയല്ല. പകരം എങ്ങനെ അനുകരിക്കരുത് എന്നതിന് ഉത്തമ ഉദാഹരണം കൂടിയാണ്. പണ്ടും അത്തരം അധ്യാപകർ ഇല്ലാതിരുന്നിട്ടില്ല. പക്ഷേ അവരെ മനേജ്‌മെന്റും സർക്കാരും ഒന്നും വച്ച് പൊറുപ്പിച്ചിട്ടില്ല. അത്തരക്കാർ തുറന്നു കാട്ടപ്പെടുകയും ചെയ്യുമായിരുന്നു. ഇന്ന് അധ്യാപകന്റെ ശരി തെറ്റുകൾ വിലയിരുത്തുന്നത് സംഘടിത ശക്തികളാണ്. അതിൽ സംഘടനകൾക്ക് വലിയ പങ്കുണ്ട്. ഒരു സംഘടനയിൽ അംഗമായാൽ പ്രത്യേക പരിഗണനയും സംരക്ഷണവും ഉറപ്പാക്കാവുന്ന അവസ്ഥ. കലാലയങ്ങളിൽ രാഷ്ട്രീയം പലപ്പോഴും സംഘർഷത്തിന്റെ വക്കോളം എത്തുമ്പോൾ അതിനെ നിയന്ത്രിക്കാൻ പ്രധാന അധ്യാപകർക്ക് കഴിഞ്ഞിരുന്നു.

vachakam
vachakam
vachakam

ഇന്ന് ആ സ്ഥാനത്ത് അധ്യാപക സംഘടനാ താല്പര്യങ്ങൾ കാര്യങ്ങളെ നിയന്ത്രിക്കാൻ തുടങ്ങി. യൂണിയൻ പ്രവർത്തനം കഴിഞ്ഞ് മാത്രം ക്ലാസ് മുറിയിൽ എത്തുന്ന അധ്യാപകരുണ്ട്. അവരെ സംരക്ഷിക്കാൻ സംഘടന ഉണ്ട്. അവർ നിയന്ത്രിക്കുന്ന അധ്യാപക അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളുണ്ട്. അവർ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാട് അവരുടെ ശിഷ്യരുടെ ശിരസ്സിലേക്കും അടിച്ചേൽപ്പിക്കുന്ന അധ്യാപകരുണ്ട്. അതാണ് അവർ പഠിപ്പിക്കുന്ന പ്രധാന പാഠം.

ആരുടെ സിലബസ് ?

വിദ്യാർത്ഥി സമരങ്ങളെ, അവരുടെ പ്രതിഷേധങ്ങളെ രാഷ്ട്രീയമായി നേരിടുന്ന സാഹചര്യവും ഇപ്പോൾ കേരളം ഒന്നാകെ ചർച്ച ചെയ്യുകയാണ്. അതിനിടെ, സമര രീതികൾക്ക് അതിർവരമ്പ് സൃഷ്ടിക്കാൻ, കാമ്പസിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ നിർദ്ദേശിക്കുന്ന കേരള സർവകലാശാല വിദ്യാർത്ഥി പെരുമാറ്റച്ചട്ട ചട്ടങ്ങളുടെ കരടിനെതിരെ എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. ഒന്നും അന്തിമമാക്കുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടില്ലെന്ന് സർവകലാശാല ഉദ്യോഗസ്ഥർ പറയുമ്പോൾ പോലും നിയന്ത്രണങ്ങൾ കൈവിട്ടു പോകുന്ന സ്ഥിതിയിലേക്ക് ക്യാമ്പസുകൾ മാറിക്കഴിഞ്ഞു.

വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധങ്ങൾ, ധർണകൾ, പുതിയ അംഗങ്ങളെ നിയമിക്കൽ, പോസ്റ്ററുകൾ ഒട്ടിക്കൽ, ഫണ്ട് സ്വരൂപിക്കൽ, രാഷ്ട്രീയ വ്യക്തികളെ ഉൾപ്പെടുത്തി പരിപാടികൾ സംഘടിപ്പിക്കൽ, ഓൺലൈൻ പ്രചാരണം എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടുന്ന കരട് ചട്ടങ്ങൾ സർവകലാശാലാ സിൻഡിക്കേറ്റ് അടുത്തിടെ പരിഗണിച്ചിരുന്നു. ഒരുവശത്ത് അത്തരം നിയന്ത്രണങ്ങൾ വരുമ്പോൾ തന്നെ, രാഷ്ട്രീയം കൊണ്ടുനടക്കുന്ന അധ്യാപക നേതാക്കൾ പലരും വിദ്യാർത്ഥികളെ സംഘർഷത്തിന് പ്രേരിപ്പിക്കുന്ന കാഴ്ചയും കേരളത്തിന് കാണേണ്ടിവരുന്നു.

പ്രതിഷേധ രീതികൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത്തരക്കാരെ സസ്‌പെൻഡ് ചെയ്യാൻ വകുപ്പുണ്ട്. എന്നാൽ അത്തരം ശിക്ഷാനടപടികൾക്ക് രാഷ്ട്രീയനിറം വരുമ്പോഴാണ് ക്യാമ്പസുകളുടെ സമഭാവന പടിക്കു പുറത്താകുന്നത്. കാലടി സർവകലാശാലയിൽ സംഭവിച്ചത് വൈസ് ചാൻസലറെ പരിഹസിച്ചു കൊണ്ടുള്ള ഒരു നാടകാവതരണത്തിന്റെ ബാക്കി പത്രമാണ്.  അത് സസ്‌പെൻഷനിലേക്കും പരീക്ഷാ വിലക്കിലേക്കും നീണ്ടപ്പോൾ കാര്യങ്ങൾ കൈവിട്ടു പോയി.

വിസിയും വിദ്യാർത്ഥികളും മുഖാമുഖം നിയമ യുദ്ധത്തിലേക്ക് കടക്കുന്നത് മറ്റ് ക്യാമ്പസുകളിൽ കൂടി വിദ്യാർത്ഥി ലോകത്ത് അരാജകത്വത്തിന് വഴിതുറക്കും. അതിന്റെ ആദ്യ വെടിവെച്ചയാണ് മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ കേട്ടത്. പ്രതിഷേധത്തിന്റെ വിരൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ  നേർക്ക് നീണ്ടത് സമാനതകളില്ലാത്ത ശൈലിയിലായി. നിയമ പോരാട്ടം ഒന്നുകൂടി മുറുകി. ആ വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്നിൽ വിദ്യാർഥി സംഘടനകളല്ല, സ്ഥാപിത താല്പര്യക്കാരായ ചില അധ്യാപകരാണ് എന്ന് ആരോപിക്കപ്പെടുമ്പോഴാണ് പ്രശ്‌നം ഗുരുതരമാകുന്നത്.

അപ്രതീക്ഷിതമായിട്ടാണ് മന്ത്രിക്കെതിരേ പരസ്യപ്രതിഷേധമുണ്ടായത്. ബിരുദദാന പരിപാടിക്കായി കഴിഞ്ഞ ഒക്‌ടോബർ 30 ന് സംഘടിപ്പിക്കപ്പെട്ട വേദിയിലാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. രാവുപകലാക്കി പഠിച്ച് നേടിയ ബിരുദ സർട്ടിഫിക്കറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങാമെന്ന പ്രതീക്ഷയിൽ വളരെ ദൂരെ നിന്നുപോലും കോളജിലേക്ക് മാതാപിതാക്കളുമായി എത്തിയവർ നിരാശയോടെ മടങ്ങി. പോകുമ്പോൾ അവർ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പഴിപറയുന്നതു കാണാമായിരുന്നു. പരിപാടി കഴിഞ്ഞിട്ട് മറുപടി പറയാമെന്ന് മന്ത്രി പറഞ്ഞിട്ടും പ്രതിഷേധക്കാർ കേൾക്കാതിരുന്നതിലായിരുന്നു രക്ഷിതാക്കൾക്ക് ദേഷ്യം.
പ്രതിഷേധം പ്രത്യക്ഷത്തിൽ പൊടുന്നനെ പൊട്ടിപ്പുറപ്പെട്ടതായി തോന്നാമെങ്കിലും പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. അതറിയാതെ പോയത് ബിരുദം വാങ്ങാൻ എത്തിയവരാണെന്നു മാത്രം. 

കാലടി സർവകലാശാലയിൽ രണ്ടു മാസം മുമ്പ് 16 എസ്.എഫ്.ഐ. വിദ്യാർഥികളെ പുറത്താക്കിയതിന്റെ കാരണമെന്താണെന്നും അവരെ തിരിച്ചെടുക്കാത്തത് എന്തെന്നുമായിരുന്നു ഉന്നതവിദ്യാഭ്യാസ മന്ത്രിയോടുള്ള പ്രതിഷേധക്കാരുടെ ചോദ്യം. തങ്ങൾ ജനാധിപത്യരീതിയിലാണ് മന്ത്രിയോട് ഇടപെട്ടതെന്നാണ് സമരക്കാരായ എസ്.എഫ്.ഐക്കാർ പറഞ്ഞതെങ്കിലും കാര്യങ്ങൾ അത്ര നിഷ്‌കളങ്കമല്ല എന്നാണ് കോളജിനുള്ളിൽ നിന്നുള്ള സംസാരം. മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ.ക്കാരുടെ പിന്നിൽ കടുത്ത ഇടതുപക്ഷക്കാരനായ ഒരു അധ്യാപകന്റെ പിന്തുണയുണ്ടെന്ന് പരസ്യമായ രഹസ്യമാണ്.

മഹാരാജാസിൽ എസ്.എഫ്.ഐക്കാർ ഒന്നനങ്ങണമെങ്കിൽ ഈ അധ്യാപകന്റെ ആശീർവാദം വേണം. വിദ്യാർഥികൾക്കെന്നല്ല, സഹ അധ്യാപകർക്കു നേരേയും ഈ അധ്യാപകൻ വിദ്യാർഥികളെ കരുവാക്കുന്നത് പുതിയ സംഭവമല്ല.

പത്തുവർഷം തുടർച്ചയായി ഇടതുഭരണകാലത്തായിരുന്നു ഇത്തരം ഇടപെടലുകൾ. അത് ഭരണം മാറിയിട്ടും തുടരുന്നുവെന്നു മാത്രം. ഈ അധ്യാപകനു പുറമേ ഇടത് അധ്യാപക സംഘടനയും ഇടതു വിദ്യാർഥി സംഘടനയുടെ അഴിഞ്ഞാട്ടത്തിനു കുടപിടിച്ചുകൊടുക്കുന്നുണ്ടത്രേ. ഇടത് അധ്യാപക സംഘടനയ്ക്ക് നേതാവായ ഈ അധ്യാപകൻ പറയുന്നതിന് അപ്പുറത്തേക്ക് മറുവാക്കില്ലതന്നെ.
അപ്പോൾ കലാലയങ്ങൾ പഠന വേദികൾ മാത്രമല്ലെന്ന് തെളിയിക്കുന്ന ഇത്തരം അധ്യാപകർ കൂടിയാണ് കാര്യങ്ങൾ വഷളാക്കുന്നത്. ഇവരെയാണ് കുട്ടികൾ ഗുരു സ്ഥാനത്ത് കാണേണ്ടത്!

പ്രജിത്ത് രാജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam